യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. യുഡിഎഫിന് പിന്തുണ നല്‍കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെയും യുഡിഎഫ് നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളും നടത്തിക്കഴിഞ്ഞു. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിന് പ്രത്യക ലഘുലേഖയും പുറത്തിറക്കിയിട്ടുണ്ട്. സംഘ്പരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെയും ഇടതുപക്ഷം അധികാരത്തുടര്‍ച്ചുക്കുവേണ്ടി പയറ്റുന്ന സമൂഹ വിഭജന സോഷ്യല്‍ എഞ്ചിനിയറിങ്ങിനെയും തോല്‍പ്പിക്കേണ്ടത് മതനിരപേക്ഷ കേരളത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണെന്ന് പ്രചാരണത്തിനായി പുറത്തിറക്കി ലഘുലേഖയില്‍ പറയുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ:
വെറുപ്പിന്റെ രാഷ്ട്രീയത്തെ വോട്ട് കൊണ്ട് തോല്‍പിക്കുക
വൈവിധ്യങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന സാഹോദര്യത്തിന്റെ പശിമയുള്ള മണ്ണിലാണ് മലയാള ദേശത്തിന്റെ പെരുമ വേരുപിടിച്ചതും പൂവിട്ടതും. വിദ്വേഷത്തിന്റെ ഈ പേമാരിക്കാലത്തും ലോകം നമ്മുടെ നാടിനെ ഒരു മാതൃകാ തുരുത്തായി കാണുന്നത് ഇവിടുത്തെ അംബരചുംബികളായ വികസനരൂപങ്ങള്‍ കണ്ടല്ല; മറിച്ച് ജാതി-മത ഭേദമന്യേ മനുഷ്യര്‍ ഒത്തുചേരുന്ന പാരസ്പര്യത്തിന്റെ സൗന്ദര്യം അനുഭവിക്കുന്നതുകൊണ്ടാണ്. സമാധാനവും സഹവര്‍ത്തിത്വവും കളിയാടുന്ന ഈ മണ്ണില്‍, വടക്കന്‍ സംസ്ഥാനങ്ങളിലെ പോലെ വെറുപ്പിന്റെ പ്രത്യയശാസ്ത്രവും വിഷബീജങ്ങളും വേരാഴ്ത്തി അശാന്തി പടര്‍ത്താനുള്ള പദ്ധതികള്‍ അണിയറകളില്‍ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്വേഷം വിതച്ച് അധികാരം കൊയ്യാനാഗ്രഹിക്കുന്നവര്‍ നയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ട്, 2026 ഏപ്രില്‍ ഒമ്പതിന് നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ നമ്മള്‍ രേഖപ്പെടുത്തുന്ന വോട്ട് ഒരു ഭരണമാറ്റത്തിന് മാത്രമല്ല; മനുഷ്യബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തെ തൂത്തെറിയാനുള്ളതു കൂടിയാണ്.
