August 11 Tuesday 2026

മഹുവാ മൊയ്ത്രക്ക് കേരള പൊലീസ് നോട്ടീസ് അയച്ചതെന്തിന്?

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്രക്ക് കേരള പൊലീസിന്റെ നോട്ടീസ് അയച്ചത് സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായിരിക്കുകയാണ്. കേരള പൊലീസ് തനിക്കയച്ച നോട്ടീസ് മഹുവ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് മഹുവാ മൊയ്ത്ര എക്‌സില്‍ പോസ്റ്റിട്ടതാണ് നോട്ടീസയക്കാന്‍ കാരണമായത്. പോസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും ഉടനടി നീക്കിയില്ലെങ്കില്‍ നിയമനടപടി എടുക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് മഹുവ പരിഹസിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ നെറ്റിയില്‍ ബിജെപി ചിഹ്നം പതിച്ച ഫോട്ടോ താന്‍ എക്സില്‍ പങ്കുവെച്ചിരുന്നെന്നും അത് ‘സാമുദായിക ഐക്യം’ ഇതിനേക്കാള്‍ തകര്‍ക്കുന്നതാണെന്നും പൊലീസ് നടപടിയെ പരിഹസിച്ച് മഹുവ പറഞ്ഞു. ‘വാനിഷ് കുമാര്‍’ എന്നാണ് മഹുവ കമീഷനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സമാനമായ പോസ്റ്റിട്ട യുപിയിലെ മാധ്യമപ്രവര്‍ത്തകന്‍ പീയുഷ് റായിക്കും കേരള പൊലീസിന്റെ നോട്ടീസ് ലഭിച്ചിരുന്നു. കത്ത് സംബന്ധിച്ച് പോസ്റ്റ് ഇട്ടതിന് 270 എക്സ് അക്കൗണ്ടുകള്‍ക്കും 200 ഫേസ്ബുക് പേജുകള്‍ക്കും 90 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും പൊലീസ് ഇതുവരെ നോട്ടീസ് നല്‍കിയിട്ടുണ്ട്.

അതേസമയം, ബിജെപിയുടെ സീല്‍ വന്നത് സാങ്കേതിക പിഴവ് മൂലമാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരിച്ചത്. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തല്‍ നടത്തിയിരുന്നെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ അറിയിച്ചിരുന്നു. സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായും കമീഷന്‍ അറിയിച്ചു.

Related