ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിന് സഹായിക്കുന്ന, ഫാസിസത്തെ ചെറുക്കുന്ന നിലപാടുകള്‍ എടുക്കുന്നവരുടെ വിജയമായിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. ഫാസിസത്തിന്റെ പിടിയില്‍ ഭാരതം അമര്‍ന്നു കൊണ്ടിരിക്കുന്നു. ഫാസിസത്തെക്കുറിച്ച് ഭാഗവതത്തില്‍ നിന്നും ഒരു ഇമേജ് എനിക്ക് കിട്ടുകയുണ്ടായി. ആ ഇമേജ് അതിശക്തമാണ്. കലികാലത്ത് ധര്‍മദേവന്‍-ഗോഡ് ഓഫ് ജസ്റ്റിസ് ഒറ്റക്കാലുള്ള കാളയായിട്ടായിരിക്കും അവതരിക്കുക എന്നാണ് ആ പ്രവചനം. വാസ്തവത്തില്‍ ജസ്റ്റിസ് ഇന്ന് ഇന്ത്യയില്‍ ഒറ്റക്കാലുള്ള കാളയായി നില്‍ക്കാന്‍ കഴിയാതെ പിടഞ്ഞുകൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അങ്ങനെയൊരു ശില്പം ഭാരതത്തില്‍ നിര്‍മിക്കപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു.
ആരാണ് ഫാസിസത്തെ ചെറുക്കുന്നത് എന്ന് ചോദിച്ചാല്‍, അതിന് ഭാരതത്തില്‍ ഉടനീളം ആളുകളുണ്ടാവണം. ആര് ചെറുക്കുന്നുവോ അവര്‍ അതിന്റെ വക്താവായി വരണം. അതില്‍ കേരളം പോലെ ചെറിയൊരു പ്രദേശത്തിന്റെ പ്രാതിനിധ്യം മാത്രം ഉണ്ടായാല്‍ പോരാ. രാഹുല്‍ ഗാന്ധിയെ പോലെ ഒരാളെ അത് നയിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇന്നത്തെ സ്ഥിതിയില്‍, ജനാധിപത്യ പുനസ്ഥാപനത്തിനുള്ള ഈ തെരഞ്ഞെടുപ്പില്‍ നമ്മള്‍ യുഡിഎഫിനെ അനുകൂലിക്കുകയാണ് വേണ്ടത് എന്ന് ഞാന്‍ കരുതുന്നു. ഭാരതം എന്ന് പറയുന്ന ഒറ്റ യൂണിറ്റില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കാര്യമായ പങ്ക് ഒന്നുമില്ല. കോണ്‍ഗ്രസ് നയിക്കുന്ന ഒരു മുന്നണിക്ക് മാത്രമേ പ്രാധാന്യമുള്ളൂ. വാസ്തവത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളോടോ കോണ്‍ഗ്രസിന്റെ മുഴുവന്‍ നയങ്ങളോടോ ഒന്നും പ്രത്യേകിച്ച് പ്രതിബദ്ധതയുള്ള ആളല്ല ഞാന്‍. പക്ഷേ, അവരില്‍ ജനാധിപത്യം ഉണ്ട് എന്നതില്‍ എനിക്കൊട്ടും സന്ദേഹവുമില്ല. അവരുടെ ഓര്‍മകളിലൊക്കെ ഗാന്ധിയോ, ജവഹര്‍ലാല്‍ നെഹ്‌റുവോ, അംബേദ്കറോ ഒക്കെ ഏതെങ്കിലും അനുപാതത്തില്‍ ഉണ്ട്. അവരുടെ പ്രത്യയശാസ്ത്രം എന്നു പറയുന്നത് തീര്‍ച്ചയായിട്ടും ഭരണഘടനയാണ്.
ഇന്ത്യന്‍ ഭരണഘടന പ്രത്യശാസ്ത്രം ആയിട്ടുള്ള ഒരു മുന്നണിയും ഇന്ത്യന്‍ ഭരണഘടനയുമായി പ്രത്യേകിച്ച് ഇഴ ബന്ധം ഒന്നുമില്ലാത്ത പ്രത്യശാസ്ത്രമുള്ള മറ്റൊരു മുന്നണിയും. ഇതില്‍ ആരെ തെരഞ്ഞെടുക്കും എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഭരണഘടന പ്രത്യശാസ്ത്രമായിട്ടുള്ള മുന്നണിയെ വേണം തിരഞ്ഞെടുക്കേണ്ടത് എന്ന് തന്നെയാണ് ഞാന്‍ പറയുക.
