August 9 Sunday 2026

സംഘ് രാഷ്ട്രീയം ബുള്‍ഡോസര്‍ രാജ് ആയുധമാക്കുമ്പോള്‍

”കരഞ്ഞാലും വീട് ബാക്കി വെക്കില്ല, എതിര്‍ത്താല്‍ പിന്നെ ഞങ്ങളുണ്ടാവില്ല..” അസമില്‍ ഒറ്റദിവസംകൊണ്ട് ഭവനരഹിതരായവരില്‍ ഒരാള്‍ ഹൃദയം നൊന്ത് പറഞ്ഞ വാക്കുകളാണിത്. അസമിലെ ഗോല്‍പാരയില്‍ 1080 മുസ്‌ലിം കുടുംബങ്ങളുടെ വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുക്കുന്നത്. പൈകാന്‍ റിസര്‍വ് ഫോറസ്റ്റ് മേഖലയിലെ 140 ഹെക്ടര്‍ പ്രദേശത്തെ വീടുകളാണ് തകര്‍ത്തത്. ബംഗാള്‍ വംശജരായ മുസ്‌ലിംകളുടെ വീടുകളാണ് ബുള്‍ഡോസര്‍ രാജില്‍ തകര്‍ത്തതിലേറെയും. ജൂണ്‍ 16 ന് ഇതിനു സമീപ പ്രദേശമായ ഹാസിലാബിലില്‍ 690 കുടുംബങ്ങള്‍ താമസിച്ചുവന്ന വീടുകളും സമാനമായി തകര്‍ത്തിരുന്നു. അസമില്‍ നാലു ജില്ലകളിലായി ഒരു മാസത്തിനിടെ 4,000 ലേറെ വീടുകളാണ് ബുള്‍ഡോസര്‍ രാജില്‍ മണ്ണോടു ചേര്‍ന്നത്. ബംഗാളി വംശജരായ മുസ്‌ലിംകളെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഹിമന്ത ബിശ്വ ശര്‍മയുടെ ബി.ജെ.പി സര്‍ക്കാര്‍ തുടരുന്ന കുടിയൊഴിപ്പിക്കലില്‍ കൂര നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ആളുകള്‍ക്കാണ്. ഏറ്റവും ഒടുവില്‍ കുടിയൊഴിപ്പിക്കലനിതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരം പൊലീസ് വെടിവെപ്പ് നടത്തുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു.

അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെന്ന പേരിലാണ് നടപടി. വീടുകള്‍ക്ക് പുറമെ സ്‌കൂളുകള്‍, മദ്‌റസകള്‍, പളളികള്‍, ഈദ്ഗാഹുകള്‍ തുടങ്ങിയ നിരവധി കെട്ടിടങ്ങളും കൂടാതെ കാര്‍ഷിക വിളകളും നശിപ്പിച്ചു. കയ്യേറ്റമൊഴിപ്പിക്കുമ്പോള്‍ 15 ദിവസങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കണമെന്നും ഒഴിപ്പിക്കുമ്പോള്‍ ബദല്‍ സംവിധാനം നല്‍കണമെന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചതെങ്കിലും പാലിക്കപ്പെട്ടില്ല.

ദേശി മുസ്‌ലിംകളാണ് ഗോല്‍പാരയിലെ പൈകാന്‍ ഗ്രാമത്തില്‍ കാലങ്ങളായി താമസിച്ചിരുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട 1,100 ഓളം വരുന്ന മുസ്‌ലിം കുടുംബങ്ങളെ ഗോത്രവര്‍ഗ വിഭാഗങ്ങളായി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. എന്നാല്‍, കയ്യേറ്റക്കാരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും മുദ്രകുത്തിയാണ് ആയിരക്കണക്കിന് മുസ്‌ലിംകളെ ബാരിക്കേഡുകള്‍ കെട്ടി കനത്ത പൊലീസ് സുരക്ഷയില്‍ ബുള്‍ഡോസര്‍ രാജില്‍ ഒഴിപ്പിച്ചത്. ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെല്ലാം ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നാണ് ഹിമന്ത സര്‍ക്കാറിന്റെ വാദം. ഇവരെ കുടിയൊഴിപ്പിക്കുക എന്നത് രാജ്യസേവയായാണ് ഇക്കൂട്ടര്‍ കണക്കാക്കുന്നത്.

