സമകാലിക കേരളീയ രാഷ്ട്രീയത്തിലും ഭരണഘടനാപരമായ അവകാശപ്പോരാട്ടങ്ങളിലും ഏറ്റവും സങ്കീർണ്ണമായ ഒരു പ്രതിസന്ധിയായി കേരള സംസ്ഥാന വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാറിയിരിക്കുകയാണ്. 2026-ലെ ഭരണമാറ്റത്തിന് ശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ, വഖ്ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ ഹൈക്കോടതി മരവിപ്പിച്ചതും, കേന്ദ്ര സർക്കാരിന്റെ വിവാദമായ ‘ഉമീദ്’ നിയമവും, മുനമ്പം ഭൂമി പ്രശ്നവും ചേർന്ന് സൃഷ്ടിച്ചിരിക്കുന്നത് അത്യന്തം സങ്കീർണ്ണമായ സാഹചര്യമാണ്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ രാഷ്ട്രീയ നോമിനേഷനുകൾ, പുതിയ യു.ഡി.എഫ് സർക്കാരിന്റെ സൂക്ഷ്മരാഷ്ട്രിയ ബോധ്യമില്ലാത്ത സമീപനങ്ങൾ, ബി.ജെ.പിയുടെ ധ്രുവീകരണ തന്ത്രങ്ങൾ എന്നിവയെല്ലാം ചേരുമ്പോൾ, കേരളത്തിലെ വഖ്ഫ് സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും ഭാവി ഒരു ‘ഭൂൽഫുലയ്യ’യിൽ പെട്ടതുപോലെ ദിശാബോധമില്ലാതെ ഉഴലുകയാണ്. ഈ സങ്കീർണ്ണമായ സാഹചര്യത്തെ ചരിത്രപരമായും രാഷ്ട്രീയമായും നിയമപരമായും സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതുണ്ട്.
ഉമീദ് നിയമവും വഖ്ഫ് ഭരണത്തിലെ കേന്ദ്ര ഇടപെടലും
ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കളുടെ ഭരണത്തിലും നിയന്ത്രണത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖ്ഫ് ഭേദഗതി നിയമം അഥവാ ‘ഉമീദ് നിയമം’ (Unified Management and Empowerment of Estate and Dargah Act / Waqf Amendment Act 2025). മുസ്ലിം സമുദായത്തിന്റെ മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ദാനം ചെയ്യപ്പെട്ട സ്വത്തുക്കളുടെ മേലുള്ള ഭരണഘടനാപരമായ അവകാശങ്ങളെ കാറ്റിൽപ്പറത്തുന്നതാണ് ഈ നിയമം. രാജ്യത്തെ എല്ലാ മതേതര നിലാപാടുള്ളവർക്കും ഇതു തന്നെയാണ് അഭിപ്രായം.
ഉമീദ് നിയമത്തിലെ ഏറ്റവും വിവാദമായ വ്യവസ്ഥകൾ സംസ്ഥാന വഖ്ഫ് ബോർഡുകളുടെ ഘടനയുമായി ബന്ധപ്പെട്ടതാണ്. ബോർഡിൽ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെങ്കിലും നിർബന്ധമായും ഉണ്ടായിരിക്കണം, കൂടാതെ ഷിയാ വിഭാഗത്തിന് പ്രത്യേക പ്രാതിനിധ്യം നൽകണം എന്നതാണ് ഇതിലെ പ്രധാന നിബന്ധന. വഖ്ഫ് സ്വത്തുക്കളുടെ സ്വഭാവം നിർണ്ണയിക്കുന്നതിലും തർക്കങ്ങൾ പരിഹരിക്കുന്നതിലും ജില്ലാ കലക്ടർമാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും അമിതാധികാരം നൽകുന്ന വ്യവസ്ഥകളും ഇതിലുണ്ട്. വഖ്ഫ് ട്രൈബ്യൂണലുകളുടെ അധികാരം വെട്ടിക്കുറയ്ക്കുകയും, എല്ലാ വഖ്ഫ് സ്വത്തുക്കളും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമാക്കുകയും ചെയ്തു.
