October 14 Wednesday 2026

സി.കെ ജാനുവിനും സണ്ണി എം. കപിക്കാടിനും അധികാര ഭ്രഷ്ട് കല്‍പിക്കിക്കുമ്പോള്‍

ഫതിഹ് അകിന്‍ സംവിധാനം ചെയ്ത Amrum എന്ന 2025-ല്‍ പുറത്തിറങ്ങിയ ജര്‍മ്മന്‍ സിനിമയില്‍ നാനിംഗ് എന്ന ഒരു ബാലന്റെ ഡി-നാസിഫിക്കേഷന്‍ പ്രക്രിയ ഒരു പ്രധാന പ്ലോട്ട് ആയി വരുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍, ഹിറ്റ്‌ലറുടെ പതനത്തോട് അനുബന്ധിച്ച്, നാസിസം എന്ന ആശയത്തില്‍ വിശ്വസിക്കുന്ന ഒരു അമ്മയും, അതില്‍ നിന്ന് വിടുതല്‍ നേടാന്‍ ശ്രമിക്കുന്ന ഒരു കുട്ടിയുടെയും ഉള്ളിലുള്ള സംഘര്‍ഷമാണ് ഈ സിനിമ അവതരിപ്പിക്കുന്നത്. നാസിസം എന്ന ആശയത്തില്‍ നിന്ന് ജര്‍മ്മനി പൂര്‍ണ്ണമായി മോചിതമായോ എന്നത് ഇന്നും ഒരു ചോദ്യം തന്നെയാണ്; അതേസമയം നവ-നാസിസം പല രൂപങ്ങളില്‍ തിരികെ വരുന്നു എന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ത്യയുടെ സാഹചര്യത്തില്‍, ഡി-നാസിഫിക്കേഷന്‍ പോലെ ഒരു ഡി-കാസ്റ്റിംഗ് പ്രക്രിയ ഒരിക്കലും സാധ്യമാകാത്ത ഒന്നാണെന്ന് സണ്ണി എം. കപിക്കാട് എന്ന രാഷ്ട്രീയ വ്യക്തിത്വത്തിനും സി.കെ. ജാനു എന്ന ആദിവാസി നേതാവിനും യു.ഡി.എഫ് എന്ന രാഷ്ട്രീയ മുന്നണി തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

സി.കെ. ജാനുവും സണ്ണി എം. കപിക്കാടും കേരളത്തിലെ പൊതു മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യങ്ങളായി ഉയര്‍ന്നുവരുന്നത് പുതിയ നൂറ്റാണ്ടിലാണ്. അതിനു മുമ്പും അവര്‍ ഇവിടെ സജീവമായിരുന്നുവെങ്കിലും, ഡിജിറ്റല്‍ യുഗത്തിലെ മാധ്യമ മാറ്റങ്ങളിലൂടെയും പുതിയ മീഡിയ ലിബറലൈസേഷനിലൂടെയും അവര്‍ കൂടുതല്‍ ദൃശ്യമായ സാന്നിധ്യമായി മാറി. ആ ടൂളുകളില്‍ അവര്‍ വലിയ രീതിയില്‍ വളര്‍ന്നു. അവയിലൂടെ അവര്‍ സംസാരിച്ചത് കേവലം ആദിവാസികളോടോ ദലിതരോടോ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ പൊതു സമൂഹത്തോടുമാണ്. കേരളത്തിന്റെ വികസന മോഡലുകളിലെ പൊള്ളത്തരങ്ങളെ അവര്‍ തെളിവുകളോടെ ചോദ്യം ചെയ്തു, അതിന്റെ അടിസ്ഥാനങ്ങളെ തന്നെ വിമര്‍ശനവിധേയമാക്കി. 2010-ന് ശേഷം ഉയര്‍ന്നുവന്ന ആള്‍ട്ടര്‍ പൊളിറ്റിക്‌സ്, വിവിധ ഐഡന്റിറ്റി രാഷ്ട്രീയങ്ങള്‍, അവയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ എന്നിവയിലൂടെ അവര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ പുരോഗമന കേരളത്തെ പ്രതികരിക്കാന്‍ നിര്‍ബന്ധിതമാക്കി. സാമൂഹിക മാധ്യമങ്ങള്‍ അതിനു വലിയ ഇടമായി. ഉള്‍ക്കൊള്ളല്‍, പ്രതിരോധം, പ്രതികരണം, ഹൈജാക്ക് ചെയ്യല്‍ തുടങ്ങിയ വ്യത്യസ്ത പ്രക്രിയകളിലൂടെ ഈ ചര്‍ച്ചകളെ അഭിമുഖീകരിക്കേണ്ട സാഹചര്യം രൂപപ്പെട്ടു. അതിലൂടെ കേരളം സ്വയം ഒരു പുരോഗമന ഇടമെന്ന അവകാശവാദത്തിനുള്ളില്‍ തന്നെ ജാതി എന്ന യാഥാര്‍ഥ്യത്തെ നേരിടേണ്ടി വന്നു. ആ യാഥാര്‍ഥ്യം കേരളം എന്ന പുരോഗമന ആശയത്തെ തന്നെ പൊളിച്ചു

