August 9 Sunday 2026

വോട്ടര്‍മാര്‍ക്ക് അഴിമതി ഒരു വിഷയമല്ലാതായി; ആം ആദ്മിയുടെ പരാജയം പറയുന്നത്

ഇന്ത്യാ ചരിത്രം പരിശോധിച്ചാല്‍ 2014ല്‍ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭം അത്രവലുതൊന്നുമായിരുന്നില്ല. പ്രക്ഷോഭം ആരംഭിച്ച ഡല്‍ഹിയിലെ രാംലീല മൈതാനത്തിന്റെ ശേഷി ഏകദേശം 25000 ആണ്. ഇന്ത്യയിലെ സാധാരണ രാഷ്ട്രീയ റാലികള്‍ക്ക് പോലും ഇതൊരു ചെറിയ സംഖ്യയാണ്. എന്നാല്‍, ഈ പ്രക്ഷോഭത്തെ വ്യത്യസ്തമാക്കിയത് അത് നേടിയ മാധ്യമശ്രദ്ധയാണ്. മാസങ്ങളോളം ഇതു മാത്രമായിരുന്നു തലക്കെട്ടുകള്‍. കാലക്രമേണ പ്രക്ഷോഭത്തിലെ ഒരു വിഭാഗം ആളുകള്‍ മാധ്യമ പ്രചാരണം ഉപയോഗിച്ചുകൊണ്ട് ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു; ആം ആദമി പാര്‍ട്ടി.

മാധ്യമങ്ങളുടെ ശക്തമായ പിന്തുണയോടെയാണ് ആം ആദ്മി പാര്‍ട്ടി ചുവടുവെക്കുന്നത്. 2013 നടന്ന ആദ്യ ഇലക്ഷനില്‍ തന്നെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇത് അവരെ സഹായിച്ചു. കൗതുകം എന്തെന്നാല്‍, കോണ്‍ഗ്രസിന്റെ പിന്തുണയോടെ കൂടിയായിരുന്നു അത് സംഭവിച്ചത്.

ക്ഷേമവും അഴിമതിയും

2015 ലും 2020 ലും ഡല്‍ഹിയിലെ തെരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. അഴിമതിക്കെതിരെ പോരാടുന്ന ഒരു പാര്‍ട്ടി എന്ന നിലയിലുള്ള പ്രചരണം ഒഴിവാക്കിക്കൊണ്ടായിരുന്നു അത്. നഗരത്തിലെ തൊഴിലാളി-മധ്യ വര്‍ഗത്തെ ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും നടപ്പാക്കിക്കൊണ്ട് ഒരു സാമ്പത്തിക ജനകീയ ശക്തിയായി മാറുക എന്ന ലക്ഷ്യത്തോടെ അടിമുടി മാറ്റത്തിന് വിധേയപ്പെട്ടായിരുന്നു അവരുടെ തുടക്കം.

കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച 2025ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇത്തരത്തിലുള്ള ഒരു സ്വഭാവം നിലനിന്നിരുന്നു. ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അതിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ വച്ചാണ്. മറിച്ച് അഴിമതിക്കതിരെ ആയിരുന്നില്ല. വാസ്തവത്തില്‍ എഎപിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ വരെ ജയിലിലായിരുന്നു. എന്നിരുന്നാലും എഎപിയുടെ തോല്‍വിയില്‍ ഇത് കാര്യമായി പങ്കുവഹിച്ചതായി തോന്നുന്നില്ല. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വന്ന അതൃപ്തിയാലാണ് അവരിലെ തൊഴിലാളി വര്‍ഗം ബിജെപിയിലേക്ക് മാറിയത്. സംഖ്യകള്‍ വലുതല്ലായിരുന്നെങ്കിലും എഎപിക്ക് ഏകദേശം 44% വോട്ടുകള്‍ ലഭിച്ചു. വിജയിച്ച ബിജെപിയേക്കാള്‍ രണ്ട് ശതമാനം വോട്ട് മാത്രം പിന്നിലായിരുന്നു അവര്‍.

