August 13 Thursday 2026

ഞങ്ങള്‍ ആ ബോര്‍ഡ് ജനാലയില്‍ നിന്ന് മാറ്റുകയാണ്; ദാവോസില്‍ ട്രംപിന്റെ നയങ്ങള്‍ക്കെതിരെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന World Economic Forum-ല്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്നലെ നടത്തിയ പ്രസംഗം വരുംകാല ചരിത്രപുസ്തകങ്ങളില്‍ ഒരു യുഗത്തെ നിര്‍വചിച്ച പ്രസംഗമായി രേഖപ്പെടുത്തപ്പെടുമെന്ന് തീര്‍ച്ച! നിലവിലുള്ള അന്താരാഷ്ട്ര ക്രമത്തിന്റെ തകര്‍ച്ചയെക്കുറിച്ചും പുതിയ ഒരു ലോകക്രമത്തിന്റെ ആഗമനത്തെക്കുറിച്ച ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു. അത്യന്തം ഗഹനവും കൃത്യവും മനോഹരവുമായ ആ പ്രഭാഷണത്തിന്റെ സമ്പൂര്‍ണ മലയാള പരിഭാഷ:

”കാനഡയെ സംബന്ധിച്ചും ലോകത്തെ സംബന്ധിച്ചും ഒരു വഴിത്തിരിവായ ഈ നിമിഷത്തില്‍ നിങ്ങളോടൊപ്പം ചേരുന്നത് ഒരു സന്തോഷവും അതിലുപരി ഒരു കടമയുമാണ്. ലോകക്രമത്തിലെ തകര്‍ച്ചയെക്കുറിച്ചും, ഒരു മനോഹരമായ കഥയുടെ അന്ത്യത്തെക്കുറിച്ചും, വന്‍ശക്തികള്‍ക്കിടയിലുള്ള ഭൗമരാഷ്ട്രീയം (Geopolitics) യാതൊരു നിയന്ത്രണങ്ങള്‍ക്കും വിധേയമല്ലാത്ത ക്രൂരമായ യാഥാര്‍ത്ഥ്യത്തിന്റെ തുടക്കത്തെക്കുറിച്ചും ഇന്ന് ഞാന്‍ സംസാരിക്കും. എന്നാല്‍, കാനഡയെപ്പോലുള്ള മറ്റ് രാജ്യങ്ങള്‍, പ്രത്യേകിച്ച് ഇടത്തരം ശക്തികള്‍ (middle powers), നിസ്സഹായരല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, സുസ്ഥിര വികസനം, ഐക്യദാര്‍ഢ്യം, പരമാധികാരം, രാഷ്ട്രങ്ങളുടെ പ്രാദേശിക അഖണ്ഡത തുടങ്ങിയ നമ്മുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ക്രമം കെട്ടിപ്പടുക്കാന്‍ അവര്‍ക്ക് ശേഷിയുണ്ട്.
ശക്തി കുറഞ്ഞവരുടെ കരുത്ത് ആരംഭിക്കുന്നത് സത്യസന്ധതയില്‍ നിന്നാണ്. നാം വന്‍ശക്തികളുടെ മത്സരകാലത്താണ് ജീവിക്കുന്നതെന്ന് ഓരോ ദിവസവും നാം ഓര്‍മിപ്പിക്കപ്പെടുന്നു. നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥിതി തകരുകയാണ്. ”ശക്തരായവര്‍ അവര്‍ക്ക് കഴിയുന്നത് ചെയ്യുന്നു, ദുര്‍ബലരായവര്‍ അവര്‍ക്ക് വിധിച്ച ദുരിതം അനുഭവിക്കുന്നു” തുസിഡിഡിസിന്റെ (Thucydides) ഈ വചനം അനിവാര്യമായ ഒന്നായാണ് അവതരിപ്പിക്കപ്പെടുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളുടെ സ്വാഭാവികമായ യുക്തി ഇതാണെന്ന് പറയപ്പെടുന്നു. ഈ യുക്തിക്ക് മുന്നില്‍, കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി മുന്നോട്ട് പോകാനുള്ള ശക്തമായ പ്രവണത രാജ്യങ്ങള്‍ക്കിടയിലുണ്ട്. അനുരഞ്ജനത്തിന് ശ്രമിക്കാനും, പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും, അനുസരണത്തിലൂടെ സുരക്ഷ ഉറപ്പാക്കാമെന്ന് പ്രതീക്ഷിക്കാനും അവര്‍ മുതിരുന്നു. എന്നാല്‍ അത് സംഭവിക്കില്ല.

