2020 കളുടെ തുടക്കത്തിൽ, പകർച്ചവ്യാധി കാലഘട്ടത്തിന് തൊട്ടുപിന്നാലെ കൊച്ചിയിൽ നടന്ന കൈനില കലാക്കൂട്ടായ്മയും അതിന്റെ അനുബന്ധ കലാപ്രദർശനങ്ങളും ഷൈൻ നാരായണൻ എന്ന കലാപ്രവർത്തകൻ ശ്രദ്ധയോടെ ദൃശ്യവൽക്കരിക്കുകയും ഭൗതികയാഥാർത്ഥ്യമാക്കുകയും ചെയ്തു. ചിത്രകല, രൂപകൽപ്പന, അച്ചടി, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക അല്ലെങ്കിൽ ക്യൂറേറ്റ് ചെയ്യുക എന്നിവയിലുള്ള ആഴത്തിലുള്ള തീക്ഷ്ണമായ താൽപ്പര്യങ്ങളും അഭിനിവേശവും നിറഞ്ഞ ഷൈൻ കാരുണ്യവാനും സാഹോദര്യമുള്ളവനുമായ മനുഷ്യവ്യക്തിയായിരുന്നു.
സമകാലിക കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ അവബോധമുള്ള കലയിലും വിമർശനാത്മകമോ പ്രതിഫലനപരമോ ആയ സൗന്ദര്യശാസ്ത്രചിന്തയിലും സംവാദപരമായ കൂട്ടായ പ്രവർത്തനമായും ആവിഷ്കാരമായും വിമർശ ഇടപെടലായും കൈനിലയെ ഭാവനചെയ്തുവികസിപ്പിച്ചു കലയുടെ വിമർശമൂർച്ചയുള്ള തിളക്കമായ ഷൈൻ. അതിനാൽ, കൈനിലയെന്ന കലാസംഘപ്രവർത്തനം ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വേർതിരിക്കാനാവാത്തതാണ്. കാൽപ്പാടും കാലടിയും കീഴടിയും കൈപ്പാടും കൈനാട്ടിയും കൈപ്പാടൂരും കൈനിലയുമെല്ലാം സംസ്കാരചരിത്രത്തിലെ കാലാതിവർത്തികളായ അശോകൻ ബുദ്ധബിംബങ്ങളാണ്. കൈനോട്ടവും നോട്ടപ്പാടും നിലപാടുമാണ് കാലടിയും കാൽനിലയും പോലെ കൈനില. കാലങ്ങൾക്കും സന്ദർഭങ്ങൾക്കും വേണ്ടിയുള്ള ഒരു സൃഷ്ടിപരവും വിമർശനാത്മകവുമായ പ്രതികരണമായി ഇത് കലാപ്രദർശനങ്ങളിലും കലാശിബിരങ്ങളിലും യാഥാർത്ഥ്യമാകുന്നു. ഷൈൻറെ കൂട്ടരും കൂട്ടുകാരുമാണിതു സാധ്യമാക്കുന്നത്, വർത്തമാനഭാവിക്കായി. ഷൈനിൻരെ മുഖ്യരചനകളും ഇരുപത്തഞ്ചോളം സഹോദരകലാകാരരുടെ മിശ്രമാധ്യമങ്ങളിലുള്ള കലാസൃഷ്ടികളും 2026 ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെയുള്ള പ്രദർശനത്തിലുണ്ട്.

ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള കലാകാരർ സമൂഹത്തിലും രാഷ്ട്രീയത്തിലും മാറ്റത്തിന്റെയും വിമർശത്തിന്റെയും ഒരു സാംസ്കാരിക ശക്തിയായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ഈ സുസ്ഥിരമായ ഉപരിഘടനാപരമായ വീക്ഷണത്തിന്റെയും അടിസ്ഥാന യാഥാർത്ഥ്യങ്ങളുടെ സാംസ്കാരിക വിഭജനത്തിന്റെയും സാഹോദര്യത്തിൻരേയും മേളനത്തിൻറേയും മികച്ച പ്രാതിനിധ്യവും പങ്കാളിത്തവുമായി കലാപ്രവർത്തകർ വിഭജനാന്തരവും വിഷയാന്തരവുമായി കലരുന്നു, വിയോജിപ്പുകളോടെ ചേരുന്നു. കൃതികളുടെ വൈവിധ്യവും വ്യത്യാസവും ഭിന്നയാഥാർത്ഥ്യത്തിന്റെയും ബഹുലലോകത്തിന്റെയും സത്യസന്ധവും നീതിയുക്തവുമായ പ്രതിനിധാനമായി മാറുന്നു. പ്രത്യേകിച്ച് ഇന്ത്യയിലോ കേരളത്തിലോ നിലവിലുള്ള കപട-ഭൂരിപക്ഷ രാഷ്ട്രീയ രൂപീകരണ സന്ദർഭത്തിൽ.
