ലോക ഫുട്ബോളിലെ വൻശക്തിയായ അർജന്റീനയെ ആഘോഷിക്കപ്പെടുമ്പോഴൊക്കെ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. എന്തുകൊണ്ട് അവരുടെ ദേശീയ ടീമിലോ വലിയ ക്ലബ്ബുകളിലോ കറുത്ത വർഗ്ഗക്കാരായ (ആഫ്രോ-അർജന്റീന) കളിക്കാരെ കാണുന്നില്ല. ജനസംഖ്യയിലെ കുറവ് എന്ന ഒറ്റമൂലി ഉത്തരം കൊണ്ട് പലരും ഇതിനെ ലളിതവത്കരിക്കാറുണ്ടെങ്കിലും, യാഥാർത്ഥ്യം ഇതിലും സങ്കീർണ്ണമാണ്. ചരിത്രപരമായ ‘വെളുപ്പിക്കൽ’ നയങ്ങളും (Whitening Policy), ഗ്രാസ്റൂട്ട് തലത്തിലെ വംശീയ മുൻവിധികളും, സാമ്പത്തിക-ഭൂമിശാസ്ത്രപരമായ തടസ്സങ്ങളുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
ചരിത്രപരമായ അദൃശ്യവൽക്കരണം
19-ാം നൂറ്റാണ്ടിൽ അർജന്റീന നടപ്പിലാക്കിയ യൂറോപ്യൻ കേന്ദ്രീകൃത രാഷ്ട്രനിർമ്മാണമാണ് ഇവിടുത്തെ വംശീയ ഘടനയെ മാറ്റിയെഴുതിയത്. യൂറോപ്യൻ കുടിയേറ്റത്തിന് വൻതോതിൽ പ്രാധാന്യം നൽകുകയും, ‘കൺക്വസ്റ്റ് ഓഫ് ദി ഡെസേർട്ട്’ പോലുള്ള സൈനിക നീക്കങ്ങളിലൂടെ തദ്ദേശീയരെയും ആഫ്രിക്കൻ വംശജരെയും അരികുവൽക്കരിക്കുകയും ചെയ്തു. അർജന്റീന ഒരു “വെളുത്ത യൂറോപ്യൻ രാജ്യമാണ്” എന്ന പൊതുബോധം നിർമ്മിച്ചെടുത്തതോടെ, ആഫ്രോ-അർജന്റീനക്കാരുടെ സംഭാവനകൾ ചരിത്രപുസ്തകങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും അപ്രത്യക്ഷമായി.
ഗ്രാസ്റൂട്ട് തലത്തിലെ മുൻവിധികളും സ്കൗട്ടിംഗ് സംസ്കാരവും
ബ്രസീൽ, ഫ്രാൻസ്, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ ചേരികളിൽ നിന്നും തെരുവുകളിൽ നിന്നും വൻതോതിൽ കറുത്ത വർഗ്ഗക്കാരായ കഴിവുള്ള കുട്ടികളെ കണ്ടെത്തി അക്കാദമികളിലേക്ക് ഉയർത്തുന്ന സംവിധാനമുണ്ട്. എന്നാൽ, അർജന്റീനയിലെ കഥ വ്യത്യസ്തമാണ്.
യൂറോപ്യൻ അച്ചുകൾ:
അർജന്റീനിയൻ അക്കാദമികളിലും ക്ലബ്ബ് സ്കൗട്ടുകളിലും നിലനിൽക്കുന്ന വാർപ്പുമാതൃകകൾ (Stereotypes) പലപ്പോഴും യൂറോപ്യൻ രൂപഭാവങ്ങളുള്ള കുട്ടികൾക്ക് കൂടുതൽ മുൻഗണന നൽകാൻ കാരണമാകുന്നു.
മനോഭാവത്തിലെ വംശീയത: ട്രയൽസുകളിൽ എത്തുന്ന കറുത്ത വർഗ്ഗക്കാരായ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, വംശീയമായ അപകർഷതാബോധം ഉണ്ടാക്കുന്ന രീതിയിലുള്ള സമീപനം അഭിമുഖീകരിക്കേണ്ടി വരുന്നു.
