August 11 Tuesday 2026

വഖഫ് ഇടക്കാല വിധി: ഹിന്ദു രാഷ്ട്രത്തിലേക്കുള്ള വേഗം വര്‍ധിപ്പിക്കും

2024 ആഗസ്റ്റ് 8ന് വഖഫ് ഭേദഗതി നിയമം – 2025 ഇന്ത്യന്‍ ലോക്സഭയില്‍ അവതരിപ്പിക്കുകയും 2025 ഏപ്രില്‍ 4 ന് പാസാക്കുകയും ചെയ്തതിനു ശേഷം ബില്ലിനെതിരെ നിരവധി പരാതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളാണ് സുപ്രീംകോടതിയില്‍ നടന്നുവരുന്നത്. അതില്‍ കഴിഞ്ഞ ദിവസം (സെപ്തംബര്‍ 15) സുപ്രീംകോടതിയില്‍ നിന്നുണ്ടായ ഇടക്കാല സ്റ്റേ ഉത്തരവുകളും പരാമര്‍ശങ്ങളുമാണ് ഈ ലേഖനം മുഖ്യമായും പരിശോധിക്കുന്നത്.

സുപ്രീം കോടതി സമീപനത്തില്‍ ആദ്യം തന്നെ നമ്മെ നടുക്കുന്ന പ്രതികരണം ഉണ്ടായത് ‘വഖഫ് ബൈ യൂസര്‍’ എന്ന മുസ്‌ലിം ദാനവ്യവസ്ഥയെ കുറിച്ചുള്ള കോടതി പരാമര്‍ശമാണ്. നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന വഖഫ് ഭൂമിക്ക് തെളിവുകള്‍ ചോദിക്കുന്ന ഈ ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന ശ്മശാനങ്ങളും ദര്‍ഗകളും പള്ളികളും ഭരണകൂടം തട്ടിയെടുക്കും എന്ന വാദം തങ്ങള്‍ വിശ്വസിക്കുന്നില്ല എന്നാണ് പരമോന്നത കോടതി പറഞ്ഞത്.

ബാബറി മസ്ജിദ് വഖഫ് ഭൂമിയില്‍ ആയിരുന്നെന്നും, അതൊരു വഖഫ് ഭൂമി തര്‍ക്കം കൂടിയായിരുന്നു എന്നും പരമോന്നത കോടതി ഓര്‍ക്കാതിരുന്നതാണോ അതോ ഓര്‍ക്കേണ്ടതില്ല എന്ന് തീരുമാനിച്ചതാണോ..? എല്ലാ പള്ളികള്‍ക്കടിയിലും ശിവലിംഗവും ശിവരൂപവും തേടി കുഴിച്ചു നോക്കുന്നതും കോടതിയെ ആകുലപ്പെടുത്തിയിട്ടില്ലെന്നും കരുതണം. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് നാം കഴിഞ്ഞദിവസം കോടതി നടത്തിയ പരാമര്‍ശങ്ങളെ പരിശോധിക്കേണ്ടത്.

വഖഫ് നിയമം ഏറെക്കുറെ പൂര്‍ണമായും തുടച്ചു മാറ്റുന്ന ഈ പുതിയ ബില്‍ കേവലം ഭേദഗതി അല്ല, മറിച്ച് മുസല്‍മാന്‍ വഖഫ് നിയമം, 1923ഉം 1995 ലെ ഭേദഗതിയും ഉള്‍പ്പെടെ പൂര്‍ണ്ണമായും റദ്ദാക്കി കളയുന്ന ഒരു പുതിയ നിയമം തന്നെയാണ്. യുണൈറ്റഡ് വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ് ആക്റ്റ് എന്ന് പുനര്‍നാമകരണം ചെയ്ത് അവതരിപ്പിച്ച ഈ പുതിയ വഖഫ് നിയമത്തിന്റെ ഉള്ളടക്കത്തിലെ ഭൂരിപക്ഷ മതാധിപത്യത്തിന്റെ താല്‍പര്യങ്ങള്‍ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് മെയ് വഴക്കത്തോടെ ഒഴിഞ്ഞുനില്‍ക്കാന്‍ വേണ്ടിയുള്ള ചില പൊടിക്കൈകള്‍ മാത്രമാണ് സുപ്രീംകോടതി നിര്‍വഹിച്ചത്.