ഈ നിയമം പാർലമെന്റിൽ പാസാക്കപ്പെട്ടതുമുതൽ വലിയ പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികൾ ഈ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചു. ന്യൂനപക്ഷങ്ങൾക്ക് സ്വന്തം മതസ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരിക്കാനുമുള്ള മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഈ നിയമം വിലയിരുത്തപ്പെട്ടത്. സുപ്രീം കോടതിയിൽ ഈ ഹർജികൾ ഇപ്പോഴും അന്തിമ തീർപ്പാകാതെ കിടക്കുകയാണ്. ഈ നിയമപരമായ അനിശ്ചിതത്വം നിലനിൽക്കുമ്പോഴാണ് കേരളത്തിൽ ഉമീദ് നിയമത്തിന്റെ പേരിലുള്ള പുതിയ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറുന്നത്.
ഇടതു സർക്കാരിന്റെ തന്ത്രപരമായ രാഷ്ട്രീയവത്കരണവും ബോർഡ് രൂപീകരണവും
മുൻകാലങ്ങളിൽ കേരള വഖ്ഫ് ബോർഡ് രൂപീകരിച്ചിരുന്ന രീതി തികച്ചും വ്യത്യസ്തമായിരുന്നു. എൽ.ഡി.എഫ് ഭരിക്കുമ്പോഴും യു.ഡി.എഫ് ഭരിക്കുമ്പോഴും ഭരണപക്ഷത്തിന് അനുകൂലമായ അംഗങ്ങളെ ഉൾപ്പെടുത്തുക എന്നത് ഒരു പതിവാണെങ്കിലും, അതിനൊരു അടിസ്ഥാന ഘടനയുണ്ടായിരുന്നു. മുത്തവല്ലിമാർ അഥവാ, വഖ്ഫ് സ്വത്തുക്കളുടെ നടത്തിപ്പുകാർ, മുസ്ലിം എം.എൽ.എമാർ, എം.പിമാർ, ബാർ കൗൺസിൽ അംഗങ്ങൾ, ഇസ്ലാമിക പണ്ഡിതന്മാർ എന്നിവരിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയായിരുന്നു ബോർഡ് രൂപീകരിച്ചിരുന്നത്. വഖ്ഫ് സ്വത്തുക്കളുമായും വിശ്വാസവുമായും ജൈവപരമായ ബന്ധമുള്ളവരും താരതമ്യേനെ എല്ലാ മുസ്ലിം സംഘടനകളുടെ പ്രതിനിധ്യം ഉറപ്പാക്കുന്ന തരത്തിലുമായിരുന്നു എല്ലാക്കാലത്തും എൽ.ഡി.എഫ് ഭരിക്കുമ്പോഴും യു.ഡിഎഫ് ഭരിക്കുമ്പോഴും രൂപവത്കരിക്കാറുള്ളത്. എന്നാൽ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽ.ഡി.എഫ് സർക്കാർ ഉമീദ് നിയമത്തിന്റെ പശ്ചാത്തലത്തിൽ വഖ്ഫ് ബോർഡിനെ തന്ത്രപരമായി രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്. ഉമീദ് നിയമത്തിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി, പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് എൽ.ഡി.എഫ് സർക്കാർ പുതിയ ബോർഡിനെ നോമിനേറ്റ് ചെയ്തത്. കാഴ്ചയിൽ ഇത് ഉമീദ് നിയമത്തോടുള്ള ധീരമായ ചെറുത്തുനിൽപ്പായി തോന്നാമെങ്കിലും, യഥാർത്ഥത്തിൽ ഇത് തങ്ങളുടെ രാഷ്ട്രീയ നോമിനികളെ തിരുകിക്കയറ്റാനുള്ള ഒരു മറ മാത്രമായിരുന്നു.