ഭൂമിശാസ്ത്ര അതിരുകളും സാമ്പത്തിക പിന്നോക്കാവസ്ഥയും
അർജന്റീനയിൽ കറുത്ത വർഗ്ഗക്കാരെയും പ്രൊഫഷണൽ ഫുട്ബോളിനെയും തമ്മിൽ അകറ്റുന്നതിൽ ഭൂമിശാസ്ത്രപരമായ വേർതിരിവുകൾക്ക് വലിയ പങ്കുണ്ട്:
കേന്ദ്രീകൃത അക്കാദമികൾ: റിവർ പ്ലേറ്റ്, ബോക്ക ജൂനിയേഴ്സ് പോലുള്ള വൻകിട ക്ലബ്ബുകളുടെ പ്രധാന പരിശീലന കേന്ദ്രങ്ങൾ നഗരങ്ങളിലെ വികസിത മേഖലകളിലാണ്. ആഫ്രോ-അർജന്റീനിയൻ ജനവിഭാഗങ്ങൾ ഭൂരിഭാഗവും താമസിക്കുന്നത് നഗരങ്ങൾക്ക് പുറത്തുള്ള പാവപ്പെട്ട ചേരികളിലോ ഉൾനാടൻ ഗ്രാമങ്ങളിലോ ആണ്. അവിടെയുള്ള കുട്ടികൾക്ക് വികസിത അക്കാദമികളിലേക്ക് എത്താനുള്ള യാത്രാചെലവുകളോ, മികച്ച ബൂട്ടുകളും പരിശീലന സാമഗ്രികളും വാങ്ങാനുള്ള സാമ്പത്തിക ശേഷിയോ ഇല്ല.
ബാരിയോ ക്ലബ്ബുകളിലെ തടവറകൾ
സാമ്പത്തിക തടസ്സങ്ങൾ കാരണം ഈ കുട്ടികൾക്ക് കളിക്കാൻ സാധിക്കുന്നത് അവരുടെ പ്രദേശങ്ങളിലെ സൗകര്യങ്ങളില്ലാത്ത ‘ബാരിയോ ക്ലബ്ബുകളിൽ’ മാത്രമാണ്. വൻകിട ക്ലബ്ബുകളിലേക്ക് പാലം പണിയാൻ ഈ പ്രാദേശിക ക്ലബ്ബുകൾക്ക് നെറ്റ്വർക്കുകളോ ഏജന്റുമാരുടെ സാന്നിധ്യമോ ഇല്ല. ഇതിനാൽ തന്നെ അവരുടെ പ്രതിഭ പ്രാദേശിക തലങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു.
അർജന്റീനയിൽ നിന്നും ഒരു ആഫ്രോ-താരം ഉയർന്നുവരാത്തത് വെറുമൊരു കായികപരമായ യാദൃശ്ചികതയല്ല. അത് ആ രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെയും, ആസൂത്രിതമായി നിലനിർത്തുന്ന വംശീയ മുൻവിധികളുടെയും സ്വാഭാവികമായ പരിണതഫലമാണ്. ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ ഈ ആഴത്തിലുള്ള വിടവുകൾ നികത്തപ്പെടാതെ, പ്രൊഫഷണൽ ഫുട്ബോളിലേക്ക് കടന്നുവരാൻ അവിടുത്തെ കറുത്ത വർഗ്ഗക്കാരായ കുട്ടികൾക്ക് ഇനിയും ഏറെ പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടി വരും.