സമൂഹങ്ങളെ അപരവത്കരിക്കുന്ന വംശീയാശയങ്ങളെ കടപുഴക്കിയെറിഞ്ഞുകൊണ്ടാണ് നാം മാതൃകാ കേരളം പണിതുയര്‍ത്തിയത്. മത-ജാതി-വര്‍ഗ-വര്‍ണ-ലിംഗ വിഭിന്നതകള്‍ തൊട്ടുകൂടായ്മയുടെയും വിവേചനങ്ങളുടെയും അളവുകോലായി കണ്ടിരുന്നവരുടെ മുന്നില്‍ മനുഷ്യനൊന്നുചേര്‍ന്നൊഴുക്കിയ മുന്നേറ്റത്തിന്റെ പേരാണ് കേരള നവോത്ഥാനം. മനുഷ്യരെ തുല്യമായി കാണാനാകാത്ത ജാതി ഭ്രാന്തിന്റെ കൂത്തരങ്ങുകളാണ് അന്നുടഞ്ഞുവീണത്. സ്വാഭാവികമായും, എന്നും വംശീയത പേറുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തെ കേരളം അകറ്റി നിര്‍ത്തി. അടിച്ചുകൊലകളും മുസ്‌ലിം ആക്രമണങ്ങളും ക്രൈസ്തവ പീഢകളും ദലിത് ക്രൂരതകളും സംഘ് ഭരണ സംസ്ഥാനങ്ങളില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ അത്തരക്കാരെ മുഴുവന്‍ സാമൂഹിക മണ്ഡലങ്ങളിലും പരമാവധി അകറ്റിനിര്‍ത്തുന്നതില്‍ നാം വിജയിച്ചു. അതില്‍ നമുക്കേറെ അഭിമാനമുണ്ടായിരുന്നു. അത് കൈമോശം വരാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയക്കാര്‍ നമ്മെ ഭരിക്കാന്‍ കേന്ദ്രാധികാരത്തിന്റെ സകല സന്നാഹങ്ങളോടെയും രംഗത്തിറങ്ങിയിരിക്കുകയാണ്. നാളത്തെ കേരളം കൈപ്പിടിയിലാക്കാന്‍ വേണ്ട പദ്ധതിക്കാണ് അവര്‍ രൂപം നല്‍കിയിരിക്കുന്നത്. ചെറുത്തുതോല്‍പിച്ചില്ലെങ്കില്‍ നഷ്ടമാകുക, അനുഭവങ്ങളിലൂടെയും പോരാട്ടത്തിലൂടെയും നമ്മള്‍ നേടിയെടുത്ത കരുതലിന്റെയും വിവേകത്തിന്റെയും രാഷ്ട്രീയബോധമായിരിക്കും.
എല്ലാ ദൗര്‍ബല്യങ്ങളുമറിഞ്ഞിട്ടും വിയോജിപ്പുകളേറെയുണ്ടായിട്ടും മതനിരപേക്ഷ സ്വഭാവമുള്ള മുന്നണികളെ മാത്രമേ നാടു ഭരിക്കാന്‍ നാം ചുമതലപ്പെടുത്താറുള്ളൂ. മാറിമാറി അവര്‍ ഭരിച്ചു. തെറ്റുകള്‍ സംഭവിച്ചപ്പോള്‍ ജനം അവരെ അധികാരഭ്രഷ്ടരാക്കി. ഇടക്ക് ദുരമൂത്ത് മതനിരപേക്ഷ രാഷ്ട്രീയസംസ്‌കാരത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചപ്പോഴും അധികാരമുറപ്പിക്കാന്‍ രഹസ്യ ഡീലുകള്‍ രൂപപ്പെടുത്തിയപ്പോഴും ഒറ്റക്കെട്ടായി അതിനെ നാം തോല്‍പിച്ചു. സംഘ് പരിവാറിനെ സഹായിക്കാന്‍ ശ്രമിച്ചവരെ തിരുത്തിച്ചു. കേരളത്തിന്റെ മതേതര പാരമ്പര്യത്തില്‍ സഹവര്‍തിത്വത്തിന്റെ നല്ല പാഠങ്ങളോടൊപ്പം തെളിഞ്ഞ് കത്തുന്നുണ്ട്, വിദ്വേഷ രാഷ്ട്രീയത്തിന് വിത്തിറക്കാനുള്ള ശ്രമങ്ങളെ ഒരുമിച്ച് നിന്ന് തോല്‍പിച്ച സാഹസ കഥകളും.
ഈ തെരഞ്ഞെടുപ്പ് നമുക്കേറെ നിര്‍ണായകമാണ്. കാരണം, ഇടതുപക്ഷത്തിന്റെ പത്തുവര്‍ഷ ഭരണത്തില്‍ നാം ഇതുവരെ കാത്തുസൂക്ഷിച്ച സാമൂഹികബന്ധങ്ങളുടെ ഇഴയടുപ്പങ്ങളില്‍ വലിയ വിള്ളലുകള്‍ വെളിപ്പെട്ടിരിക്കുന്നു. അതിലേക്ക് നയിച്ചതാകട്ടെ, അധികാരത്തുടര്‍ച്ചക്കും വിജയങ്ങള്‍ക്കുംവേണ്ടി സി.പി.എം സ്വീകരിച്ച ‘സോഷ്യല്‍ എന്‍ജിനീയറിങ്’ പദ്ധതികളും. വലിയ അപകടവും ദീര്‍ഘകാല സാമൂഹികാഘാതവും ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് സമുദായ ധ്രുവീകരണ ശ്രമങ്ങളില്‍ സി.പി.എമ്മും കേരള സര്‍ക്കാരും കക്ഷിചേര്‍ന്നുവെന്നത് ചരിത്രത്തിലെ വൈപരീത്യം.
