August 13 Thursday 2026

ഹിന്ദുത്വ സി.പി.എം നിലമ്പൂര്‍ താക്കീതില്‍ പാഠം പഠിക്കുമോ?

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന് വ്യക്തമായ ദിശാ സൂചിക നല്‍കുന്ന ഒന്നാണ്. അതിന് പലതുണ്ട് കാരണങ്ങള്‍. മലപ്പുറം ജില്ലയിലെ മറ്റു മണ്ഡലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിലമ്പൂര്‍ മണ്ഡലം കേരളത്തിന്റെ ക്രോസ് സെക്ഷനാണ്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും നിലമ്പൂരുണ്ട്. കേരളത്തിലെ എല്ലാ മേഖലകളില്‍ നിന്നും കുടിയേറി പാര്‍ത്തവരും നിലമ്പൂരുണ്ട്. അതുകൊണ്ട് തന്നെ നിലമ്പൂരില്‍ നടത്തുന്ന രാഷ്ട്രിയ പരീക്ഷണങ്ങള്‍ കേരളത്തിനായുള്ള ടെസ്റ്റ് ഡോസ് ആണ്. അതുകൊണ്ട് തന്നെ തെരെത്തെടുപ്പ് ഫലം സമഗ്രമായി പരിശോധിക്കപ്പെടണം.

ഉപതെരെഞ്ഞെടുപ്പിന്റെ പശ്ചാത്തലം

2016 മുതല്‍ നിലമ്പൂരിനെ പ്രതിനിധാനം ചെയ്ത ഇടത് എം.എല്‍.എ ആയ പി.വി അന്‍വര്‍ രാജിവെച്ച ഒഴിവിലാണല്ലോ നിലമ്പൂര്‍ വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അന്‍വര്‍ രാജിവെച്ചത് പ്രധാനമായും പിണറായി സര്‍ക്കാരും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധവും അതുവഴി പൊലീസ് സംവിധാനമാകെ ആര്‍.എസ്.എസ് വത്കരിക്കപ്പെട്ടെന്നും ആരോപിച്ചാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയും മലപ്പുറം ജില്ലയെ പൈശാചിക വത്കരിക്കാനുള്ള ശ്രമങ്ങളും എല്ലാം അന്‍വറിന്റെ ആരോപണങ്ങളിലുണ്ട്. ഈ സാഹചര്യത്തിലാണ് നിലമ്പൂരില്‍ തെരെഞ്ഞെടുപ്പ് നടക്കുന്നത്.

സ്ഥാനാര്‍ഥികളും മുന്നണികളും
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന ഉപതെരഞ്ഞെടുപ്പകളെല്ലാം എന്ന പോലെ ഈ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം തന്നെ യു.ഡി.എഫ് അവരുടെ സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ രംഗത്തിറക്കി. അതോടെ യു.ഡി.എഫിന് പിന്തുണയാകും എന്ന് കരുതിയ പി.വി അന്‍വര്‍ ഇടഞ്ഞു. ആര്യടന്‍ ഷൗക്കത്ത് സ്ഥാനാര്‍ഥിയായാല്‍ വിജയ സാധ്യത കുറവാണെന്നും അദ്ദേഹത്തിന് പിന്തുണയ്ക്കാനാവില്ല എന്നും അന്‍വര്‍ കടുപ്പിച്ചു പറഞ്ഞു. അനുരഞ്ജന നീക്കങ്ങള്‍ എല്ലാം പാഴാവുകയും അന്‍വര്‍ സ്വയം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇടതുപക്ഷം ആകട്ടെ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയെ തപ്പി നടക്കുകയായിരുന്നു. അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ താങ്കളുടെ സാധ്യത തെളിഞ്ഞു എന്ന ധാരണയില്‍ നിലമ്പൂര്‍ സ്വദേശിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജിനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തു. ബി.ജെ.പി ആകട്ടെ ആദ്യഘട്ടത്തില്‍ തങ്ങള്‍ക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ മത്സരിക്കാന്‍ ഇല്ല എന്ന നിലപാട് പറയുകയും പിന്നീട് ക്രൈസ്തവ-ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വച്ചുകൊണ്ട് അതുവരെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ ഉണ്ടായിരുന്ന മോഹന്‍ ജോര്‍ജ് എന്ന വ്യക്തിയെ താമര ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. മണ്ഡലത്തില്‍ ചെറിയതോതില്‍ സ്വാധീനമുള്ള എസ്.എഡി.പി.ഐയും അവരുടെ സ്ഥാനാര്‍ഥിയായി അഡ്വക്കേറ്റ് സാദിഖ് നടുത്തൊടിയെ മത്സരിപ്പിച്ചു.

