ബത്ത എന്ന സിനിമയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എനിക്ക് തോന്നിയത് അതിൽ ശബരി എന്ന കുട്ടിയുടെ കളിപ്പാട്ടമാണ്. കളിപ്പാട്ടങ്ങളുടെ ചരിത്രപരമായ മെറ്റമോർഫോസിസും അവ മനുഷ്യരിൽ സൃഷ്ടിക്കുന്ന ഇമോഷനുകളും ഈ സിനിമയുടെ ഒരു അടരിലൂടെ പറഞ്ഞുപോകുന്നുണ്ട് എന്ന് ചിത്രം കാണുമ്പോൾ തോന്നുന്നു. ഈ ലേഖകൻ അടക്കമുള്ളവരുടെ ഒരു ബാല്യമാണ് യഥാർഥത്തിൽ 1986 എന്ന വർഷത്തിൽ ഈ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നത്. ആ കാലഘട്ടം എന്നു പറയുന്നത് ബാല്യത്തിലെ കളിപ്പാട്ടങ്ങളുടെ ടെക്നോളജിക്കൽ മാറ്റങ്ങളുടെ ഒരു കാലഘട്ടം കൂടിയായിരുന്നു. ഓലപ്പന്ത്, സൈക്കിൾ ടയർ, ഗോലി, കണ്ടേറു പന്ത് എന്നീ കളിപ്പാട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി ഫാക്ടറി നിർമിത കളിപ്പാട്ടങ്ങളിലേക്ക് ട്രാൻസ്ഫോം ചെയ്തുതുടങ്ങിയ ഒരു കാലഘട്ടം. ഉത്സവച്ചന്തകളിലെ കടകളിൽ ലഭിക്കുന്ന പൊട്ടാസ് തോക്കുകൾ, വെള്ളം ചീറ്റുന്ന തോക്കുകൾ, തിരി കത്തിച്ച് വെള്ളത്തിൽ ഓടുന്ന ബോട്ടുകൾ തുടങ്ങിയ കളിപ്പാട്ടങ്ങളിലേക്ക് സമൂഹവും അന്നത്തെ ബാല്യങ്ങളും മാറിത്തുടങ്ങിയിരുന്നു.
ഇന്ന് ഡിജിറ്റൽ ഗെയിമുകൾ കുട്ടികളുടെ ചിന്തകൾ, ഭാഷകൾ, എക്സ്പ്രഷനുകൾ എന്നിവയിൽ മാറ്റം വരുത്തുന്നതുപോലെ, കളിപ്പാട്ടങ്ങളിലുണ്ടായ എൺപതുകളിലെ സാങ്കേതികമായ മാറ്റങ്ങൾ കുട്ടികളിൽ വലിയ ഇമോഷണൽ മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു. സൈക്കിൾ പോലുള്ള യാത്രാവാഹനങ്ങളുടെ ഉടമസ്ഥത കുട്ടികളിൽ വലിയ ആത്മബോധവും ആത്മവിശ്വാസവും അഭിമാനവും ചിലപ്പോൾ അഹങ്കാരവും വരെ ഉണ്ടാക്കിയിരുന്നു. ഞങ്ങളെപ്പോലുള്ളവർക്ക് സൈക്കിൾ ലഭിക്കുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. ചന്തകളിൽനിന്ന് വാങ്ങിയ തോക്കിൽ പൊട്ടാസ് വെച്ച് ഷൂട്ട് ചെയ്യുന്ന ഞങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കിയായി സ്വയം സങ്കൽപ്പിച്ചിരുന്നു. ഇത്തരം ഇമോഷനുകൾ കുട്ടികളിൽ നിർമിച്ചത് സിനിമയും തോക്ക് എന്ന ടൂളും ചേർന്നായിരുന്നു. മധ്യവർഗത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഞങ്ങളുടെ അച്ഛൻ ചാവി കൊടുത്താൽ ഓടുന്ന കളിപ്പാട്ട ബൈക്കുകൾ വാങ്ങിക്കൊണ്ടുവന്നപ്പോൾ, ആ കളിപ്പാട്ടങ്ങൾ ഓലപ്പന്തുകളിയിൽനിന്ന് വ്യത്യസ്തമായി മറ്റൊരു ഇമോഷണൽ ഇന്റലിജൻസും ഭാവനാലോകവും ഞങ്ങൾക്ക് നൽകി.
