August 13 Thursday 2026

ഒരു ശതമാനം സമ്പന്നര്‍ ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 40 ശതമാനം നിയന്ത്രിക്കുന്നതായി വെല്‍ത്ത് ട്രാക്കര്‍ റിപ്പോര്‍ട്ട്

രാജ്യത്തെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം വരുന്ന ആളുകളാണ് ഇപ്പോള്‍ ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 40 ശതമാനം നിയന്ത്രിക്കുന്നതെന്ന് വെല്‍ത്ത് ട്രാക്കര്‍ ഇന്ത്യ റിപ്പോര്‍ട്ട്. ഇന്ത്യയിലെ അഞ്ച് ശതകോടീശ്വരന്മാരുടെ സമ്പത്ത് ആറ് വര്‍ഷത്തിനുള്ളില്‍ 400 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ സമ്പത്ത് കേന്ദ്രീകരണത്തിന്റെയും വരുമാന വിതരണത്തിന്റെയും രീതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വെല്‍ത്ത് ട്രാക്കര്‍ ഇന്ത്യ നടത്തിയ 2026 ലെ പഠന റിപ്പര്‍ട്ടിലെ കണ്ടെത്തലുകളാണ് പ്രസിദ്ധീകരിച്ചത്.

രാജ്യത്തെ ഏറ്റവും സമ്പന്നരായ അഞ്ച് കുടുംബങ്ങളുടെ ആസ്തിയില്‍ 2019-ന് ശേഷം 400 ശതമാനം വര്‍ധനവുണ്ടായതായി പഠനം വ്യക്തമാക്കുന്നു. മുകേഷ് അംബാനി, ഗൗതം അദാനി, സാവിത്രി ജിന്‍ഡാല്‍, സുനില്‍ മിത്തല്‍, ശിവ് നാടാര്‍ എന്നിവരുടെ കുടുംബങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ഗൗതം അദാനിയുടെ സമ്പത്ത് 625 ശതമാനവും മുകേഷ് അംബാനിയുടേത് 153 ശതമാനവും വര്‍ധിച്ചു.

2019 നും 2025 നും ഇടയില്‍ ഇന്ത്യയിലെ അഞ്ച് ശതകോടീശ്വര കുടുംബങ്ങളുടെ സംയോജിത സമ്പത്ത് ഏകദേശം 400 ശതമാനം വര്‍ധിച്ചു. വ്യക്തിഗതമായി, ഈ കാലയളവില്‍ മുകേഷ് അംബാനിയുടെ സമ്പത്ത് 153 ശതമാനവും ഗൗതം അദാനിയുടെത് 625 ശതമാനവുമ വര്‍ധിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പോലും ഏറ്റവും ഉയര്‍ന്ന നിലയിലുള്ള സമ്പത്തിന്റെ കുത്തനെയുള്ള വര്‍ധനവാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, ഏറ്റവും സമ്പന്നരായ ഒരു ശതമാനം വരുന്ന ആളുകളാണ് ഇപ്പോള്‍ ഇന്ത്യയുടെ മൊത്തം സമ്പത്തിന്റെ 40 ശതമാനം നിയന്ത്രിക്കുന്നത്. അതേസമയം ഏറ്റവും ഉയര്‍ന്ന 10 ശതമാനം ആളുകള്‍ ദേശീയ വരുമാനത്തിന്റെ ഏകദേശം 60 ശതമാനം വഹിക്കുന്നു. ഇതിനു വിപരീതമായി, താഴെത്തട്ടിലുള്ള 50 ശതമാനം പേര്‍ക്ക് ലഭിക്കുന്നത് വെറും 15 ശതമാനം മാത്രമാണ്. ‘2019-ല്‍ 36.5 ശതമാനം ആയിരുന്ന സമ്പത്തില്‍ ഏറ്റവും മുകളിലുള്ള ഒരു ശതമാനം പേരുടെ വിഹിതം 2022 മുതല്‍ 40.1 ശതമാനമായി ആയി വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതേ കാലയളവില്‍ താഴെയുള്ള 50 ശതമാനം ആളുകളുടെ വിഹിതം 6.8 ശതമാനത്തില്‍ ല്‍ നിന്ന് 6.4 ശതമാനം ആയി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിലും സമ്പത്തിന്റെ കേന്ദ്രീകരണമാണ് കാണിക്കുന്നത്. 2019 നും 2025 നും ഇടയില്‍ 1,000 കോടി രൂപയില്‍ കൂടുതല്‍ സമ്പത്തുള്ള വ്യക്തികളുടെ എണ്ണം 77 ശതമാനവും സംയോജിത സമ്പത്ത് 227 ശതമാനവും വര്‍ധിച്ചു.

