August 13 Thursday 2026

വയനാട് ഒരു ചോദ്യ ചിഹ്നമാകുമ്പോൾ; വിദഗ്ധർ പറയുന്നത്

വയനാടിനെ കുറിച്ച്, അവിടുത്തെ പ്രകൃതിയെ കുറിച്ച്, പരിസ്ഥിതീക മാറ്റങ്ങളെ കുറിച്ച്, കാലാവസ്ഥയേയും മഴയേയും കുറിച്ച്, ഏറ്റവും ആഴത്തിലും നന്നായും പഠിച്ച സ്ഥാപനമാണ്‌ ഹ്യും സെന്റർ, അതിനെ നയിക്കുന്ന സുമ വിഷ്ണുദാസ് എന്ന പരിസ്ഥിതി ശാസ്ത്രജ്ഞയാണ്. മേപ്പാടി കള്ളാടിയിൽ ഉണ്ടായ മനുഷ്യ നിർമ്മിത ദുരന്തത്തെ കുറിച്ച് സുമ,വയനാട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ ശ്യാം കുമാർ എന്നിവർ എഴുതിയ കുറിപ്പുകൾ:

പതിനാല് പേരെ രക്ഷിക്കാൻ കഴിയാത്ത സാങ്കേതിക വൈദഗ്ധ്യത്തിന് ഇനി എത്ര മഴയെ തടുക്കാനാകും – സുമ വിഷ്ണുദാസ്

പശ്ചിമഘട്ടം 150 മില്യൺ വർഷം പഴക്കമുള്ള പർവ്വതനിരയാണ്. അതിൽ തന്നെ കാലപ്പഴക്കം കൊണ്ടും വെതറിങ് കൊണ്ടും അതീവ ദുർബലമായ പ്രദേശമാണ് ചെമ്പ്ര, വെള്ളരിമല, തൊള്ളായിരം കണ്ടി, അരണമല പ്രദേശങ്ങൾ. 2018 മുതൽ ഈ പ്രദേശത്തു ഏതാണ്ട് എല്ലാ വർഷവും ചെറുതും വലുതുമായ മലയിടിച്ചിലുകൾ ഉണ്ടയിട്ടുണ്ട്. അതിനു മുൻപ് 1984 ൽ ഉണ്ടായ ഉരുൾപൊട്ടൽ രേഖ പെടുത്തപ്പെട്ട വലിയ ഉരുൾ പൊട്ടലുകളിൽ ഒന്നാണ്. കഴിഞ്ഞുപോയ തിരഞ്ഞെടുപ്പുകളിൽ വോട്ടുമാർക്കറ്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 2024 ജൂലൈ 30 നു ഉണ്ടായ ചൂരൽമല ഉരുൾപൊട്ടൽ ലോകത്തിലെ തന്നെ ഏറ്റവും വലയ പ്രകൃതി ദുരന്തങ്ങയിൽ ഒന്നായി മാറി.

പേര് മറന്നു പോയ മനുഷ്യരുടെ പട്ടിക നീളുന്നു …
ഇതെല്ലം നിലനിൽക്കുമ്പോളും കള്ളാടി അനക്കാംപൊയിൽ തുരങ്കപാത വികസനത്തിൻറെ മാതൃകയായി, മലയോര കർഷകുരുടെ അവസാനത്തെ അതിജീവന സാധ്യതയായി, വയനാട്ടുകാരുടെ ഏക രക്ഷാ മാർഗ്ഗമായി ഒക്കെയാണ് സർക്കാരും പൊതുവിൽ ജനങ്ങളും ഉയർത്തി കാട്ടിയത്‌. പശ്ചിമഘട്ടത്തിന്റെ പ്രായവും അതിന്റെ ദുർബലതയും കാലാവസ്ഥാ വ്യതിയാനവും അതുമൂലം ഉണ്ടാകാനിടയുള്ള അതിതീവ്ര മഴയും അതുമൂലം അടർന്നു വീണേക്കാവുന്ന മലഞ്ചരിവുകളും അവയ്ക്കടിയിൽ പെട്ട് പോയേക്കാവുന്ന മനുഷ്യരുടെ ഭാവിയും ഒക്കെ എൻജിനിയറിങ് വൈദഗ്ധ്യം (ശാസ്ത്ര സാങ്കേതിക പരിചരണം) കൊണ്ട് മറികടക്കാൻ ആകും എന്നാണ് എല്ലാവരും പറഞ്ഞത്. ഒരു വേള സ്വാഭാവികമായി ഉണ്ടാകാൻ ഇടയുള്ള നാച്ചുറൽ ഡിസാസ്റ്റേഴ്‌സ് – തുരങ്കത്തിനായി നടക്കുന്ന എൻജിനീയറിങ് ഇടപെടൽ, പ്രകൃതി ദുരന്തങ്ങളുടെ ആഘാതം പോലും കുറയ്ക്കും എന്നാണ് ചില ഔദ്യോഗീക റിപ്പോർട്ടുകൾ പറഞ്ഞത്.