ബത്ത എന്ന സിനിമയിലെ ശബരി എന്ന ബാലന്റെ രണ്ട് ഫൈറ്റേഴ്സ് എന്ന സാങ്കേതികമായി നിർമിക്കപ്പെട്ട, അന്നത്തെ കാലത്തെ ഒരു മോഡേൺ കളിപ്പാട്ടം കൂടിയായിരുന്നു. അതേ തരത്തിലുള്ള കളിപ്പാട്ടങ്ങൾ ഞങ്ങളും ശബരിയുടെ അതേ ബാല്യകാലത്ത് ഉപയോഗിച്ചിരുന്നു. ആ കളിപ്പാട്ടങ്ങൾ സൃഷ്ടിക്കുന്ന ഇമോഷനും ചിന്തയും ഇമാജിനേഷനുമെല്ലാം മറ്റൊരു തലത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അത്തരം കളിപ്പാട്ടങ്ങളോട് ഞങ്ങൾക്ക് വല്ലാത്തൊരു അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു. അതേ തരത്തിലുള്ള അറ്റാച്ച്മെന്റ് തന്നെയാണ് ശബരി എന്ന കുട്ടിക്കും ആ കളിപ്പാട്ടങ്ങളോടുള്ളത്. മനുഷ്യരുടെ ലോകത്ത് അനുസരണം, ഭയം, കഥകൾ, നിയന്ത്രണങ്ങൾ, ബന്ധങ്ങൾ എന്നിവയ്ക്കുള്ളിൽപ്പെട്ട് ജീവിക്കുന്ന ശബരിയുടെ — ഞങ്ങളുടെയും — ബാല്യത്തിൽ ഇത്തരം കളിപ്പാട്ടങ്ങൾ ജീവിതത്തിലെ ഒരു റിലീഫ് ആയിരുന്നു. ആ റിലീഫ് ക്രമേണ അറ്റാച്ച്മെന്റായി മാറുന്നതുകൊണ്ടാണ് ശബരി ആ കളിപ്പാട്ടം എപ്പോഴും കൂടെ കൊണ്ടുനടക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആ കളിപ്പാട്ടം വാങ്ങിക്കിട്ടാൻ ശബരി വിഷമിക്കുന്നതും പിന്നീട് അതിനോട് അത്രമേൽ വൈകാരികമായ അടുപ്പം രൂപപ്പെടുന്നതിനാൽ പരീക്ഷാഹാളിലേക്ക് പോലും അതിനെ കൊണ്ടുപോകുന്നതും.
. ഒരു കാലഘട്ടത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ചരിത്രം കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ പ്രതിഫലിപ്പിക്കും. കൈകൊണ്ട് നിർമിക്കപ്പെട്ടിരുന്ന കളിപ്പാട്ടങ്ങളിൽനിന്ന് വ്യാവസായികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന കളിപ്പാട്ടങ്ങളിലേക്കുള്ള മാറ്റം കുട്ടികളുടെ കളിയിലും ഭാവനയിലും സൃഷ്ടിക്കുന്ന മാറ്റങ്ങൾ ശബരിയുടെ കളിപ്പാട്ടത്തിലൂടെ നോക്കിക്കാണുവാൻ കഴിയും. കളിപ്പാട്ടം ഒരു വസ്തു മാത്രമല്ല; കുട്ടി അതിലൂടെ നിർമിക്കുന്ന സങ്കൽപ്പലോകത്തിന്റെ ഭാഗം കൂടിയാണ്.കുട്ടിയുടെ ആന്തരിക ലോകത്തെയും പുറംലോകത്തെയും ബന്ധിപ്പിക്കുന്ന ഒരു വസ്തുവിന് കുട്ടിയുടെ വൈകാരിക ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ടാകാം. ഒരു കളിപ്പാട്ടം കുട്ടിക്ക് സുരക്ഷിതത്വത്തിന്റെയും ആശ്വാസത്തിന്റെയും അടുപ്പത്തിന്റെയും പ്രതീകമായി മാറാം. ശബരിയുടെ കളിപ്പാട്ടത്തോടുള്ള അടുപ്പവും അത്തരത്തിൽ രൂപപ്പെടുന്നതാണ്. അതുപോലെതന്നെ വിജയ് സേതുപതിയുടെ ബത്ത എന്ന കഥാപാത്രത്തെ രൂപപ്പെടുത്തുന്നതും ചില ടൂളുകൾ തന്നെയാണ്. ഈ സിനിമയിൽ ടെലിവിഷനിലെ ചിത്രം വ്യക്തമാക്കാൻ ആന്റിന തിരിക്കുന്ന ഒരു സീനുണ്ട്. ആന്റിന എന്നത് ഈ സിനിമയിലെ പ്രധാനപ്പെട്ട ഒരു ടൂളും സിംബലും കൂടിയാണ്. ശബരിയെപ്പോലെതന്നെ ഈ സിനിമയിൽ ബത്തയെ രൂപപ്പെടുത്തുന്നതും ആന്റിനയും ടെലിവിഷനും മറ്റും ചേർന്നാണ്. ഇവിടെ ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ കലകളുടെ രൂപീകരണത്തിന്റെയും പ്രചാരണത്തിന്റെയും ചരിത്രംകൂടി നോക്കിക്കാണേണ്ടതുണ്ട്.