പ്രചരണ കോലാഹലങ്ങള്‍
യു.ഡി.എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പലനിലയ്ക്കും യു.ഡി.എഫിലെ തന്നെ പലര്‍ക്കും ഉള്ള അസ്വസ്ഥതകളെ തങ്ങള്‍ക്കുള്ള വോട്ടാക്കി മാറ്റാനാണ് ആദ്യഘട്ടത്തില്‍ മറ്റു സ്ഥാനാര്‍ഥികള്‍ അവരുടെ പ്രചരണം ക്രമീകരിച്ചത്. എന്നാല്‍, യു.ഡി.എഫ് ആകട്ടെ കെട്ടുറപ്പ് പ്രകടമാക്കി തന്നെയാണ് അവരുടെ പ്രചരണം ആരംഭിച്ചതും മുന്നോട്ടുപോയതും. എന്നാല്‍, പ്രചാരണത്തിന്റെ രണ്ടാംഘട്ടമായപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സംബന്ധിച്ച പത്രസമ്മേളനത്തിന് ശേഷം അത്യന്തം മലീമസമാക്കുന്ന രീതിയിലുള്ള പ്രചരണ രീതിയിലേക്ക് ഇടതുപക്ഷം മാറി. വളരെ കൃത്യമായ വര്‍ഗീയ ധ്രുവീകരണത്തിനുള്ള നീക്കങ്ങളാണ് ഇടതുപക്ഷ പ്രചരണത്തില്‍ എമ്പാടും കണ്ടത്. നേരത്തെ തന്നെ വര്‍ഗീയ പ്രചാരണങ്ങളില്‍ അഗ്രഗണ്യനായ എ. വിജയരാഘവനായിരുന്നു മണ്ഡലത്തിന്റെ പ്രചാരണ ചുമതല. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വലിയ നേതാക്കള്‍ നേരിട്ടും വര്‍ഗീയ വിദ്വേഷത്തിന്റെ ആഴം വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ സംഘ്പരിവാര്‍ മാത്രം ഉന്നയിക്കുന്ന ഒന്നാണ് മുസ്‌ലിംകളുടെ പാക്കിസ്താന്‍ ബന്ധം. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സംഘ്പരിവാറിന്റെ നീചമായ അതേ രീതി പ്രചരിപ്പിക്കാന്‍ മുന്നോട്ടുവന്നു. ഇതിനായി പെഹല്‍ഗാം ഭീകരാക്രമണത്തെ വരെ ഉപയോഗിച്ചു. അസഹ്യമായ വിദ്വേഷ പ്രചരണം മൂലമാകാം, വര്‍ഗീയ വിദ്വേഷ പ്രചാരണം ആരോപിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടീസ് ലഭിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദന്‍ മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തില്‍ അഞ്ചുദിവസമാണ് പ്രചരണത്തിന് വിനിയോഗിച്ചത്. സ്വന്തം സര്‍ക്കാരിന്റെ ഭരണ നേട്ടമോ സ്വന്തം മുന്നണിയുടെ രാഷ്ട്രീയമോ ആയിരുന്നില്ല, യു.ഡി.എഫ്-വര്‍ഗീയ കൂട്ടുകെട്ട് എന്ന വ്യാജ ബിംബത്തിലായിരുന്നു പ്രധാനമായും മുഖ്യമന്ത്രിയുടെയും പ്രചാരണ മുന. ഇടതുമുന്നണിയുടെ പ്രഖ്യാപിത ഘടകകക്ഷികളെ പോലെ ചില ദൃശ്യമാധ്യമങ്ങള്‍ നിലയുറപ്പിക്കുകയും വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ദൃശ്യത നല്‍കുകയും മുസ്‌ലിം സമുദായ സംഘടനകളെ തമ്മില്‍ തെറ്റിക്കാനുള്ള നീക്കത്തിന് കുടപിടിക്കുകയും ചെയ്തു.

