October 13 Tuesday 2026

എം. സ്വരാജിന്റെ ‘ശവം തൂക്കി’ പ്രയോഗം ദുരന്തത്തില്‍ മരിച്ചവരെ അവഹേളിക്കുന്നതെന്ന് എഴുത്തുകാരന്‍ കെ.കെ ബാബുരാജ്

വയനാട് ദുരന്ത ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് എം. സ്വരാജ് പത്രസമ്മേളനത്തില്‍ നടത്തിയ ‘ശവം തൂക്കി’ പ്രയോഗം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരിക്കുന്നു. സ്വരാജ് നടത്തിയ ശവം തൂക്കി എന്ന പ്രയോഗം ആ ദുരന്തത്തില്‍ മരിച്ചവരെ വെറും ശവങ്ങള്‍ മാത്രമായി കാണുന്ന മനോഭാവത്തിന്റെ പ്രതിഫലമായിട്ടാണ് തോന്നുന്നതെന്നാണ് എഴുത്തുകാരന്‍ കെ.കെ ബാബുരാജ് ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.

കെ.കെ ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

‘എം.സ്വരാജ് പറഞ്ഞ ‘ശവം തൂക്കി’ എന്ന പ്രയോഗം മഹത്തായ എന്തോ ആണെന്ന മട്ടില്‍ മാര്‍ക്‌സിസ്റ്റ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. ചൂരല്‍ മലയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ പുനരധിവസിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ്സിന് വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിനെ വിമര്‍ശിക്കേണ്ടതാണ്.
എന്നാല്‍, ശവം തൂക്കി എന്ന പ്രയോഗം ആ ദുരന്തത്തില്‍ മരിച്ചവരെ വെറും ശവങ്ങള്‍ മാത്രമായി കാണുന്ന മനോഭാവത്തിന്റെ പ്രതിഫലമായിട്ടാണ് തോന്നുന്നത്.

അടൂര്‍ ഗോപാല കൃഷ്ണന്റെ ‘മുഖാമുഖം’ പോലുള്ള സിനിമകളിലെ ഫ്യൂഡല്‍ കമ്മ്യൂണിസ്റ്റുകളുടെ നിര്‍മാനവികതയും ആത്മ കേന്ദ്രത്വവുമാണ് ഇത്തരം വാക്കുകളിലുടെ തെളിഞ്ഞുവരുന്നത് എന്നു പറയാതെ വയ്യ.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നടക്കാതെ പോയ സംവാദത്തെ പറ്റി ഇതേ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ഉള്‍പ്പെടുന്ന ഒരാള്‍ എഴുതിയത്, കരടിയുമായി ചെസ്സ് കളിക്കാന്‍ പറ്റില്ല എന്നാണ്. പ്രതിയോഗിയെ മൃഗവല്‍ക്കരിക്കുക, അതിന് ശേഷം തന്റെ ഉന്നതമായ ബുദ്ധിശക്തിയും അതുല്യമായ ധാര്‍മിക ബലവും ഈ മൃഗങ്ങളോട് പോരടിക്കാനുള്ളതല്ലെന്നു വീമ്പ് പറയുക. ഇതിനെ സോഷ്യല്‍ ഡാര്‍വിനിസം എന്നാണ് പറയുക. ‘

 

Related