ഇന്ത്യന്‍ ഭരണഘടനയിലെ മതേതരത്വം എന്നത് മതപരമായ കാര്യങ്ങളില്‍ നിന്ന് ഭരണകൂടത്തിന്റെ ‘തത്വപരമായ അകലം’ (principled distance) ഉറപ്പിക്കുന്നതും, പക്ഷപാതമോ വിവേചനമോ കൂടാതെ എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണനയും ഒപ്പം ഒരു പ്രത്യേക മതത്തിന്റെ, പ്രത്യേകിച്ച് ഭൂരിപക്ഷ മതത്തിന്റെ ആധിപത്യം തടയുന്നതിനേയും സൂചിപ്പിക്കുന്നതാണ്.

നിലവില്‍ ഇന്ത്യയില്‍, മതപരമോ, ആത്മീയ പരമോ ജീവകാരുണ്യപരമോ ആയ കര്‍ത്തവ്യങ്ങള്‍ക്കായി സ്വത്ത് ദാനം ചെയ്യുന്നതിന് ഏതെങ്കിലും മതവിശ്വാസികള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും ഇല്ലെന്നിരിക്കെ, അത്തരം പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ നിര്‍വഹിച്ചു പോരുന്ന വഖഫ് നിയമവും അതിന്റെ അനുബന്ധ വഖഫ് ബോര്‍ഡിന്റെയും ട്രൈബ്യൂണലിന്റെയും പ്രവര്‍ത്തനങ്ങളും സമ്പൂര്‍ണ്ണമായി നിഷേധിക്കുന്ന ബില്ലിന്റെ ഉള്ളടക്കത്തെ ഗൗരവതരമായി സമീപിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്.

ആശ്വാസകരം എന്ന് പുറമെ തോന്നിപ്പിക്കുന്ന കോടതിയുടെ രണ്ടു പ്രധാനപ്പെട്ട സ്റ്റേകളില്‍ ഒന്ന് വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രാതിനിധ്യത്തെക്കുറിച്ചുള്ളതാണ്. ഇതില്‍ അമുസ്‌ലിം പ്രാതിനിധ്യം പരിമിതപ്പെടുത്താന്‍ വേണ്ടി മാത്രമാണ് കോടതി ഇടപെട്ടിട്ടുള്ളത്. വഖഫ് സ്ഥാപനങ്ങളില്‍ ഭൂരിപക്ഷം മുസ്‌ലിംകള്‍ അംഗങ്ങളായിരിക്കണമെന്ന് കോടതി വ്യക്തമാക്കുന്നു. വഖഫ് ബോര്‍ഡുകളിലും വഖഫ് കൗണ്‍സിലിലും മൂന്ന്/നാല് അമുസ്‌ലിം അംഗങ്ങള്‍ വരെ ഉണ്ടാകാം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാതൃകാപരമായി ഒരു മുസ്‌ലിമായിരിക്കണം എന്നും അതില്‍ പറയുന്നു. ഗുരുദ്വാര ദേവസ്വം ബോര്‍ഡ് തുടങ്ങി മറ്റൊരു മത സംവിധാനത്തിലും ഇല്ലാത്ത ഈ രീതി അവലംബിക്കുന്നത് മതപരമായ തുല്യാവകാശത്തിന് വിരുദ്ധമാണ് എന്ന് വീക്ഷിക്കാന്‍ കോടതിക്ക് കഴിയുന്നില്ല.