2017ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പിയുടെ യോഗി ആദിത്യനാഥാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ത്ത് കളയും എന്ന് പൊതുപ്രസ്താവന നടത്തുന്നത്. കുറ്റവാളികളുടെയും മാഫിയകളുടെയും വീടുകള്‍ തകര്‍ക്കുമെന്ന ശാസനയോടെയായിരുന്നു തുടക്കം. നിയമപരമായ നടപടികള്‍ പാലിക്കാതെ തന്നെ പ്രതിഷേധിച്ചവരുടെ വീടുകള്‍ തകര്‍ക്കുന്നതിനായി ബുള്‍ഡോസര്‍ ഉപയോഗിച്ചതായി കാണാം. 2022 ല്‍ ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബുള്‍ഡോസര്‍ ബാബാ എന്നാണ് യോഗിയെ വിശേഷിപ്പിച്ചിരുന്നത്.

ഉത്തര്‍പ്രദേശിനു പുറമെ മധ്യപ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ പ്രവണത വ്യാപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ബുള്‍ഡോസര്‍ മാമ എന്നൊരു പട്ടവും നേടിയിരുന്നു. മുസ്‌ലിം സമൂഹത്തെ ലക്ഷ്യമാക്കിയാണ് പ്രധാനമായും ഈ രക്തം പുരണ്ട ജെ.സി.ബി പ്രയോഗിച്ചിരുന്നത്. ഇന്ത്യയില്‍ 1,50,000 ലധികം വീടുകള്‍ ബുള്‍ഡോസര്‍ രാജിലൂടെ തകര്‍ക്കുകയും 7,38,000 ലധികം ആളുകള്‍ രണ്ട് വര്‍ഷം കൊണ്ട് ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരത്തില്‍ ഭവനരഹിതരാകുന്നവര്‍ സ്വാഭാവികമായും പൗരത്വം തടങ്കലിലാവുകയോ നാടുകടത്തപ്പെടുകയോ ആണ് സംഭവിക്കുക.

അസമില്‍ വനമേഖലാ സംരക്ഷണമെന്ന പേരിലാണ് കുടിയൊഴിപ്പിക്കല്‍ നടന്നത്. എന്നാല്‍, സ്ഥലം റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനു മുമ്പേ താമസിച്ചുവരുന്നവരാണ് താങ്ങളെന്നാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പറഞ്ഞത്. സംരക്ഷിത വനമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ താമസക്കാരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കിയില്ലെന്ന് കാണിച്ച് 2022ല്‍ ഗോല്‍പാര അഭിഭാഷക സംഘടന സര്‍ക്കാറിനും വനം വകുപ്പിനും നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവ് പ്രകാരം മുന്നറിപ്പ് നല്‍കുകയോ ഒരു ബദല്‍ സംവിധാനം തരപ്പെടുത്തുകയോ ചെയ്യാതെയാണ് അപ്രതീക്ഷിതമായി കുടിയൊഴിപ്പിച്ചത്. അസം മുഖ്യമന്തരി ഹിമന്ത ബിശ്വശര്‍മ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച ആളാണ്. ബംഗാള്‍ സംസാരിക്കുന്ന മുസ്‌ലിംകളെ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ എന്ന സംശയത്തില്‍ നിര്‍ത്തിക്കൊണ്ട് കുടിയൊഴിപ്പിക്കുന്നതിനാണ് വനമേഖലാ സംരക്ഷണമെന്ന മിഥ്യേനെ ഇറക്കിവിട്ടതെന്നും കരുതാം.

 

Related