പരാജയത്തിന്റെ കാര്യകാരണ ബന്ധങ്ങള്‍

ആം ആദ്മി പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ ജേര്‍ണി ഇന്ത്യയിലെ മൊത്തം രാഷ്ട്രീയ വ്യവഹാരങ്ങള്‍ക്കും ഒരു തിരിച്ചറിവ് നല്‍കുന്നുണ്ട്. അഴിമതി, ഇന്ത്യയിലെ മധ്യവര്‍ഗത്തിനും മാധ്യമങ്ങള്‍ക്കും ചൂടേറിയ ഒരു വിഷയം തന്നെയാണ്. എന്നാല്‍, തെരഞ്ഞെടുപ്പുകളില്‍ അഴിമതി വിഷയങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് വോട്ടുകള്‍ രേഖപ്പെടുത്തുന്നില്ല. അതുകൊണ്ടാണ് പാര്‍ട്ടിക്ക് ഡല്‍ഹിയുടെ വികസനവും ക്ഷേമവും എന്ന അജണ്ടയിലേക്ക് കേന്ദ്രീകരിക്കേണ്ടി വന്നത്. ഇതൊരു പുതിയ കാര്യമല്ല. 2013 പരിശോധിച്ചാല്‍, അഴിമതിയുടെ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ നിരന്തരമായി കോണ്‍ഗ്രസിനെ ആരോപണ വിധേയമാക്കിയപ്പോഴും ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും ആരോപിക്കപ്പെടുന്ന കുംഭകോണങ്ങളുടെ പേരുകള്‍ പോലും അറിയില്ല എന്നതായിരുന്നു യാഥാര്‍ഥ്യം

റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ അദാനി ഗ്രൂപ്പുമായുള്ള അഴിമതി ആരോപണങ്ങള്‍ക്കിടയിലും മോദി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന പ്രതിരോധമാണ് ഇതിന്റെ മറ്റൊരു ഉദാഹരണമായി പറയാന്‍ കഴിയുക. ഇന്ത്യയിലെ മധ്യവര്‍ഗം-അഴിമതി ആരോപണങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന പ്രധാന സംഘങ്ങള്‍ – മോദിയെയും ബിജെപിയെയും ശക്തമായി പിന്തുണക്കുന്നുവെന്ന് കാണാം. അതിനാല്‍ 2014 മുതല്‍ അഴിമതി പ്രശ്‌നങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. കാരണം, ഇന്ത്യയിലെ മധ്യവര്‍ഗ വോട്ടര്‍മാര്‍ അവരുടെ സ്വന്തം രാഷ്ട്രീയത്തിനുനേരെ വിരല്‍ചൂണ്ടാന്‍ മടിക്കുന്നു.

സമീപകാലത്ത് നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചാല്‍ മധ്യവര്‍ഗ്ഗത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ നേരിട്ട ഒരേയൊരു സമ്മര്‍ദ്ദം കടുത്ത സാമ്പത്തിക കാര്യങ്ങളില്‍ മാത്രമാണ്. വേതന മുരടിപ്പും പണപ്പെരുപ്പവും മോദിക്കെതിരെ മധ്യവര്‍ഗ വിഭാഗങ്ങളിക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയ കാര്യങ്ങളാണ്, അദാനിയുമായുള്ള അടുത്ത ബന്ധം ഒരു പ്രശ്‌നമേ ആയിരുന്നില്ല.

എന്തുകൊണ്ടാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ അഴിമതി വിഷങ്ങളെ ഒഴിവാക്കി നിര്‍ത്തുന്നത്? അഴിമതിയും ജീവിതനിലവാരവും തമ്മിലുള്ള ബന്ധം നേരിട്ട് കാണാന്‍ പ്രയാസമാണ്. പണമിടപാടില്‍ സന്തുഷ്ടനായ ഒരു വോട്ടര്‍, അദാനിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മോദിയെ ഒരിക്കലും കൈവിടില്ല. മാത്രമല്ല, ചെറുതും വലുതുമായ അഴിമതി ഒരു പാര്‍ട്ടിക്കും പരിഹരിക്കാന്‍ കഴിയാത്ത വ്യവസ്ഥാപിത പ്രശ്‌നമാണ്.

അഴിമതി വിരുദ്ധ നയങ്ങളുമായി വന്ന ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ഗോവയിലെ പ്രചാരണത്തിന് ഡല്‍ഹി അഴിമതി കേസില്‍ നിന്നുള്ള പണം ഉപയോഗിച്ചു എന്ന ആരോപണം നേരിടുന്നുണ്ട്. ഈ ആരോപണങ്ങള്‍ തെളിയിക്കാന്‍ ബാക്കി നില്‍ക്കേ, ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പണം അഴിമതിക്ക് അങ്ങേയറ്റം സഹായകമായ ഘടകങ്ങള്‍ സൃഷ്ടിക്കും എന്നത് ഉറപ്പാണ്. അതിലുപരി ചെറിയ രീതിയിലുള്ള അഴിമതികള്‍, ഉദാഹരണം ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതുകൊണ്ട് ഒരു വോട്ടര്‍ തന്റെ വോട്ട് മാറ്റിചെയ്യുമെന്ന് കരുതുന്നതില്‍ അര്‍ഥമില്ല. തെരഞ്ഞെടുപ്പില്‍ മറ്റു ഘടകങ്ങള്‍ അഴിമതിയെ എളുപ്പത്തില്‍ മറികടക്കുന്നതിലും അതിശയിക്കാനില്ല.

courtesy: scroll.in

Related