ക്ലാസിക്കൽ ഇന്ത്യൻ കലാപാരമ്പര്യം ചരിത്രപരമായി വളരെ എലൈറ്റ് ആയ സാമൂഹികവിഭാഗങ്ങളുടെയും സവർണ അധികാരഘടനകളുടെയും സംരക്ഷണത്തിലും സ്ഥാപനപരമായ നിയന്ത്രണങ്ങളിലും നിലനിന്നിരുന്ന ഒരു ചരിത്രമുണ്ട്. അതിനപ്പുറം വിശാലവും സമ്പന്നവുമായ ഒരു ഫോക്ക് കലാപാരമ്പര്യവും ഇവിടെ ഉണ്ട്. കലയുടെ രൂപീകരണത്തിലും പ്രചാരണത്തിലും ജാതി, വർഗം, ലിംഗം, പ്രദേശം തുടങ്ങിയ ഘടകങ്ങൾ സൃഷ്ടിച്ച സംഘർഷാത്മകമായ മറ്റു പല അടരുകളും ഉണ്ടായിട്ടുണ്ട്. അതേസമയം, നാടൻകലകൾക്കും ദളിത്, ആദിവാസി, പ്രാദേശിക, ഭക്തി പാരമ്പര്യങ്ങൾക്കും അവരുടേതായ ചരിത്രങ്ങളുണ്ടെന്നതും മറക്കാനാവില്ല. ഇന്ത്യൻ കലാചരിത്രം എന്നത് ഒരേയൊരു പാരമ്പര്യത്തിന്റെ ചരിത്രമല്ല; പരസ്പരം ഇടപെടുകയും സംഘർഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത അനേകം കലാപാരമ്പര്യങ്ങളുടെ ചരിത്രമാണ്.
ഈ കലാപരമായ മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എൺപതുകളിൽ ആരംഭിച്ച് പിന്നീട് പുതിയ നൂറ്റാണ്ടിലേക്കും ഡിജിറ്റൽ യുഗത്തിലേക്കും നീണ്ടുനിന്ന മാധ്യമങ്ങളുടെയും സാങ്കേതിക ഉപകരണങ്ങളുടെയും വികാസം. ആകാശവാണി, ടേപ്പ് റെക്കോർഡർ, ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങളിലൂടെ സംഗീതം, സിനിമ, ദൃശ്യങ്ങൾ എന്നിവ കൂടുതൽ വിശാലമായ ജനവിഭാഗങ്ങളിലേക്ക് എത്തിത്തുടങ്ങി. ആകാശവാണിയിൽനിന്ന് ആരംഭിച്ച് ടെലിവിഷനിലൂടെയും കമ്പ്യൂട്ടറിലൂടെയും വളർന്ന് ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എത്തിനിൽക്കുന്ന ഒരു സാങ്കേതിക പരിണാമമാണിത്. ഓരോ കാലത്തും സംഗീതം പോലുള്ള കലകൾ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുകയും കൂടുതൽ പാട്ടുകാരെ സൃഷ്ടിക്കുകയും മനുഷ്യരുടെ ആസ്വാദനരീതികളിലും കലാനിർമാണരീതികളിലും മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു. പരമ്പരാഗതമായ കലാപരിശീലനത്തിന്റെയും അംഗീകാരത്തിന്റെയും രീതികൾക്കപ്പുറം പുതിയ സാധ്യതകളും പുതിയ കലാകാരന്മാരും രൂപപ്പെട്ടു.
