എഴുത്തുകാരി നിഷി ലീല ജോര്‍ജിന്റെ വീടിനു നേരെ നടന്ന ആക്രമണത്തില്‍ കേരളത്തിലെ സാംസ്‌കാരക പ്രവര്‍ത്തകര്‍ മൗനത്തിലെന്ന് ആക്ഷേപം. പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് നിഷി ലീല ജോര്‍ജിന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി തന്റെ വീടിനുനേരെ ആക്രമണമുണ്ടാതായി എഴുത്തുകാരി തന്നെയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. നിഷി ലീല ജോര്‍ജിന്റെ കുടുംബം വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ടി. പുരുഷോത്തമന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിക്കുകയും ചെയ്തിരുന്നു. കുഞ്ഞികൃഷ്ണന്റെ അനുയായി എം.കെ. നാരായണന്റെ കാര്‍ കത്തിക്കാന്‍ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ വേലി കത്തിക്കുകയും മതില്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
തന്റെ വീടിനുനെരെയുണ്ടായ ആക്രമണത്തില്‍ രൂക്ഷമായാണ് നിഷി ലീല ജോര്‍ജ് പ്രതികരിച്ചത്. വിപരീത അഭിപ്രായങ്ങള്‍ കൂടി സഹിഷ്ണതയോടെ കേള്‍ക്കാന്‍ കഴിയുന്ന സംവിധാനമായിരിക്കണം ജനാധിപത്യം. ഞങ്ങള്‍ പറയും നിങ്ങള്‍ കേള്‍ക്കും എന്ന മട്ടിലാണ് ഇവിടെ കാര്യങ്ങള്‍ എന്ന് നിഷി ലീല ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ട്രംപിന്റെയും നരേന്ദ്രമോദിയുടെയും സമീപനങ്ങളില്‍ മാത്രമല്ല ഫാസിസം ഉള്ളത്. അത് നമ്മുടെ സമീപത്തു തന്നെയുണ്ട് എന്നും നിഷി ജോര്‍ജ് കുറ്റപ്പെടുത്തി. അതേസമയം നിഷി ജോര്‍ജിന്റെ വീടിനുനേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എഴുത്തുകാരോ സാംസ്‌കാരിക പ്രവര്‍ത്തകരോ രംഗത്തുവന്നിട്ടില്ല.
നിഷി ലീല ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു:
ഇന്നലെ 12.30 AM നടുത്ത സമയത്ത് വലിയ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ വീടിന്റെ ജനാലകള്‍ എറിഞ്ഞു തകര്‍ത്തതായും കാര്‍ കത്തുന്നതായും കണ്ടു. ഉടന്‍ തന്നെ വാതില്‍ തുറന്ന് പുറത്തിറങ്ങി വെള്ളമൊഴിച്ച് തീ കെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. വീട്ടില്‍ CCTV ഇല്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ 3 ബൈക്കുകളിലായി 5 ആളുകള്‍ ആ സമയത്ത് കടന്നുപോയതായി കാണുന്നുണ്ട്. വി കുഞ്ഞികൃഷ്‌ണേട്ടന്റെ പുസ്തകപ്രകാശന ചടങ്ങില്‍ വീട്ടിലെ എല്ലാവരും പങ്കെടുത്തിരുന്നു. അതാവാം പ്രകോപനം എന്ന് കരുതുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ്, പ്രചാരണ സമയത്ത് തന്നെ അവിടവിടെയായി അക്രമങ്ങളും അസഹിഷ്ണുതകളും പ്രകടമായിരുന്നു. എന്നാല്‍ അതൊക്കെയും കെട്ടിച്ചമച്ച കഥകളാണ് എന്ന മട്ടിലാണ് പ്രചാരണമുണ്ടായത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം മുതല്‍ വ്യാപകമായി അക്രമങ്ങള്‍ നടത്തുകയാണ്. ആരെ പിന്തുണയ്ക്കണം ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കാന്‍ പൗരര്‍ക്ക് അവകാശമുള്ള സംവിധാനത്തെയാണ് ജനാധിപത്യമെന്ന് പറയുന്നത്. വിപരീത അഭിപ്രായങ്ങള്‍ കൂടി സഹിഷ്ണതയോടെ കേള്‍ക്കാന്‍ കഴിയുന്ന സംവിധാനമായിരിക്കണം ജനാധിപത്യം. ഞങ്ങള്‍ പറയും നിങ്ങള്‍ കേള്‍ക്കും എന്ന മട്ടിലാണ് ഇവിടെ കാര്യങ്ങള്‍.
ട്രമ്പിന്റെയും നരേന്ദ്രമോദിയുടെയും സമീപനങ്ങളില്‍ മാത്രമല്ല ഫാസിസം ഉള്ളത്. അത് നമ്മുടെ സമീപത്തു തന്നെയുണ്ട്. പുരോഗമന ജനാധിപത്യ ഇടങ്ങളായി നമ്മള്‍ കരുതുന്ന ഇടങ്ങളിലുണ്ട്. എതിര്‍ക്കാതിരിക്കുമ്പോള്‍ വിശാലമനസ്‌കരും ജനാധിപത്യവാദികളുമായി കാണപ്പെടുന്നവര്‍ തന്നെയാണ് സംശയിക്കുകയോ ചോദ്യം ചോദിക്കുകയോ ചെയ്യുമ്പോള്‍ ഏകാധിപതികളായും മാറുന്നത്.
ഏകാധിപതികള്‍ തുലയട്ടെ.
ഫാസിസം തുലയട്ടെ.
സത്യം ജയിക്കട്ടെ.
