November 21 Saturday 2026

ഇന്ത്യയെ ‘ആശങ്കപ്പെടേണ്ട രാജ്യ’മായി പ്രഖ്യാപിക്കണമെന്ന് യുഎസ് മതസ്വാതന്ത്ര്യ കമീഷന്‍

USCIRF

ഇന്ത്യയിലെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര യജ്ഞത്തിന്‍റെ ഭാഗമായി (Special Intensive Revision – SIR) ഇന്ത്യയിലെ മുസ്ലിംകളെ ലക്ഷ്യമിടുന്നത് വർധി പ്പിച്ചിട്ടുണ്ടെന്നും മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ നടക്കുന്നത് “വ്യവസ്ഥാപിതവും ഗുരുതരവുമായ” ലംഘനങ്ങളാണെന്നും, അതിനാൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്ത്യയെ “പ്രത്യേക ആശങ്കയുള്ള രാജ്യം” (Country of Particular Concern) ആയി പ്രഖ്യാപിക്കണമെന്ന് യുഎസ് മതസ്വാതന്ത്ര്യ സമിതി ആവശ്യപ്പെട്ടു.

മതസ്വാതന്ത്ര്യത്തിനുള്ള സാർവത്രിക അവകാശം നിരീക്ഷിക്കുകയും നയപരമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന, യുഎസ് സർക്കാരിന് കീഴിലുള്ള ഒരു സ്വതന്ത്ര ഏജൻസിയാണ് ‘യുഎസ് കമീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം’ (USCIRF).

“വ്യവസ്ഥാപിതവും തുടർച്ചയായതും ഗുരുതരവുമായ മതസ്വാതന്ത്ര്യ ലംഘനങ്ങളിൽ” ഏർപ്പെടുന്നതിനാൽ, ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ എന്ന് പ്രഖ്യാപിക്കണമെന്ന് തങ്ങളുടെ വാർഷിക റിപ്പോർട്ടിലും സമിതി ശുപാർശ ചെയ്തിരുന്നു.

ഇന്ത്യൻ ഭരണകൂടം മുസ്ലീം പൗരന്മാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും, അവരെ ‘വിദേശികൾ’ എന്ന് വിളിക്കുകയും, നിയമവിരുദ്ധമായി നാടുകടത്തുകയും ചെയ്തുകൊണ്ട് ലക്ഷ്യമിടുന്നുവെന്ന്  കമ്മീഷൻ തലവൻ ആസിഫ് മഹ്മൂദ് കുറ്റപ്പെടുത്തി. “ഇന്ത്യയിലെ മുസ്ലിംകളെ പുറത്താക്കേണ്ട ‘നുഴഞ്ഞുകയറ്റക്കാർ’ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിശേഷിപ്പിച്ചിരിക്കുന്നതെന്നും,” മഹ്മൂദ് പറഞ്ഞു.

വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക യജ്ഞത്തിനിടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത വോട്ടർമാരിൽ മൂന്ന് കോടി പേർ “ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്” എന്ന് നവംബർ 2-ന് അമിത് ഷാ അവകാശപ്പെട്ടിരുന്നു.

വോട്ടർ പട്ടികയിൽ നിന്ന് വോട്ടർമാരെ നീക്കം ചെയ്യുന്ന രീതിയെക്കുറിച്ച് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുതുക്കൽ നടന്ന ഇടങ്ങളിൽ 13 കോടി വോട്ടർമാരെ മനഃപൂർവ്വം നീക്കം ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

മുസ്ലീം വിശ്വാസത്തിന്‍റെ പേരിൽ സ്വന്തം പൗരന്മാരെ പുറത്താക്കുന്ന ഇന്ത്യൻ സർക്കാരിന്‍റെ നടപടി, മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളുടെ ഞെട്ടിക്കുന്ന വർധനവാണെന്ന് കമീഷൻ അംഗം ജീൻ മിൽസിനെ ഉദ്ധരിച്ചുകൊണ്ട് സമിതി വ്യക്തമാക്കി.

കമീഷന്‍റെ ആരോപണങ്ങളോട് വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമായ വിലയിരുത്തലുകൾ നടത്തുന്ന പതിവ് ഈ സമിതിക്കുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 14-ന്, ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഷർജീൽ ഇമാമിനെക്കുറിച്ചുള്ള വിവരങ്ങൾ ഈ കമീഷൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെത്തുടർന്ന്, അവർ തങ്ങളുടെ “മുൻവിധികളെക്കുറിച്ച്” ആത്മപരിശോധന നടത്തണമെന്നും “മറ്റുള്ളവരെ ഉപദേശിക്കുന്നത് നിർത്തണമെന്നും” അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ആവശ്യപ്പെട്ടു.

“മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചതിന്റെ പേരിൽ ഇന്ത്യയിൽ തടവിലാക്കപ്പെട്ട ഒരു മുസ്ലീം വ്യക്തിയാണ്” ഇമാമെന്ന് ഈ സമിതി നേരത്തെ പ്രസ്താവിച്ചിരുന്നു. ‘അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്’ (UAPA) പ്രകാരം രജിസ്റ്റർ ചെയ്ത, 2020-ലെ ഡൽഹി കലാപ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഷര്‍ജീല്‍ ഇമാം ആറ് വർഷത്തിലേറെയായി ജയിലിലാണ്. ഈ കേസിലെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.

 

Related