1962-ൽ പുറത്തിറങ്ങിയ ദൈവത്തിൻ ദൈവം എന്ന സിനിമയുമായി ബന്ധപ്പെടുത്തി ബത്തയുടെ ബാല്യകാല പാട്ടനുഭവം സിനിമയിൽ അവതരിപ്പിക്കപ്പെടുന്നു. കണ്ണദാസൻ എഴുതിയതും പി. സുശീല പാടിയതുമായ പാട്ട് ബത്ത എന്ന കുട്ടി ഒരു രാത്രിയിൽ പാടുന്നു. പിന്നീട് അവൻ സ്കൂളിൽ പാടുന്നത് എം.ജി.ആർ അഭിനയിച്ച ആയിരത്തിൽ ഒരുവൻ (1965) എന്ന സിനിമയിലെ “ഓടും മേഘങ്ങളേ” എന്ന പാട്ടുകൂടിയാണ്. ഈ പാട്ടുകൾ അവൻ പഠിക്കുന്നത് പാട്ടുപുസ്തകങ്ങളിലൂടെയാണ്. അവന്റെ പാട്ട് ‘ശരി’ ആകുന്നില്ലെങ്കിലും ബത്തയെപ്പോലുള്ള മനുഷ്യർ സംഗീതത്തിലേക്ക് എത്തുന്നതിൽ അവരുടെ കുട്ടിക്കാലത്ത് സിനിമയ്ക്കും റേഡിയോയ്ക്കും തെരുവുകളിൽ റേഡിയോയിലൂടെ കേൾക്കുന്ന പാട്ടുകൾക്കും പാട്ടുപുസ്തകങ്ങൾക്കും വലിയ പങ്കുണ്ടായിരുന്നു. മോഡേണിറ്റിയുടെ ഭാഗമായി ഇലക്ട്രോണിക് ഉപകരണങ്ങളുടെയും അച്ചടിയുടെയും വികാസത്തിലൂടെ പാട്ട് എന്ന കല കൂടുതൽ ജനങ്ങളിലേക്ക് ബത്ത പോലുള്ള മനുഷ്യരിലേക്ക് എത്തുകയും ആസ്വദിക്കപ്പെടുകയും ചെയ്തു.
ബത്തയുടെ അറുപതുകളിലെ ബാല്യകാല അനുഭവങ്ങളിൽനിന്ന് എൺപതുകളിലേക്കും പിന്നീട് അതിനപ്പുറത്തേക്കും എത്തുമ്പോൾ ഈ വികാസത്തിന്റെ മറ്റൊരു ഘട്ടം കാണാം. ആന്റിനയും ടെലിവിഷനും ടെലിവിഷനിൽ കാണുന്ന അന്നത്തെ ‘സ്റ്റാർ സിംഗർ’ പോലുള്ള സ്റ്റേജ് പരിപാടികളും സംഗീതത്തിന്റെ ആസ്വാദനരീതിയെ മാറ്റുന്നു. ഇന്ന് കരോക്കെ പോലുള്ള സാങ്കേതിക പരിണാമങ്ങളിലൂടെ ഏതു സാധാരണക്കാരനും സംഗീതത്തിന്റെ അകമ്പടിയോടെ പാട്ടുപാടാൻ കഴിയുന്ന ഒരു ജനാധിപത്യപരമായ സാധ്യത നിലനിൽക്കുന്നുണ്ട്. അതിന്റെ തുടക്കകാലത്തെ സാംസ്കാരിക അനുഭവങ്ങളിൽ ഒന്നായി ബത്തയെപ്പോലുള്ളവർ ടെലിവിഷനിലൂടെ പാട്ടുകൾ കാണുകയും കേൾക്കുകയും ചെയ്യുന്നതിനെ കാണാം. സിനിമ, പാട്ടുപുസ്തകം, ടെലിവിഷൻ, ആന്റിന എന്നിവയെല്ലാം ഈ മാറ്റത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളാണ്.സിനിമാപാട്ട് എന്നത് സിനിമയ്ക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു കലാരൂപമല്ല. റേഡിയോയിലൂടെ അത് വീടുകളിലേക്കും തെരുവുകളിലേക്കും എത്തുന്നു. പാട്ടുപുസ്തകങ്ങളിലൂടെ വരികൾ സാധാരണ മനുഷ്യരുടെ കൈകളിലെത്തുന്നു. ടേപ്പ് റെക്കോർഡറിലൂടെ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാനും പഠിക്കാനും കഴിയും. ടെലിവിഷനിലൂടെ പാട്ടിനൊപ്പം ഗായകരെയും അവരുടെ അവതരണത്തെയും കാണാൻ കഴിയുന്നു. ഈ മാധ്യമങ്ങൾ സംഗീതത്തിന്റെ പ്രചാരണരീതിയെ മാത്രമല്ല, സംഗീതം പഠിക്കുന്നതിന്റെയും പാടുന്നതിന്റെയും ആസ്വദിക്കുന്നതിന്റെയും രീതികളെയും മാറ്റുന്നു.
