ഡോ. ബി.ആര്‍. അംബേദ്കര്‍ വിഭാവനം ചെയ്ത വിട്ടുവീഴ്ചയില്ലാത്ത ‘സാമൂഹിക രാഷ്ട്രീയ വേര്‍തിരിവ്’ (Political Distinctness) എന്ന ആശയത്തില്‍ നിന്ന് ബി.എസ്.പി എത്രത്തോളം അകന്നുപോയി എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ ‘പരശുരാമന്റെ കൂറ്റന്‍ പ്രതിമ’ സ്ഥാപിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനം. ദലിതരുടെ ഭൂമി കവര്‍ന്ന് ബ്രാഹ്മണര്‍ക്ക് നല്‍കാന്‍ വന്ന ആളാണ് പരശുരാമന്‍ എന്ന് ഒരുകാലത്ത് ബി.എസ്.പിക്കാര്‍ വിമര്‍ശിച്ചിരുന്നു. മായാവതിക്ക് അധികാരത്തിനുവേണ്ടി പരശുരാമന്‍ ഇപ്പോള്‍ അവരുടെ ആരാധ്യ അവതാരമായി മാറി.
ബഹുജന്‍ രാഷ്ട്രീയത്തിന്റെ വീഴ്ച
സവര്‍ണ്ണാധിപത്യത്തിനെതിരെ 85 ശതമാനം വരുന്ന മര്‍ദ്ദിതരുടെ ഐക്യനിരയായിട്ടാണ് കാന്‍ഷിറാം ബി.എസ്.പി രൂപീകരിച്ചത്. എന്നാല്‍, അധികാരം നിലനിര്‍ത്താന്‍ വേണ്ടി മായാവതി കൊണ്ടുവന്ന ‘സര്‍വ്വജന്‍’ മോഡല്‍ സാമൂഹികമായി വേര്‍തിരിക്കപ്പെട്ടവര്‍ രാഷ്ട്രീയമായും വേര്‍തിരിക്കണമെന്ന് അംബേദ്കറുടെ തത്വത്തെ നിരാകരിച്ച്, സവര്‍ണ്ണ വോട്ടുകള്‍ക്കായുള്ള യാചനയാക്കി മാറ്റി. അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച ജാതിവിരുദ്ധ പോരാട്ടത്തിന്റെ മൂര്‍ച്ച, പരശുരാമനെപ്പോലുള്ള ബ്രാഹ്മണ്യ പ്രതീകങ്ങളെ വാഴ്ത്തുന്നതിലൂടെ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. അംബേദ്കറുടെ വിപ്ലവവീര്യത്തിന്റെ പ്രതീകമായിരുന്ന ബി.എസ്.പിയുടെ ‘ആന’, ഇന്ന് വെറുമൊരു അമ്പലപ്പറമ്പിലെ ആനയെപ്പോലെയായി മാറിയിരിക്കുന്നു. കാന്‍ ഷിറാംമിന്റെ ആന അനീതികള്‍ക്കെതിരെ പൊരുതുന്ന, സ്വതന്ത്ര രാഷ്ട്രീയ സ്വത്വമുള്ള കരുത്ത് ആയിരുന്നു. മായാവതി അതിനെചങ്ങലയ്ക്കിടപ്പെട്ട, സവര്‍ണ്ണ താല്‍പ്പര്യങ്ങളുടെ ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ എഴുന്നള്ളിക്കപ്പെടുന്ന ഒരു കാഴ്ചവസ്തുവാക്കി.
ദലിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമിയും വിഭവങ്ങളും ഉറപ്പാക്കുന്നതിന് പകരം, പരശുരാമന്റെ പ്രതിമ പണിയുമെന്ന് വാഗ്ദാനം ചെയ്യുന്നത് കേവലം വോട്ട് രാഷ്ട്രീയമാണ്. അടിച്ചമര്‍ത്തുന്നവന്റെ പ്രതീകങ്ങളെത്തന്നെ നെഞ്ചേറ്റുന്നതിലൂടെ, രാഷ്ട്രീയമായി വേര്‍തിരിക്കണം എന്ന അംബേദ്കറുടെ അടിസ്ഥാന തത്വത്തെയാണ് മായാവതി തള്ളിപ്പറയുന്നത്.
അധികാരത്തിനുവേണ്ടി പാര്‍ട്ടിയുടെ തലപ്പത്തും വോട്ട് ബാങ്കിലും സവര്‍ണര്‍ക്ക് അമിതമായ പ്രാധാന്യം നല്‍കി
അധികാരത്തിന് വേണ്ടിയുള്ള ഈ ‘സോഷ്യല്‍ എന്‍ജിനീയറിംഗ്’ ദലിത് രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തി. ഇരയും വേട്ടക്കാരനും ഒരേ കുടക്കീഴില്‍ വരുമ്പോള്‍ നീതി നടപ്പിലാകില്ല. അതുകൊണ്ടാണ് യു.പിയില്‍ ബി.എസ്.പി ഇത്രയേറെ വര്‍ഷം ഭരിച്ചിട്ടും ഇന്നും ദലിത്-ആദിവാസി പീഡനങ്ങള്‍ തുടരുന്നത്.
അംബേദ്കറുടെ ‘ബഹുജന്‍’ രാഷ്ട്രീയത്തില്‍ നിന്ന് സവര്‍ണ്ണ പ്രീണനത്തിന്റെ ‘സര്‍വ്വജന്‍’ രാഷ്ട്രീയത്തിലേക്കുള്ള മാറ്റം, ആനയെ അംബേദ്കറുടെ വിപ്ലവഭൂമിയില്‍ നിന്ന് അമ്പലപ്പറമ്പിലെ ചങ്ങലക്കെട്ടുകളിലേക്ക് എത്തിച്ചിരിക്കുന്നു. രാഷ്ട്രീയമായ ഈ വേര്‍തിരിവ് ഉപേക്ഷിച്ചതാണ് ബി.എസ്.പിയുടെ ഇന്നത്തെ തകര്‍ച്ചയുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ദയനീയാവസ്ഥയുടെയും പ്രധാന കാരണം.