2025 ആയപ്പോഴേക്കും 1,688 വ്യക്തികള്‍ 166 ലക്ഷം കോടി രൂപയുടെ മൊത്തം സമ്പത്ത് കൈവശം വച്ചിരുന്നു, ഇത് ഇന്ത്യയുടെ ജിഡിപിയുടെ പകുതിയോളം വരും. 2019-ല്‍ 31 ലക്ഷം കോടി രൂപയായിരുന്ന ഏറ്റവും ഉയര്‍ന്ന 100 സമ്പന്നരുടെ സമ്പത്ത് 2024-ല്‍ 93 ലക്ഷം കോടി രൂപയിലധികമായി ഉയര്‍ന്നതായും 2025-ല്‍ ഏകദേശം 88 ലക്ഷം കോടി രൂപയില്‍ അവസാനിച്ചതായും റിപ്പോര്‍ട്ട് നിരീക്ഷിച്ചു.

സാമ്പത്തിക തകര്‍ച്ചയുടെ കാലഘട്ടങ്ങളിലും മുകളിലുള്ളവരുടെ നേട്ടങ്ങള്‍ തുടര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ കോടീശ്വരന്മാരുടെ സമ്പത്ത് 35 ശതമാനം വര്‍ധിച്ചു,’ കോവിഡ്-19 പാന്‍ഡെമിക് സമയത്ത് ജനസംഖ്യയിലെ വലിയൊരു വിഭാഗം സാമ്പത്തിക അനിശ്ചിതത്വവും വരുമാനനഷ്ടവും നേരിട്ടപ്പോളാണ് കോടീശ്വരന്‍മാരില്‍ വര്‍ധന രേഖപ്പെടുത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പ്രത്യകം പരാമര്‍ശിക്കുന്നുണ്ട്.

2022ല്‍ പണപ്പെരുപ്പം, വിലക്കയറ്റം എന്നിവ കാരണം ലോകം ശ്വാസമുട്ടിയപ്പോള്‍ അതിസമ്പന്നര്‍ വന്‍ ലാഭം ഉണ്ടാക്കി. പിന്നീട് 2023 ല്‍ ഒറ്റ വര്‍ഷത്തിനുള്ളില്‍ മുന്നൂറ് പുതിയ അംഗങ്ങളാണ് നാലരക്ക കോടി ക്ലബ്ബില്‍ ഉള്‍പ്പെട്ടത്. അവരുടെ സംയോജിത സമ്പത്ത് 109 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

അതേസമയം, കുടുംബങ്ങളുടെ മേലുള്ള വര്‍ധിച്ചുവരുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. 2019-20-ല്‍ 69.9 ലക്ഷം കോടി രൂപയില്‍ നിന്ന് 2024-25-ല്‍ ഗാര്‍ഹിക കടം 136.6 ലക്ഷം കോടി രൂപയായി വര്‍ധിച്ചുവെന്നും, ഉല്‍പാദനക്ഷമതയില്ലാത്ത വരുമാനത്തിലെ കടത്തിന്റെ വിഹിതം 34.2 ശതമാനത്തില്‍ നിന്ന് 42.1 ശതമാനമായി ഉയര്‍ന്നതായും സൂചിപ്പിക്കുന്നു. സമ്പത്ത് വികസിച്ചിട്ടുണ്ടെങ്കിലും, പല കുടുംബങ്ങളുടെയും വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കടം വാങ്ങുന്നതില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.