നിലവിൽ ഹൈക്കോടതി മരവിപ്പിച്ച വഖ്ഫ് ബോർഡിലെ അംഗങ്ങളുടെ പശ്ചാത്തലം പരിശോധിച്ചാൽ ഈ രാഷ്ട്രീയവത്കരണം വ്യക്തമാകും. വഖ്ഫ് ബോർഡ് എന്നതിനെ കേവലം സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും ‘രാഷ്ട്രീയ പുനരധിവാസ കേന്ദ്ര’മാക്കി മാറ്റുകയായിരുന്നു. ബോർഡിലേക്ക് നിയമിക്കപ്പെട്ട പലർക്കും വഖ്ഫ് സ്വത്തുക്കളുമായോ, മുസ്ലിം സമുദായത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായോ, എന്തിന് ഇസ്ലാമിക വിശ്വാസപ്രമാണങ്ങളുമായോ യാതൊരു ബന്ധവുമില്ലായിരുന്നു. തെരെഞ്ഞെടുപ്പിലൂടെ വന്നിരുന്ന എം.പി, എം.എൽ.എ, മുതവല്ലി പ്രാതിനിധ്യം അടക്കം എല്ലാ നോമിനികളും സിപിഎമ്മിന് നേരിട്ട് വിധേയമാകുന്നവർ മാത്രമാണ്. മുൻ കാലങ്ങളിൽ ഭരണക്കാരോട് ആഭിമുഖ്യം പുലർത്തുന്നവരെ നിയമിക്കുമ്പോഴും വഫ്ഖ് കൈകാര്യം ചെയ്യുന്ന സമുദായ സംഘടനകൾക്കും വിഭാഗങ്ങൾക്കും പങ്കാളിത്തം ഉറപ്പാക്കിയിരുന്നു.
ഉമീദ് നിയമം കേന്ദ്രം പാസാക്കിയതിന് ശേഷം, ആ നിയമത്തിലെ ന്യൂനതകളെ നിയമപരമായി നേരിടുന്നതിന് പകരം, തങ്ങളുടെ ഇഷ്ടക്കാരെ വെച്ച് പെട്ടെന്ന് ബോർഡ് രൂപീകരിച്ച് ഒരു ബോധപൂർവ്വമായ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഇടതു സർക്കാർ ശ്രമിച്ചത്. ഇത് ഭാവിയിൽ വഖ്ഫ് ബോർഡിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് നിയമവിദഗ്ധർ അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വഖ്ഫ് എന്നത് ഒരു മതപരമായ ബാധ്യതയും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് മാറ്റിവെക്കപ്പെടുന്ന സ്വത്തുക്കളുമാണ്. ഇത്തരം സ്വത്തുക്കളുടെ പരിപാലനം തികഞ്ഞ മതബോധവും സൂക്ഷ്മതയുമുള്ളവരെയാണ് ഏൽപ്പിക്കേണ്ടത്.
ഹൈക്കോടതിയിലെ ഹർജികളും ബോർഡിന്റെ മരവിപ്പിക്കലും
എൽ.ഡി.എഫ് സർക്കാർ രൂപീകരിച്ച വഖ്ഫ് ബോർഡിനെതിരെ നാല് വ്യത്യസ്ത പൊതുതാൽപര്യ ഹർജികളാണ് കേരള ഹൈക്കോടതിയുടെ മുമ്പാകെ എത്തിയത്. ബി.ജെ.പി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവരായിരുന്നു ഹർജിക്കാർ. 2025-ലെ ഉമീദ് നിയമം അനുശാസിക്കുന്ന പ്രകാരം രണ്ട് അമുസ്ലിം അംഗങ്ങളെയും ഷിയാ പ്രതിനിധിയെയും ഉൾപ്പെടുത്താതെയാണ് സർക്കാർ വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിച്ചത് എന്നും, അതിനാൽ ഈ ഭരണസമിതിക്ക് നിയമസാധുതയില്ലെന്നും ഹർജിക്കാർ വാദിച്ചു. കൂടാതെ മുനമ്പം വിഷയത്തിൽ ബോർഡ് എടുത്ത നിലപാടുകളും ചോദ്യം ചെയ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ ഹർജികൾ പരിഗണിക്കുകയും വഖ്ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ബോർഡിന് നയപരവും സാമ്പത്തികവും ജുഡീഷ്യലുമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം കോടതി മരവിപ്പിച്ചു. ഭരണനിർവ്വഹണത്തിനായി സംസ്ഥാന സർക്കാരിന്റെ വഖ്ഫ് വകുപ്പിലെ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനും കോടതി ഉത്തരവിട്ടു. രണ്ട് അമുസ്ലിം അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് തർക്കമില്ലാത്ത കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ കോടതി വിധി വഖ്ഫ് ബോർഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ നിയമിക്കപ്പെട്ട ബോർഡിനെ മാറ്റിനിർത്തി ഒരു ഉദ്യോഗസ്ഥന് പൂർണ്ണ അധികാരം നൽകുന്നത് വഖ്ഫ് നിയമത്തിന്റെ അന്തഃസത്തയ്ക്ക് തന്നെ നിരക്കുന്നതല്ല.
യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ താത്പര്യവും വഖ്ഫ് ബോർഡിന്റെ പ്രതിസന്ധിയും
2026 മെയ് മാസത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷമാണ് ഹൈക്കോടതിയിൽ ഈ കേസ് നിർണ്ണായക ഘട്ടത്തിലെത്തിയത്. ഇവിടെയാണ് യു.ഡി.എഫ് സർക്കാരിന്റെ ഭാഗത്തുനിന്നും തികച്ചും അമ്പരപ്പിക്കുന്നതും സംശയാസ്പദവുമായ നിലപാടുകൾ ഉണ്ടാകുന്നത്. ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറൽ ജാജു ബാബു സ്വീകരിച്ച നിലപാടാണ് വഖ്ഫ് ബോർഡിന്റെ മരവിപ്പിക്കലിലേക്ക് നയിച്ചത്. ഹർജിക്കാരുടെ വാദങ്ങളെ പ്രതിരോധിക്കുന്നതിന് പകരം, ഉമീദ് നിയമത്തിലെ ഭേദഗതികൾ നടപ്പിലാക്കാൻ സർക്കാർ തയ്യാറാണെന്നും, വഖ്ഫ് നിയമ ഭേദഗതിയുടെ 14-ാം വകുപ്പ് അനുസരിച്ച് സംസ്ഥാന വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്നും എ.ജി ഹൈക്കോടതിയെ അറിയിച്ചു. വഖ്ഫ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഈ നടപടിയെ ന്യായീകരിക്കുകയും ചെയ്തു. സുപ്രീം കോടതിയിൽ സമാന വിഷയങ്ങൾ പരിഗണനയിലാണെന്ന ശക്തമായ വാദം ഹൈക്കോടതിയിൽ ഉന്നയിക്കുന്നതിൽ സർക്കാർ ബോധപൂർവ്വം പരാജയപ്പെട്ടു.
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളും സിപിഎം നിയന്ത്രണമുള്ള വഖ്ഫ് ബോർഡിനെ ദുർബലപ്പെടുത്തുക എന്ന നിലപാടിനെ വിജയിപ്പിച്ചെടുക്കാൻ ഉമീദ് നിയമം ഉപയോഗിക്കുകയാണ് ചെയ്തത്. ഈ സമീപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളെ കടുത്ത രോഷത്തിലാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉമീദ് നിയമം സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വഖ്ഫ് ബോർഡുകളുടെ നിയന്ത്രണം പരോക്ഷമായി സംഘ്പരിവാർ അനുകൂലികളായ ഉദ്യോഗസ്ഥരിലേക്കും പ്രതിനിധികളിലേക്കും എത്തിക്കുക എന്ന കേന്ദ്ര അജണ്ടയ്ക്ക് യു.ഡി.എഫ് സർക്കാർ കുടപിടിക്കുകയാണോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകാം.
സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെയെങ്കിലും ഈ നിയമനങ്ങളിൽ തൽസ്ഥിതി തുടരണമെന്ന് വാദിക്കാനുള്ള സാമാന്യ നിയമബോധം പോലുമില്ലാതെ, കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്ക് മുന്നിൽ സംസ്ഥാന സർക്കാർ കീഴടങ്ങുകയായിരുന്നു. മുൻ എൽ.ഡി.എഫ് സർക്കാർ നിയമിച്ച കാലയളവ് ബാക്കിയുള്ള ബോർഡിനെ ഓർഡിനൻസിലൂടെ പുറത്താക്കി പുതിയ സമിതിയെ കൊണ്ടുവരാൻ യു.ഡി.എഫ് ആലോചിച്ചിരുന്നു. എന്നാൽ, ഇതിനിടയിലാണ് കോടതിയുടെ ഇടപെടലുണ്ടാകുന്നത്. തങ്ങളുടെ രാഷ്ട്രീയ എതിരാളികൾ വെച്ച ബോർഡിനെ എങ്ങനെയെങ്കിലും പുറത്താക്കാൻ വേണ്ടി വഖ്ഫ് നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും ബലികഴിക്കാൻ യു.ഡി.എഫ് തയ്യാറായി എന്നതാണ് ഇവിടെ വിമർശിക്കപ്പെടുന്നത്.