യു.ഡി.എഫ് ആകട്ടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കെ.പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫിന്റെയും നേതൃത്വത്തില്‍ യുവനേതാക്കളെ ഇറക്കി കുടുംബയോഗങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സാധാരണ പൊതു കോലാഹലങ്ങളില്‍ പ്രതിരോധത്തിലാകാറുള്ള കോണ്‍ഗ്രസ് ഇത്തവണ ഒരേ ശബ്ദത്തില്‍ സി.പി.എമ്മിന്റെ വര്‍ഗീയ ആരോപണങ്ങളെ പ്രതിരോധിച്ചു. അതിലുപരി നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന കാഴ്ചയും കണ്ടു.

തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളിപ്പോയ പി.വി അന്‍വര്‍ സ്വതന്ത്രനായി മത്സര രംഗത്ത് വലിയ ഓളങ്ങള്‍ സൃഷ്ടിക്കുന്ന പ്രചാരണമാണ് നടത്തിയത്. തന്റെ സ്വന്തം സ്വാധീന മേഖലയില്‍ കേന്ദ്രീകരിച്ചാണ് അന്‍വര്‍ പ്രചരണം നടത്തിയെങ്കിലും സ്വാഭാവികമായും അന്‍വര്‍ ആകര്‍ഷിച്ചത് ഇടത് വിരുദ്ധ വോട്ടുകളിലാണ്. ഇതാകട്ടെ യു.ഡി.എഫിന് നെഞ്ചിടിപ്പ് കൂട്ടുകയും ചെയ്തു. അന്‍വറിന്റെ സ്ഥാനാര്‍ഥിത്തത്തോടെ എസ്.ഡി.പി.ഐ തങ്ങളുടെ സ്വാധീന മേഖലകളിലേക്ക് ഒതുങ്ങിപ്പോയി. ബി.ജെ.പി ആകട്ടെ തങ്ങളുടെ ശേഷി ഉപയോഗിച്ചുള്ള പ്രചരണം നടത്തിയതായി കണ്ടിട്ടുമില്ല.

സി.പി.എം മുസ്‌ലിം വിരുദ്ധ വര്‍ഗീയത പ്രചരിപ്പിച്ചപ്പോള്‍ അവര്‍ക്ക് ഹിന്ദുമഹാസഭ നല്‍കിയ പിന്തുണ പ്രശ്‌നവത്കരിക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെങ്കിലും അതിന് മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. എന്നുമാത്രമല്ല, കാലങ്ങളായി എല്‍.ഡി.എഫിന് പിന്തുണ നല്‍കിവരുന്ന പി.ഡി.പി പിന്തുണയെ പ്രശ്‌നവത്കരിക്കാനും യു.ഡി.എഫ് ശ്രമിച്ചു എന്നതും ശുഭകരമായ കാര്യമല്ല. മുസ്‌ലിം സമൂഹത്തിന് മേല്‍ക്കൈയുള്ള പാര്‍ട്ടികളെ വര്‍ഗീയ പാര്‍ട്ടികളായി ചിത്രീകരിക്കുന്ന രീതി കേരളത്തിലെ ഇരുമുന്നണികളും തുടരുന്നു എന്ന പതിവ് തന്നെയാണ് നിലമ്പൂരിലെ പ്രചാരണം സാക്ഷ്യം വഹിച്ചത്. എങ്കിലും ഇടതുപക്ഷം അതിനപ്പുറം കടന്ന് മുസ്‌ലിം സംഘടനകളെ ഭീകര സംഘടനകളും ദേശവിരുദ്ധ സംഘടനകളും ആയി ചിത്രീകരിക്കുന്ന ഹിന്ദു മുസ്‌ലിം വര്‍ഗീയ ധ്രുവീകരണ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതാണ് നിലമ്പൂരിലെ പ്രചാരണരംഗം കണ്ടത്. നിലമ്പൂര്‍ പോലെയുള്ള സാധാരണക്കാര്‍ തിങ്ങി നിറഞ്ഞ മണ്ഡലത്തില്‍ സാംസ്‌കാരിക സാമൂഹ്യ നേതാക്കളുടെ ഘോഷയാത്ര ജനങ്ങളില്‍ തെല്ലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ പരാജയങ്ങളെ സ്ഥാനാര്‍ഥി ഇമേജും വര്‍ഗീയ ധ്രൂവീകരണ ശ്രമവും കൊണ്ട് മറികടക്കാനുള്ള എല്ലാ നീക്കങ്ങളും വിഫലമായി.

