ഫുട്ബോളർ വിജയന്റെ മകന്റെ കല്യാണത്തിന്റെ ആഘോഷങ്ങളിൽ വിനായകൻ പങ്കെടുത്തതിൽ “പുലയസ്നേഹം”, “വേടന്റെ ഒരു കുറവുണ്ടായിരുന്നു”, “ചിമ്പാൻസി കൂട്ടങ്ങളുടെ വർഗ്ഗ സ്നേഹം…” – തുടങ്ങിയ വംശീയ മലയാളി ആക്രമണങ്ങൾ ഉണ്ടായപ്പോൾ, ന്യൂസ് 18 എന്ന ചാനലിൽ അതിനെതിരെ ഒരു വിമർശന പരിപാടി കണ്ടപ്പോഴാണ് എനിക്ക് ചിരി വന്നത്. അതിൽ പറഞ്ഞതാണ് ഏറ്റവും വലിയ കോമഡി. അവർ രണ്ടുപേരും കഷ്ടപ്പാടുകളിൽ ജീവിച്ച് വളർന്ന് വലുതായവരാണ് എന്ന രീതിയിലാണ് നരേഷൻ. ഇതിൽ “വലുതാവുക” എന്ന നരേഷനാണ് ഏറ്റവും വലിയ കോമഡി. ഏത്, ഈ ഊള കേരളത്തിൽ വലുതാകുന്നതാണോ വളർച്ച?
ഈ നാടിന് ദലിതനെയോ ആദിവാസിയെയോ അംഗീകരിക്കാൻ ഒരു പ്രത്യേക ഫോർമുലയുണ്ട്. ആദ്യം അയാളുടെ ദാരിദ്ര്യം പറയണം. പിന്നെ പട്ടിണി പറയണം. അപമാനങ്ങൾ പറയണം. ഒടുവിൽ “ഇപ്പോൾ വളർന്നു” എന്ന് ഒരു സർട്ടിഫിക്കറ്റ് കൊടുക്കണം. അതാണ് പുരോഗമന മലയാളിയുടെ ഇഷ്ട നരേഷൻ. അവിടെ ദലിതനോ ആദിവാസിയോ സ്വന്തം ജീവിതത്തിന്റെ ഉടമയല്ല; അയാൾ മറ്റൊരാളുടെ പ്രചോദനകഥയാണ്. മറ്റൊരാളുടെ സഹതാപത്തിന്റെ വസ്തുവാണ്.
അതുപോലെ, ദലിത് വിഭാഗങ്ങളുടെ ചരിത്രം നരേറ്റ് ചെയ്യുമ്പോൾ എപ്പോഴും ദയനീയതയുടെ ചരിത്രം മാത്രം അവരിലേക്ക് അടിച്ചേൽപ്പിക്കണം. ദലിതരുടെ ബയോഗ്രഫിയിൽ ഒരു ട്രാജിക് ഹിസ്റ്ററി നിർബന്ധമായും വേണമെന്നതാണ് ഇവിടുത്തെ രീതി. അതേസമയം, കഷ്ടപ്പാടുകളുടെ നടുവിൽ അവർ സൃഷ്ടിച്ച കളിയും അഭിനയവും സംഗീതവും ആഘോഷങ്ങളും സ്നേഹവും സൗഹൃദങ്ങളും ഇവരുടെ തൊള്ളയിൽ നിന്ന് ഒരിക്കലും പുറത്തുവരില്ല. കഷ്ടപ്പാടുകൾ പറയാൻ ഇവർക്ക് വലിയ ആവേശമാണ്; പക്ഷേ ആ കഷ്ടപ്പാടുകളെ മറികടന്ന് അവർ ജീവിച്ച ജീവിതത്തിന്റെ സൗന്ദര്യം പറയാൻ നാക്ക് വളയില്ല.
കേരളം ദലിതനെയും ആദിവാസിയെയും മനുഷ്യരായി വായിക്കുന്നില്ല. ഒരു സാമൂഹിക പ്രശ്നമായിട്ടാണ് വായിക്കുന്നത്. ഒരു കേസ് സ്റ്റഡിയായിട്ടാണ് വായിക്കുന്നത്. “നോക്കൂ, എങ്ങനെ ജീവിച്ചു!”, “നോക്കൂ, എത്ര കഷ്ടപ്പെട്ടു!” എന്ന അത്ഭുതത്തോടെയാണ് അവർ നോക്കുന്നത്. അയൽവീട്ടിലെ മനുഷ്യനെയല്ല, മ്യൂസിയത്തിലെ ഒരു വസ്തുവിനെ കാണുന്നതുപോലെയാണ്. ദലിതന്റെയും ആദിവാസിയുടെയും ജീവിതം ഇവർക്ക് ഒരു ജീവിതമല്ല; ഒരു എക്സിബിറ്റാണ്. അതാണ് കേരളത്തിന്റെ സാംസ്കാരിക വംശീയത.