അപ്പോള്‍, നമുക്ക് മുന്നിലുള്ള വഴികള്‍ എന്തൊക്കെയാണ്?
1978-ല്‍ ചെക്ക് വിമതനായിരുന്ന വാക്ലാവ് ഹാവല്‍ ‘പവര്‍ ഓഫ് ദി പവര്‍ലെസ്’ (The Power of the Powerless) എന്ന തലക്കെട്ടില്‍ ഒരു ലേഖനം എഴുതിയിരുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥ എങ്ങനെയാണ് സ്വയം നിലനിര്‍ത്തുന്നത് എന്ന ലളിതമായ ചോദ്യമാണ് അദ്ദേഹം അതില്‍ ഉന്നയിച്ചത്. ഒരു പച്ചക്കറി വ്യാപാരിയുടെ ഉദാഹരണത്തിലൂടെയാണ് അദ്ദേഹം ഇതിന് മറുപടി നല്‍കിയത്. എല്ലാ ദിവസവും രാവിലെ ഈ വ്യാപാരി തന്റെ കടയുടെ ജനാലയില്‍ ഒരു ബോര്‍ഡ് വെക്കുന്നു: ”സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍!”അദ്ദേഹത്തിന് ആ എഴുതിയതില്‍ വിശ്വാസമില്ല, എന്നല്ല ആ രാജ്യത്തെ ആരും അത് വിശ്വസിക്കുന്നില്ല. എങ്കിലും പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും, താന്‍ വ്യവസ്ഥിതിക്ക് വിധേയനാണെന്ന് കാണിക്കാനും വേണ്ടി അദ്ദേഹം അത് അവിടെ വെക്കുന്നു. ഓരോ തെരുവിലെയും ഓരോ വ്യാപാരിയും ഇതേ കാര്യം ചെയ്യുന്നതുകൊണ്ട് ആ വ്യവസ്ഥ അങ്ങനെ നിലനില്‍ക്കുന്നു. അക്രമത്തിലൂടെ മാത്രമല്ല, തങ്ങള്‍ തെറ്റാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ സാധാരണക്കാര്‍ അനുഷ്ഠിക്കുന്നതിലൂടെയുമാണ് ഈ വ്യവസ്ഥിതി നിലനില്‍ക്കുന്നത്. ഇതിനെ ‘ഒരു നുണയ്ക്കുള്ളില്‍ ജീവിക്കുക’ എന്നാണ് ഹാവല്‍ വിളിച്ചത്. ആ വ്യവസ്ഥിതിയുടെ കരുത്ത് അതിന്റെ സത്യസന്ധതയിലല്ല, മറിച്ച് അത് സത്യമാണെന്ന മട്ടില്‍ പ്രവര്‍ത്തിക്കാനുള്ള എല്ലാവരുടെയും സന്നദ്ധതയിലാണ്. അതിന്റെ ബലഹീനതയും അവിടെ തന്നെയാണ്: ഒരാള്‍ പോലും അത് ചെയ്യാതിരുന്നാല്‍-ആ പച്ചക്കറി വ്യാപാരി ആ ബോര്‍ഡ് അവിടെ നിന്ന് മാറ്റിയാല്‍ – ആ മിഥ്യാധാരണ തകരാന്‍ തുടങ്ങും.

