ജനാധിപത്യവിരുദ്ധമായ നിയമങ്ങളെ ജനാധിപത്യവിരുദ്ധതകൊണ്ട് വ്യാഖ്യാനിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യേണ്ടതെന്ന് ഒരു രാജ്യത്തെ ഭരണഘടനാ കോടതി തീരുമാനിച്ചാല്‍ എന്തുസംഭവിക്കും എന്നതിന്റെ ഏറ്റവും നിര്‍ദ്ദയമായ ഉദാഹരണമാണ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവ്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങളില്‍ പ്രതികളായി അഞ്ചു വര്‍ഷത്തിലേറെയായി തടവില്‍ കിടക്കുന്ന ഇവരില്‍ അഞ്ചു പേര്‍ക്ക് കോടതി ജാമ്യം നല്‍കി. എന്നാല്‍, രണ്ടു പേര്‍ക്ക് ജാമ്യം നിഷേധിച്ച കോടതിയുടെ നിരീക്ഷണങ്ങള്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനം ഭരണകൂടം പൗരന്മാരെ രാഷ്ട്രീയ കാരണങ്ങള്‍ക്കടക്കം തടവിലാക്കുമ്പോള്‍ അവരെ അതിദീര്‍ഘമായ വിചാരണക്കാലം മുഴുവനായോ അല്ലെങ്കില്‍ അതിന്റെ മഹാഭൂരിഭാഗം സമയത്തോ തടവിലിടുന്ന അനീതിക്കൊപ്പമാണെന്ന് ഒരിക്കല്‍ക്കൂടി പറയുകയാണ്.
സുപ്രീം കോടതി കാലങ്ങളായി ഉരുത്തിരിച്ചെടുത്തിട്ടുള്ള ജാമ്യവും വേഗത്തിലുള്ള വിചാരണയ്ക്കുള്ള പ്രതികളുടെ മൗലികാവകാശവും സംബന്ധിച്ച criminal jurisprudence-ഉം ഭരണഘടനാവകാശങ്ങളും സംബന്ധിച്ച പ്രമാണങ്ങളെ കുറച്ചുകാലമായി സുപ്രീം കോടതിയിലെ പല വിധികളും ദുര്‍ബ്ബലമാക്കുകയും റദ്ദാക്കുകയുമാണ്. നിയമങ്ങളേയും ഭരണഘടനയേയും ഒരുതരത്തിലുള്ള ഭരണകൂട വ്യാഖ്യാനത്തിനാണ് ഇപ്പോള്‍ കോടതി വിധേയമാക്കുന്നത്. ജനാധിപത്യത്തിന്റെയും പൗരാവകാശങ്ങളുടെയും കൂടുതല്‍ വിശാലമായ വഴികള്‍ തുറക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയായി ഭരണഘടനയെ വ്യാഖ്യാനിക്കുന്നത് അതിവേഗത്തില്‍ ചുരുങ്ങുകയാണ്.
അഞ്ചു വര്‍ഷത്തിലേറെയായി തടവില്‍ കിടക്കുന്ന പ്രതികള്‍ ജാമ്യം ചോദിക്കുമ്പോള്‍ വിചാരണയ്ക്ക് മുമ്പും വിചാരണക്കാലത്തുമുള്ള ദീര്‍ഘകാല തടവ് UAPA കേസുകളില്‍ ജാമ്യം കിട്ടാനുള്ള ഒരു ‘trump card’ ആയി ഉപയോഗിക്കാനാകില്ലെന്നാണ് സുപ്രീം കോടതി ഈ ജാമ്യനിഷേധ ഉത്തരവില്‍ പറയുന്നത്! UAPA 43D(5) അനുസരിച്ച് കോടതിയുടെ സ്വതന്ത്രമായ നീതിവിചാരം ജാമ്യം നല്‍കുന്നതിന് ഉപയോഗിക്കേണ്ടതില്ല. സര്‍ക്കാര്‍ പറയുന്ന കുറ്റാരോപണങ്ങളനുസരിച്ച് പ്രഥമദൃഷ്ട്യാ പ്രതിയാണെന്ന് തോന്നിയാല്‍ മതി. UAPA എന്ന ജനാധിപത്യവിരുദ്ധ നിയമത്തെ അതിന്റെ ഏറ്റവും ഭീകരമായ രൂപത്തില്‍ പ്രയോഗിക്കുന്നതിന് ഭരണഘടനാ കോടതി കൂട്ടുനില്‍ക്കുന്നത് ഈ രാജ്യത്തെ രാഷ്ട്രീയാധികാരം ഫാഷിസ്റ്റുകളുടെ കയ്യിലാണെന്നത് നമ്മെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്. UAPA -ലെ ഭീകരപ്രവര്‍ത്തനം സംബന്ധിച്ച് പ്രതിപാദിക്കുന്ന 15-ആം വകുപ്പിനെ കേവലമായ അക്രമ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, സേവനങ്ങള്‍ക്കും സമ്പദ്വ്യവസ്ഥക്കും കുഴപ്പങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടിയായി വ്യാഖ്യാനിക്കുന്ന കോടതി ഭരണകൂട നയങ്ങള്‍ക്കെതിരായ ഏതുതരം സമരത്തേയും തീവ്രവാദ, ഭീകര പ്രവര്‍ത്തനമാക്കി മുദ്രകുത്താനുള്ള വഴിയാണ് തുറക്കുന്നത്.