അതുകൊണ്ടുതന്നെയാണ് കുഞ്ഞാമൻ എന്ന പ്രഗൽഭനായ ആദിവാസി ബുദ്ധിജീവിയുടെ കാര്യത്തിലും കേരളത്തിന്റെ പൊതുബോധം ഓർക്കുന്നത്, ആദിവാസി ദാരിദ്ര്യത്തിന്റെ കഥ മാത്രമായി. അദ്ദേഹത്തിന്റെ ചിന്തയും ബൗദ്ധിക ഇടപെടലുകളും ഇന്ത്യൻ സാമൂഹ്യശാസ്ത്രത്തിനും ആദിവാസി രാഷ്ട്രീയത്തിനും നൽകിയ സംഭാവനകളുമല്ല; ദയനീയതയുടെ കഥ മാത്രം. ദലിതന്റെയും ആദിവാസിയുടെയും ചരിത്രം കേരളം എപ്പോഴും ദുരിതത്തിന്റെ ഫ്രെയിമിൽ മാത്രമാണ് വായിക്കുന്നത്.
കേരളത്തിലെ പാഠപുസ്തകത്തിലും കുഞ്ഞാമന്റെ ജീവിതത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ദാരിദ്ര്യവും പട്ടിണിയും അപമാനവും നിറഞ്ഞ അനുഭവങ്ങളുടെ അധ്യായമാണ്. അദ്ദേഹത്തിന്റെ ചിന്തകളല്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം അല്ല. ആദിവാസി സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമർശനാത്മക വായനകളല്ല. മറിച്ച് ദയനീയതയുടെ കഥയാണ് കുട്ടികൾ പഠിക്കേണ്ട പാഠമായി കേരളം തെരഞ്ഞെടുത്തത്.
യഥാർത്ഥത്തിൽ, അനുഭവങ്ങൾക്കും ജീവിതത്തിന്റെ ആഘോഷങ്ങൾക്കും പോലും വംശീയമായി ചുരുങ്ങിയ ഒരിടമാണ് കേരളം. അവിടെ വിനായകനായാലും വിജയനായാലും “ഇപ്പോൾ വളർന്നു” എന്ന് തീരുമാനിക്കുന്ന ഹെഡ്മാസ്റ്റർമാർ മാർക്ക് ഇടുന്നതുതന്നെ ഏറ്റവും വലിയ കോമഡിയാണ്. കാരണം, കേരളത്തിന് ദലിതൻ വിജയിക്കുന്നതിൽ വലിയ പ്രശ്നമില്ല. പക്ഷേ, ദലിതൻ ആ വിജയം ആഘോഷിക്കാൻ തുടങ്ങുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. കരയുന്ന ദലിതനെ കേരളം സ്വീകരിക്കും. ആനന്ദിക്കുന്ന ദലിതൻ ഇന്നും പുരോഗമന മലയാളിയുടെ സാംസ്കാരിക സങ്കൽപ്പത്തിന് പുറത്താണ്.
വിജയന്റെ മകന്റെ കല്യാണത്തിൽ വിനായകന്റെ പെർഫോമൻസ് നോക്കൂ. അതിന് ഒരു സെൻ മിസ്റ്റിക് സ്റ്റൈൽ കൂടിയുണ്ട്. ഈ രണ്ടു മനുഷ്യരും ഒരു റൂമി സ്റ്റൈലിൽ അങ്ങ് പൊളിക്കുകയാണ്. അവർ ഡാൻസ് ചെയ്യുകയല്ല; ആനന്ദം എന്നത് എന്താണെന്ന് ശരീരം കൊണ്ട് കാണിച്ചുതരുകയാണ്. ആരുടെയും അംഗീകാരം ചോദിക്കാതെ, സ്വന്തം ശരീരത്തെയും ജീവിതത്തെയും ആഘോഷിക്കുന്ന മനുഷ്യരുടെ ആത്മവിശ്വാസമാണ് അവിടെ കാണുന്നത്. അതാണ് ചിലരെ അസ്വസ്ഥരാക്കിയത്.