സിനിമ, പാട്ടുപുസ്തകം, ടെലിവിഷൻ, ആന്റിന എന്നിവയെപ്പോലെതന്നെ മൈക്ക് എന്ന ഉപകരണവും ബത്തയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നുണ്ട്. അറുപതുകളിലെ ഒരു ഘട്ടത്തിൽ മൈക്കിന് മുന്നിൽ പാടി പരാജയപ്പെട്ട ബത്ത, ആ സാങ്കേതികവിദ്യ തന്നെ മറ്റൊരു രീതിയിൽ ഉപയോഗിച്ച് എൺപതുകളിൽ ഒരു പാട്ട് പാടുന്നു. കല എന്നത് ജന്മസിദ്ധമായതോ പാരമ്പര്യമായി കൈമാറപ്പെടുന്നതോ ആയ കഴിവുകൾകൊണ്ട് മാത്രം രൂപപ്പെടുന്ന ഒന്നല്ല; സാങ്കേതികവിദ്യയും മാധ്യമങ്ങളും കൂടി അതിനെ രൂപപ്പെടുത്തുന്നുണ്ട് എന്ന് ഈ സിനിമ സൂചിപ്പിക്കുന്നു. യേശുദാസിനെപ്പോലുള്ള ഒരു ഗായകന്റെ പ്രശസ്തിയെക്കുറിച്ചുപോലും ചിന്തിക്കുമ്പോൾ ഈ കാര്യം പ്രസക്തമാണ്. മൈക്രോഫോൺ, റെക്കോർഡിങ് സംവിധാനം, സിനിമ, റേഡിയോ തുടങ്ങിയ മാധ്യമങ്ങൾ ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ശബ്ദത്തിന് ഇത്രയും വിശാലമായ ജനകീയ പ്രചാരവും സ്വീകാര്യതയും ലഭിക്കുമായിരുന്നോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. ഇതിലൂടെ ഗായകന്റെ പ്രതിഭയെ നിഷേധിക്കുകയല്ല; പ്രതിഭയെ വലിയൊരു ജനസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ സാങ്കേതികവിദ്യ വഹിക്കുന്ന പങ്ക് തിരിച്ചറിയുകയാണ്.
മാർഷൽ മക്ലൂഹന്റെ Understanding Media: The Extensions of Man എന്ന പുസ്തകത്തിലെ മാധ്യമങ്ങളെ മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെയും കഴിവുകളുടെയും വിപുലീകരണങ്ങളായി കാണുന്ന ആശയം പ്രസക്തമാണ്. മക്ലൂഹന്റെ കാഴ്ചപ്പാടിൽ മാധ്യമം ഒരു സന്ദേശം കൈമാറാനുള്ള ഉപകരണം മാത്രമല്ല; അത് മനുഷ്യൻ ലോകത്തെ അനുഭവിക്കുന്ന രീതിയെയും മാറ്റുന്നു. അതുപോലെ ഡോൺ ഇഹ്ദെയുടെ Technology and the Lifeworld എന്ന കൃതിയിൽ സാങ്കേതികവിദ്യ മനുഷ്യനും ലോകവും തമ്മിലുള്ള ബന്ധത്തെ മധ്യസ്ഥത വഹിക്കുന്ന ഒന്നായാണ് അവതരിപ്പിക്കുന്നത്. ബത്തയുടെ ജീവിതത്തിൽ ആന്റിനയും ടെലിവിഷനും മൈക്രോഫോണും പാട്ടുകളും വഹിക്കുന്ന പങ്ക് ഈ ആശയങ്ങളുമായി ചേർത്തുവായിക്കാം. സാങ്കേതിക ഉപകരണങ്ങൾ മനുഷ്യന്റെ ജീവിതത്തിന് പുറത്തുനിൽക്കുന്ന വസ്തുക്കളല്ല; അവ മനുഷ്യന്റെ അനുഭവലോകത്തിന്റെ ഭാഗമായിത്തീരുന്നു.