മുനമ്പം പ്രശ്നത്തിലെ വഖ്ഫ് ബോർഡിന്റെ നിലപാടും ഒളിയജണ്ടകളും
വഖ്ഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് എണ്ണയൊഴിച്ച മറ്റൊരു പ്രധാന വിഷയം എറണാകുളം ജില്ലയിലെ മുനമ്പം ഭൂമി തർക്കമാണ്. പതിറ്റാണ്ടുകളായി മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുകയും ക്രയവിക്രയം നടത്തുകയും ചെയ്യുന്ന ഭൂമി വഖ്ഫ് സ്വത്താണെന്ന വസ്തുത പുറത്തു വന്നതാണ്. ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം മുൻ എൽ.ഡി.എഫ് സർക്കാർ നോമിനേറ്റ് ചെയ്ത, കെ.എസ്. ഹംസ ചെയർമാനായുള്ള വഖ്ഫ് ബോർഡ് സ്വീകരിച്ച ഒളിയജണ്ടകളാണ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് യു.ഡി.എഫ് അധികാരമേൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ, കൃത്യമായി പറഞ്ഞാൽ മെയ് 16-ന്, മുനമ്പം ഭൂമി വഖ്ഫ് സ്വത്തായി കാണിച്ച് പുതിയ ഉമീദ് പോർട്ടലിൽ ബോർഡ് രജിസ്റ്റർ ചെയ്തു. അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു സെൻസിറ്റീവായ വിഷയം തിടുക്കപ്പെട്ട് രജിസ്റ്റർ ചെയ്തതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പുതിയതായി വരുന്ന യു.ഡി.എഫ് സർക്കാരിന് മുമ്പിൽ ഒരു തീരാത്ത തലവേദന സൃഷ്ടിക്കുക എന്നതായിരുന്നു ഇടതു പക്ഷത്തിന്റെ ലക്ഷ്യം. സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ വേണ്ടി മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നും, മുനമ്പത്തുകാരോട് വിദ്വേഷമില്ലെന്നും വഖ്ഫ് ബോർഡ് ചെയർമാൻ പിന്നീട് വിശദീകരിച്ചെങ്കിലും, അമ്പിൽ നിന്ന് വിട്ട അസ്ത്രം പോലെ അത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. യു.ഡി.എഫ് നേതൃത്വം, പ്രത്യേകിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, മുനമ്പം ഭൂമി വഖ്ഫ് സ്വത്തല്ലെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉമീദ് പോർട്ടലിലെ രജിസ്ട്രേഷനിലൂടെ ബോർഡ് ഇതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. ഇത് യു.ഡി.എഫ് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കി. ഇത് വഖ്ഫ് ഭൂമിയാണെന്നും എന്നാൽ അത് പണം കൊടുത്തു വാങ്ങിയ സാധാരണക്കാരെ ഇറക്കി വിടാതെ മധ്യസ്ഥതയിലൂടെ പരിഹരിക്കണം എന്നതുമാണ് മിക്ക മുസ്ലിം സംഘടനകളും സ്വീകരിച്ച നിലപാട്. വഖ്ഫ് ഭൂമിയല്ല എന്ന വി.ഡി സതീശൻ അടക്കമുള്ളവരുടെ വാദവും മധ്യശ്രമത്തിനിടയ്ക്ക് സങ്കീർണ്ണമാക്കുന്ന വഖ്ഫ് ബോർഡ് നിലപാടും കാര്യങ്ങളെ കൂടുതൽ വഷളാക്കുകയാണ്.
