August 11 Tuesday 2026

എബ്രായയിൽ നിന്ന് മലയാളത്തിലേക്കൊരു ഗോപുരം പണിയുമ്പോൾ

ken

‘മരണക്കിടക്കയിൽ നിന്ന് അടുത്തേക്ക് പിടിച്ച് മുഖം നിറയെ മുത്തം തന്നുമ്മ. ഉപ്പുരസമുള്ള മുത്തം. തുവെള്ള പൊതിഞ്ഞ ഉമ്മയെ കണ്ട്, എന്താണുമ്മ ഉണരാത്തതെന്ന് മൂന്നരവയസ്സുകാരൻ ചോദിച്ചപ്പോൾ ചുറ്റും കൂടി നിന്നവർ കണ്ണുതുടച്ചു. മുഖം മനസ്സിൽ പതിയും മുമ്പെ ആകാശച്ചിറകിലൊളിച്ച ഉമ്മയെ ചുമരിൽ തൂക്കിയ ചിത്രകലണ്ടറിൽ കണ്ടു. സ്‌കൂളിൽ പോയി തുടങ്ങിയപ്പോൾ നോട്ടുപുസ്തകത്തിന്റെ പുറംചട്ടയിലും. വലിയമ്മാവൻ പാത്തുവെച്ച ഉമ്മയുടെ പത്തിലെ മാർക്കുപുസ്തകത്തിൽ നിന്ന് മിടുക്കിയായ ഉമ്മ ചിരിച്ചു. ‘പാവം ഉമ്മയില്ലാത്ത കുട്ടി’ എന്ന് ചിലർ സഹതപിച്ചപ്പോൾ, ഉമ്മച്ചി എന്ന് വിളിച്ചു ശീലിച്ച ഉമ്മുമ്മ നിലാവായി. ഉമ്മയെ പോലെ എന്നെ വിട്ടേച്ചുപോകരുതെന്ന് കെഞ്ചിയപ്പോൾ ഇല്ലായെന്നുമ്മച്ചി വാക്കു തന്നു. ഉമ്മച്ചിയോട് കലഹിച്ചും കെട്ടിപിടിച്ചും ബാല്യവും കൗമാരവും കഴിഞ്ഞു. യൗവനം അറബ് മണ്ണിലായിരുന്നു. പ്രവാസത്തിലെ ഒരു ഉച്ചയുറക്കത്തിൽ കാറ്റുപോലെ ഉമ്മച്ചി കാതിൽ വന്നു മന്ത്രിച്ചു: ‘മോനെ.. പോകാതെ വയ്യ…’ വാക്കു തെറ്റിച്ച് ഉമ്മച്ചിയും പോയി. അവസാന നോക്കുപോലുംകാണാതെ..
ഉമ്മച്ചിയും മൂത്തമ്മയും പറഞ്ഞുതന്ന പേർഷ്യൻ കഥകളിൽ ഞാൻ എന്റെ ഗ്രാമത്തെ കണ്ടു… കഥകൾ കിനാവുകണ്ടു…. അങ്ങനെയങ്ങനെ…’
(”മെസപ്പൊട്ടേമിയ” എന്ന സ്വന്തം കഥാസമാഹാരത്തിന്റെ ആമുഖത്തിൽ സലിം കുരിക്കളകത്ത്)

ആ വിധം കണ്ണീരുപ്പുപുരണ്ട, ജീവരക്തം ഒഴുകുന്ന, ഒരളവുപാത്രങ്ങളിലും കൊള്ളാത്ത, ആ, ”അങ്ങനെ അങ്ങനെ…”യാണ്, ഇങ്ങനെയൊക്കെയുള്ള കഥകളായി, മലയാള ഭാഷയിലെ, ബഹുസ്വരസൗന്ദര്യസാക്ഷ്യമായി, ‘ഇതാ ഈ ഞാനും നിങ്ങൾക്കൊപ്പമുണ്ടെ’ന്ന വിനയത്തോടെ ഇപ്പോൾ നമ്മുടെ മുമ്പിൽ വന്നുനിൽക്കുന്നത്.

