യുഎപിഎ ചുമത്തി മഹാരാഷ്ട്രയിലെ ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ റിജാസ് എം. സിദ്ദിഖിനെതിരായ യുഎപിഎ വകുപ്പുകൾ കോടതി ഒഴിവാക്കി. 560 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് നാഗ്പൂർ സെഷൻസ് കോടതിയുടെ നിർണായക വിധി. 2025 മേയ് എട്ടിനാണ് 26-കാരനായ റിജാസിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തുടർന്ന് നാഗ്പൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ തടവറയിലായിരുന്നു റിജാസ്.
നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) ബന്ധം ആരോപിച്ചാണ് എടിഎസ് റിജാസിനെതിരെ യുഎപിഎ സെക്ഷൻ 38, 39 വകുപ്പുകൾ ചുമത്തിയിരുന്നത്. റിജാസിൽ നിന്ന് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സാഹിത്യങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായും അന്വേഷണ സംഘം അവകാശപ്പെട്ടിരുന്നു. യുഎപിഎ ഒഴിവാക്കിയെങ്കിലും കലാപത്തിന് പ്രകോപനമുണ്ടാക്കുക, പൊതുജനങ്ങളിൽ അസ്വസ്ഥത പരത്തുന്ന പ്രസ്താവനകൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾക്ക് ചുമത്തിയ മറ്റുവകുപ്പുകൾ നിലനിൽക്കും. ഭാരതീയ ന്യായ സംഹിതയിലെ (BNS) 152, 353(1) വകുപ്പുകളും ഐ.ടി ആക്ട് 67-ാം വകുപ്പുമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
ഡൽഹിയിൽ നടന്ന മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു റിജാസിന്റെ അറസ്റ്റ്. മനുഷ്യാവകാശങ്ങൾ, സാമൂഹിക നീതി, ന്യൂനപക്ഷ-ആദിവാസി വിഷയങ്ങൾ എന്നിവയിലൂന്നി മക്തൂബ് മീഡിയ, ദ ഒബ്സർവർ പോസ്റ്റ്, കൗണ്ടർകറന്റ്സ് തുടങ്ങിയ സ്വതന്ത്ര-ദേശീയ മാധ്യമങ്ങളിൽ റിജാസ്. ലേഖനങ്ങൾ എഴുതിയിരുന്നു.
ബസ്തറിലെ ആദിവാസി മേഖലകളിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനുകൾ, സുനിത പൊട്ടം, രഘു മിഡിയാമി എന്നീ ആദിവാസി പ്രവർത്തകരുടെ അറസ്റ്റ് എന്നിവ റിജാസ് വാർത്തയാക്കിയിരുന്നു. കൂടാതെ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, ഝാർഖണ്ഡിൽ മാധ്യമപ്രവർത്തകൻ രൂപേഷ് കുമാർ സിങ്, കശ്മീരി മാധ്യമപ്രവർത്തകർ എന്നിവരുടെ അനുഭവങ്ങളിലൂടെ മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളികളും ഇദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെയും കശ്മീരിലെ വീടുകൾ പൊളിക്കുന്നതിനെതിരായ പ്രതിഷേധങ്ങളുടെയും പേരിൽ കേരളത്തിൽ റിജാസിനെതിരെ അഞ്ച് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