കേരളത്തിലെ കല്യാണങ്ങളിൽ, പ്രത്യേകിച്ച് ദലിതരുടെ കല്യാണങ്ങളിൽ പങ്കെടുക്കാത്ത ജാതി വംശീയവാദികളായ മനുഷ്യർ ഇന്നും ഇവിടെ ഉണ്ട്. അവരുടെ വീടുകളിൽ പോയി ഭക്ഷണം കഴിക്കാതെ തലേദിവസം പോയി ബേക്കറിയിൽ നിന്ന് കഴിച്ച് മടങ്ങുന്നവരുമുണ്ട്. കല്യാണങ്ങളിലെ ഹിന്ദുത്വ വംശീയത അങ്ങനെയാണ് പ്രകടിപ്പിക്കപ്പെട്ടിരുന്നത്. മുണ്ടും ഷർട്ടും മുല്ലപ്പൂവും ചൂടി വളരെ മാന്യമായി വംശീയത പ്രകടിപ്പിക്കുന്ന ഒരു സമൂഹം. വംശീയത എപ്പോഴും അലറിവിളിച്ചുകൊണ്ടല്ല വരുന്നത്; ചിലപ്പോൾ അത് വളരെ വിനയത്തോടെയും മര്യാദയോടെയും വരും.
ഇവിടെ വിജയന്റെ മകന്റെ കല്യാണം ഒരു സിംബോളിക് ഇടിച്ചുകയറ്റം കൂടിയാണ്. “മലയാളിയുടെ കല്യാണം” എന്ന ആചാരം ഒരു പുല്ലുമല്ല. ദലിതനായ വിജയന്റെ കയ്യിൽ പണമുണ്ടെങ്കിൽ, അയാൾക്ക് അത് ഏറ്റവും മനോഹരമായി, ആരെയുമൊക്കെ ക്ഷണിച്ച് നടത്താൻ കഴിയും. അവിടെ വിനായകൻ വന്ന് കസറുന്നതും ഈ ഊള ആചാരത്തിന്റെ നടുവിലേക്ക് വിനായകനും കയറി ആഘോഷിക്കും എന്നൊരു പ്രഖ്യാപനം കൂടിയാണ്. നിങ്ങൾക്ക് പണവും വിദ്യാഭ്യാസവും ഭാഷയും സാമൂഹിക മൂലധനവും ഉണ്ടെങ്കിൽ ഏതൊരു ദലിതനും ആദിവാസിക്കും ഈ ഇടങ്ങളിൽ കൂൾ ആയി കയറി പൊളിക്കാം എന്നതാണ് ആ കാഴ്ച പറയുന്നത്. പക്ഷേ, പ്രശ്നം അതല്ല. ദലിതൻ ഈ ഇടങ്ങളിലേക്ക് കയറുന്നതാണ് പ്രശ്നം. അതിലുപരി, ആ ഇടത്ത് , ആരെയും ബോധിപ്പിക്കേണ്ട ബാധ്യതയുമില്ലാതെ, അത് തന്റെ ഇടം തന്നെയാണെന്ന ആത്മവിശ്വാസത്തോടെ നിൽക്കുന്നതാണ് പ്രശ്നം.
കല്യാണം എന്നത് ഭക്ഷണത്തിന്റെയോ വസ്ത്രത്തിന്റെയോ ചടങ്ങിന്റെയോ കാര്യമല്ല. അത് ആരൊക്കെയാണ് സന്തോഷിക്കാൻ അർഹർ, ആരൊക്കെയാണ് ആഘോഷിക്കാൻ അർഹർ, ആരൊക്കെയാണ് ആ ഇടങ്ങളിൽ സ്വാഭാവികമായി നിൽക്കാൻ പാടുള്ളത് എന്ന സാമൂഹിക അധികാരത്തിന്റെ ചോദ്യവുമാണ്. അതുകൊണ്ടാണ് വിനായകന്റെ ഡാൻസും വിജയന്റെ കല്യാണവും ചിലർക്ക് ഇത്ര അസഹ്യമായി തോന്നുന്നത്. ഇവിടെ മലയാളിയുടെ വംശീയത “ചിമ്പാൻസി”, “വേടൻ കൂടെ ഉണ്ടാകണം” എന്നൊക്കെ പറയുന്നതിലൂടെ വിനായകനെയും വിജയനെയും അവരുടെ മകനെയും മാത്രം ആക്രമിക്കുന്നില്ല. കല്യാണം എന്ന സാംസ്കാരിക ഇടത്തിന്റെ പരിശുദ്ധിയിലേക്ക് ഇവരെപ്പോലുള്ളവർ കയറി എന്ന മനഃശാസ്ത്രപരമായ വംശീയത കൂടിയാണ് അതിനുള്ളിൽ പ്രവർത്തിക്കുന്നത്.
