August 9 Sunday 2026

മഹുവ മൊയ്ത്ര വീണ്ടും കോൺ​ഗ്രസ്സിലേക്കോ?

ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ്സിന്റെയും മമതയുടെയും അടിത്തറയിളകിയതോടെ തീപ്പൊരി നേതാവ് മഹുവ മൊയ്ത്ര എന്ത് നിലപാടെടുക്കും എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. ബം​ഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തൃണമൂലിന്റെ ആകെയുള്ള എൺപത് എം.എൽ.എമാരിൽ അറുപത് പേരും ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്താണ് നിലയുറച്ചിരിക്കുന്നത്. തൃണമൂലിലെ ഈ കടുത്ത പ്രതിസന്ധിഘട്ടത്തിൽ മഹുവ മൊയ്ത്രയുടെ അസാന്നിദ്ധ്യം ചർച്ചയായിക്കഴിഞ്ഞു. മഹുവ മൊയ്ത്രയടക്കമുള്ള വനിതാ എംപിമാരെ കാണാനില്ലെന്ന പ്രചാരണവുമായി ബിജെപി രം​ഗത്തെത്തി.

അതിനിടെ ഋതബ്രത ബാനർജിയെ ബംഗാൾ പ്രതിപക്ഷ നേതാവായി സ്പീക്കർ അം​ഗീകരിച്ചു. മമതാ വിഭാ​ഗത്തെ ഒഴിവാക്കിയാണ് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കിയത്. ബംഗാളിലെ പ്രതിപക്ഷ നേതാവാകാൻ 59 എം എൽ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനർജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവാക്കിയത്.

ഭൂരിഭാ​ഗം എംഎൽഎമാരും മമതയെ കൈവിട്ടതോടെ മഹുവ തങ്ങളോടൊപ്പം നിൽക്കുമെന്നാണ് വിമതപക്ഷം നേതാക്കൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, പ്രതിപക്ഷ നേതാവായി അം​ഗീകരിക്കപ്പെട്ട ഋതബ്രത ബാനർജിയോട് താൽപര്യം പ്രകടിപ്പിക്കാത്തയാളാണ് മഹുവ മൊയ്ത്ര. അടുത്തിടെയായി മമതയുടെ ചില നിലപാടുകളോടും മഹുവ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മമത താരപ്രചാരകുടെ കൂട്ടത്തിൽ മഹുവയെ ഉൾപ്പടുത്തിയുരുന്നില്ല. പ്രചാരണ രം​ഗത്ത് മഹുവ മൊയ്ത്രയും സജീവമായിരുന്നില്ല.

ഈ ഘട്ടത്തിൽ തന്റെ പൂർവാശ്രമമായ ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ്സിലേക്ക് തന്നെ തിരിച്ചു ചെന്നേക്കുമെന്നാണ് മഹുവയുമായി അടുപ്പമുള്ളവർ പങ്കുവെക്കുന്നത്. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ അതിശക്തമായി പ്രതികരിക്കാറുള്ള മഹുവ പലഘട്ടങ്ങളിലും പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗങ്ങളെ പ്രശംസിച്ചിട്ടുണ്ട്. മഹുവയുടെ പാർലമെന്റിലെ പ്രകടനത്തെ രാഹുൽ ​ഗാന്ധിയും വലിയ മതിപ്പോടെയാണ് കാണുന്നത്. നേരത്തെ രാഹുൽ ബ്രി​ഗേഡിൽ അം​ഗമായിരുന്നു മഹുവ. ‘വോട്ട് ചോരി’ ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇൻഡ്യ സഖ്യം എംപിമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ബോധരഹിതയായി വീണ മഹുവയെ സഹായിക്കാനെത്തിയ രാഹുൽ​ഗാന്ധിയുടെ ദൃശ്യം സാമൂഹ്യമാധ്യങ്ങളിൽ ഉൾപ്പടെ ഏറെ പ്രചാരം നേടിയിരുന്നു.

2009 ൽ ലണ്ടനിലെ ബാങ്ക് ഉദ്യോ​ഗം അവസാനിപ്പിച്ച മഹുവ മൊയ്ത്ര ഇന്ത്യൻ യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രം​ഗത്തേക്ക് വരുന്നത്. രാഹുൽ ഗാന്ധിയുടെ “ആം അദ്മി കാ ശിപാഈ” എന്ന പദ്ധതിയിലെ ഒരാളായിരുന്നു. 2010 ൽ കോൺഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിച്ച് അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കരിംപൂർ നിയോജകമണ്ഡലത്തിൽ നിന്ന് 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടു. 2019ലും 2024 ലും പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്ന് ലോക്സഭയിലേക്ക് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

Related