വേഗത്തിലുള്ള വിചാരണ പൗരന്റെ മൗലികാവകാശമാക്കുന്നതിലേക്ക്, അത് നടപ്പാകുന്നില്ല എന്നത് മറ്റൊരു കാര്യം, കോടതികളെത്തിയത് Hussainara Khatoon (1979), A.R.Antulay (1992),Kartar Singh (1994) തുടങ്ങി നിരവധി ഭരണഘടനാ വ്യാകയാണ വിധികളിലൂടെയാണ്. അതൊരു ജനാധിപത്യ രാഷ്ട്രീയ പ്രക്രിയ കൂടിയായിരുന്നു. അത്തരത്തിലൊരു രാഷ്ട്രീയ പ്രക്രിയയെ അട്ടിമറിച്ചുകൊണ്ട് രാജ്യത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്ക് ഫാഷിസ്റ്റുകള്‍ എത്തിയതോടെ ഭരണഘടനാ കോടതി ഭരണഘടനയുടെയും നിയമങ്ങളുടെയും നിഷേധാത്മകവും സങ്കുചിതവുമായ വ്യാഖ്യാനങ്ങളിലേക്ക് അതിവേഗം മാറുകയാണ്. ഒരു കാലഘട്ടം കൊണ്ട് ഉരുത്തിരിഞ്ഞ ഉദാര ജനാധിപത്യ വ്യാഖ്യാനങ്ങളുടെ പ്രവണതയെ ഫാഷിസ്റ്റ് ഭരണകൂട കേന്ദ്രീകൃത വ്യാഖ്യാനങ്ങള്‍ക്കൊണ്ട് ഘടനാപരവും വ്യവസ്ഥാപിതവുമായി തകര്‍ക്കുന്നതാണ് നാം കാണുന്നത്.
ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കുന്നത് പോലും ദേശവിരുദ്ധമായ കലാപാഹ്വാനമായി ദല്‍ഹി ഹൈക്കോടതി ഉമര്‍ ഖാലിദ് കേസില്‍ നിരീക്ഷിച്ചതിന്റെ ബാക്കിയാണ് ഇപ്പോഴത്തെ സുപ്രീം കോടതി ഉത്തരവ്. അടുത്ത ജാമ്യഹര്‍ജിക്കുള്ള അവകാശം സംരക്ഷിത സാക്ഷികളുടെ വിസ്താരം കഴിഞ്ഞോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷമോ എന്ന ഉപാധി വെച്ചതോടെ കോടതി ജാമ്യ ഹര്‍ജികളില്‍ പുതിയ തരം തടസ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയാണ്.
ഡല്‍ഹിയില്‍ ”ഗോലി മാരോ സാലോം കോ” എന്നാലറിയ ബി.ജെ.പി നേതാക്കളും നിരവധി മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തിലെ ഹിന്ദുത്വ ആസൂത്രകരും അധികാരസ്ഥാനങ്ങളില്‍ ഒരു കുഴപ്പവുമില്ലാതെ സസുഖം വാഴുമ്പോഴാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തണമെന്നാവശ്യപ്പെട്ടതിന് അഞ്ചു വര്‍ഷത്തിലേറെയായി മറ്റു പൗരന്മാര്‍ തടവില്‍ കിടക്കുന്നത്. നഗരത്തില്‍ വഴി തടയാനും ഗാതാഗതം സ്തംഭിപ്പിക്കാനുമൊക്കെ ആഹ്വാനം ചെയ്തു എന്ന ആരോപണം ശരിയാണെന്നുവന്നാല്‍പ്പോലും അതൊക്കെ എങ്ങനെയാണ് രാഷ്ട്രീയ സമരങ്ങള്‍ക്കപ്പുറം ഭീകരപ്രവര്‍ത്തനമാവുക എന്നതിന് ഇന്ത്യയിലെ പുതിയ രാഷ്ട്രീയശരീരം ഫാഷിസ്റ്റുകള്‍ നിര്‍മ്മിച്ചെടുക്കുന്നതാണ് എന്നാണുത്തരം.
കേവലം സാങ്കേതികമായ ഒരു സാധ്യത UAPA കേസുകളില്‍ ഈ ഉത്തരവ് നല്‍കുന്നത് ഓരോ കേസിന്റെയും സവിശേഷാടിസ്ഥാനത്തില്‍ ജാമ്യ ഹര്‍ജികളില്‍ തീര്‍പ്പുകല്പിക്കാനുള്ള സാധ്യത കോടതികള്‍ക്ക് അത് നിഷേധിക്കുന്നില്ല എന്ന് വ്യാഖ്യാനിക്കാം എന്നതാണ്. എന്നാല്‍, ജാമ്യവും വേഗത്തിലുള്ള വിചാരണയും UAPA -യുടെ കുടില പ്രയോഗങ്ങളും ഭീകര/തീവ്രവാദ/രാജ്യവിരുദ്ധ കൃത്യങ്ങള്‍ സംബന്ധിച്ച ഭരണകൂടഭാഷയിലുള്ള വ്യാഖ്യാനങ്ങളുമായി ഇന്ത്യയിലെ പൗരാവകാശ ഇടങ്ങളെ അതിവേഗത്തില്‍ ചുരുക്കുകയാണ് ഡല്‍ഹി കലാപക്കേസിലെ സുപ്രീം കോടതിയുടെ ഈ ജാമ്യനിഷേധ ഉത്തരവ്. നീതിയുടെ പക്ഷികള്‍ സുപ്രീം കോടതിയുടെ കിളിവാതിലുകളിലൂടെ ചിറകുകള്‍ മുറിഞ്ഞു പിടഞ്ഞുവീഴുന്നത് ഇന്ത്യ കാണുന്നു.
(പ്രമോദ് പുഴങ്കരയുടെ ജനുവരി 05 ലെ ഫെയ്സ്ബുക്ക് പോസ്റ്റ്)