രാഷ്ട്രീയ വിജയങ്ങള്‍ക്ക് വേണ്ടി മൃദുഹിന്ദുത്വ പരിപാടികള്‍ സംഘടിപ്പിക്കാനും ആശയങ്ങള്‍ കടമെടുക്കാനും സി.പി.എം തയാറായതോടെ യഥാര്‍ഥത്തില്‍ വിജയിച്ചത് സംഘ് പരിവാറായിരുന്നു. പരവിദ്വേഷ കാമ്പയിനുകള്‍ക്ക് നവമാധ്യമങ്ങളില്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ അതിനെതിരെ നിലകൊള്ളുന്നതിനുപകരം അതിലെ ചോരകുടിക്കാന്‍ വെമ്പുന്ന കൗശലക്കാരനായ കുറുക്കന്റെ റോളില്‍ സി.പി.എം നിലയുറപ്പിച്ചു. മുസ്‌ലിം ക്രൈസ്തവ സൗഹൃദം തകര്‍ക്കാനുള്ള ഗൂഢമായ പദ്ധതികള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കപ്പെട്ടപ്പോള്‍ അതിലെയും രാഷ്ട്രീയ സാധ്യത തേടുകയായിരുന്നു അവര്‍. എത്രയത്രെ വംശീയ പരമാര്‍ശങ്ങളാണ് ഇടതു നേതാക്കള്‍ ദിനംപ്രതി മൊഴിഞ്ഞിരുന്നത്. സംഘ് പദ്ധതികളുടെ കുതിരപ്പട നായകനായ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പിതാവായ വെള്ളാപ്പള്ളി നടേശന്‍ മുസ്‌ലിം വെറുപ്പിന്റെ വ്യാജങ്ങള്‍ ആവര്‍ത്തിച്ചുപറയുമ്പോഴും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നേതാക്കളും തങ്ങളുടെ ഇഷ്ടത്തോഴനായി വാഴ്ത്തുംവിധം വംശീയാന്ധത ഇടതുപക്ഷത്തെ ബാധിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിന്റെ സാമൂഹികശരീരത്തിനു സി.പി.എം ഏല്‍പിച്ച ഗുരുതരമായ പരിക്ക് ഈ തെരഞ്ഞെടുപ്പോടെ പരിഹരിക്കേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസ് മുക്ത ഭാരതം ബി.ജെ.പിയുടെ അജണ്ടയാണ്. സംഘ് അധികാര ദൈര്‍ഘ്യം നിലനിര്‍ത്താന്‍ അത് അനിവാര്യമാണ്. എന്നാല്‍, അതൊരിക്കലും സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാകരുത്. കേരളത്തിലെ സാമൂഹിക മണ്ഡലത്തിന്റെ ആരോഗ്യത്തിന് സാമൂഹിക ഘടന പോലെ രാഷ്ട്രീയ മണ്ഡലവും മതനിരപേക്ഷതയുടെ ബലതന്ത്രത്തില്‍ മുന്നോട്ടുപോകുകയാണ് ഇപ്പോള്‍ കരണീയം. കേരളത്തിന് പുറത്ത് ഫാഷിസത്തിനെതിരായ വിശാല ഐക്യമുന്നണിയില്‍ സി.പി.എമ്മും കോണ്‍ഗ്രസും വെല്‍ഫെയര്‍ പാര്‍ട്ടിയുമെല്ലാമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ കേരളത്തിലെ അധികാരത്തുടര്‍ച്ചക്ക് സംഘ്പരിവാറിന്റെ അധികാരക്കളിയില്‍ കേരള സി.പി.എമ്മും പിണറായി സര്‍ക്കാരും ഭാഗഭാക്കാകുകയായിരുന്നു. പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ പൊലീസ് നയം ആര്‍.എസ്.എസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുംവിധമായിരുന്നു. ഉന്നത പോലീസ് മേധാവികള്‍ ആര്‍.എസ്.എസ് നേതാക്കളുമായി നിരന്തര സംസര്‍ഗം തുടരുന്നതിന് മുഖ്യമന്ത്രിയുടെ അറിവും അനുമതിയുമുണ്ടായിരുന്നു എന്ന് വിളിച്ചു പറഞ്ഞത് കൂടെ നിലയുറപ്പിച്ചവര്‍ തന്നെയായിരുന്നു. തൃശൂര്‍ പൂരം കലങ്ങിയതിന്റെ ശരിയായ ഉത്തരം ഇപ്പോഴും കിട്ടാത്തത് അതുകൊണ്ടാണ്. അതിലൂടെ കലങ്ങിയത് തൃശൂരിലെ ലോക്‌സഭാ സീറ്റ് മാത്രമല്ല, കേരളത്തിന്റെ മതേതരപ്പെരുമ കൂടിയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം വമിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാനോ പൂട്ടിടാനോ കഴിഞ്ഞില്ല എന്നതിനേക്കാള്‍ അത്ഭുതം അവര്‍ക്ക് ഓശാന പാടുന്ന പൊലീസ് കേരളത്തിലുണ്ടായി എന്നതാണ്.
കേന്ദ്രാധികാരത്തിന്റെ സര്‍വായുധങ്ങളുമണിഞ്ഞ്, സമ്പന്നതയുടെ പുളപ്പുകളില്‍ കേരളത്തിന്റെ സാമൂഹികഘടന ശിഥിലീകരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു സംഘ്പരിവാര്‍ പ്രത്യയശാസ്ത്രം. വ്യാജകഥകള്‍ സത്യമായവതരിപ്പിക്കുന്നു. ഹിന്ദു മുസ്‌ലിം മൈത്രി തകര്‍ക്കാന്‍, ക്രൈസ്തവ മുസ്‌ലിം സൗഹൃദമില്ലാതാക്കാന്‍, പിന്നാക്ക സമുദായങ്ങളുടെ ഉണര്‍വിനെ പൈശാചികവത്കരിക്കാന്‍ എത്രയത്രെ നുണക്കഥകളാണ് നാം കേട്ടത്. പുരോഹിതരിലെയും സമുദായ നേതാക്കളിലെയും ചെറുവിഭാഗത്തെ വിലക്കെടുത്തവര്‍ അങ്ങാടികളിലും അരമനകളിലും വെറുപ്പിന്റെ നുണകള്‍ നിര്‍ബാധം പ്രചരിപ്പിച്ചു. നിഷ്‌കളങ്കരായ സാധാരണക്കാര്‍ ഇതൊക്കെ ശരിയോ എന്ന് ചിന്തിച്ചിത്തിരിനേരം അങ്കലാപ്പിലായി. പക്ഷെ, വിവേകപരമായ അന്വേഷണങ്ങളിലൂടെ, സത്യസന്ധമായ ഇടപഴക്കങ്ങളിലൂടെ മലയാളികള്‍ നുണയുടെ ബലൂണുകളെ കുത്തിപ്പൊട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പും വെറുപ്പിന്റെ കച്ചവടക്കാര്‍ക്ക് കേരളത്തില്‍ സ്ഥാനമില്ലെന്ന് പണക്കൊഴുപ്പുകളുടെ വര്‍ണശബളിമകള്‍ക്കും അധികാരത്തിന്റെ ഭീഷണികള്‍ക്കും മുന്നില്‍ വീഴുകയില്ലെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ മതേതരത്വത്തിന് കാവലാകുന്നത് നേതാക്കളല്ല, സാധാരണ മനുഷ്യരുടെ ഉയര്‍ന്ന രാഷ്ട്രീയബോധമാണെന്ന് ഒരിക്കല്‍ക്കൂടി നമുക്ക് തെളിയിക്കാം. അതെ, കേരളം കേരളമായി നിലകൊള്ളണം. സംഘ്പരിവാറിന് കാല്‍വെയ്ക്കാന്‍ ഇടമില്ലാത്ത മണ്ണെന്ന പെരുമയില്‍ നാട് അഭിമാനപൂരിതമാകണം. അടുത്ത തലമുറകളും നമ്മുടെ സ്‌നേഹ സാഹോദര്യത്തിന്റെ വിവേകപൂര്‍ണമായ വോട്ടവകാശ വിനിയോഗത്തില്‍ ആത്മഹര്‍ഷമുള്ളവരായിത്തീരണം.