അതുകൊണ്ടുതന്നെ മനുഷ്യർ തമ്മിലുള്ള ഇമോഷൻ എന്നതുപോലെതന്നെ മനുഷ്യരും കളിപ്പാട്ടവും മനുഷ്യനും മൈക്കും ടെലിവിഷനും സിനിമയും ഉൾപ്പെടുന്ന ഒരു ലോകവും അവ തമ്മിലുള്ള ബന്ധങ്ങളും മനോഹരമായി ചിത്രീകരിച്ചുവെച്ചിരിക്കുന്ന സിനിമ കൂടിയാണ് ബത്ത. ബത്ത എന്ന മനുഷ്യന് അയാളുടെ ഭാര്യ, കൂട്ടുകാർ, മകൾ, ശബരി എന്നിവരോടൊപ്പംതന്നെ ബൈക്ക്, കാർ, ടെലിവിഷൻ, ടെലിവിഷനിലൂടെ കേൾക്കുന്ന പാട്ടുകൾ എന്നിവയോടും അതിമനോഹരമായ ബന്ധമുണ്ട്. അവയെല്ലാം അയാളുടെ ജീവിതത്തിന്റെ ഭാഗമാണ്. മനുഷ്യബന്ധങ്ങൾ മാത്രമല്ല, വസ്തുക്കളോടും സാങ്കേതിക ഉപകരണങ്ങളോടുമുള്ള ബന്ധങ്ങളും മനുഷ്യന്റെ വൈകാരിക ജീവിതത്തെ രൂപപ്പെടുത്തുന്നു എന്നതാണ് സിനിമയുടെ പ്രധാനപ്പെട്ട നിരീക്ഷണങ്ങളിലൊന്ന്.
ബത്ത ഒരു സ്കൂളിലേക്ക് ഒറ്റയ്ക്ക് ഈ സിനിമയിൽ പോകുന്നത് മനുഷ്യരിൽനിന്നും സമൂഹത്തിൽനിന്നും താൽക്കാലികമായി അകന്നുമാറി തന്റേതായ ഒരു ലോകത്ത് ഒരു പാട്ടിലൂടെ അവനവനെ തിരിച്ചറിയാനും ഒരു ആത്മീയമായ സുഖം അനുഭവിക്കാനും കൂടിയാണ്. അത് ഒരു അവന്നവനായി രൂപപ്പെടുന്നതിനായി മറ്റുള്ളവരിൽ നിന്നുള്ള വിച്ഛേദനം കൂടെ ആണ്. അവിടെവെച്ചാണ് അയാൾ തടങ്കലിലാക്കപ്പെടുന്നത്. അവിടെയാണ് അയാളുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നത് താൻ ഒരു ‘ജയിലിൽ’ അടക്കപ്പെടുന്ന ഒരു ജീവിതം മാത്രമല്ല, താൻ യഥാർഥത്തിൽ ഒരു പാട്ടുകാരനാണെന്നും എന്നാൽ ആ തിരിച്ചറിവ് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടാതെ, സമൂഹം അത് തിരിച്ചറിയാതെ, സ്വയം വെളിപ്പെടുത്താനാകാതെ മരിച്ചുപോകുമോ എന്ന ഭയംകൂടി അതിലുണ്ട്. അതുകൊണ്ടാണ് ആ സ്കൂളിലെ ടോയ്ലറ്റ് ബത്തയ്ക്ക് ഒരു ജയിലായും നരകമായും മാറുന്നത്. അയാളുടെ ശാരീരികമായ സ്വാതന്ത്ര്യനഷ്ടത്തിനപ്പുറം സ്വയം പ്രകടിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിന്റെ വേദന കൂടെ ആ തടങ്കലിലുണ്ടായിരിക്കാം.