പിന്നീട് ഉയർത്തിക്കാട്ടിയ മറ്റൊരു USP തുരങ്കം നിർമ്മിക്കുന്ന കമ്പനിയുടെ വലുപ്പം ആയിരുന്നു. കൊങ്കൺ റെയിൽവേ ഉണ്ടാക്കിയ കമ്പനി ആണ് . പഞ്ചായത്തു റോഡ് ഉണ്ടാക്കുന്നതു പോലെ അല്ല, എന്നാണ് പലരും പറഞ്ഞത്. മല പൊളിച്ചു മണ്ണെടുത്തപ്പോൾ വെളിപ്പെട്ട മണ്ണിന്റെ ആഴമുള്ള അടരുകൾ മഴയത്തു ഒലിച്ചു പോകരുത് എന്ന് കരുതി ഉണ്ടാക്കിയ കോൺക്രീറ്റ് തടസങ്ങളും പിന്നെ കൂട്ടി വച്ച മണ്ണും ഒരു ദിവസം പെയ്ത 221 എംഎം മഴയിൽ ഒരുമിച്ചു ഒലിച്ചിറങ്ങുകയും അതിന്റെ കൂടെ മണ്ണിൽ പണിയെടുത്ത തൊഴിലാളികളും മണ്ണിനടിയിലാവുകയും ചെയ്തപ്പോൾ. നമ്മൾ കേൾക്കുന്നത് – കോൺട്രാക്ടറുടെ അനാസ്ഥ എന്നാണ്.

കൂട്ടിയിട്ട മണ്ണ് ആല്ല മുറിച്ചു വച്ച മലയാണ് ഒഴുകിപ്പോയത്. മുറിവിനു മുകളിൽ ഉള്ള മലയും മരങ്ങളും അടർന്നു വീണിട്ടുണ്ട്. ഇവിടെ ഇനിയും മഴ പെയ്യും. ഇതിലേ വെള്ളം ഇനിയും ഒഴുകും. ഇതിനു മുൻപും ഒഴുകിയിട്ടുണ്ട്. ഇത് എൽനിനോ വർഷം ആണ്. കാലവർഷം ഒന്നും ആയിട്ടില്ല. സഹസ്രാബ്ദങ്ങളുടെ മഴയും കാറ്റും മേഘ വിസ്പോടനവും ഏറ്റ് പൊട്ടി ഒലിച്ചു വഴിമാറി ഉണ്ടായതാണ്. ഈ മലയ്ക്ക് പുറകിലെ ചാലിയാർ വാലി. കാലവർഷ മേഘങ്ങളേ ആദ്യം സ്വീകരിക്കുന്ന മലനിരകൾ. കടൽ കുടിച്ച വെള്ളമൊക്കെ സ്വീകരിക്കുന്ന മല.മനുഷ്യർ പെട്രോൾ കത്തിച്ചു ചൂടാക്കിയ ഭൂമി തപിച്ചു കൊണ്ടേയിരിക്കുമ്പോൾ, കനം കൂടിയ കൂമ്പാര മേഘങ്ങൾ, അറബിക്കടലിനെ തോളിലേറ്റി വരും.

പതിനാല് പേരെ രക്ഷിക്കാൻ കഴിയാത്ത സാങ്കേതിക വൈദഗ്ധ്യത്തിന് ഇനി എത്ര മഴയെ തടുക്കാനാകും. നമ്മളെന്നാണ് സത്യത്തിന് അഭിമുഖമായി നിൽക്കുക … നമുക്ക് തുരങ്കത്തിലൂടെ കടന്നു വരാനിരിക്കുന്ന വിനോദ സഞ്ചാരികളെ സ്വപ്നം കണ്ടുറങ്ങാം .. ഈ 14 പേരെ കൂടി മറക്കാം.