തെരെഞ്ഞെടുപ്പ് ഫലം
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് നിലമ്പൂരിലെ ജനത പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. കനത്ത മഴയിലും 75 ശതമാനത്തിന് പുറത്തു പോയ ഉജ്ജ്വലമായ പോളിംഗ് ആണ് നടന്നത്. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിനേക്കാള്‍ അയ്യായിരത്തിലധികം വോട്ടുകള്‍ ആണ് പോള്‍ ചെയ്യപ്പെട്ടത്. ഇതുതന്നെ തെരഞ്ഞെടുപ്പ് ഫലം എങ്ങോട്ട് പോകുന്നു എന്ന സൂചനയായിരുന്നു. നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലും വഴിക്കടവ്, ചുങ്കത്തറ, മുത്തേടം, അമരമ്പലം, എടക്കര, പോത്തുകല്ല് എന്നീ പഞ്ചായത്തുകളിലും ഷൗക്കത്ത് വ്യക്തമായ മുന്നേറ്റം നടത്തി. ഇടത് കോട്ടയായ കരുളായി പഞ്ചായത്തില്‍ 118 വോട്ടിന്റെ നേരിയ ലീഡ് മാത്രമാണ് സ്വരാജിന് നേടാനായത്. 11107 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. എന്നാല്‍, വിജയത്തെക്കാള്‍ തിളക്കം ഏറിയ 19760 വോട്ടുകള്‍ നേടി പിവി അന്‍വര്‍ തന്റെ സാന്നിധ്യം വിളിച്ചറിയിച്ചു. ബി.ജെ.പിക്കും എസ്.ഡി.പി.ഐക്കും തങ്ങളുടെ നില മെച്ചപ്പെടുത്താനായില്ല.

വളരെ കൃത്യമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും കേരള ഭരണത്തോടും ഇടതുപക്ഷത്തോടും ആഴത്തില്‍ വിമുഖത കാണിക്കുന്നുവെന്നും ഈ തെരഞ്ഞെടുപ്പിലെ വോട്ട് നില വ്യക്തമാക്കുന്നുണ്ട്. യു.ഡി.എഫിന്റെ പതിനോരായിരം വോട്ടിന്റെ ഭൂരിപക്ഷവും അന്‍വറിന്റെ ഇരുപതിനായിരം വോട്ടും ചേരുന്ന വലിയ മാര്‍ജിന്‍ ആണ് ഭരണവിരുദ്ധ വികാരമായി നിലവില്‍ ഇടതു സിറ്റിംഗ് സീറ്റ് ആയ നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. ആദിവാസി സമരം ഉള്‍പ്പെടെയുള്ള ജനകീയ സമരങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനം, വന്യമൃഗ ആക്രമണം, കര്‍ഷക പ്രശ്‌നങ്ങള്‍, വിലക്കയറ്റം, മലപ്പുറം ജില്ലയെ വര്‍ഗീയ വത്ക്കരിക്കാനുള്ള സി.പി.എം നീക്കങ്ങള്‍, കേരള പൊലീസിന്റെ ആര്‍.എസ്.എസ് ബാന്ധവം അടക്കം എണ്ണിയാല്‍ ഒടുങ്ങാത്ത ജനവിരുദ്ധതകള്‍ വോട്ടായി മാറുകയായിരുന്നു.

