November 20 Friday 2026

ബിൽക്കിസ് ബാനുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 500-ലധികം പേർ ഒപ്പുവെച്ച കത്ത്

Bilkis Bano

2002-ൽ നടന്ന കൂട്ടബലാത്സംഗക്കേസിലും, ബിൽക്കിസ് ബാനുവിന്റെ മൂന്ന് വയസ്സുള്ള മകൾ സാലിഹ ഉൾപ്പെടെ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ കേസിലും ശിക്ഷിക്കപ്പെട്ട രണ്ട് പേരുടെ ശിക്ഷാവിധി മരവിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ (2026 ഒക്ടോബർ 28-ലെ) ഉത്തരവിനെതിരെ, 500-ലധികം ഫെമിനിസ്റ്റുകൾ, സാമൂഹിക പ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, അഭിഭാഷകർ, എഴുത്തുകാർ, കലാകാരന്മാർ, മറ്റ് പൗരന്മാർ എന്നിവർ ചേർന്ന് ബിൽക്കിസ് ബാനുവിന് തുറന്ന കത്തെഴുതി.

“നീതി എത്ര തവണ നേടിയെടുക്കേണ്ടി വരും?” എന്ന തലക്കെട്ടിൽ പുറത്തിറക്കിയ കത്തിൽ, സംഭവത്തിൽ ഇരയായ ബിൽക്കിസ് ബാനുവിനോട് അഭിപ്രായം ചോദിക്കുകയോ, വിവരമറിയിക്കുകയോ, അവരുടെ ഭാഗം കേൾക്കുകയോ ചെയ്യാതെ പ്രതികളുടെ ശിക്ഷാവിധി മരവിപ്പിച്ച  കോടതി ഉത്തരവില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. മാധ്യമ വാർത്തകളിലൂടെയാണ് അവർ ഈ ഉത്തരവിനെക്കുറിച്ച് അറിഞ്ഞതെന്ന് അവര്‍ കുറ്റപ്പെടുത്തി.

“ഈ കത്തിലെ ഓരോ വരിയും എഴുതുമ്പോൾ കടുത്ത രോഷം തോന്നുന്നു. പ്രത്യേകിച്ച്, നിങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും, നിങ്ങളുടെ അമ്മ, അമ്മായിമാർ, സഹോദരങ്ങൾ, നിങ്ങളുടെ പ്രിയപ്പെട്ട മൂന്ന് വയസ്സുകാരി മകൾ സാലിഹ എന്നിവരടക്കം കുടുംബത്തിലെ 14 പേരെ നിങ്ങളുടെ കൺമുന്നിൽ വെച്ച് കൂട്ടക്കൊല ചെയ്യുകയും ചെയ്ത കുറ്റവാളികളുടെ വാദം രാജ്യത്തെ പരമോന്നത കോടതി കേൾക്കുകയും, അതേസമയം അവരുടെ അക്രമത്തിന്റെ പ്രത്യാഘാതങ്ങൾ അനുദിനം പേറി ജീവിക്കുന്ന നിങ്ങൾ, കോടതിയുടെ ഈ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയുകയും ചെയ്തു എന്നത് ഞെട്ടിക്കുന്നതാണ്,” കത്തിൽ പറയുന്നു.

ബിൽക്കിസ് ബാനുവിന് ഇത്തരമൊരു ആഘാതം നേരിടുന്നത് ഇതാദ്യമല്ലെന്ന് ഒപ്പുവെച്ചവർ ചൂണ്ടിക്കാട്ടുന്നു. 2022 ആഗസ്റ്റ് 15-ന്, പ്രധാനമന്ത്രി തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അന്തസ്സിനെക്കുറിച്ചും ‘നാരീശക്തി’യെക്കുറിച്ചും സംസാരിച്ച അതേ ദിവസമാണ്, കുറ്റവാളികൾ ജയിൽ മോചിതരായ വിവരം ബാനു അറിയുന്നത്. “ഈ ബലാത്സംഗികളെയും കൊലപാതകികളെയും മോചിപ്പിച്ചപ്പോൾ നിങ്ങൾക്ക് എന്ത് തോന്നി എന്ന് ആരും ചോദിച്ചില്ല. നിങ്ങളുടെ സുരക്ഷയെക്കുറിച്ച് ആരും അന്വേഷിച്ചില്ല,” എന്ന് കത്തിൽ പറയുന്നു.