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പൗരാവകാശ പ്രസ്ഥാനങ്ങള്‍ക്കും സിവില്‍ സമൂഹങ്ങള്‍ക്കുമെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ കൈകൊണ്ട ഏകാധിപത്യപരവും സമഗ്രാധിപത്യപരവുമായ സമീപനങ്ങളും വിസ്മരിക്കപ്പെടരുത്. കെ-റെയില്‍ സമരത്തെയും ആശ സമരത്തെയും സര്‍ക്കാര്‍ നേരിട്ടത് മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ ഫാസിസ്റ്റ് പ്രവണതകളോടെയാണ്. പിന്‍വാതില്‍ നിയമനങ്ങളും ബന്ധുജന നിയമനങ്ങളും വഴി പാര്‍ട്ടി സേവകരെ കുത്തിനിറച്ച് കേരളത്തിലെ ഭരണ സംവിധാനത്തെയാകെ കാല്‍കീഴിലാക്കാനുള്ള ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങളും തുടര്‍ ഭരണത്തിലൂടെ നടപ്പാക്കപ്പെട്ടു. ഇത്തരം ഏകാധിപത്യ രീതികള്‍ എവിടെ എത്തിക്കും എന്ന മുന്നറിയിപ്പാണ് ബംഗാളും ത്രിപുരയും നല്‍കുന്നത്. ഭരണ തുടര്‍ച്ചയുടെ ആനന്ദത്തില്‍ വഴിതെറ്റി നശിച്ചു പോയതാണ് അവിടങ്ങളിലെ ഇടതുപക്ഷം
പത്ത് വര്‍ഷത്തെ അധികാരത്തുടര്‍ച്ച ഇടതുപക്ഷത്തെ അങ്ങേയറ്റം ദുഷിപ്പിച്ചിരിക്കുന്നു. അധികാരത്തില്‍ നിന്ന് താല്‍ക്കാലികമായി മാറ്റുകയെന്നതാണ് അവരെ തിരുത്താനും മതനിരപേക്ഷ രാഷ്ട്രീയത്തിലേക്ക് തിരിച്ചു നടത്താനുമുള്ള ഏകവഴി. കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയ ഘടന തകര്‍ത്ത് മുഖ്യ ഘടകമായി മാറാന്‍ എല്‍.ഡി.എഫിന് അധികാരത്തുടര്‍ച്ച നല്‍കാനുള്ള സംഘ്പരിവാര്‍ പദ്ധതിയെ പരാജയപ്പെടുത്താന്‍ ഈ സന്ദര്‍ഭത്തിലെ ഏറ്റവും ശരിയായ രാഷ്ട്രീയ സമീപനം യു.ഡി.എഫിനെ പിന്തുണക്കുകയെന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ബോധ്യമുണ്ട്. സംഘിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തെയും ഇടതുപക്ഷം അധികാരത്തുടര്‍ച്ചുക്കുവേണ്ടി പയറ്റുന്ന സമൂഹ വിഭജന സോഷ്യല്‍ എഞ്ചിനിയറിങ്ങിനെയും തോല്‍പ്പിക്കേണ്ടത് ഇപ്പോള്‍ മതനിരപേക്ഷ കേരളത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. സൗഹൃദകേരളത്തിന് യു.ഡി.എഫിന്റെ വിജയം ഉറപ്പിക്കണമെന്ന വെല്‍ഫെയര്‍ പാര്‍ട്ടി നിലപാട് എല്ലാ കേരളീയരുടെയും വിചാരവും മാറണം.
