August 11 Tuesday 2026

ധവളപത്രം പുറത്തിറക്കി: സംസ്ഥാനം വൻ കടബാധ്യതയിൽ; പൊതുകടം 5.07 ലക്ഷം കോടി

സംസ്ഥാനത്തെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കി സർക്കാർ. സംസ്ഥാനം വൻ കടബാധ്യതയിലെന്ന് ധവളപത്രം പറയുന്നു. 5.07 ലക്ഷം കോടി രൂപ പൊതുകടം ഇനത്തിൽ ഉൾപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ശമ്പള ഇനത്തിൽ ചെലവ് 39904 കോടിയാണ്. പെൻഷൻ ഇനത്തിൽ 27885 കോടിയും, വായ്പാ തിരിച്ചടവ് ഇനത്തിൽ 29138 കോടിയും ചെലവിട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കടബാധ്യത ഒന്നര ഇരട്ടിയിലധികമുണ്ട്.

സർക്കാർ നിയമസഭയിൽ വച്ച വരുമാനത്തിന്റെ 77.6 ശതമാനവും ശമ്പളവും പെൻഷനും നൽകണം. എൽഡിഎഫ് സർക്കാർ സ്ഥാനമൊഴിയുമ്പോൾ 5236.74 കോടി രൂപ ബാക്കിയായി. സപ്ലൈകോയും ബെവ്കോയും ലയിപ്പിച്ച് ഒരൊറ്റ കോർപ്പറേഷൻ ആക്കണമെന്ന് ധവളപത്രത്തിൽ ശുപാർശ. ഇതിലൂടെ സപ്ലൈകോയുടെ നഷ്ടം നികത്താമെന്നാണ് വിലയിരുത്തൽ. ഊർജമേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നുകൊടുക്കുക, തന്ത്രപ്രധാനമല്ലാത്ത പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ പൂട്ടുകയോ ചെയ്യുക തുടങ്ങിയവയും നിർദേശങ്ങളിലുണ്ട്.

ജൂൺ 19ന് പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധവളപത്രം പുറത്തിറക്കുന്നത്. മെയ് മാസത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ധവളപത്രം പ്രസിദ്ധീകരിക്കാനുള്ള പദ്ധതി.

Related