കമ്പനികളും രാജ്യങ്ങളും തങ്ങളുടെ അത്തരം ബോര്‍ഡുകള്‍ താഴെ ഇറക്കേണ്ട സമയമാണിത്. പതിറ്റാണ്ടുകളായി, കാനഡയെപ്പോലുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥിതിയില്‍ അഭിവൃദ്ധി പ്രാപിച്ചു. നമ്മള്‍ അതിന്റെ സ്ഥാപനങ്ങളില്‍ ചേര്‍ന്നു, അതിന്റെ തത്വങ്ങളെ പുകഴ്ത്തി, അതിന്റെ പ്രവചനക്ഷമതയില്‍ നിന്ന് പ്രയോജനം നേടി. അതിന്റെ സംരക്ഷണത്തില്‍ മൂല്യാധിഷ്ഠിത വിദേശനയങ്ങള്‍ പിന്തുടരാന്‍ നമുക്ക് കഴിഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ആ കഥ ഭാഗികമായി നുണയാണെന്ന് നമുക്കറിയാമായിരുന്നു. തങ്ങള്‍ക്ക് സൗകര്യപ്രദമാകുമ്പോള്‍ ശക്തരായവര്‍ ആ നിയമങ്ങളില്‍ നിന്ന് മാറിനില്‍ക്കുമെന്നും, വ്യാപാര നിയമങ്ങള്‍ അസമമായിട്ടാണ് നടപ്പിലാക്കിയിരുന്നതെന്നും, പ്രതിയുടെയോ ഇരയുടെയോ വ്യക്തിത്വം അനുസരിച്ചാണ് അന്താരാഷ്ട്ര നിയമം പ്രയോഗിച്ചിരുന്നതെന്നും നമുക്കറിയാമായിരുന്നു.

എന്നിട്ടും ആ കെട്ടുകഥ ഉപകാരപ്രദമായിരുന്നു, പ്രത്യേകിച്ച് അമേരിക്കന്‍ ആധിപത്യം (hegemony) പൊതുവായ ചില ഗുണങ്ങള്‍ നല്‍കാന്‍ നമ്മെ സഹായിച്ചു: തുറന്ന കടല്‍ മാര്‍ഗ്ഗങ്ങള്‍, സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥ, കൂട്ടായ സുരക്ഷ, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചട്ടക്കൂടുകള്‍, അങ്ങിനെ പലതും. അതുകൊണ്ട് നമ്മള്‍ ആ ബോര്‍ഡ് ജനാലയില്‍ വെച്ചു. നമ്മള്‍ ആ അനുഷ്ഠാനങ്ങളില്‍ പങ്കെടുത്തു. വാഗ്ദാനങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവുകളെ ചൂണ്ടിക്കാണിക്കുന്നത് പരമാവധി ഒഴിവാക്കി.
ഈ ഇടപാട് ഇനി നടക്കില്ല.