“ചിമ്പാൻസി” എന്ന പ്രയോഗം ഒരു തെറിയല്ല. അത് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന ഭാഷയാണ്. ലോകമെമ്പാടുമുള്ള വംശീയ ചരിത്രങ്ങളിൽ കറുത്ത മനുഷ്യരെയും അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെയും കുരങ്ങുകളുമായി ഉപമിച്ച് മനുഷ്യരല്ലാത്തവരായി ചിത്രീകരിച്ച ഒരു രാഷ്ട്രീയ ഭാഷയുടെ തുടർച്ചയാണ് അത്. അതുകൊണ്ടുതന്നെ “ചിമ്പാൻസി” എന്ന വാക്ക് ഒരു വംശീയ പ്രഖ്യാപനമാണ്. അതുപോലെ തന്നെ “വേടൻ കൂടെ ഉണ്ടാകണം” എന്ന പരാമർശവും ഒരു ഒറ്റപ്പെട്ട കമന്റ് അല്ല. ആദിവാസിയെ എപ്പോഴും ദലിതന്റെ സ്വാഭാവിക കൂട്ടുകാരനായി സങ്കൽപ്പിക്കുന്ന, അവരെ മനുഷ്യരായി കാണാതെ ഒരു വംശീയ വിഭാഗമായി കൂട്ടിയിണക്കുന്ന മനോഭാവത്തിന്റെ പ്രകടനമാണ് അത്. അവർക്ക് വിനായകനും വിജയനും വ്യക്തികളല്ല; ഒരു “ടൈപ്പ്” ആണ്. അതാണ് വംശീയതയുടെ ഏറ്റവും അപകടകരമായ രൂപം.
കല്യാണം എന്ന ആചാരം ദലിതർക്കുള്ളതല്ല, ആഘോഷം എന്നത് അവർക്കുള്ള ഭാഷയല്ല, സൗന്ദര്യം എന്നത് അവർക്കുള്ള അവകാശമല്ല എന്ന പഴയ ബ്രാഹ്മണ്യ സങ്കൽപ്പത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്നും പല പുരോഗമന മലയാളികളുടെയും മനസ്സിൽ ജീവനോടെ കിടക്കുന്നത്. അതുകൊണ്ടാണ് ദലിതൻ ചിരിക്കുമ്പോൾ അസ്വസ്ഥതയും, നൃത്തം ചെയ്യുമ്പോൾ പരിഹാസവും, ആഘോഷിക്കുമ്പോൾ വെറുപ്പും പുറത്തുവരുന്നത്.
കേരളം ദലിതനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് അവന്റെ ദുരിതത്തോടാണ്; അവന്റെ ആഘോഷത്തോടല്ല. പട്ടിണിയിലുള്ള ദലിതൻ കേരളത്തിന്റെ പുരോഗമനത്തിന് സ്വീകാര്യനാണ്. അപമാനിക്കപ്പെട്ട ആദിവാസി കേരളത്തിന്റെ മനസ്സാക്ഷിയെ ഉണർത്തും. പക്ഷേ, പഞ്ചനക്ഷത്ര ഹോട്ടലിൽ കല്യാണം നടത്തുന്ന ദലിതൻ, ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുന്ന ദലിതൻ, സ്വന്തം ജീവിതം ആഘോഷിക്കുന്ന ദലിതൻ — അവൻ ഇന്നും പുരോഗമന മലയാളിയുടെ സാംസ്കാരിക സങ്കൽപ്പത്തിന് പുറത്താണ്. അതുകൊണ്ടാണ് ഈ കല്യാണം ചിലരെ ഇത്ര അസ്വസ്ഥരാക്കിയത്. എന്നിട്ടും മലയാളി പുരോഗമനം, ഉന്നത വിദ്യാഭ്യാസം, സാക്ഷരത എന്നൊക്കെ പറഞ്ഞ് പുരപ്പുറത്ത് കയറി മൈക്ക് കെട്ടി വിളിച്ചുകൂവും. മലയാളി വൻ സംഭവമാണെന്ന് പറയും. ഒരു പക്ഷേ, ലോകത്ത് ഏറ്റവും കൂടുതൽ ഇരട്ടത്താപ്പുകൾ ഉൽപാദിപ്പിക്കുന്ന ഒരു സമൂഹമുണ്ടെങ്കിൽ അത് പുരോഗമന കേരളത്തിലെ വംശീയ മലയാളി സമൂഹമാണ്.