1954ലെ മദ്രാസ് ഹിന്ദു റിലീജിയസ് എന്‍ഡോവ്‌മെന്റ് കമ്മീഷന്‍ (Hindu religious endowment commission) v/s ശ്രീലക്ഷ്മീന്ദ്ര തീര്‍ത്ഥ സ്വാമിയാര്‍ ഓഫ് ഷിരൂര്‍ മഠ് കേസിലും, രതിലാല്‍ പ്രജണ്ഡ ഗാന്ധി v/s സ്റ്റേറ്റ് ഓഫ് ബോംബെ (State of Bombay) കേസിലും ഉണ്ടായ കോടതി വിധികളില്‍, മതഭരണ അവകാശം അവരില്‍നിന്ന് എടുത്തു കളയുകയും, മതേതര അധികാരികളില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുന്ന നിയമങ്ങള്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26 (d) ഉറപ്പു നല്‍കുന്ന മതപ്രവര്‍ത്തന അവകാശത്തിന്റെ ലംഘനമാണ് എന്ന് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതൊന്നും തന്നെ വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുമ്പോള്‍ കോടതി പരിശോധിക്കുന്നില്ല.

മറ്റൊരു സുപ്രധാനമായ കാര്യം സ്വത്ത് വഖഫ് ചെയ്യാന്‍ അഞ്ചു വര്‍ഷം മുസ്‌ലിമായി തുടരണം എന്ന സെക്ഷന്‍ 3 പരാമര്‍ശമാണ്. അതിന് കോടതി നല്‍കുന്ന ഭാഗികമായ സ്റ്റേ ഉത്കണ്ഠാജനകമാണ്. ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ഒരാള്‍ അഞ്ചുവര്‍ഷം മുസ്‌ലിമായിരുന്നു എന്ന് കണ്ടെത്താനുള്ള ചട്ടങ്ങളും നയങ്ങളും രൂപീകരിച്ചതിനു ശേഷം പരിശോധിക്കാനാണ് കോടതി നിര്‍ദേശിക്കുന്നത്. ഇത് ഫാസിസ്റ്റ് ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളില്‍ ഏത് രീതിയിലാണ് നടപ്പാക്കപ്പെടുക എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. എന്നാല്‍, അതിനേക്കാള്‍ ഗുരുതരമായ ഭരണഘടനാ ലംഘനം അതില്‍ ഉള്ളടങ്ങിയിട്ടുള്ളത് കോടതി പരിശോധിക്കുന്നില്ല.

വഖഫ് ചെയ്യുന്ന വ്യക്തി നിശ്ചിത കാലം മുസ്‌ലിം ആയിരിക്കണം എന്ന് അവകാശപ്പെടുന്നത് ഒരു വ്യക്തിയുടെ സ്വത്തിന് മേലുള്ള ഭരണകൂടത്തിന്റെ നിയന്ത്രണമാണ്. വ്യക്തിയുടെ പരമാധികാരത്തെ (personal liberty) സംരക്ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 19, 22 എന്നിവയുടെ പരസ്യമായ ലംഘനവും അതിനെ വെല്ലുവിളിക്കുന്നതുമാണ്. എന്നുമാത്രമല്ല, ആര്‍ട്ടിക്കിള്‍ 14 സമത്വത്തിനുള്ള അവകാശം (Right to equality), തന്റെ സ്വത്തിന് മേലുള്ള സമ്പൂര്‍ണ്ണ അവകാശം സ്ഥാപിക്കുന്ന ആര്‍ട്ടിക്കിള്‍ 300 A എന്നിവയൊന്നും തന്നെ ഭരണഘടനാ കോടതി പരിശോധിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടില്ല. അതായത്, ഒരാള്‍ എങ്ങനെയാണ് മുസ്‌ലിം ആകേണ്ടത് എന്ന് നിര്‍ണയിക്കാനുള്ള മതപരമായ അവകാശം കവര്‍ന്നെടുക്കുകയും, ആ നിര്‍ണയാവകാശം ഭരണകൂടം കയ്യാളുകയും ചെയ്യുന്നതാണ് ഇവിടെ കാണുന്നത്. എന്നുമാത്രമല്ല, ഒരാള്‍ മുസ്‌ലിം ആയതിനുശേഷം അയാളുടെ എല്ലാ അവകാശങ്ങളും ഫാസിസ്റ്റ് ഭരണകൂടത്തിന് കവര്‍ന്നെടുക്കാം, അയാള്‍ ദാനം ചെയ്യാന്‍ പാടില്ല എന്നിങ്ങനെ സമ്പൂര്‍ണ്ണമായ ഭൂരിപക്ഷമതാധിഷ്ഠിത വ്യവഹാരങ്ങള്‍ക്ക് മുസ്‌ലിം സമൂഹത്തെ വിധേയമാക്കാന്‍ ഈ ഭേദഗതിയിലൂടെ സാധിക്കുന്നു.