കാര്യമൊന്നുമില്ലാത്തതിൽ നിന്ന്, കുത്തിനോവിക്കാത്തതിൽ നിന്ന്, ഉള്ളം ഇളക്കിമറിക്കാത്തതിൽ നിന്ന് കരുത്തുള്ളൊരു കഥയും ഉണ്ടാവുകയില്ല. കണ്ണും കാതും മനസ്സും തുറന്നുവെയ്ക്കാതെ അതിൽ ആഴ്ന്നും പൊന്തിയുമിരിക്കാതെ ഉള്ളിൽ സ്പർശിക്കും വിധമുള്ള വാക്കുകളൊന്നും വാർന്നുവീഴില്ല. നാനാപ്രകാരമുള്ള ജീവിതാവസ്ഥകളുടെ കേവല അപഗ്രഥനം മാത്രമല്ല മികച്ച കഥകളിൽ നടക്കുന്നത്. സമസ്തസംഭവങ്ങൾക്കുമപ്പുറമുള്ള എന്തോ ‘ഒന്നിൽ’വെച്ചാണത് സൂക്ഷ്മ സംഘർഷങ്ങളുടെ ഒതുക്കമില്ലായ്മകളിൽ വേവലാതിപ്പെടുന്നത്. പലവഴികളിലൂടെ കടന്നുവന്ന് മാനവികതയെ മഹത്വപ്പെടുത്തുന്ന, കാണുംകാഴ്ചകൾക്കൊപ്പം കാണാപ്പുറം കാഴ്ചകൾകൊണ്ടും ജീവിത്തെ അഗാധമാക്കുന്ന, പലമകളൊരുക്കുന്ന പ്രതിരോധമാവുമ്പോഴാണ്, അറിയാവഴികളിലൂടെ തനിച്ച് നടത്തുന്ന തീ തിന്നും യാത്രയാവുമ്പോഴാണ്, കഥകൾ നരച്ച പതിവുകളുടെ കടലേഴും കടന്ന് നിറപ്പകിട്ടുള്ള പുതുമകളുടെ ദൃശ്യതയിൽ കോരിത്തരിക്കുന്നത്.

സലിം കുരിക്കളകത്ത് പ്രത്യേകിച്ച് ഒരാമുഖവും ആവശ്യമില്ലാത്തവിധം വേറിട്ട കഥകളുടെ ലോകത്തിലൂടെ കാലിടറാതെ സഞ്ചരിക്കുന്ന ഏറെ ശ്രദ്ധ അർഹിക്കുന്ന സമകാലത്തെ ‘ സർഗ്ഗധനനായ ഒരെഴുത്ത് പ്രതിഭയാണ്. സംഭ്രമം സൃഷ്ടിക്കുന്ന സത്യങ്ങളെ ‘ശിഥിലമാക്കി’ വ്യാജസമഗ്രത ഒരുക്കാതെ വ്യത്യസ്ത വായനകളെ കെട്ടഴിച്ചുവിടാൻ കരുത്തുനൽകുന്ന, വെന്തമണ്ണിന്റെ ചൂടറിഞ്ഞ, മലയാളത്തിന്റെ, ഒരു വിധേനെയും മാറ്റിനിർത്താനാവാത്ത പ്രിയ കഥാകൃത്താണ്. കഥയെന്നത് സലിമിനെ സംബന്ധിച്ചിടത്തോളം ചുരുക്കിപറയലുകളോട് കലഹിക്കുന്ന, പ്രബന്ധസരളതകൾക്ക് പരിക്കേൽപ്പിക്കുന്ന, മറവികൾക്കെതിരെ ഓർമകൾ പട നയിക്കുന്ന, ആഖ്യാനസൂക്ഷമതകൊണ്ട് കുതറുന്ന, വായനയുടെ അലസഒഴുക്കിന് തടയിട്ടുകൊണ്ട് അസ്വസ്ഥപ്പെടുത്തുന്ന ഒരനുഭവാവിഷ്‌കാര സാന്ദ്രലോകമാണ്.