—-
ഇനി വയനാട്ടിലേക്കുള്ള യാത്ര ദുരിതം അവസാനിപ്പിക്കാൻ, ഈ തുരങ്ക പാത ആവശ്യമില്ല, പകരം വേറെ പാതകൾ നിർമ്മിക്കാൻ സാധ്യത ഉണ്ടായിട്ടും കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ മുഴുവൻ ഈ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വലിയ പരിസ്ഥിതീക ദുരന്തം ചൂണ്ടി കാണിച്ചിട്ടും ഒരു പരിസ്ഥിതി പഠനവും നടത്താതെ പദ്ധതിയുമായി മുന്നോട്ട് പോയ മുൻ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്തു വകുപ്പ് മന്ത്രിക്കും കിഫ്‌ബിക്കും ഇന്നത്തെ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാകാനാകുമോ? കുറ്റമെല്ലാം കൊങ്കൺ റെയിൽവേ കോർപ്പറേഷനെയോ കരാറുകാരെനെയോ മാത്രം കുറ്റപ്പെടിത്തിയത് കൊണ്ട് എല്ലാ പ്രശ്നവും തീരുമോ?

വയനാട് തുരങ്കപ്പാത വളഞ്ഞ് മൂക്ക് പിടിക്കുന്ന പരിപാടിയാണ് – ശ്യാം കുമാർ

വയനാട്ടുകാരനും സർവ്വോപരി അടിക്കടി ഉരുൾപൊട്ടൽ ഉണ്ടാകുന്ന മേപ്പാടിയുടെ സമീപ പഞ്ചായത്തിലെ താമസക്കാരൻ എന്ന നിലയിലും തുരങ്ക പാത എന്തിന് വേണ്ടിയാണെന്ന് ആദ്യം മുതൽ സശയം തോന്നിയ വ്യക്തിയാണ് ഞാൻ. തുരങ്ക പാതയുടെ കാരണഭൂതനും അനുയായികകളും തുരങ്ക പാതയെ വാഴ്ത്തിപ്പാടി, അതിനെതിരെ നിൽക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിച്ചിരുന്ന കാലത്ത് ഇത് സംബന്ധിച്ച് ഒന്നു രണ്ട് പോസ്റ്റുകളും ഇട്ടിരുന്നു. വയനാടിന് പുറത്തുള്ളവർ കരുതിയിരിക്കുന്നത് താമരശ്ശേരി ചുരത്തിന് ബദലാണ് തുരങ്കമെന്നാണ്. എന്നാൽ, കോഴിക്കോട് മുക്കത്തിനടുത്ത് ആനക്കാംപൊയിൽ നിന്ന് തുടങ്ങി വയനാട് ചൂരൽ മലക്ക് അടുത്ത് കള്ളാടിയിൽ എത്തുന്ന പാത യഥാർത്ഥത്തിൽ വളഞ്ഞ് മൂക്ക് പിടിക്കുന്ന പരിപാടിയാണ്.

കാരണം, കള്ളാടിയെന്നത് മേപ്പാടിയും കഴിഞ്ഞ് ചൂരൽമല റോഡിൽ വയനാടിൻ്റെ ഒരു അരികിൽ ഉള്ള സ്ഥലമാണ്. അവിടെ നിന്ന് കൽപ്പറ്റയിൽ എത്താൻ പിന്നെയും കിലോമീറ്ററുകൾ സഞ്ചരിക്കണം. താമരശ്ശേരി ചുരം കേറി, ലക്കിടി എത്തിയാൽ കേവലം 18 കിലോമീറ്റർ മാത്രമാണ് കൽപ്പറ്റ ക്കുള്ളത്. കള്ളാടി കൽപ്പറ്റ ഏകദേശം 20 കിലോമീറ്ററുണ്ട്. തുരങ്ക പാതക്ക് 8-9 കിലോമീറ്റർ ദൂരം ഉണ്ട്. താമരശ്ശേരി നിന്ന് ആനക്കാംപൊയിൽ എത്താൻ 25-27 കിലോമീറ്ററും, അങ്ങിനെ നോക്കുമ്പോഴും 50 കിലോമീറ്ററിലധികം സഞ്ചരിച്ചാൽ മാത്രമാണ് ഒരാൾക്ക് കൽപ്പറ്റ എത്താൻ കഴിയുക.