പൗരന്മാരുടെ അവകാശങ്ങളെ ബാധിക്കുന്ന തരത്തില്‍ എക്‌സിക്യൂട്ടീവിന് വ്യാപകമായ അധികാരം നല്‍കുന്ന ഈ ഭേദഗതികള്‍ പരിശോധിക്കുമ്പോള്‍, സിഎഎ, മദ്രസ നിയമം, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ മുസ്‌ലിം വിരുദ്ധ നിയമങ്ങളുടെ പരമ്പരയിലെന്നപോലെ, വഖഫ് ഭേദഗതി നിയമവും വ്യക്തമായും മുസ്‌ലിം വിരുദ്ധമെന്ന് മാത്രമല്ല; ഇന്ത്യയുടെ ശത്രുക്കളായി മുസ്‌ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഈ ഭേദഗതി കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നുമുണ്ട്.

കളക്ടര്‍ അല്ലെങ്കില്‍ തത്തുല്യ ഉദ്യോഗസ്ഥന്‍ അന്വേഷണപരമായി ഇടപെടുന്നതോടെ ഒരു തര്‍ക്ക സ്വത്ത് വഖഫ് ആയി കണക്കാക്കില്ലെന്ന് നിര്‍ദേശിക്കുന്ന സെക്ഷന്‍ 3C യിലെ രണ്ടാം വ്യവസ്ഥ, കോടതി സ്റ്റേ ചെയ്തതു മാത്രമാണ്
ഗൗരവതരമായ സമീപനം എന്ന് എടുത്തു പറയാവുന്ന കാര്യം. ഉത്കണ്‍ഠയ്ക്കു നിദാനമായ മറ്റൊരു കാര്യം
വഖഫ് ഭേദഗതി 2025 നിയമത്തില്‍ ‘ഉപയോക്താവ് വഴി വഖഫ് ‘ (waqf by user) എന്ന ആശയം അട്ടിമറിക്കുന്നതിനെ തടയിടുന്ന ഒരു സമീപനവും സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായില്ല എന്നു മാത്രമല്ല അത് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു. ഇത് ഏകപക്ഷീയമല്ലെന്നും അത്തരം ‘വഖഫ് ബൈ യൂസര്‍’ സ്വത്തുക്കളെല്ലാം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന ഹര്‍ജിക്കാരുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്നും ആണ് ചൂണ്ടിക്കാട്ടുന്നത്.

ബാബjി മസ്ജിദിന്റെ വിചാരണയുടെ നാള്‍ വഴികളും പിന്നീടു വന്ന അന്തിമവിധിയും നമ്മുടെ മുന്നിലുണ്ട്. നൂറ്റാണ്ടുകളായി നടന്നുവരുന്ന വഖഫ് ബൈ യൂസര്‍ എന്ന ഒരു കമ്യൂണിറ്റി പ്രാക്ടീസ് (community practice) ആണ് വെല്ലുവിളിക്കപ്പെടുക എന്ന് കോടതിക്ക് അറിയാതെയാണോ ഈ രീതിയില്‍ ഒഴിഞ്ഞുമാറുന്നത്?