ഈ സിനിമയിലെ ഏറ്റവും വലിയ പാരഡോക്സ് ബത്തയും ശബരിയും പരസ്പരം അഭേദ്യമായി സ്നേഹിക്കുകയും ഒരു ബോണ്ട് സൃഷ്ടിക്കുകയും ചെയ്യുമ്പോൾ ആ രണ്ടു മനുഷ്യരെയും ബന്ധിപ്പിക്കുന്നത് ഒരു വശത്ത് ശബരിയുടെ കളിപ്പാട്ടവും മറുവശത്ത് ബത്തയുടെ പാട്ടുമാണ് എന്നതാണ്. മനുഷ്യരെക്കാൾ മനുഷ്യർ ചിലപ്പോൾ പാട്ടിനോടും കളിപ്പാട്ടത്തോടും ടെലിവിഷനോടും മറ്റു സാങ്കേതിക ഉപകരണങ്ങളോടും വൈകാരികമായി ബന്ധപ്പെടുന്നതായി നമുക്ക് തോന്നാം. മനുഷ്യന്റെ ജൈവികതയും വൈകാരികതയും ആധുനികതയുടെ ഈ ടൂളുകളിലൂടെയും രൂപപ്പെടുന്നുണ്ട്. ഇവിടെ സാങ്കേതികവിദ്യ മനുഷ്യനെ മനുഷ്യനിൽനിന്ന് അകറ്റുന്ന ഒന്നായി മാത്രം പ്രത്യക്ഷപ്പെടുന്നില്ല; ചില സന്ദർഭങ്ങളിൽ മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായും മാറുന്നു.
ഏറ്റവും അവസാനം ബത്ത സ്വയം വെളിപ്പെടുത്തുന്നതും തന്റെ ആത്മീയത പ്രകാശിപ്പിക്കുന്നതും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും എക്സ്റ്റസിയും അനുഭവിക്കുന്നതും 1960-ൽ പുറത്തിറങ്ങിയ മീണ്ടും സ്വർഗം എന്ന സിനിമയിലെ “ചെല്ലമേ മകളേ” എന്ന പാട്ട് പാടിക്കൊണ്ടാണ്. ഇവിടെ അയാൾ സ്വയം രൂപപ്പെടുത്തുന്നതും ഒരു സ്പിരിച്വൽ എലിവേഷൻ അനുഭവിക്കുന്നതും ഒരു ജനകീയ സദസ്സിന് മുന്നിൽ മൈക്കിലൂടെ ആ പാട്ടു പാടുന്നതിലൂടെയാണ്. അത് അയാൾ അയാളുടെ മകൾക്ക് വേണ്ടി പാടുന്നതിനുമാപ്പുറം അയാൾക്കു വേണ്ടി തന്നെ ആണ് പാടുന്നത്. ഒരു പെൺകുട്ടി പ്രായപൂർത്തിയായതിന്റെ ആഘോഷം നടത്തുന്ന വളരെ പരമ്പരാഗതമായ ഒരു ചടങ്ങിന്റെ ഇടയിൽ ആധുനികതയുടെ ടൂളായ മൈക്കിലൂടെ ഒരു പാട്ട് പാടി സ്വയം അവതരിപ്പിക്കുന്നതിലൂടെയാണ് ബത്ത എന്ന മനുഷ്യന് ഒരുതരം സാൽവേഷൻ ഉണ്ടാകുന്നത്. പരമ്പരാഗതമായ സാമൂഹിക ചടങ്ങിനുള്ളിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തുന്ന ഈ രംഗം സിനിമയുടെ ഏറ്റവും മനോഹരമായ വൈരുധ്യങ്ങളിൽ ഒന്നാണ്. ഒരു വ്യക്തിയുടെ സ്വകാര്യമായ ആഗ്രഹം പൊതുസമൂഹത്തിന്റെ മുന്നിൽ ശബ്ദമായി മാറുന്നു. അതിലൂടെ അയാൾ തന്റെ സ്വാതന്ത്ര്യവും സ്വത്വവും തിരിച്ചുപിടിക്കുന്നു.സ്വകാര്യമായ അനുഭവങ്ങളും അഭിപ്രായങ്ങളും പൊതുസമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യുന്ന ഇടത്തിന്റെ ഒരു പ്രാധാന്യം ഇവിടെ ഉണ്ട്. ബത്തയുടെ കാര്യത്തിൽ മൈക്രോഫോൺ അയാളുടെ ശബ്ദത്തെ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കുന്ന ഒരു മാധ്യമമായി മാറുന്നു. അയാൾക്ക് പാട്ടുപാടാൻ കഴിയുന്നു എന്നത് മാത്രമല്ല, അയാൾ പാടുന്നത് മറ്റുള്ളവർ കേൾക്കുന്നു എന്നതുകൂടിയാണ് ആ രംഗത്തിന്റെ വൈകാരികമായ വിജയം. അതിലൂടെ അയാൾ സ്വയം രൂപപ്പെടുത്തുകയോ പരിണാമപ്പെടുത്തുകയോ ഒക്കെ ചെയ്യുന്നു.