ഭാരതത്തില്‍ വാസ്തവത്തില്‍ ഇപ്പോള്‍ ഒരു വലിയ സമരം മോദിക്കെതിരെ നടക്കേണ്ട സമയമാണ്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും അടുപ്പ് പുകയുന്നില്ല. ഇതാകട്ടെ മോദി അമേരിക്കയ്ക്ക് സര്‍വ്വാത്മനാ കീഴടങ്ങിയതിന്റെ ഫലമാണ്. അപ്പോള്‍ അതിനെ ചെറുക്കുകയോ അപലപിക്കുകയൊ ചെയ്യുന്നത് കോണ്‍ഗ്രസ് മാത്രമാണ്. രാഹുല്‍ ഗാന്ധിയാണ് അതിനെ ശക്തമായി ആക്ഷേപിക്കുകയും ഈ വസ്തുത തുറന്നു കാണിക്കുകയും ചെയ്യുന്നത്. കേരളത്തിലും ഭാരതത്തിലും ഉടനീളം യുദ്ധവിരുദ്ധ ജാഥകള്‍ ഉണ്ടാകേണ്ടതാണ്. മോദിയുടെ ഈ നയമാണ് ഈ വിധത്തിലുള്ള ഈ ദുരന്തത്തിന് കാരണമായി തീര്‍ന്നത് എന്നത് മനസ്സിലാക്കേണ്ടതാണ് ഇപ്പോള്‍.
യഹൂദി അമിച്ചായിയുടെ ഒരു കവിതയുണ്ട്. ബോംബിന്റെ ഡയാമീറ്റര്‍ 10 സെന്റീമീറ്റര്‍ ആണ്. പക്ഷേ, അതിന്റെ എഫക്റ്റിന്റെ ഡയമീറ്റര്‍ ചിലപ്പോള്‍ 100 മീറ്റര്‍ ആയിരിക്കും. അതിനകത്ത് ഒരു ആശുപത്രിയോ ഒരു സ്‌കൂളോ ഒക്കെ ഉണ്ടാകാം. പക്ഷേ ഒരായിരം കിലോമീറ്റര്‍ അകലെ നിന്ന് വന്ന ഒരതിഥി ഈ ബോംബ് ആക്രമണത്തില്‍ പെട്ടാല്‍ അതിന്റെ ഡയമീറ്റര്‍ ആയിരം കിലോമീറ്റര്‍ ആണ്. ലോകത്തിന്റെ എവിടെയെങ്കിലും അതിവിദൂരത്ത് നിന്ന് ഇതിന്റെ ദുരിതം ഒരാള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ ഈ ബോംബിന്റെ ഡയമീറ്റര്‍ ലോകം മുഴുവനുമാണ്. ഇന്നാകട്ടെ ഇറാനില്‍ വീഴുന്ന ഓരോ ബോംബും നമ്മുടെ വീട്ടുമുറ്റത്താണ് വീഴുന്നത്. ഒരുപാട് പേര്‍ അനാഥരാവുകയാണ്. ഒരുപാട് പേര്‍ തൊഴിലില്ലാത്തവരാവുകയാണ്. നാള്‍ക്കു നാള്‍ വില വര്‍ധിച്ചുവരികയാണ്. വീടുകളില്‍, ഹോട്ടലുകളില്‍ ഗ്യാസ് ഇല്ലാതാവുകയാണ്. ഇങ്ങനെ ഒരു യുദ്ധവും മലയാളിയെ മുന്‍പ് ബാധിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇത് ഗ്ലോബലൈസേഷന്റെ കൂടി ഒരു ദുരനുഭവമാണ്.
അതെന്തായാലും മോദിക്കെതിരെ, മോദിയുടെ ഈ നയത്തിനെതിരെ ശക്തമായിട്ട് ആരു പ്രതികരിക്കുന്നു? കേരളത്തില്‍ ശക്തമായ ഒരു പ്രതികരണവും ഞാന്‍ കണ്ടിട്ടില്ല. മോദി അമേരിക്ക്ക്ക് കീഴടങ്ങിയത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന സത്യത്തിനെതിരെ ശക്തമായ ഒരു പ്രതിഷേധവും ഇവിടെ നടക്കുന്നില്ല. കോണ്‍ഗ്രസിന്റെ മുന്‍കൈയില്‍ നടക്കുന്നതും ചിലപ്പോഴൊക്കെ രാഹുല്‍ ഗാന്ധിയില്‍ ഒതുങ്ങി പോകുന്നു എന്ന സംശയമുണ്ട്. ദാരുണമായ യുദ്ധകാല അനുഭവങ്ങള്‍ക്ക് എതിരായി കേരളം മുഴുവന്‍ ഉണരേണ്ടതാണ്. ഈ ഒരു ഫാസിസ്റ്റ് പ്രവണതയെ എതിര്‍ക്കുവാന്‍ കൂടുതല്‍ യോഗ്യതയുള്ളവര്‍ എന്ന നിലയില്‍ ഐക്യമുന്നണിയെ ഞാന്‍ അനുകൂലിക്കുന്നതിന്റെ കാരണം അതാണ്.
(കല്‍പറ്റ നാരായണന്‍ ‘ദി ക്രിറ്റിക്’ യൂടൂബ് ചാനലില്‍ ഐ. ഗോപിനാഥുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്)