ഇത്തരം ഒരു പ്രക്രിയയില്‍ ലിബറല്‍ സമൂഹങ്ങളിലുള്ള യുവാക്കള്‍ ഉള്‍പ്പെടെ ഡി-കാസ്റ്റിംഗ് എന്ന പ്രക്രിയയെ അഭിമുഖീകരിക്കേണ്ടി വന്നു. പക്ഷേ, സബാള്‍ട്ടന്‍ ആദിവാസി-ദലിത് ഐഡന്റിറ്റികളുടെ രാഷ്ട്രീയത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന കാര്യത്തില്‍ അവര്‍ക്കൊരു വ്യക്തത ഉണ്ടായിരുന്നില്ല. ”ഞങ്ങള്‍ക്ക് ജാതിയില്ല”, ”ഞങ്ങള്‍ക്ക് കോളനികളില്‍ കൂട്ടുകാരുണ്ട്”, ”ഞങ്ങള്‍ ദലിതരുടെ വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നു” തുടങ്ങിയ വാദങ്ങളിലൂടെ അവര്‍ പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. എന്നാല്‍, ജാതി എന്നത് വെറും സാമൂഹിക തിരിച്ചറിയല്‍ മാത്രമല്ല; അത് ഭൂമിയിലെ അധികാരം, രാഷ്ട്രീയ അധികാരം, പൊതുസ്ഥലങ്ങളിലെ സ്ഥാപനാധികാരം, മാധ്യമങ്ങളിലെ പ്രതിനിധാനം എന്നിവയെ ഉള്‍ക്കൊള്ളുന്ന പല തരത്തിലുള്ള സങ്കീര്‍ണ്ണ ഘടനയാണ് എന്ന് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ വ്യക്തമാക്കി. ഈ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ ലിബറല്‍ എലൈറ്റ് തലമുറക്ക് കഴിഞ്ഞില്ല. മാത്രമല്ല, സംവരണം പോലുള്ള പ്രതിനിധാനാധിഷ്ഠിത ശക്തിപ്രവര്‍ത്തനങ്ങളെയും അവര്‍ ചോദ്യം ചെയ്തു. ഇതിലൂടെ ലിബറല്‍ കേരളത്തിന്റെ പരിമിതികള്‍ വ്യക്തമായി.

സണ്ണി എം. കപിക്കാടും സി.കെ. ജാനുവും കേരളത്തിലെ പൊതു ഇടങ്ങളിലെ വിവിധ അധികാര കേന്ദ്രങ്ങളിലേക്ക് കടന്നു ചെന്നു ഇത്തരം രാഷ്ട്രീയ ചോദ്യങ്ങള്‍ ഉന്നയിച്ചു എന്നതാണ് അവരുടെ പ്രത്യേകത. വിശപ്പ് മാത്രമല്ല പ്രാതിനിധ്യവും അധികാരവും പ്രശ്‌നമാണ് എന്നു അവര്‍ പറഞ്ഞു/മാധ്യമങ്ങള്‍ ഇവരെ ”ദലിത് ചിന്തകന്‍” എന്നും ”ആദിവാസി നേതാവ്” എന്നും വ്യത്യസ്തമായി ബ്രാന്‍ഡ് ചെയ്തിരുന്നുവെങ്കിലും, അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കേരളത്തിലെ പൊതു ഇടത്തിലെ പൊതു ചിന്തയെ തന്നെ ആഴത്തില്‍ ബാധിക്കുന്നവയായിരുന്നു. കോളനികളുടെ ഭൗമശാസ്ത്രം, ഭൂമിയുടെ അധികാരം, അംബേദ്കറിന്റെ ജാതിവിരുദ്ധ ചിന്ത, ഗാന്ധിയെ ചോദ്യം ചെയ്യല്‍, രാഷ്ട്രീയ അധികാരത്തിന്റെ ഘടന, സംവരണത്തെ ചുറ്റിപ്പറ്റിയ തെറ്റിദ്ധാരണകള്‍ തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ അവതരിപ്പിച്ച വിമര്‍ശനങ്ങള്‍ നവോത്ഥാന കേരളത്തിന്റെ ഉപരിപ്ലവ അറിവുകളെ ചോദ്യം ചെയ്തു.