അതുകൊണ്ടുതന്നെ ബത്ത എന്നത് മനുഷ്യർ തമ്മിലുള്ള ഇമോഷന്റെ സിനിമ മാത്രമല്ല. മനുഷ്യനും പുതിയ മെക്കാനിക്കൽ ടൂളുകളും, ആ മെക്കാനിക്കൽ ടൂളുകൾ ജനാധിപത്യവൽക്കരിക്കുന്ന കലകളും, അവ നിർമിക്കുന്ന ഇമോഷനുകളും, മനുഷ്യന്റെ സ്വത്വത്തെയും ബന്ധങ്ങളെയും രൂപപ്പെടുത്തുന്ന ഒരു ടെക്നിക്കൽ-ടെക്നോളജിക്കൽ ഇക്കോസിസ്റ്റത്തിന്റെ മനോഹരമായ ഡോക്യുമെന്റേഷൻ കൂടിയാണ്. കളിപ്പാട്ടം, മൈക്രോഫോൺ, ടെലിവിഷൻ, ആന്റിന, സിനിമ, പാട്ട് എന്നിവയെല്ലാം മനുഷ്യജീവിതത്തിന്റെ പുറംവസ്തുക്കളല്ല; മനുഷ്യന്റെ ഓർമകളുടെയും ആഗ്രഹങ്ങളുടെയും ബന്ധങ്ങളുടെയും സ്വാതന്ത്ര്യബോധത്തിന്റെയും ഭാഗങ്ങളാണ്.ഒരു കളിപ്പാട്ടം കുട്ടിക്ക് ഭാവനയുടെ ലോകം തുറന്നുകൊടുക്കുന്നു. ഒരു പാട്ട് ഒരാൾക്ക് സ്വയം തിരിച്ചറിയാനുള്ള വഴി നൽകുന്നു. ഒരു ആന്റിന പുറംലോകത്തെ വീട്ടിലേക്ക് എത്തിക്കുന്നു. ഒരു മൈക്രോഫോൺ സ്വകാര്യമായ ശബ്ദത്തെ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കുന്നു. ഓരോ കാലഘട്ടത്തിലും സാങ്കേതികവിദ്യ മാറുമ്പോൾ മനുഷ്യരുടെ അനുഭവങ്ങളും ബന്ധങ്ങളും മാറുന്നു. എന്നാൽ ആ മാറ്റങ്ങൾക്കിടയിലും മനുഷ്യൻ അന്വേഷിക്കുന്നത് സ്നേഹവും അംഗീകാരവും ആശ്വാസവും സ്വാതന്ത്ര്യവും സ്വയം പ്രകടിപ്പിക്കാനുള്ള ഒരിടവുമാണ്. ഈ അർത്ഥത്തിൽ ശബരിയുടെ കളിപ്പാട്ടവും ബത്തയുടെ പാട്ടും മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ആഴത്തിലുള്ള വൈകാരികബന്ധത്തിന്റെ അടയാളങ്ങളായി മാറുന്നു.
ബത്തയുടെ മനോഹാരിതയും അതിലാണ്. മനുഷ്യരെക്കുറിച്ച് പറയുമ്പോൾ മനുഷ്യരല്ലാത്ത വസ്തുക്കളെയും സാങ്കേതിക ഉപകരണങ്ങളെയും സിനിമയുടെ വൈകാരികലോകത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. മനുഷ്യന്റെ ജീവിതത്തെ രൂപപ്പെടുത്തുന്നത് മനുഷ്യർ മാത്രമല്ല; അവൻ ഉപയോഗിക്കുന്ന വസ്തുക്കളും കേൾക്കുന്ന പാട്ടുകളും കാണുന്ന ദൃശ്യങ്ങളും സ്പർശിക്കുന്ന കളിപ്പാട്ടങ്ങളും കൂടിയാണ്. ആധുനികത മനുഷ്യന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന യന്ത്രങ്ങളും മാധ്യമങ്ങളും ഉപകരണങ്ങളും മനുഷ്യന്റെ ഇമോഷനുകളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ മനോഹരമായ സിനിമാറ്റിക് ആഖ്യാനമാണ് ബത്ത.
