സ്കൂളുകളുടെ ദൈനംദിന പ്രവർത്തികളെ അവതാളത്തിലാക്കി സംസ്ഥാനത്ത് ഹെഡ്മാസ്റ്റർ ക്ഷാമം. സംസ്ഥാനത്ത് 248 സ്കൂളുകളാണ് പ്രധാന അധ്യാപകർ ഇല്ലാതെ വലയുന്നത്. കൃത്യമായ ഇടവേളകളിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടത്തേണ്ട പ്രമോഷൻ നടപടികൾ വൈകിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സാധാരണയായി നടക്കേണ്ട പ്രമോഷൻ നടപടികൾ വൈകിപ്പിക്കുന്നത് മൂലം പുതിയ നിയമനങ്ങൾ നടക്കാതായിരിക്കുകയാണ്.
ഹെഡ്മാസ്റ്റർക്ക് തുല്യമായ പദവിയാണ് അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസറുടെ(AEO) പദവിയും. സീനിയർ അധ്യാപകർക്ക് എ ഇ ഓ ആയി പ്രമോഷൻ അനുവദിക്കാത്തതിനെ തുടർന്ന് എ ഇ ഓ തസ്തികളും ഒഴിഞ്ഞു കിടക്കുകയാണ്. 38 സ്കൂളുകളിൽ പ്രധാന അധ്യാപകർ ഇല്ലാത്ത എറണാകുളം ജില്ലയാണ് ഹെഡ്മാസ്റ്റർമാരുടെ ക്ഷാമത്തിൽ ഒന്നാം സ്ഥാനത്ത്. ഇടുക്കിയാണ് തൊട്ടുപിന്നിലുള്ളത്. 37 വിദ്യാലയങ്ങളിലാണ് ഇടുക്കിയിൽ ഹെഡ്മാസ്റ്റർമാർ ഇല്ലാത്തത്. എയ്ഡഡ് സ്കൂളുകളിൽ കൃത്യമായി പ്രധാനാധ്യാപകരെയും മറ്റ് അധ്യാപകരെയും നിയമിക്കുമ്പോഴാണ് സർക്കാർ സ്കൂളുകളിൽ ഈ അനാസ്ഥ തുടരുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ശക്തമായ പ്രതിഷേധമാണ് വിദ്യാർത്ഥി രക്ഷിതാക്കളിൽ നിന്നും ഉയരുന്നത്.