എൽ.ഡി.എഫും ബി.ജെ.പിയും സൃഷ്ടിക്കുന്ന ധ്രുവീകരണ തന്ത്രങ്ങൾ
മുനമ്പം വിഷയവും വഖ്ഫ് ബോർഡ് വിവാദവും എൽ.ഡി.എഫും ബി.ജെ.പിയും തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കായി അതിവിദഗ്ധമായി ഉപയോഗിക്കുകയാണ്. കേരളത്തിൽ ക്രിസ്ത്യൻ-മുസ്ലിം ഭിന്നത രൂക്ഷമാക്കി അതിലൂടെ വോട്ട് ബാങ്ക് വികസിപ്പിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്. “ലാൻഡ് ജിഹാദ്” എന്ന പേരിലാണ് മുനമ്പം വിഷയത്തെ സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. വഖ്ഫ് ബോർഡിന് അമിതാധികാരങ്ങളുണ്ടെന്നും അവർ ആരുടെ ഭൂമിയും പിടിച്ചെടുക്കുമെന്നും ഭീതി പരത്താൻ അവർക്ക് മുനമ്പം പോർട്ടൽ രജിസ്ട്രേഷൻ വലിയൊരളവിൽ സഹായകമായി. മുനമ്പത്തെ ഭൂമി പ്രശ്നത്തിൽ ഹൈക്കോടതിയിലെ ഹർജികളിൽ ബി.ജെ.പി നേതാവ് ഷോൺ ജോർജ് കക്ഷിയായതും ഈ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്.
മറുവശത്ത്, സി.പി.എമ്മും ഇടതുപക്ഷവും ഈ വിവാദങ്ങളെ യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാൻ ഉപയോഗിക്കുന്നു. വഖ്ഫ് ബോർഡ് വിഷയത്തിൽ ഹൈക്കോടതിയിൽ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച കീഴടങ്ങൽ നിലപാട് ഉയർത്തിക്കാട്ടി, യു.ഡി.എഫ് ആർ.എസ്.എസുമായി ഒത്തുതീർപ്പിലാണെന്ന് മുസ്ലിം സമുദായത്തിനിടയിൽ പ്രചരിപ്പിക്കാൻ അവർ ശ്രമിക്കുന്നു. മുനമ്പം വിഷയത്തിൽ തങ്ങൾ തന്നെ വെച്ച ബോർഡ് അനാവശ്യമായി എടുത്ത തീരുമാനത്തിന്റെ ബാധ്യത മുഴുവൻ യു.ഡി.എഫിന്റെ തലയിൽ കെട്ടിവെക്കാനും, അതിലൂടെ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും തമ്മിലടിപ്പിക്കാനുമാണ് സി.പി.എം തന്ത്രം മെനയുന്നത്. ഇരുവശത്തുനിന്നുമുള്ള ഈ ധ്രുവീകരണ തന്ത്രങ്ങൾക്കിടയിൽ പെട്ട് യു.ഡി.എഫ് സർക്കാർ അക്ഷരാർത്ഥത്തിൽ വിയർക്കുകയാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ എടുത്ത എടുത്തുചാട്ടങ്ങൾ സർക്കാരിന്റെ മതേതര പ്രതിച്ഛായക്ക് വലിയ മങ്ങലേൽപ്പിച്ചിരിക്കുന്നു.
ഭൂൽഫുലയ്യയിൽ നിന്ന് മറികടക്കാനുള്ള വഴികൾ എന്ത്?
യുപിയിലെ ബഡാ ഇമാംബ്ര എന്ന ചരിത്ര സ്മാരകത്തിലെ വഴി കുരുക്കുന്ന ‘ഭൂൽഭുലയ്യ’ എന്ന മാന്ത്രികക്കുരുക്കിൽ പെട്ട അവസ്ഥയിലാണ് ഇന്ന് കേരള വഖ്ഫ് ബോർഡും സംസ്ഥാന സർക്കാരും. ഈ കുരുക്കിൽ നിന്ന് പുറത്തുകടക്കാൻ നിയമപരവും രാഷ്ട്രീയവുമായ ഇച്ഛാശക്തി അത്യന്താപേക്ഷിതമാണ്.