അർജന്റീന എന്നാൽ യൂറോപ്യന്മാർ ലാറ്റിൻ അമേരിക്കയിൽ നിർമ്മിച്ച ഇസ്രായേലാണ്
ഫുട്ബോൾ മൈതാനത്തെ ആഘോഷങ്ങൾക്കപ്പുറം അർജന്റീന എന്ന രാജ്യത്തിന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ ഞെട്ടിക്കുന്ന ചില വംശീയ യാഥാർത്ഥ്യങ്ങൾ കാണാം. ചരിത്രപരമായ പശ്ചാത്തലങ്ങൾ വ്യത്യസ്തമാണെങ്കിലും, യൂറോപ്യൻ കുടിയേറ്റം വഴി രൂപപ്പെടുത്തിയെടുത്ത വംശീയ-സാംസ്കാരിക മേധാവിത്വത്തിന്റെ കാര്യത്തിൽ അർജന്റീനയും ഇസ്രായേലും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്! ഇതിന് ഏറ്റവും വലിയ തെളിവാണ് മുൻ അർജന്റീനിയൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് (Alberto Fernández) നടത്തിയ ആ കുപ്രസിദ്ധമായ പ്രസ്താവന:
” മെക്സിക്കക്കാർ അസറ്റെക്കുകളിൽ (Aztecs) നിന്നാണ് വന്നത്, ബ്രസീലിയൻമാർ കാടുകളിൽ നിന്നാണ് വന്നത്… എന്നാൽ ഞങ്ങൾ അർജന്റീനക്കാർ വന്നത് യൂറോപ്പിൽ നിന്നുള്ള കപ്പലുകളിൽ നിന്നാണ്”
എത്ര വ്യക്തമായാണ് അവർ സ്വന്തം യൂറോപ്യൻ ആധിപത്യ മനോഭാവം ലോകത്തിന് മുന്നിൽ തുറന്നുപറഞ്ഞത്!
എന്തുകൊണ്ടാണ് അർജന്റീനയെ ‘യൂറോപ്യൻ കോളനി’ എന്ന് വിളിക്കേണ്ടി വരുന്നത്.
തദ്ദേശീയരുടെ കൂട്ടക്കൊല
1948-ൽ ഇസ്രായേൽ രൂപീകരണ സമയത്ത് നടന്ന ‘നക്ബ’ (Nakba) പോലെ ഒന്നായിരുന്നു 1870-കളിൽ അർജന്റീനയിൽ നടന്ന കൺക്വസ്റ്റ് ഓഫ് ദി ഡെസേർട്ട്’. അവിടെ കാലങ്ങളായി ജീവിച്ചിരുന്ന തദ്ദേശീയരായ റെഡ് ഇന്ത്യൻ ജനവിഭാഗങ്ങളെ സൈന്യത്തെ വിട്ട് കൂട്ടക്കൊല ചെയ്യുകയും, ആ മണ്ണ് മുഴുവൻ യൂറോപ്യൻ കുടിയേറ്റക്കാർക്ക് വീതിക്കകയുമാണ് ഭരണകൂടം ചെയ്തത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 19-ാം നൂറ്റാണ്ടിൽ ആസൂത്രിതമായി ദശലക്ഷക്കണക്കിന് ഇറ്റലിക്കാരെയും സ്പെയിൻകാരെയും രാജ്യത്തേക്ക് കുടിയേറാൻ ക്ഷണിച്ചുവരുത്തി. അവിടുത്തെ ആഫ്രിക്കൻ വംശജരെയും തദ്ദേശീയരെയും അരികുവൽക്കരിച്ചുകൊണ്ട് ഒരു “വെളുത്ത യൂറോപ്യൻ രാജ്യം” നിർമ്മിച്ചെടുത്തു.
ഇന്നും തുടരുന്ന മേധാവിത്വം:
ഇസ്രായേലിൽ അഷ്കെനാസി ജൂതന്മാർ അധികാരം കൈയാളുന്നതുപോലെ, അർജന്റീനയുടെ രാഷ്ട്രീയത്തിലും ബിസിനസിലും മാധ്യമങ്ങളിലും എന്തിനേറെ അവരുടെ ഫുട്ബോൾ ടീമിൽ പോലും യൂറോപ്യൻ പാരമ്പര്യമുള്ളവർ മാത്രമാണ് ആധിപത്യം പുലർത്തുന്നത്. ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതി ചെയ്യുമ്പോഴും, “ഞങ്ങൾ ലാറ്റിൻ അമേരിക്കക്കാരല്ല, യൂറോപ്യന്മാരാണ്” എന്ന് അഹങ്കരിക്കുന്ന ഈ വംശീയ പൊതുബോധം യാദൃശ്ചികമായി ഉണ്ടായതല്ല. സ്വന്തം മണ്ണിലെ യഥാർത്ഥ നിവാസികളെയും കറുത്ത വർഗ്ഗക്കാരെയും ചരിത്രത്തിൽ നിന്ന് തന്നെ തുടച്ചുനീക്കി കെട്ടിപ്പടുത്ത ഒരു ‘യൂറോപ്യൻ മരീചിക’യാണ് അർജന്റീന.