ഈ ചര്‍ച്ചകള്‍ക്ക് അവര്‍ ഉപയോഗിച്ച മാധ്യമങ്ങള്‍ക്കും അവരുടെ സാന്നിധ്യത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ടെലിവിഷന്‍ മീഡിയയുടെ വ്യാപനവും ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയും സാമൂഹിക മാധ്യമങ്ങളുടെ ഉയര്‍ച്ചയും ചേര്‍ന്നപ്പോള്‍, സണ്ണി എം. കപിക്കാടും സി.കെ. ജനുവും പോലുള്ളവരുടെ രാഷ്ട്രീയ സാന്നിധ്യം അവഗണിക്കാനാകാത്തതായി മാറി. കേരളം അവരെ കേള്‍ക്കേണ്ട സാഹചര്യം രൂപപ്പെട്ടു. ജാതിയുടെയും അധികാരത്തിന്റെയും കാര്യത്തില്‍ കേരളം പിന്നിലായിരുന്നുവെന്ന യാഥാര്‍ഥ്യം ഇതിലൂടെ കൂടുതല്‍ വ്യക്തമായി. ടെലിവിഷന്‍, പത്രങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെ അവരുടെ ശബ്ദം വ്യാപകമായി എത്തി.

കേരളം നിയമപരമായി ജാതിയെ എതിര്‍ത്തിട്ടുണ്ടെങ്കിലും, അത് സ്വയം ഡി-കാസ്റ്റ് ചെയ്തിട്ടില്ല. ബോധത്തില്‍, സ്ഥാപനങ്ങളില്‍, പൊതുസാംസ്‌കാരികതയില്‍, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ജാതിയെ മറികടക്കാനുള്ള ആഴത്തിലുള്ള സിവിലൈസേഷണല്‍ പ്രക്രിയയായി ഇത് സ്വീകരിച്ചിട്ടില്ല. ഈ പരാജയം വ്യക്തമായി കാണപ്പെടുന്നത് അധികാരത്തിന്റെ യഥാര്‍ഥ പുനര്‍വിതരണം നടക്കേണ്ട നിമിഷങ്ങളില്‍ സിസ്റ്റം പിന്മാറുമ്പോഴാണ്. അതുകൊണ്ടാണ് വൈക്കത്ത് സണ്ണി എം. കപിക്കാടിനെയും വയനാട്ടില്‍ സി.കെ. ജനുവിനെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കിയ സംഭവങ്ങളെ വെറും തെരഞ്ഞെടുപ്പ് തന്ത്രങ്ങളായി കാണാനാകാത്തത്. ഇത് കേരളത്തിന്റെ മെയിന്‍സ്ട്രീം അധികാര രാഷ്ട്രീയത്തില്‍ ശക്തമായ രാഷ്ട്രീയ ശബ്ദങ്ങളെ ഒഴിവാക്കുന്ന ഒരു ഘടനാപരമായ പ്രക്രിയയായി കാണേണ്ടതാണ്.