വഖ്ഫ് ബോർഡിന് മുന്നിലുള്ള വഴികൾ
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാന വഖ്ഫ് ബോർഡ് ഇതിനകം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. മുതിർന്ന അഭിഭാഷകരായ ചിദംബരേഷും സുഭാഷ് ചന്ദ്രനുമാണ് ബോർഡിനായി ഹാജരാകുന്നത്. വഖ്ഫ് നിയമത്തിലെ 22-ആം വകുപ്പ് പ്രകാരം ഏതെങ്കിലും അംഗത്തിന്റെ ഒഴിവോ അഭാവമോ ബോർഡ് എടുക്കുന്ന തീരുമാനങ്ങളെ അസാധുവാക്കില്ല എന്ന ശക്തമായ വാദമാണ് അവർ ഉന്നയിക്കുന്നത്. കൂടാതെ, വകുപ്പ് 99 പ്രകാരം ബോർഡിനെ മറികടന്ന് പൂർണ്ണ അധികാരം ഏറ്റെടുക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും അവർ വാദിക്കുന്നു. തമിഴ്നാട് വഖഫ് ബോർഡിന്റെ സമാനമായ കേസിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഹർജിയുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിച്ചാൽ ബോർഡിന് അനുകൂലമായ ഒരു സ്റ്റേ സമ്പാദിക്കാൻ കഴിഞ്ഞേക്കും. ചീഫ് ജസ്റ്റിസ് എ. സൂര്യകാന്തിന്റെ ബെഞ്ച് ഈ വാദങ്ങൾ കേൾക്കാൻ തയ്യാറായത് ബോർഡിന് നൽകുന്ന ആശ്വാസം ചെറുതല്ല. ആ നിലയ്ക്ക് മുന്നോട്ട് പോകുകയാണ് വഖ്ഫ് ബോർഡ് ചെയ്യേണ്ടത്.
യു.ഡി.എഫ് സർക്കാരിന് മുന്നിലുള്ള വഴികൾ
സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച തെറ്റായ നിലപാട് തിരുത്തുക എന്നതാണ് ആദ്യത്തെ പടി. കേവലം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ മുൻ സർക്കാർ നിയമിച്ച ബോർഡിനെ തകർക്കാൻ ശ്രമിക്കുമ്പോൾ തകരുന്നത് മുസ്ലിം സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങളാണെന്ന് സർക്കാർ തിരിച്ചറിയണം. കേന്ദ്ര സർക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലായതിനാൽ, ആ കേസിൽ അന്തിമ വിധി വരുന്നത് വരെ നിലവിലെ സ്ഥിതി തുടരാൻ അനുവദിക്കണമെന്ന് അഡ്വക്കറ്റ് ജനറൽ വഴി തിരുത്ത് ഹർജി നൽകണം. കൂടാതെ, മുനമ്പം വിഷയത്തിൽ മനുഷ്യത്വപരവും നിയമപരവുമായ ഒരു ഒത്തുതീർപ്പ് ഫോർമുല സർക്കാർ മുൻകൈയെടുത്ത് ഉണ്ടാക്കണം. ഭൂമി പ്രശ്നം പരിഹരിക്കുന്നതിനായി പ്രത്യേക ട്രൈബ്യൂണൽ സിറ്റിംഗുകളോ, കോടതിക്ക് പുറത്തുള്ള സെറ്റിൽമെന്റുകളോ സാധ്യമാക്കണം. ഓർഡിനൻസിലൂടെയോ നിയമസഭാ പ്രമേയത്തിലൂടെയോ സംസ്ഥാനത്തിന്റെ മതനിരപേക്ഷ നിലപാട് ഉറപ്പിക്കാനും യു.ഡി.എഫ് സർക്കാരിന് കഴിയണം.