സാമൂഹിക ഗ്രൂപ്പുകളിലെ സമ്പത്ത് വിതരണത്തിലെ അസമത്വങ്ങളിലേക്കും റിപ്പോര്‍ട്ട് ശ്രദ്ധ ക്ഷണിക്കുന്നു. ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ ഏകദേശം 90 ശതമാനം ഉയര്‍ന്ന ജാതിക്കാരുടെ കൈവശമാണ്. ശതകോടീശ്വരന്മാര്‍ക്കിടയില്‍ പട്ടികവര്‍ഗക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്നും, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനത്തില്‍ താഴെ മാത്രമേയുള്ളൂവെന്നും, പട്ടികജാതിക്കാര്‍ക്ക് 2.6 ശതമാനം മാത്രമേയുള്ളൂവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുടനീളം സമ്പത്ത് ശേഖരിക്കുന്നതിനുള്ള അസമത്വമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ പ്രവണതകള്‍ക്കൊപ്പം, സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ആശങ്കകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ബാങ്കുകള്‍ 19.6 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയതായി ഇത് സൂചിപ്പിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കുള്ള തുടര്‍ച്ചയായ നികുതി ഇളവുകളും സാമൂഹിക മേഖലയിലെ ചെലവുകളിലെ പരിമിതമായ വികാസവും ഇത് ചൂണ്ടിക്കാണിക്കുന്നു.

ഈ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികളെ കുറിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 1,000 കോടി രൂപയില്‍ കൂടുതല്‍ സമ്പത്തുള്ള വ്യക്തികള്‍ക്ക് രണ്ട് ശതമാനം സമ്പത്ത് നികുതി ഏര്‍പ്പെടുത്തിയാല്‍ 3.32 ലക്ഷം കോടി രൂപ സൃഷ്ടിക്കാന്‍ കഴിയും, അതേസമയം രണ്ട് ശതമാനം മുതല്‍ ആറ് ശതമാനം വരെയുള്ള സമ്പത്ത് നികുതിയിലൂടെ ഏകദേശം 4.67 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്ന് റിപ്പര്‍ട്ടില്‍ പറയുന്നു. സ്വത്തിന്റെ ഒരു ഭാഗം ഓരോ വര്‍ഷവും കൈമാറ്റം ചെയ്യപ്പെടുകയും അതിനനുസരിച്ച് നികുതി ചുമത്തുകയും ചെയ്യുന്നുവെന്ന് അനുമാനിച്ചാല്‍, അനന്തരാവകാശ നികുതി പ്രതിവര്‍ഷം 2.77 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നും ഇതിലൂടെ ഒരുമിച്ച് പ്രതിവര്‍ഷം 7.44 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, അത്തരം വിഭവങ്ങള്‍ പൊതുചെലവ് ഗണ്യമായി വര്‍ധിപ്പിക്കും. ഗുണിത ഫലങ്ങള്‍ കണക്കിലെടുത്താല്‍, പൊതുചെലവ് പ്രതിവര്‍ഷം 10.63 ലക്ഷം കോടി രൂപയായി വര്‍ധിക്കും. ഇത് കേന്ദ്ര ബജറ്റില്‍ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭവനം, ഗ്രാമവികസനം തുടങ്ങിയ മേഖലകള്‍ക്കുള്ള സംയോജിത വിഹിതത്തിന് തുല്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച, വിരലില്‍ എണ്ണാവുന്ന ശത കോടീശ്വരന്മാരുടെ സമ്പത്ത് വര്‍ധനവാണ് വ്യക്തമാക്കുന്നത്. പ്രതിശീര്‍ഷ ജിഡിപി വരുമ്പോള്‍ ഇന്ത്യ പട്ടിണി രാജ്യങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്നതിന് കാരണമിതാണെന്നും വിലയിരുത്തപ്പെടുന്നു.

Related