August 11 Tuesday 2026

സാമൂഹ്യനീതിയുടെ ജനവിധി : വെൽഫെയർ പാർട്ടിയുടെ കുതിപ്പും വ്യാജപ്രചാരണങ്ങളുടെ തിരിച്ചടിയും

 

2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് കേവലം വോട്ടുകളുടെ എണ്ണമായിരുന്നില്ല , മറിച്ച് കേരളം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെ കണ്ണാടിയാണ്. വികസനവും ജനക്ഷേമവും ചർച്ചയാകേണ്ടതായിരുന്നു തദ്ദേശ തെരെഞ്ഞെടുപ്പ്. 2026-ലേക്ക് കേരളം നീങ്ങുമ്പോഴും , ഈ വിദ്വേഷ രാഷ്ട്രീയം ആയിരുന്നു ഈ തദ്ദേശ തെരെഞ്ഞെടുപ്പിൽ കേരള ഭരണകക്ഷി എടുത്തു പയറ്റിയ ആയുധം. അതിനായി അവർ ഇരയാക്കാനൊരുങ്ങിയത് വെൽഫെയർ പാർട്ടിയെയും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ആക്രമണങ്ങളുടെ കുന്തമുനയും പാർട്ടിയുടെ നേരേ നീട്ടിയപ്പോഴും പതറാതെ ജനക്ഷേമ പ്രവർത്തനങ്ങളുടെ അജണ്ടയുമായി അചഞ്ചലാമായി തെരെഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു വെൽഫെയർ പാർട്ടി. അതുകൊണ്ട് വെൽഫെയർ പാർട്ടിയുടെ തെരെഞ്ഞെടുപ്പ് സാന്നിദ്ധ്യം പിരശോധിക്കുക എന്നത് രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചടത്തോളും കൌതുകകരമാണ്.
സത്യം ചെരിപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റിയിരിക്കും എന്ന സത്യാനന്തര കാലത്തെ തത്വമാണ് (Post-truth politics) ഇവിടെ പരാജയപ്പെട്ടത്. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റണെതിരെ ട്രംപ് പ്രയോഗിച്ച അതേ ‘ഭയത്തിന്റെ രാഷ്ട്രീയം’ കേരളത്തിൽ വെൽഫെയർ പാർട്ടിക്കെതിരെ മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും നേരിട്ട് പ്രയോഗിച്ചു. പാർട്ടിയെ ബി.ജെ.പിയുമായി സമീകരിക്കാനും ഇസ്ലാമോഫോബിക് ആഖ്യാനങ്ങൾ ചമയ്ക്കാനും നടന്ന ശ്രമങ്ങൾ മതേതര കേരളം തള്ളിക്കളഞ്ഞു.

തിരഞ്ഞെടുപ്പ് വിശകലനം: കണക്കുകളിലെ മുന്നേറ്റം
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ വെൽഫെയർ പാർട്ടിയുടെ വർദ്ധിച്ചുവരുന്ന ജനസ്വാധീനത്തെയാണ് അടിവരയിടുന്നത്.

*വിജയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ*

ആകെ വിജയിച്ചവർ: 2020-ൽ 65 ജനപ്രതിനിധികളുണ്ടായിരുന്ന സ്ഥാനത്ത് 2025-ൽ അത് 75 ആയി ഉയർന്നു.
ഇതിൽ 56 ഗ്രാമപഞ്ചായത്ത് വാർഡുകളും, 16 നഗരസഭ സീറ്റുകളും, 3 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും ഉൾപ്പെടുന്നു.
87 ഇടങ്ങളിൽ (ഗ്രാമപഞ്ചായത്ത് – 69, മുൻസിപ്പാലിറ്റി – 16, കോർപറേഷൻ – 2) പാർട്ടി രണ്ടാം സ്ഥാനത്തെത്തി നിർണ്ണായക ശക്തിയായി മാറി.
മൊത്തം 413 വാർഡുകളിൽ മത്സരിച്ച പാർട്ടി, സാമൂഹിക നീതിയുടെ വക്താക്കളായി നിലകൊണ്ടു.
മത്സരിച്ചവരിൽ 245 പേർ സ്ത്രീകളും 168 പേർ പുരുഷന്മാരുമാണ്. വിജയിച്ച 75 പേരിൽ 53 പേരും സ്ത്രീകളാണെന്നത് ശ്രദ്ധേയമാണ്.
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്ന് 6 പേർ വിജയിച്ചു. അതിൽ ചാവക്കാട് മുനിസിപ്പാലിറ്റിയിലെ ഓവുങ്കലിൽ വനിതാ ജനറൽ സീറ്റിലാണ് പട്ടികജാതി വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് വിജയിപ്പിച്ചത്.
മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ പാർട്ടി കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചു. മലപ്പുറത്ത് 32 സീറ്റുകളും നേടി കോഴിക്കോട് 13 സീറ്റുകളും എറണാകുളത്ത് 7 സീറ്റുകളും നേടി ചങ്ങരോത്ത് പഞ്ചായത്തിലെ ഒന്നാം വാർഡിൽ (ചെറിയകുമ്പളം) പാർട്ടി സ്ഥാനാർത്ഥി നേടിയ 904 വോട്ടിന്റെ ഭൂരിപക്ഷം പാർട്ടിയുടെ ജനപിന്തുണ തെളിയിക്കുന്നു.
കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയിൽ ഒറ്റയ്ക്ക് മത്സരിച്ചും മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിൽ യു.ഡി.എഫ് പ്രാദേശിക ധാരണയിലും നാല് സീറ്റുകൾ വീതം വിജയിച്ച് പാർട്ടി ഭരണരംഗത്ത് നിർണ്ണായകമായി. എറണാകുളം കീഴമാട് പഞ്ചായത്തിൽ ഒറ്റയ്ക്ക് നിന്ന് 2 സീറ്റിൽ വിജയും രണ്ടിടത്ത് രണ്ടാം സ്ഥാനം നേടിയും കരുത്തു തെളിയിച്ചു.കൊല്ലം ജില്ലയിൽ 11 വാർഡുകളിൽ മത്സരിച്ച പാർട്ടി 4 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയം വരിച്ചതും ആലപ്പുഴ ജില്ലയിൽ 14 വാർഡുകളിൽ ജനവിധി തേടിയ പാർട്ടി 2 ഗ്രാമപഞ്ചായത്ത് സീറ്റുകളും ഒരു മുൻസിപ്പാലിറ്റി സീറ്റും ഉൾപ്പെടെ 3 ഇടങ്ങളിൽ വിജയിച്ചതും ശ്രദ്ധേയമായ മുന്നേറ്റമാണ്. ആലപ്പുഴ ജില്ലയിൽ ആരുമായും പ്രാദേശിക ധാരണയില്ലാതെ ഒറ്റയ്ക്കായിരുന്നു പാർട്ടിയുടെ മത്സരങ്ങൾ.
കേരളത്തിൽ പാർട്ടി മത്സരിച്ചയിടങ്ങളിൽ മികച്ച വോട്ട് വിഹിതം നേടാൻ പാർട്ടിക്കായി.

*ജനാധിപത്യത്തിലെ മുന്നാം കക്ഷി സാന്നിദ്ധ്യം*

അമേരിക്കൻ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി രണ്ട് പാർട്ടികളിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്നു എന്നതാണ്. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ വെൽഫെയർ പാർട്ടി പോലുള്ള ചെറു പാർട്ടികളുടെ ഉദയം ജനാധിപത്യത്തെ കൂടുതൽ സംപുഷ്ടമാക്കുന്നു. അരികുവൽക്കരിക്കപ്പെട്ട പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നീക്കിവെക്കുന്ന ബജറ്റ് വിഹിതം (22.5%) അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പാർട്ടിയുടെ ഈ വിജയം കരുത്തുപകരും.

ഉപസംഹാരം:

“അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും” – വെൽഫെയർ പാർട്ടി യു.ഡി.എഫുമായി ചിലയിടങ്ങളിൽ പ്രാദേശികമായുണ്ടാക്കിയ ധാരണകളെപ്പറ്റി കേരളത്തിലെ ഒരു പ്രമുഖ ‘വിദ്വേഷ പ്രചാരകൻ’ നൽകിയ മുന്നറിയിപ്പാണിത്. ഇതൊക്കെ ജനം പുച്ഛിച്ചു തള്ളി പൊതുവിടങ്ങളിലെ ആർ.എസ്.എസ് സ്ലീപ്പർ സെല്ലുകൾ പടച്ചുവിട്ട നുണക്കഥകളെയും ഇടതുപക്ഷ സൈബർ ഫാക്ടറികൾ നിർമ്മിച്ച വർഗീയ ആഖ്യാനങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് കേരളത്തിലെ വോട്ടർമാർ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചിരിക്കുന്നു.

സി.പി.എം ഉയർത്തിയ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനും ഇസ്ലാമോഫോബിക് ആഖ്യാനങ്ങൾക്കും കേരളം നൽകിയ മറുപടിയാണ് ഈ വിജയം. ശബരിമല വിഷയം മുതൽ വികസന മുരടിപ്പ് വരെയുള്ള ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ വെൽഫെയർ-യു.ഡി.എഫ് ബന്ധത്തെ ആയുധമാക്കിയ സി.പി.എം തന്ത്രം ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു നവ രാഷ്ട്രീയത്തിന് കേരളം പച്ചക്കൊടി കാട്ടിയിരിക്കുകയാണ്.

Related