നിലവിലെ ചുരം പാതയിൽ ഇത് 40-45 കിലോമീറ്റർ ആണ്. ഇതിനേക്കാൾ പരിഗണന കൊടുക്കേണ്ടത് ചിപ്പിലി തോട് -തളിപ്പുഴ പാത പദ്ധതിക്കും പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാതക്കും ആണ്. പക്ഷെ, എന്ത് ചെയ്യാൻ ടൂറിസം വികസനം എന്ന പേരിൽ 1000 ഏക്കർ വാങ്ങി ക്യാപ്സ്യൂൾ ടെൻ്റുകൾ ഒരുക്കിയ മുതലാളിയുടെ തോട്ടത്തിലേക്ക് തുരങ്ക പാതയിൽ വന്നിറങ്ങുന്ന ആ ഗും ഉണ്ടാക്കി കൊടുക്കാൻ പണം കൈപ്പറ്റിയ കാരണഭൂത അനുയായികൾക്ക് വാക്ക് പാലിച്ചല്ലേ പറ്റൂ. പിന്നെ മുതലാളിയുടെ കള്ളും കുടിച്ച് അതിനനുസരിച്ച് തുള്ളുന്ന വയനാട്ടിലെ ഭൂരിപക്ഷം വരുന്ന മാപ്ര കൂട്ടത്തിനെന്ത് പരിസ്ഥിതി സംരക്ഷണം. ദുരന്തം ഇരന്നു വാങ്ങാൻ പാവം നാട്ടുകാരുണ്ടല്ലോ..

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായി വരേണ്ടത് പരിസ്ഥിതി ശാസ്ത്രജ്ഞനല്ലേ? – രവിശങ്കർ കെ.വി

വയനാട് ഒരു വലിയ പാരിസ്ഥിതീക ദുരന്തത്തിന്റെ അഗ്നിപർവ്വത സമാന സാഹചര്യത്തിലാണ് നിൽക്കുന്നത്. ഇനിയും അവിടെ, വികസനത്തിന്റെ പേരിൽ, കൊണ്ട് വരുന്ന ഓരോ വൻകിട നിർമ്മാണ പ്രവർത്തികളും കൃത്യമായ പരിസ്ഥിതി ആഘാത പഠനത്തിന്റെയും ശാസ്ത്രീയ, സാങ്കേതിക വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ നടപ്പിലാക്കാൻ സർക്കാർ തീരുമാനം എടുക്കാവൂ എന്നാണ് എനിക്ക് പറയാനുള്ളത്.

പിൻകുറിപ്പ് : ഇന്ന് ഒരു വാർത്ത കണ്ടു, സർക്കാരിന്റെ ശാസ്ത്ര ഉപദേശകൻ ആയി മുൻ ഐഎസ്ആർ ഓ ചെയർമാൻ സോമനാഥ്‌ അവർകളെ ക്ഷണിച്ചു എന്ന്. നല്ല തീരുമാനം. പക്ഷേ…( അതൊരു വലിയ പക്ഷേയാണ്. കഴിഞ്ഞ 10 വർഷം ഇതുപോലെ ഒരു technocrat ആയിരുന്നു ശാസ്ത്ര ഉപദേഷ്ടാവ്. പൊതുഖജനാവിലെ കോടികൾ ആ ഒരു പദവി അലങ്കരിച്ച വ്യക്തിയും ചെലവാക്കിയിരുന്നു. അദ്ദേഹം കേരളത്തിന്, നൽകിയ ഒരു ഉദാഹരണം ആരെങ്കിലും പറഞ്ഞു തരുമോ?)

ശരിക്കും പറഞ്ഞാൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായി ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെയല്ലേ നിയമിക്കേണ്ടത്. അല്ലെങ്കിൽ നാലോ അഞ്ചോ പേരടങ്ങിയ ഒരു ശാസ്ത്രജ്ഞറുടെ ഒരു സംഘത്തെയാണ് നിയമിക്കേണ്ടത്. വർഷങ്ങായി ബഹിരാകാശാ ശാസ്ത്രജ്ഞരെയാണ് പരിഗണിക്കുന്നത്. മികച്ച സാങ്കേതിക വിദഗ്ദരായ ഇവരേക്കാൾ ആവശ്യം കേരളത്തിന്റെ നിത്യ ജീവിതത്തിൽ ശാസ്ത്രത്തിന്റെ നേട്ടം, അത് പരിസ്ഥിതി, മണ്ണ്, ജലം, കാലാവസ്ഥ വ്യതിയാനം, ഒക്കെ പരിഗണിച്ചു, സംസ്ഥാനത്തിന് ഒരു പുതിയ പോളിസി ഉണ്ടാക്കാനും നിരന്തരം ഇത്തരം കാര്യങ്ങൾ അപഗ്രഥിച്ചു കൊണ്ട് നയരൂപീകരണം നടത്താനും ശേഷിയുള്ള വിദഗ്ദരായ ഒരാളെ കൂടി പരിഗണിക്കണം. പ്രത്യേകിച്ചും ഇന്നത്തെ ദുരന്തം നമ്മുടെ മുന്നിൽ ഒരു പാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുമ്പോൾ.

 

 

Related