2023-ൽ കൈനിലയുടെ പ്രമേയക്രമീകരണപാഠം അഥവാ ക്യൂറേറ്റോറിയൽ ടെക്സ്റ്റ് എഴുതാനും മറുനോട്ടം, ‘അതർ ഗെയ്സ്’ എന്ന പ്രമേയവും രാഷ്ട്രീയനോക്കുനിലയും രൂപപ്പെടുത്താനും ഷൈനും കൂട്ടുകാരും എന്നെ ക്ഷണിച്ചു. ഫോർട്ടുകൊച്ചിയിലെ ചരിത്രപരമായ കടക്കരപ്പള്ളി വൈദ്യരും ഡച്ചു ഗവർണർ വാൻ-റീഡും കൂടിക്കണ്ട പതിനേഴാം നൂറ്റാണ്ടിലടിത്തറയുള്ള ഡേവിഡ് ഹോളിൽ നടന്ന കൈനിലയുടെ രണ്ടാമത്തേയീ സംഘപ്രദർശനം നിരവധി അനുബന്ധ കലാകാരന്മാർക്ക് പ്രചോദനവും അവസരവും മേളനവുമായിരുന്നു. ആദ്യ സംഘപ്രദർശനം ദർബാർഹോളിലായിരുന്നു.

2025-ൽ ഷൈനിന്റെ ഞെട്ടിപ്പിക്കുന്ന വിയോഗത്തിനുശേഷം, അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹ കലാകാരന്മാരും 2026 ജനുവരിയിൽ വടക്കൻ പറവൂരിലെ ചേന്ദമംഗലത്തിനടുത്തുള്ള പാലിയത്തെ മുണ്ടിയത്തുതോപ്പിൽ മൂന്ന് ദിവസത്തെ കലാകുടുബം സംഘടിപ്പിച്ചു. സമഗ്രാധിപത്യത്തിന്റെയും സമൂഹത്തെ അധഃപതിപ്പിക്കുന്ന അമിതപ്രാതിനിധ്യക്കുത്തകയിലേക്കും ഫാഷിസത്തിലേക്കും കൂപ്പുകുത്തുന്ന വരേണ്യവാഴ്ച്ചയായ ഒളിഗാർക്കിയുടേയും കാലത്ത്, മനുഷ്യ ഏജൻസിയുടെയും ഭാവനയുടെയും സർഗ്ഗാത്മകതയുടെയും വിമോചന മനോഭാവവും വിമർശനാത്മക ഇടപെടലുകളും അടിത്തട്ടിലൂടെ സമാന്തരമായി തുടരുക എന്ന ലക്ഷ്യത്തോടെയാണിത്. പാലിയം ‘പലമരത്തണലെ’ന്ന ശില്പി സെൽവരാജിൻറെ പൈതൃക സ്റ്റുഡിയോ-വിഹാരത്തിലെ കലാക്കൂട്ടായ്മയിൽ സൃഷ്ടിക്കപ്പെട്ട കലാസൃഷ്ടികൾ 2026 ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ ദർബാർ ഹോളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. പാലിയം മുണ്ടിയത്ത്തോപ്പ് എന്നപേരിൽ ഒരു ചിത്രം ആ പ്രാചീനസംഘാരാമമായ കാവിൽവച്ചു വരയ്ക്കാനും അതു പ്രദർശനത്തിലുൾപ്പെടാനുമിടയായി. കന്യകാവുകളായ കന്യാസ്ത്രീകൾ അശോകമകളായ സംഘമിത്തയെപ്പോലുള്ളവർ നട്ടുനനച്ചുവളർത്തിയതുകൊണ്ടാണ് അശോകൻ സംഘാരാമങ്ങളെ ചേരമക്കൾ കാവുകളെന്നുവിളിച്ചത്.