ഗുജറാത്ത് സർക്കാർ നൽകിയ ശിക്ഷാ ഇളവ് ഉത്തരവ് പിന്നീട് സുപ്രീം കോടതി റദ്ദാക്കിയിരുന്നുവെങ്കിലും, അതിന് രണ്ട് വർഷം വേണ്ടിവന്നു എന്നത് ഇവിടെ ഓർക്കേണ്ടതുണ്ട്.
“എന്നാൽ ഇന്ന് സുപ്രീം കോടതി തന്നെ നിങ്ങളെ കൈവിട്ടിരിക്കുന്നു,” എന്ന് കത്തിൽ പറയുന്നു. “ഒരു സ്ത്രീയുടെ ജീവിതത്തെ കേന്ദ്രബിന്ദുവാക്കി നടത്തുന്ന നീതിയിൽ, ആ സ്ത്രീയുടെ അഭിപ്രായം പോലും പരിഗണിക്കപ്പെടുന്നില്ലെങ്കിൽ, പിന്നെ എന്ത് നീതിയാണത്?” എന്ന് കത്ത് ചോദിക്കുന്നു. ‘നീതിയെ വീണ്ടും വീണ്ടും വിചാരണ ചെയ്യാൻ പാടില്ല’
ഈ കത്തിനൊപ്പമുള്ള പത്രക്കുറിപ്പിൽ, “നീതിയെ വീണ്ടും വീണ്ടും വിചാരണ ചെയ്യാൻ പാടില്ല!” എന്ന് പ്രഖ്യാപിക്കുന്നു. ഈ വിധി “വിദ്വേഷ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ധൈര്യം പകരുകയും”, “ഇരകളിൽ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും” ചെയ്യുമെന്ന് അതിൽ മുന്നറിയിപ്പ് നൽകുന്നു.

ബിൽക്കിസ് ബാനുവിന്റെ പോരാട്ടത്തെ, “വർഗീയ വിദ്വേഷം, പുരുഷാധിപത്യ അക്രമം, ഭരണഘടനാപരമായ സംരക്ഷണങ്ങളുടെ തകർച്ച എന്നിവയ്‌ക്കെതിരായ വിശാലമായ പോരാട്ടത്തിന്റെ” ഭാഗമായാണ് കത്ത് വിശേഷിപ്പിക്കുന്നത്. “ഇന്ത്യയിൽ മുസ്ലീം ജനവിഭാഗം നേരിടുന്ന അതീവ ദുർബലമായ അവസ്ഥയിലേക്ക്” ഇത് ശ്രദ്ധ ക്ഷണിക്കുന്നു; അവരുടെ പൗരത്വവും അന്തസ്സും ഭരണഘടനാപരമായ അവകാശങ്ങളും നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണിതെന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു.

“അധികാരപ്രയോഗം വർധിക്കുകയും ഭൂരിപക്ഷവാദത്തിന് മുൻതൂക്കം ലഭിക്കുകയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യയിൽ, ഒരു മുസ്ലീം സ്ത്രീയായി ജീവിക്കുന്നതിന്‍റെ ക്രൂരമായ യാഥാർത്ഥ്യമാണ് നിങ്ങളുടെ പോരാട്ടം വെളിപ്പെടുത്തുന്നത്. ഇവിടെ നീതി എന്നത് പലപ്പോഴും നിബന്ധനകൾക്ക് വിധേയമാണ്, പൗരത്വം നിരന്തരം വിചാരണ ചെയ്യപ്പെടുന്നു, കഠിനമായി പോരാടി നേടിയ വിജയങ്ങൾ പോലും അട്ടിമറിക്കപ്പെടാം.” കത്തില്‍ പറയുന്നു.