ഞാന്‍ നേരിട്ട് പറയാം: നാം ഒരു പരിവര്‍ത്തന (transition) ഘട്ടത്തിലല്ല ഇപ്പോഴുള്ളത്, മറിച്ച് ഒരു തകര്‍ച്ചയുടെ (rupture) മധ്യത്തിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സാമ്പത്തിക, ആരോഗ്യ, ഊര്‍ജ്ജ, ഭൗമരാഷ്ട്രീയ രംഗത്തുണ്ടായ പ്രതിസന്ധികള്‍ ആഗോള ഏകീകരണത്തിന്റെ അപകടസാധ്യതകളെ തുറന്നുകാട്ടി. അടുത്ത കാലത്തായി, വന്‍ശക്തികള്‍ സാമ്പത്തിക ഏകീകരണത്തെ ആയുധമായി ഉപയോഗിക്കാന്‍ തുടങ്ങി. താരിഫുകളെ സ്വാധീനമായും, സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെ സമ്മര്‍ദ്ദ തന്ത്രമായും, വിതരണ ശൃംഖലകളെ ചൂഷണം ചെയ്യാനുള്ള ബലഹീനതകളായും അവര്‍ കണ്ടു. ഏകീകരണം നിങ്ങളുടെ വിധേയത്വത്തിന്റെ ഉറവിടമായി മാറുമ്പോള്‍, പരസ്പര പ്രയോജനത്തിന്റെ ‘നുണയ്ക്കുള്ളില്‍ ജീവിക്കാന്‍’ നിങ്ങള്‍ക്ക് കഴിയില്ല. ഇടത്തരം ശക്തികള്‍ ആശ്രയിച്ചിരുന്ന ബഹുരാഷ്ട്ര സ്ഥാപനങ്ങള്‍ – WTO, UN, COP തുടങ്ങിയവ – ഇന്ന് വളരെയധികം ക്ഷയിച്ചിരിക്കുന്നു. തല്‍ഫലമായി, പല രാജ്യങ്ങളും ഒരേ നിഗമനത്തിലെത്തുന്നു. ഊര്‍ജ്ജം, ഭക്ഷണം, നിര്‍ണ്ണായക ധാതുക്കള്‍, ധനകാര്യം, വിതരണ ശൃംഖലകള്‍ (supply chain) എന്നിവയില്‍ അവര്‍ക്ക് വലിയ ‘തന്ത്രപരമായ സ്വയംഭരണം’ (Strategic Autonomy) വികസിപ്പിക്കേണ്ടതുണ്ട്. ഈ സംഗതി നിസ്സാരമായി മനസ്സിലാക്കാവുന്നതേയുള്ളൂ. സ്വന്തമായി ഭക്ഷണം നല്‍കാനോ, ഇന്ധനം കണ്ടെത്താനോ, സ്വയം പ്രതിരോധിക്കാനോ കഴിയാത്ത ഒരു രാജ്യത്തിന് മുന്നില്‍ വഴികള്‍ കുറവാണ്. നിയമങ്ങള്‍ നിങ്ങളെ സംരക്ഷിക്കാത്തപ്പോള്‍, നിങ്ങള്‍ നിങ്ങളെ സ്വയം സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് എങ്ങോട്ടാണ് അന്തിമമായി നമ്മെ നയിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ബോധം വേണം. കോട്ടകള്‍ കെട്ടി അടച്ച ഒരു ലോകം കൂടുതല്‍ ദരിദ്രവും ദുര്‍ബലവും സുസ്ഥിരമല്ലാത്തതുമായിരിക്കും.

