October 14 Wednesday 2026

വയനാട് ടൗണ്‍ഷിപ്പ് വീട് നിര്‍മാണം അനിശ്ചിതത്വം തുടരുന്നു

ചൂരല്‍മല-മുണ്ടക്കൈ ദുരിത ബാധിത കുടുംബങ്ങള്‍ക്കായി കല്‍പറ്റ ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന വീടുകളുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. ഉദ്ഘാടനം കഴിഞ്ഞ് ഒന്നരമാസമായിട്ടും വീടുകള്‍ കൈമാറിയിട്ടില്ല. ഫെയ്‌സ് വണ്ണിലെ 178 വീടുകളില്‍ 40 എണ്ണം മാത്രമാണ് പൂര്‍ത്തിയായത്. വിഷുവിന് മുന്‍പ് കൈമാറുമെന്ന് അതിജീവിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാഴ്‌വാക്കായി മാറി. അടുത്ത ജൂലൈ മുപ്പതിന് ദുരന്തം സംഭവിച്ച് രണ്ട് വര്‍ഷമാവും. അന്നുമുതല്‍ സര്‍ക്കാര്‍ നല്‍കുന്ന തുകക്ക് പുറമെ അധികവാടക നല്‍കി കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഉണ്ട്. 6000 രൂപയാണ് സര്‍ക്കാര്‍ വാടകയായി നല്‍കുന്നത്. എന്നാല്‍, സാമാന്യം ബേധപ്പെട്ട വീടിനുപോലും 9000 ന് മുകളില്‍ വാടക നല്‍കണം. ഈ സാഹചര്യത്തില്‍ അതീജിവിത കുടുംബങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് ടൗണ്‍ഷിപ്പ് നിര്‍മാണവും ഉദ്ഘാടന മാമാങ്കങ്ങളും വീക്ഷിച്ചത്.

ഇതിനിടെ ടൗണ്‍ഷിപ്പില്‍ നിര്‍മിച്ച വീടുകളില്‍ വിള്ളല്‍ വീണത് കുടുംബങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളിലെ ഭിത്തികളിലും ടെറസിലും വിള്ളലുകളുള്ളതായി കുടുംബങ്ങള്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് ഈ അവസ്ഥക്ക് കാരണമെന്ന് അതിജീവിതര്‍ കുറ്റപ്പെടുത്തുന്നു. ചുമരുകളിലും ടെറസിലും ആവശ്യമായ ജലസേചനം നടത്താത്തതാണ് ഈ അവസ്ഥക്ക് കാരണമെന്ന് പറയുന്നു. ഫെയ്‌സ് വണ്ണിലെ 178 വീടുകള്‍ക്ക് പുറമെയുള്ള വീടുകളുടെയും നിര്‍മാണം മന്ദഗതിയിലാണ്. നേരത്തെ രണ്ടായിരത്തോളം തൊഴിലാളികളുമായി നടത്തിയരുന്ന നിര്‍മാണം ഇപ്പോള്‍ 400 ല്‍ തഴെയാണെന്നും അതജീവിതര്‍ പരാതിപ്പെടുന്നു.

കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് 178 വീടുകളുടെയും താക്കോല്‍ദാനവും പട്ടയം കൈമാറ്റവും നടന്നത്.

Related