സി.കെ. ജനുവിന്റെയും സണ്ണി എം. കപിക്കാടിന്റെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഒഴിവാക്കല്‍, അധികാരത്തിലേക്കുള്ള അവരുടെ പ്രവേശനത്തെ തടയുന്ന ഒരു രാഷ്ട്രീയ നീക്കമാണ്. ഇത് കേരളത്തിന്റെ ജനാധിപത്യത്തിന്റെ നൈതികവും ഘടനാപരവുമായ പരിധികളെ തുറന്നു കാട്ടുന്നു. കേരള പുരോഗമനം വെറും ചപ്പടാച്ചി ഏര്‍പ്പാട് ആണ് എന്നു തെളിയിക്കുന്നു. അഭിപ്രായവ്യത്യാസങ്ങളെ ചര്‍ച്ചയായി ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നെങ്കിലും, അത് രാഷ്ട്രീയ അധികാരമായി രൂപാന്തരപ്പെടുന്ന നിമിഷത്തില്‍ പ്രതിരോധം ഉയരുന്നു എന്നതാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്. വൈക്കം ഒരു സാധാരണ മണ്ഡലം മാത്രമല്ല; അത് ഒരു ചരിത്രപരമായ രാഷ്ട്രീയ ഭൂമിശാസ്ത്രമാണ്. വൈക്കം സത്യാഗ്രഹം ജാതിവിരുദ്ധ പോരാട്ടത്തിന്റെ പ്രധാന അധ്യായമായിരുന്നു. ഒരു നൂറ്റാണ്ടിന് ശേഷം അതേ വൈക്കത്ത് ഒരു ദലിത് രാഷ്ട്രീയ ശബ്ദത്തെ അധികാരത്തില്‍ നിന്ന് പുറത്തു നിരത്തുന്നത് ചരിത്രത്തിന്റെ വിരോധാഭാസമാണ്.

യു.ഡി.എഫ് എന്ന രാഷ്ട്രീയ മുന്നണിയില്‍ സിദ്ധാന്തപരമായ ഇളവുകളും തുറന്ന രാഷ്ട്രീയ സാധ്യതകളും ഉണ്ടെന്ന ധാരണ നിലനിന്നിരുന്നു. വിവിധ അഭിപ്രായങ്ങള്‍ക്കും പ്രവേശനത്തിനും വളര്‍ച്ചയ്ക്കും സാധ്യതയുള്ള ഇടമായി അത് കണക്കാക്കപ്പെട്ടു. എന്നാല്‍, സണ്ണി എം. കപിക്കാടിനെ തന്നെ ക്ഷണിച്ച് പരിഗണിച്ച ശേഷം അദ്ദേഹത്തെ ഒഴിവാക്കുന്നത്, ഡി-കാസ്റ്റിംഗ് എന്ന പ്രക്രിയയുടെ സാധ്യതയെ തന്നെ നിഷേധിക്കുന്ന ഒരു നടപടിയായി മാറുന്നു. സി.കെ. ജനുവിനും സമാനമായ അവസരം ലഭിച്ചിരുന്നെങ്കില്‍, അത് കേരളത്തിലെ പൊതു സമൂഹത്തില്‍ ഒരു പരിവര്‍ത്തന പ്രക്രിയയ്ക്ക് തുടക്കമാകുമായിരുന്നുവെന്നത് സംശയമില്ല.

പക്ഷേ, സംസാരിക്കുന്ന, സമരം നടത്തുന്ന, അംബേദ്കറിസം മുന്നോട്ടുവയ്ക്കുന്ന, ഭൂസമരങ്ങള്‍ നയിക്കുന്ന നേതാക്കളെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നാലും, അവരെ അധികാരത്തിലേക്ക് നില നിര്‍ത്താന്‍ ാഷ്ട്രീയ ഇച്ഛാശക്തി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിന് ഇല്ല. ഇതിലൂടെ യു.ഡി.എഫ് ഒരു സങ്കീര്‍ണ്ണമായ, എന്നാല്‍ രാഷ്ട്രീയ ധിഷണയില്ലാത്ത കൂട്ടായ്മയായി തന്നെയാണെന്ന് തെളിയിക്കുന്നു. സബാള്‍ട്ടന്‍ ഐഡന്റിറ്റികളെ കേള്‍ക്കാനും വായിക്കാനും സംവദിക്കാനും തയ്യാറായിരുന്നെങ്കിലും, അവരെ നിയമസഭയിലും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലുമെത്തിക്കാന്‍ തയ്യാറല്ല എന്നതാണ് പുരോഗമന കേരളത്തിന്റെ പരിമിതി.