മുസ്ലിം മതസംഘടനകൾ സംയുക്തമായി ഇടപെടേണ്ട ആവശ്യകത
വഖ്ഫ് ബോർഡിന്റെ രാഷ്ട്രീയവത്കരണവും, തുടർന്നുണ്ടായ നിയമക്കുരുക്കുകളും, ബി.ജെ.പിയുടെ കടന്നുകയറ്റ ശ്രമങ്ങളും ചെറുക്കുന്നതിൽ രാഷ്ട്രീയ പാർട്ടികളെ മാത്രം ആശ്രയിക്കുന്നത് ആത്മഹത്യാപരമാണെന്ന് കേരളത്തിലെ മുസ്ലിം സമുദായത്തിന് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ മതസംഘടനകളുടെ ഐക്യദാർഢ്യവും സംയുക്ത ഇടപെടലും ഈ ഘട്ടത്തിൽ അനിവാര്യമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇരു വിഭാഗങ്ങളും), കേരള നദ്വത്തുൽ മുജാഹിദീൻ അടക്കമുള്ള വ്യത്യസ്ത സലഫി വിഭാഗങ്ങളും, ജമാഅത്തെ ഇസ്ലാമി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ തുടങ്ങിയ മതസംഘടനകളെല്ലാം ഈ വിഷയത്തിൽ പൊതുവായ ഒരു നിലപാട് രൂപീകരിക്കണം. എൽ.ഡി.എഫ് തങ്ങളുടെ രാഷ്ട്രീയക്കാർക്ക് ഇരിക്കാനുള്ള കസേരകളായി വഖ്ഫ് ബോർഡിനെ കണ്ടതിനെയും, യു.ഡി.എഫ് അതിൽ കാണിക്കുന്ന അലംഭാവത്തെയും ഒരേ സ്വരത്തിൽ നേരിടുകയാണ് വേണ്ടത്. മുനമ്പം വിഷയത്തിലും മുസ്ലിം സംഘടനകൾ മുൻകൈയെടുത്ത് അവിടത്തെ ക്രൈസ്തവ നേതൃത്വവുമായി നേരിട്ട് ചർച്ചകൾ നടത്തുകയും ബി.ജെ.പി സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമുദായിക ധ്രുവീകരണത്തെ ഇല്ലാതാക്കുകയും വേണം.
കേരള വഖ്ഫ് ബോർഡ് ഇന്ന് നേരിടുന്ന പ്രതിസന്ധി കേവലം ഒരു അഡ്മിനിസ്ട്രേറ്റീവ് തർക്കമല്ല; മറിച്ച്, അത് ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങൾക്ക് മേലുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റ ശ്രമത്തിൻ്റെ ഭാഗമാണ്. താത്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സംസ്ഥാനത്തെ ഇരുമുന്നണികളും നടത്തുന്ന രാഷ്ട്രീയ കളികളെയും തിരച്ചറിയണം. ഉമീദ് നിയമത്തിന്റെ മറവിൽ വഖ്ഫ് സ്വത്തുക്കളുടെ നിയന്ത്രണം കയ്യടക്കാനുള്ള സംഘ്പരിവാർ അജണ്ടകളെ ചെറുക്കാൻ രാഷ്ട്രീയ വിവേകവും നിയമപരമായ ജാഗ്രതയുമാണ് ഇന്ന് ആവശ്യം.
ഹൈക്കോടതി വിധിയിലൂടെ സൃഷ്ടിക്കപ്പെട്ട ഈ കുരുക്കിൽ നിന്ന് കരകയറാൻ സുപ്രീം കോടതിയിലെ നിയമപോരാട്ടങ്ങൾക്കൊപ്പം, മതേതര കേരളത്തിന്റെ ജാഗ്രതയും മുസ്ലിം മതസംഘടനകളുടെ യോജിച്ചുള്ള ക്രിയാത്മക ഇടപെടലുകളും കൂടിയേ തീരൂ. വി.ഡി. സതീശൻ സർക്കാരിന്റെ മതേതര പ്രതിച്ഛായയുടെ യഥാർത്ഥ പരീക്ഷണമായിരിക്കും വരും ദിവസങ്ങളിൽ സുപ്രീം കോടതിയിലും പുറത്തും നമ്മൾ കാണാൻ പോകുന്നത്. വഖ്ഫ് സംരക്ഷിക്കപ്പെടുക എന്നത് കേവലം ഒരു സമുദായത്തിന്റെ മാത്രം ആവശ്യമല്ല, മറിച്ച് രാജ്യത്തിന്റെ മതേതര ഭരണഘടനയുടെ സംരക്ഷണം കൂടിയാണ്. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ട് മുന്നോട്ട് പോയാൽ മാത്രമേ ഈ പ്രതിസന്ധിയുടെ കുരുക്കഴിക്കാൻ കേരളത്തിന് സാധിക്കുകയുള്ളൂ.