ഫലം നല്‍കുന്ന മുന്നറിയിപ്പുകള്‍
ഈ തെരഞ്ഞെടുപ്പ് ഫലം പ്രത്യക്ഷത്തില്‍ ഇടതുപക്ഷത്തിന്റെ വര്‍ഗീയ ധ്രുവീകരണ അജണ്ടകളുടെ പരാജയമാണ്. എന്നാല്‍, അവര്‍ നിലമ്പൂരിന് വേണ്ടി ആരംഭിച്ചതല്ല നിലവിലുള്ള സാമൂഹ്യധ്രുവീകരണ നീക്കം. 2026 ലെ തുടര്‍ ഭരണമാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടുപോയ തങ്ങളുടെ ഹിന്ദു വോട്ടുകള്‍ ബി.ജെ.പിയില്‍നിന്ന് തിരിച്ചുകൊണ്ടുവരാന്‍ വിധ്വംസക നീക്കങ്ങള്‍ നടത്തിയാലേ സാധിക്കൂവെന്ന് അവര്‍ കരുതുന്നു. അതിനിടയിലും മുസ്‌ലിം സമൂഹത്തിലെ സംഘടനാഭിന്നത ഉപയോഗപ്പെടുത്തി കുറച്ചു മുസ്‌ലിം വോട്ടുകള്‍ കൂടി നേടിയെടുക്കാനുള്ള നീക്കവും സമാന്തരമായി നടത്തുക എന്ന തന്ത്രമാണ് അവര്‍ നിലമ്പൂരില്‍ പരീക്ഷിച്ചത്. തല്‍ക്കാലത്തേക്ക് അത് പരാജയപ്പെട്ടുവെങ്കിലും അത് ഇടത് ലിബറല്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി കൂടുതല്‍ ശക്തിയായി തുടരാനാണ് സാധ്യത. ഇത് കേരളത്തെ എത്രമാത്രം ആഴത്തില്‍ വിഭാഗീയ വത്കരിക്കുമെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.

യു.ഡി.എഫിനെ സംബന്ധിച്ച് വളരെ പ്രതീക്ഷാര്‍ഹമാണ് ഈ ജനവിധി. 2026 ലെ പൊതു തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തോടെ നില്‍ക്കാനുള്ള ഊര്‍ജം ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കും. പക്ഷേ, സ്ഥിരം ശാപമായ തൊഴുത്തില്‍ കുത്തും പരസ്പരം പാരയും അവസാനിപ്പിക്കണമെന്ന് മാത്രം. അതോടൊപ്പം സി.പി.എം മുന്നോട്ടുവെക്കുന്ന വര്‍ഗീയ ധ്രൂവീകരണ അജണ്ട ചെറുക്കാന്‍ കൃത്യമായ രാഷ്ട്രീയ തന്ത്രവും മെനയേണ്ടതുണ്ട്. അന്‍വര്‍ നേടിയ വോട്ടുകള്‍ യു.ഡി.എഫിന് പാഠമാണ്. ഭരണവിരുദ്ധ വികാരത്തെ ഏകോപിക്കാനുള്ള തന്ത്രങ്ങള്‍ യുഡിഎഫ് ആലോചിക്കേണ്ടിയിരിക്കുന്നു. 2021ല്‍ സംഭവിച്ചത് പോലെ എ.കെ.ജി സെന്ററില്‍ നിന്നുള്ള അജണ്ടകള്‍ക്ക് അനുസരിച്ച് തുള്ളുന്ന ഏര്‍പ്പാട് അവസാനിപ്പിച്ച് സ്വന്തമായ രാഷ്ട്രീയ നരേഷനുകള്‍ സൃഷ്ടിക്കാന്‍ യു.ഡി.എഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് കഴിയണം.
ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധി നിലവില്‍ എടുത്ത നിലപാടുകളാണ് കോണ്‍ഗ്രസിന് ചെറിയതോതില്‍ എങ്കിലും തിരിച്ചുവരാനുള്ള വഴിയൊരുക്കിയത് എന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും മനസ്സിലാക്കണം. മാധ്യമങ്ങള്‍ നടത്തുന്ന പ്രജണ്ഡ പ്രചാരണങ്ങള്‍ അല്ല, താഴെത്തട്ടിലെ ജനങ്ങളെ സ്വാധീനിക്കുന്നത് എന്നത് പാലക്കാടും ഇപ്പോള്‍ നിലമ്പൂരും നല്‍കുന്ന സൂചനയാണ്. ഈ സൂചന മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ യു.ഡി.എഫിന് നല്ലത്. ഏതായാലും പ്രിയങ്ക ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരില്‍ യു.ഡി.എഫ് നേടിയ വിജയം അവര്‍ക്ക് പ്രതീക്ഷയോടെ 2026 നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ ആത്മ വിശ്വാസം നല്‍കും.

 

Related