സണ്ണി എം. കപിക്കാടിനെയും സി.കെ. ജനുവിനെയും കേള്‍ക്കാന്‍ കേരളം തയ്യാറാണ്, പക്ഷേ കേരളത്തെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഈ ശബ്ദങ്ങളെ അധികാരത്തില്‍ ഇരുത്താന്‍ തയ്യാറല്ല. സംവരണ മണ്ഡലങ്ങളില്‍ മത്സരിക്കേണ്ട ദലിതരെയും ആദിവാസികളെയും പോലും തെരഞ്ഞെടുക്കുന്നത് മുഖ്യധാരാ രാഷ്ട്രീയ ശക്തികളാണ്; അവര്‍ക്കു സ്വതന്ത്ര രാഷ്ട്രീയ തീരുമാനാധികാരം അനുവദിക്കപ്പെടുന്നില്ല. ഇത് രാഷ്ട്രീയ നിയന്ത്രണത്തിന്റെ മറ്റൊരു രൂപമാണ്.

ഇന്ത്യന്‍ സമൂഹത്തില്‍ ഡി-കാസ്റ്റിംഗ് എന്ന പ്രക്രിയ അത്ര എളുപ്പമല്ല. സണ്ണി എം. കപിക്കാടിന്റെയും സി.കെ. ജനുവിന്റെയും സ്ഥാനാര്‍ഥിത്വങ്ങള്‍ നിഷേധിക്കപ്പെട്ട സംഭവം ഈ പ്രക്രിയയെ തടയുന്ന ഒരു ചരിത്രപരമായ നീക്കമായി കാണണം. ഇത് കേരളത്തിലെ പൊതുസമൂഹത്തിന്റെ ജാതി-അധികാര ഘടനയുടെ ഭാഗമാണ്. കേരളത്തിലെ പൊതുഇടങ്ങളെക്കുറിച്ചുള്ള ഒരു പരിഹാസം പോലെ, ഇത്തരം വിഷയങ്ങളില്‍ നടക്കുന്ന മാധ്യമ ചര്‍ച്ചകളിലും പ്രതിനിധാനത്തിന്റെ അഭാവം വ്യക്തമാണ്.

യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള അധികാര പോരാട്ടങ്ങള്‍ പലപ്പോഴും സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ പരിധിക്കുള്ളില്‍ തന്നെയാണ് നടക്കുന്നത്. അവര്‍ക്ക് അധികാരത്തിന് വേണ്ടി എന്തു അസംബന്ധ നാടകവും എങ്ങോട്ടു വേണമെങ്കില്‍ കാലുമാറ്റവും നടത്താം. എന്നാല്‍, ഈ രാഷ്ട്രീയ ശക്തികള്‍ അവരുടെ അധികാരങ്ങള്‍ തമ്മില്‍ പങ്കിടാന്‍ തയ്യാറാകുന്നുണ്ടെങ്കിലും, സബാള്‍ട്ടന്‍ സമൂഹങ്ങളിലേക്ക് ആ അധികാരം വ്യാപിപ്പിക്കാന്‍ തയ്യാറല്ല. സണ്ണി എം. കപിക്കാട് ഈ വിഷയത്തില്‍ പ്രകടിപ്പിച്ച രാഷ്ട്രീയ കൃത്യത, ഈ സമഗ്ര സാഹചര്യത്തെ വ്യക്തമാക്കുന്നു. സ്ഥാനാര്‍ഥിത്തത്തില്‍ നിന്നു ഒഴിവാക്കപ്പെട്ടത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ പക്വതയോടെയുള്ള പ്രതികരണം അതിനു തെളിവാണ്. ഒടുവില്‍ പറയേണ്ടത് ഇത്ര മാത്രം: കേരളത്തിലെ സവര്‍ണ്ണ അധികാര രാഷ്ട്രീയത്തിന്റെ പല പ്രകടനങ്ങളും പുറത്തുനിന്ന് പുരോഗമനമായി തോന്നിയാലും, അതിന്റെ ഉള്ളടക്കം പലപ്പോഴും ഒരു പൊള്ളയായ ജാതി വംശീയതായിലാണ് നില നിലയ്ക്കുന്നത്. ഇന്ത്യയില്‍ ഡി-കാസ്റ്റിംഗ് ഒരു വിദൂരത മാത്രമാണ്.

Related