ലോകകപ്പ് മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെ, ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജഴ്സി മാറ്റി പുതിയ കാവി നിറത്തിലുള്ള ജഴ്സി അവതരിപ്പിച്ചത് വൻ വിവാദത്തിലേക്ക്. പ്രിയപ്പെട്ട ‘ബ്ലൂ ജഴ്സി’ കൈവിട്ട തീരുമാനത്തിനെതിരെ മുൻ താരങ്ങളും കായിക പ്രേമികളും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഹോക്കി ഇന്ത്യ തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയാണ് പുത്തൻ കാവി ജഴ്സിയുടെ പ്രകാശനം നടത്തിയത്. വരാനിരിക്കുന്ന ലോകകപ്പ് ടൂർണമെന്റിന് തൊട്ടുമുമ്പുള്ള ഈ അപ്രതീക്ഷിത മാറ്റം ആരാധകരിൽ വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻ ദേശീയ ടീം നായകൻ വിരേൻ റാസ്ക്വിൻഹ, മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി തുടങ്ങിയ പ്രമുഖർ ഈ തീരുമാനത്തെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
സാങ്കേതിക കാരണം വ്യക്തമാക്കി ഹോക്കി ഇന്ത്യ
വിവാദം കനത്തതോടെ വിശദീകരണവുമായി ഹോക്കി ഇന്ത്യ പ്രസ്താവന പുറത്തിറക്കി. ജഴ്സിയുടെ നിറം മാറ്റിയതിന് പിന്നിൽ രാഷ്ട്രീയപരമായ താല്പര്യങ്ങളില്ലെന്നും സാങ്കേതികപരമായ കാരണങ്ങൾ മാത്രമാണുള്ളതെന്നും അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾ നടക്കുന്ന കൃത്രിമ ടർഫുകളിൽ ഭൂരിഭാഗവും നീല നിറത്തിലുള്ളതാണ്. ടീമിന്റെ നീല ജഴ്സിയും ടർഫിന്റെ നീല നിറവും ഒന്നായി വരുന്നത് കളിക്കളത്തിൽ കളിക്കാർക്ക് പരസ്പരം തിരിച്ചറിയാൻ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പുതിയ നിറം തിരഞ്ഞെടുക്കുന്നതിൽ ദേശീയ പതാകയിലെ പ്രധാന നിറങ്ങളിൽ ഒന്നായ കാവിക്ക് മുൻഗണന നൽകുകയായിരുന്നു എന്നും അധികൃതർ കൂട്ടിച്ചേർത്തു. Eഗസ്റ്റ് 14 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കുന്ന ഹോക്കി ലോകകപ്പിലാകും ഇന്ത്യൻ ടീം പുതിയ കാവി ജഴ്സി അണിഞ്ഞ് കളത്തിലിറങ്ങുക.