‘പറയാനൊന്നുണ്ടാവുക, പറയേണ്ട രീതിയിൽ പറയുക’ എന്നതിൽ അവസാനിപ്പിക്കാതെ, പിന്നേയും എന്തൊക്കെയോ ബാക്കിവെക്കുമ്പോഴാണ്, കഥകളുടെ പതിവ് ‘ഫ്രെയിമുകൾ’ പൊളിയുന്നത്. കുറച്ച് പറഞ്ഞ് കൂടുതലുണ്ടാക്കുന്നതിനും, കൂടുതൽകൊണ്ട് ‘കുക്കൂടുതൽ’ ഉണ്ടാക്കുന്നതിനും അപ്പുറമുള്ളൊരു അവതരണരീതിയാണ് സലിം കുരിക്കളകത്തിന്റെ കഥകളിൽ കാണുന്നത്. കീറി മുറിക്കുന്ന, നെഞ്ചകം കോച്ചുന്ന സമകാല അവസ്ഥകൾ സലിം കഥകളിൽ കടന്നുവരുന്നത്, ബഹളംവെപ്പില്ലാതെ ഒരൊച്ചയും കേൾപ്പിക്കാതെയാണ്. വീറിലും വാശിയിലുമല്ല ആഖ്യാനങ്ങളിലെ വളവുതിരിവുകളിൽ വെച്ചാണത് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് സൂക്ഷമമാകുന്നത്. ഗറില്ല സൗന്ദര്യശാസ്ത്രത്തിൻ്റെ സഹജമായ ഒളിയിടഇടപെടലിൽ വെച്ചാണത് സൗമ്യവിസ്‌ഫോടനങ്ങൾ സൃഷ്ടിക്കുന്നത്. ഞാനൊന്നുമറിഞ്ഞില്ലെന്നൊരു മട്ടിലുള്ള കള്ളച്ചിരിയുടെ സത്യസ്പർശമുള്ള വാക്കുകളാണ്, സലിമിന്റെ കഥകളിൽ ഇരുട്ടും വെളിച്ചവുമായി പരസ്പരം ഇടയുന്നത്.

‘മെസപ്പൊട്ടേമിയ’ എന്ന ആദ്യ കഥാസമാഹാരത്തിലെ കഥകൾ മാനവികതയുടെ കയറ്റിറക്കങ്ങളിലൂടെ കടന്നുപോവുമ്പോഴും ‘കഥ’യെന്നത് സലിമിന് വലിയൊരു സാന്ത്വനവും നിശ്ശബ്ദസമരവുമാണ്. അതുകൊണ്ടാണ് സലിം കുരിക്കളകത്തിന്റെ പല കഥകളിലും ‘കഥ’ തന്നെ പ്രത്യക്ഷമായും അല്ലാതെയും കഥാപാത്രമാവുന്നത്. സലീമിന്റെ കഥകളിൽ പലപ്പോഴും കണ്ടുമുട്ടുന്നത് നാനാപ്രകാരമുള്ള ജീവിതങ്ങളിൽ കാണാതെ പോവുന്ന കണ്ണീരാണ്. ഉറ്റിവീഴാൻ പോലും പേടിക്കുന്ന കണ്ണീർകണങ്ങൾക്കും, പൊള്ളിക്കുന്ന കനലുകൾക്കുമിടയിൽ നിന്നാണ് കഥകളോരോന്നും അസാധ്യമെന്നറിഞ്ഞുകൊണ്ടു തന്നെ ആശ്വാസം തേടുന്നത്. അപരവിദ്വേഷ കറപുരളാത്ത ആർദ്രമനുഷ്യബന്ധങ്ങളെ കിടിലം കൊള്ളിക്കുന്ന വിഭജനങ്ങൾക്കിടയിലും സൗഹൃദം കിനാവുകാണുന്ന മനുഷ്യത്വത്തിന്റെ കൊടിയാണ് സലിമിന്റെ കഥകളിൽ പറക്കുന്നത്.

വിശപ്പിന്റെ കാഠിന്യവും, അനാഥമാവുന്ന സ്‌നേഹത്തിന്റെ ഭാഷപോലും നഷ്ടമായ നിലവിളികളും സ്വന്തം രാഷ്ട്രത്തിൽ അഭയാർഥിയായി മാറിപ്പോകുമോ എന്ന ഉള്ളുരുകുന്ന ഉൽകണ്ഠകളിൽ പൗരർക്ക് ഉണ്ടായിത്തീരുന്ന മനോവിഭ്രാന്തികളും, സത്രീയായതുകൊണ്ട് മാത്രം അവർക്ക് ചുമക്കേണ്ടി വരുന്ന അമിതഭാരങ്ങളും സവിശേഷമായൊരു രീതിയിൽ സലിം കുരിക്കളകത്തിന് സ്വന്തം കഥകളിൽ വായനക്കാരുടെ ഉള്ളിളക്കും വിധം ആവിഷ്‌കരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ചിന്ത പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. വുല 150 രൂപ.

 

Related