മറ്റൊരു സത്യം കൂടിയുണ്ട്: വന്‍ശക്തികള്‍ തങ്ങളുടെ അധികാരത്തിനും താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി നിയമങ്ങളും മൂല്യങ്ങളും ഉപേക്ഷിക്കുകയാണെങ്കില്‍, പരസ്പര ഇടപാടുകളില്‍ നിന്നുള്ള നേട്ടങ്ങള്‍ ആവര്‍ത്തിക്കുക പ്രയാസകരമാകും. ആധിപത്യം പുലര്‍ത്തുന്നവര്‍ക്ക് എല്ലായ്പ്പോഴും ബന്ധങ്ങളെ പണമാക്കി മാറ്റാന്‍ കഴിയില്ല. അനിശ്ചിതാവസ്ഥയ്ക്കെതിരായ സുരക്ഷയ്ക്കായി സഖ്യകക്ഷികള്‍ വൈവിധ്യവല്‍ക്കരണം നടത്തും. പരമാധികാരം വീണ്ടെടുക്കും – മുമ്പ് നിയമങ്ങളില്‍ അധിഷ്ഠിതമായിരുന്ന പരമാധികാരം, ഇനി മുതല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവില്‍ അധിഷ്ഠിതമായിരിക്കും.

ഞാന്‍ പറഞ്ഞതുപോലെ, ഇത്തരം റിസ്‌ക് മാനേജ്മെന്റിന് വലിയ വില നല്‍കേണ്ടി വരും. എന്നാല്‍, തന്ത്രപരമായ സ്വയംഭരണത്തിന്റെയോ പരമാധികാരത്തിന്റെയോ ആ ചിലവ് പങ്കിടാനും കഴിയും. എല്ലാവരും സ്വന്തം കോട്ട കെട്ടുന്നതിനേക്കാള്‍ ലാഭകരമാണ് പ്രതിരോധശേഷിയിലുള്ള കൂട്ടായ നിക്ഷേപം. കാനഡയെപ്പോലുള്ള ഇടത്തരം ശക്തികള്‍ക്ക് മുന്നിലുള്ള ചോദ്യം, ഈ പുതിയ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടണോ എന്നതല്ല. പൊരുത്തപ്പെട്ടേ മതിയാകൂ. ചോദ്യം, നമ്മള്‍ വെറും ഉയര്‍ന്ന മതിലുകള്‍ കെട്ടി പൊരുത്തപ്പെടുമോ അതോ അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്യുമോ എന്നതാണ്. ഈ അപകടമുന്നറിയിപ്പ് ആദ്യം കേട്ടവരില്‍ കാനഡയും ഉള്‍പ്പെടുന്നു, ഇത് ഞങ്ങളുടെ തന്ത്രപരമായ നിലപാടില്‍ വലിയ മാറ്റം വരുത്താന്‍ കാരണമായി. ഞങ്ങളുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും സഖ്യകക്ഷികളും തനിയെ ഞങ്ങള്‍ക്ക് ഐശ്വര്യവും സുരക്ഷയും നല്‍കുമെന്ന പഴയ ധാരണ ഇനി നിലനില്‍ക്കില്ലെന്ന് കാനഡക്കാര്‍ക്ക് അറിയാം. ഞങ്ങളുടെ പുതിയ സമീപനം അലക്‌സാണ്ടര്‍ സ്റ്റബ്ബ് വിശേഷിപ്പിച്ച ‘മൂല്യാധിഷ്ഠിത റിയലിസത്തില്‍’ (Values-based realism) അധിഷ്ഠിതമാണ് – ലളിതമായി പറഞ്ഞാല്‍, മൂല്യങ്ങളില്‍ അടിയുറച്ചും അതേസമയം പ്രായോഗികമായും പ്രവര്‍ത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

മൗലിക മൂല്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു: പരമാധികാരവും പ്രാദേശിക അഖണ്ഡതയും, യുഎന്‍ ചാര്‍ട്ടറിന് അനുസൃതമായല്ലാതെ ബലപ്രയോഗം നടത്തുന്നതിനെതിരെയുള്ള വിലക്ക്, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം. പുരോഗതി പലപ്പോഴും സാവധാനമാണെന്നും താല്‍പ്പര്യങ്ങള്‍ വ്യത്യാസപ്പെടുമെന്നും എല്ലാ പങ്കാളികളും നമ്മുടെ മൂല്യങ്ങള്‍ പങ്കിടുന്നില്ലെന്നും അംഗീകരിക്കുന്നതില്‍ ഞങ്ങള്‍ പ്രായോഗികത പുലര്‍ത്തുന്നു. ഞങ്ങള്‍ ലോകത്തെ അത് ആഗ്രഹിക്കുന്ന രീതിയിലല്ല, മറിച്ച് അത് എങ്ങനെയാണോ ആ രീതിയില്‍ നേരിടുന്നു. കാനഡ ഞങ്ങളുടെ ബന്ധങ്ങളെ അവയുടെ ആഴം ഞങ്ങളുടെ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ക്രമീകരിക്കുകയാണ്. നമ്മള്‍ മൂല്യങ്ങളുടെ കരുത്തില്‍ മാത്രമല്ല, നമ്മുടെ കരുത്തിന്റെ മൂല്യത്തിലും വിശ്വസിക്കുന്നു. ഞങ്ങള്‍ ആ കരുത്ത് രാജ്യത്തിനകത്ത് കെട്ടിപ്പടുക്കുകയാണ്.

ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍, ആദായനികുതിയും ബിസിനസ്സ് നിക്ഷേപ നികുതിയും കുറച്ചു. ഊര്‍ജ്ജം, AI, ധാതുക്കള്‍, പുതിയ വ്യാപാര ഇടനാഴികള്‍ എന്നിവയില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ഞങ്ങള്‍ വേഗത്തിലാക്കുന്നു. 2030-ഓടെ ഞങ്ങള്‍ ഞങ്ങളുടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കും, അത് ആഭ്യന്തര വ്യവസായങ്ങളെ വളര്‍ത്തുന്ന രീതിയിലായിരിക്കും. വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ഞങ്ങള്‍ വേഗത്തില്‍ വൈവിധ്യവത്കരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനുമായി സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തില്‍ ഞങ്ങള്‍ ഒപ്പുവെച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ നാല് ഭൂഖണ്ഡങ്ങളിലായി പന്ത്രണ്ട് വ്യാപാര-സുരക്ഷാ കരാറുകളില്‍ ഞങ്ങള്‍ ഒപ്പുവെച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ ചൈനയുമായും ഖത്തറുമായും പുതിയ തന്ത്രപരമായ പങ്കാളിത്തം ഉറപ്പിച്ചു. ഇന്ത്യ, ആസിയാന്‍ (ASEAN), തായ്ലന്‍ഡ്, ഫിലിപ്പീന്‍സ്, മെര്‍ക്കോസൂര്‍ (Mercosur) എന്നിവരുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ക്കായി ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നു. ബഹുരാഷ്ട്ര വ്യാപാരത്തില്‍, 1.5 ബില്യണ്‍ ജനങ്ങളുള്ള ഒരു പുതിയ ട്രേഡിംഗ് ബ്ലോക്ക് സൃഷ്ടിക്കുന്നതിനായി ട്രാന്‍സ്-പസിഫിക് പാര്‍ട്ണര്‍ഷിപ്പും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഒരു പാലം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഞങ്ങള്‍ നേതൃത്വം നല്‍കുന്നു.

ഇതൊരു നിഷ്‌കളങ്കമായ ബഹുരാഷ്ട്രവാദമല്ല (Multilateralism). തകര്‍ന്ന സ്ഥാപനങ്ങളെ ആശ്രയിക്കുന്നതുമല്ല. മറിച്ച്, ഒരേ ലക്ഷ്യങ്ങളുള്ള പങ്കാളികളുമായി ചേര്‍ന്ന് ഓരോ വിഷയത്തിലും കൂട്ടായ്മകള്‍ കെട്ടിപ്പടുക്കുകയാണ്. ഇടത്തരം ശക്തികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണം, കാരണം നിങ്ങള്‍ തീ9മേശയിലില്ലെങ്കില്‍, നിങ്ങള്‍ മറ്റുള്ളവരുടെ ഭക്ഷണ മെനുവില്‍ ഇടംപിടിക്കും. വന്‍ശക്തികള്‍ക്ക് ഒറ്റയ്ക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇടത്തരം ശക്തികള്‍ക്ക് അതിന് കഴിയില്ല. ഒരു വന്‍ശക്തിയുമായി മാത്രം നമ്മള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമ്പോള്‍, നമ്മള്‍ ദുര്‍ബലമായ സ്ഥാനത്തുനിന്നാണ് സംസാരിക്കുന്നത്. ഇത് പരമാധികാരമല്ല. വിധേയത്വം അംഗീകരിച്ചുകൊണ്ട് പരമാധികാരിയാണെന്ന് നടിക്കല്‍ മാത്രമാണ്.
വന്‍ശക്തികളുടെ മത്സര ലോകത്ത്, ഇടയിലുള്ള രാജ്യങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്: ഒന്നുകില്‍ ആനുകൂല്യങ്ങള്‍ക്കായി പരസ്പരം മത്സരിക്കുക, അല്ലെങ്കില്‍ ഒന്നിച്ച് ചേര്‍ന്ന് സ്വാധീനമുള്ള ഒരു മൂന്നാം വഴി സൃഷ്ടിക്കുക. നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചാല്‍ സദാചാരത്തിന്റെയും സത്യസന്ധതയുടെയും നിയമങ്ങളുടെയും കരുത്ത് ഇപ്പോഴും ശക്തമായി നിലനില്‍ക്കും എന്ന യാഥാര്‍ത്ഥ്യം മറന്നുപോകരുത്. ഇത് എന്നെ വീണ്ടും ഹാവലിലേക്ക് എത്തിക്കുന്നു. ഇടത്തരം ശക്തികള്‍ ‘സത്യത്തില്‍ ജീവിക്കുക’ എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? അതായത്, യാഥാര്‍ത്ഥ്യത്തെ പേരെടുത്ത് വിളിക്കുക. ‘നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം’ (rules-based international order) ഇപ്പോഴും പഴയതുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നടിക്കുന്നത് നിര്‍ത്തുക. ആ വ്യവസ്ഥിതിയെ അതിന്റെ പേരില്‍ വിളിക്കുക: സാമ്പത്തിക ഏകീകരണത്തെ സമ്മര്‍ദ്ദത്തിന്റെ ആയുധമായി വന്‍ശക്തികള്‍ ഉപയോഗിക്കുന്ന ഒരു മത്സരകാലം.
അതായത് സഖ്യകക്ഷികളോടും എതിരാളികളോടും ഒരേ മാനദണ്ഡങ്ങള്‍ പ്രയോഗിക്കുക. ഇടത്തരം ശക്തികള്‍ ഒരു ഭാഗത്തുനിന്നുള്ള സാമ്പത്തിക ഭീഷണിയെ വിമര്‍ശിക്കുകയും മറ്റൊരിടത്തു നിന്നുള്ളതിനെതിരെ മിണ്ടാതിരിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ ആ ബോര്‍ഡ് ജനാലയില്‍ തന്നെ വെക്കുകയാണ്.