ഇന്ത്യയിൽ അംബേദ്കറും കേരളത്തിൽ സഹോദരനയ്യപ്പനും ഏറെ എഴുതുകയും അടിത്തട്ടിൽനിന്നു വീണ്ടെടുക്കുകയും ചെയ്ത നൈതികമായ ഈ സംഘസംസ്കാരവും പ്രബുദ്ധതയുമാണ് ഇന്ത്യയുടേയും കേരളത്തിൻറേയും ആധുനികതയുടെയും ഭരണഘടനയുടേയും അടിത്തറ. ആധുനികതയുടെയും ആധുനിക ജനായത്ത മൂല്യങ്ങളുടെയും ഭരണഘടനാസ്ഥാപനങ്ങളുടേയും പൂർണ്ണമായ തകർച്ചയിലേക്ക് വർഗീയവൽക്കരണം വഴിതെളിച്ചു. അമിത പ്രാതിനിധ്യത്തിന്റെയും ഒളിഗാർക്കിയുടേയും കുലീനകുത്തക സഖ്യങ്ങൾ വ്യാജഭൂരിഭക്ഷവർഗീയധ്രുവീകരണവേലയിൽ ഭരണഘടനഭേദഗതികളും നടത്തി ഫാഷിസവും അസമത്തവും പെരുക്കുകയുംചെയ്തു. ഭരണഘടനാപരമായ മൌലികാവകാശവും അടിസ്ഥാന മനുഷ്യാവകാശവുമാണ് സാമൂഹ്യരാഷ്ട്രീയ പ്രാതിനിധ്യം എന്ന പ്രാഥമികവസ്തുതയാണ് ആവിയാക്കിയത്.

അമിതപ്രാതിനിധ്യക്കുത്തകയുള്ള മുന്നാക്കർക്കുള്ള സാമ്പത്തികസംവരണവും ദേശീയവിദ്യാഭ്യാസനയമെന്ന പേരിൽ സ്വയംസേവകസംഘികളുടെ വർഗീയപരിശീലനപദ്ധതിയും ഭരണഘടനാഭേദഗതികളോടെ നടപ്പാക്കിക്കഴിഞ്ഞു. പ്രാതിനിധ്യമില്ലാത്ത ജനതയുടെ അതിജീവനം തന്നെ പ്രശ്നത്തിലായിരിക്കുന്നു. ഈ അധീശ സമഗ്രാധിപത്യ സന്ദർഭങ്ങളിൽ പ്രാതിനിധ്യമില്ലാത്ത കലാകാരരുടെ സൗന്ദര്യാത്മകവും രാഷ്ട്രീയവുമായ പോരാട്ടങ്ങളും രചനകളും, ആന്തരിക സാമ്രാജ്യത്തത്തിന്റെയും സനാതന വർണാശ്രമധർമ്മത്തിന്റെയും സാംസ്കാരിക നിയമസാധുതയായി പ്രവർത്തിക്കുന്ന വ്യാജപഴക്കവാദമേറിയ അമിതപ്രാതിനിധ്യമുള്ള കുത്തക മുഖ്യധാരയേക്കാൾ പ്രാധാന്യമർഹിക്കുന്നതും സമകാലികവുമാണ്.

ഷൈനിന്റെ ജീവിതത്തെയും കൈനിലയടക്കമുള്ള കലാസംസ്കാരപരിശ്രമങ്ങളെയും രാജ്യമാകെ സമഗ്രാധിപത്യത്തിനും വർഗീയബ്രാഹ്മണികകോർപ്പറേറ്റുവൽക്കരണത്തിനുമെതിരായ വർത്തമാനകാലത്തെ യുവാക്കളുടെ അതിശക്തമായ പോരാട്ടങ്ങളേയും മാധ്യമങ്ങളും അക്കാദമികളും അവഗണിക്കുന്ന ഇന്ത്യയെമ്പാടും കൊടുമ്പിരിക്കൊള്ളുന്ന ആദിവാസികളുടേയും അടിസ്ഥാനജനതകളുടേയും ന്യൂനപക്ഷങ്ങളുടേയും അതിജീവനപ്പോരാട്ടങ്ങളേയും സാമൂഹ്യവിമോചനപ്രകടനങ്ങളെയും നാം ഭാവിയിലേക്കുള്ള ജനായത്ത മാനവനിക്ഷേപമായി വിമർശബോധത്തോടെ, വിമോചനപ്രതീക്ഷകളോടെ അഭിവാദ്യം ചെയ്യുന്നു. സമഗ്രാധിപത്യത്തെയും അധീശത്തത്തേയും കുലീനകുത്തകഭരണമായ ഒളിഗാർക്കിയേയും ചെറുക്കുകയും മെച്ചപ്പെട്ട ജനായത്തഭാവിക്കായി സമൂഹത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയും മാറ്റുകയും ചെയ്യുമെന്ന പ്രതീക്ഷയും ദിശാബോധവും ഒരിക്കൽക്കൂടി സജീവമാകുന്നു.