ബാനുവിന്റെ ശബ്ദം അധികാരികൾ കേൾക്കണമെന്നും, അവൾക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും, നീതിന്യായ നടപടികളിൽ അതിജീവിച്ചവരുടെ അവകാശങ്ങൾക്ക് മുൻഗണന നൽകണമെന്നും  തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. “രാജ്യത്തുടനീളമുള്ള ബലാത്സംഗം/കൂട്ടബലാത്സംഗം എന്നിവയ്ക്ക് ഇരയായവരിൽ ഈ വിധി വലിയ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു” എന്നും, “ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് ഇത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരം (impunity) നൽകുന്നു” എന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.

“ഈ വിധിക്കെതിരെ നിങ്ങൾ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്,” ഒപ്പിട്ടവർ എഴുതുന്നു. “സാധാരണമായ ഒരു പ്രഭാതം ആസ്വദിക്കാനും, എപ്പോഴും ജാഗ്രത പാലിക്കേണ്ടതില്ലാത്ത ചിരികൾക്കും, കഠിനമായി പരിശ്രമിച്ച് നിങ്ങൾ തിരിച്ചുപിടിച്ച സമാധാനത്തിനും നിങ്ങൾക്ക് അവകാശമുണ്ട്.”

ഒപ്പുവെച്ചവർ
ഉമ ചക്രവർത്തി, ഡോ. റൂത്ത് മനോരമ, സുജാത സുരേപ്പള്ളി, ആനി രാജ, നിവേദിത മേനോൻ, കൽപന കണ്ണബിരാൻ, കവിത ശ്രീവാസ്തവ, ഷബ്നം ഹാഷ്മി, ഹസീന ഖാൻ, മേരി ഇ. ജോൺ, ജെ. ദേവിക, നന്ദിനി സുന്ദർ തുടങ്ങിയ സ്ത്രീപക്ഷ-ലിംഗനീതി പ്രവർത്തകര്‍ അക്കാദമിക് വിദഗ്ധര്‍, രേവതി ലൗൽ, നമീത ഭണ്ഡാരെ, ലക്ഷ്മി മൂർത്തി, ഗീത ശേഷു തുടങ്ങിയ മാധ്യമപ്രവർത്തകര്‍ പ്രകാശ് രാജ്, ആനന്ദ് പട്‌വർധൻ, ലീന മണിമേഖലൈ, മായ റാവു തുടങ്ങിയ ചലച്ചിത്ര പ്രവർത്തകര്‍ കലാകാരന്മാരും; കൂടാതെ ‘സഹേലി വിമൻസ് റിസോഴ്സ് സെന്റർ’, ‘എയ്ഡ്‌വ’ (AIDWA), ‘ഫോറം എഗെയ്ൻസ്റ്റ് ഒപ്രഷൻ ഓഫ് വിമൻ’, ‘നാഷണൽ ഫെഡറേഷൻ ഓഫ് ദളിത് വിമൻ’, ‘അൻഹാദ്’ (ANHAD), ‘സംഗത്’, ‘ഫെമിനിസ്റ്റ്‌സ് ഇൻ റെസിസ്റ്റൻസ്’ തുടങ്ങിയ സംഘടനകളും ഉള്‍പ്പെടെയുള്ള അഞ്ഞൂറോളം പോകരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.

“നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വേണ്ടിയും, നീതിക്ക് വേണ്ടിയും, എല്ലാ ജനങ്ങൾക്കും തുല്യമായി അവകാശപ്പെട്ട ഒരു രാജ്യത്തിന് വേണ്ടിയും ഞങ്ങൾ ഒന്നിച്ച് പോരാടും.” എന്ന പ്രഖ്യാപനത്തോടെയാണ് കത്ത് അവസാനിക്കുന്നത്.

Related