പഴയ ക്രമം പുനഃസ്ഥാപിക്കപ്പെടുമെന്ന് കാത്തിരിക്കുന്നതിന് പകരം, പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കരാറുകളും നിര്‍മ്മിക്കുക എന്നതാണ് ഇതിനര്‍ത്ഥം. കാനഡയ്ക്ക് ലോകം ആഗ്രഹിക്കുന്ന പലതുമുണ്ട്. ഞങ്ങള്‍ ഒരു ഊര്‍ജ്ജ വന്‍ശക്തിയാണ്. നിര്‍ണ്ണായക ധാതുക്കളുടെ വലിയ ശേഖരം ഞങ്ങള്‍ക്കുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരായ ജനത ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ സ്ഥിരതയുള്ള, വിശ്വസിക്കാന്‍ കഴിയുന്ന പങ്കാളിയാണ്. കാനഡയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്: എന്താണ് സംഭവിക്കുന്നതെന്ന തിരിച്ചറിവും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യവും. ഈ മാറ്റത്തിന് വെറും പൊരുത്തപ്പെടല്‍ മാത്രം പോരാ എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ലോകത്തെ അത് ഇരിക്കുന്ന അവസ്ഥയില്‍ സത്യസന്ധമായി കാണുകയാണ് വേണ്ടത്.

ഞങ്ങള്‍ ആ ബോര്‍ഡ് ജനാലയില്‍ നിന്ന് മാറ്റുകയാണ്. പഴയ വ്യവസ്ഥിതി ഇനി തിരിച്ചുവരില്ല. അതിനെ ഓര്‍ത്ത് നാം വിലപിക്കേണ്ടതില്ല. ഗൃഹാതുരത്വം ഒരു തന്ത്രമല്ല. എന്നാല്‍, ഈ തകര്‍ച്ചയില്‍ നിന്ന് നമുക്ക് മികച്ചതും ശക്തവും നീതിയുക്തവുമായ മറ്റൊന്ന് നിര്‍മിക്കാന്‍ കഴിയും. കോട്ടകള്‍ കെട്ടി അടച്ച ലോകത്ത് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുള്ളതും, യഥാര്‍ഥ സഹകരണത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നതും ഇടത്തരം ശക്തികള്‍ക്കാണ്. ശക്തരായവര്‍ക്ക് അവരുടെ അധികാരമുണ്ട്. എന്നാല്‍ നമുക്കും ഒന്നുണ്ട് – അഭിനയം നിര്‍ത്താനും, യാഥാര്‍ത്ഥ്യത്തെ പേരെടുത്ത് വിളിക്കാനും, സ്വന്തം കരുത്ത് വര്‍ധിപ്പിക്കാനും, ഒന്നിച്ച് പ്രവര്‍ത്തിക്കാനുമുള്ള ശേഷി.
അതാണ് കാനഡയുടെ പാത. ഞങ്ങള്‍ അത് പരസ്യമായും ആത്മവിശ്വാസത്തോടെയും തിരഞ്ഞെടുക്കുന്നു. ഞങ്ങളോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തിനും മുന്നില്‍ ഈ പാത തുറന്നുതന്നെ കിടക്കുന്നു.’

 

Related