മുസ്‌ലിം വസ്തുദാനം, ധര്‍മ സ്വത്ത് (Islamic endowment) എന്നിങ്ങനെയുള്ള സുപ്രധാനമായ മുസ്‌ലിം ദാന സങ്കല്‍പങ്ങള്‍, മുസ്‌ലിം വ്യക്തി നിയമവുമായി (Muslim personal law) ബന്ധപ്പെട്ടാണ് പരിശോധിക്കപ്പെടേണ്ടത്. ഒരു സമുദായത്തിന്റെ ദാനശീലത്തെ, ഉദാരതാ മനോഭാവത്തെ പ്രകടമാക്കുന്ന ഈ പ്രക്രിയ ദാനം നല്‍കുന്ന ആള്‍ക്കും ദാനം സ്വീകരിക്കുന്ന ആള്‍ക്കും (donor and donee) ഇടയില്‍ സംഭവിക്കുന്ന നിരുപാധികമായ സ്വത്ത് കൈമാറ്റം (unconditional transfer of property) ആണ്. എന്നാല്‍ മുസ്‌ലിം മതത്തിന്റെ ഉള്ളിലെ ഈ മഹാ കാരുണ്യപ്രക്രിയയെ മതത്തിനു പുറത്തുള്ള ഭരണകൂട ശക്തികള്‍ നിയമങ്ങളും ചട്ടങ്ങളും (statutory law) കൊണ്ട് അതിന് പകരം വയ്ക്കുകയാണ് ചെയ്യുന്നത്.

വിശ്വാസികളുടെ ആത്മസംതൃപ്തി, അവര്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ ഇച്ഛ, രീതി ശാസ്ത്രം എന്നിവയെല്ലാം ഇത്തരം സ്റ്റാറ്റിയൂട്ടറി നിയമങ്ങള്‍ കൊണ്ട് അട്ടിമറിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ പറയുന്നതിന് അനുസരിച്ച് മാത്രം മതം അനുഷ്ഠിക്കുക, മനുഷ്യന് പരസ്പരം വിശ്വസിക്കാനുള്ള സാഹചര്യത്തെ നിയമങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുക, നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വരുന്ന ഒരു സാമൂഹ്യ രീതിക്ക് രേഖകള്‍ ആവശ്യപ്പെടുക എന്നിങ്ങനെയുള്ള വലിയ ഫാസിസ്റ്റ് ഭരണകൂട കടന്നുകയറ്റങ്ങള്‍ ഒന്നും തന്നെ കോടതി നിരീക്ഷിക്കുന്നില്ല. വഖഫ് ബൈ യൂസര്‍ എന്നതില്‍, ഒരു വസ്തു കാലങ്ങളായി ഉപയോഗത്തില്‍ ഇരിക്കുന്നു എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. അതുതന്നെയാണ് ഇസ്‌ലാമിക ധാര്‍മിക നീതിയുടെ വിശ്വാസപരമായ ക്രയവിക്രയം. എന്നാല്‍, ഇതെല്ലാം അട്ടിമറിക്കപ്പെട്ട് പൂര്‍ണ്ണ അധികാരം സര്‍ക്കാരില്‍ അല്ലെങ്കില്‍ അന്തിമവിധി നിര്‍ണയം ഉദ്യോഗസ്ഥര്‍ കയ്യാളുന്നതാണ് ഇവിടെ സംഭവിക്കുക.

വഖഫ് ഭേദഗതി 2025 ഉയര്‍ത്തുന്ന മറ്റൊരു വെല്ലുവിളി, അതിന്റെ ഫെഡറലിസം പൂര്‍ണ്ണമായും നഷ്ടപ്പെടുന്നു എന്നുള്ളതാണ്. ഇതുവരെ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത വഖഫ് ബോര്‍ഡുകളും, ട്രൈബ്യൂണലുകളും ഉള്‍പ്പെടെ വികേന്ദ്രീകൃതമായി ആണ് പ്രവര്‍ത്തിച്ചിരുന്നത് എങ്കില്‍ പുതിയ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, ഇവയെല്ലാം സമ്പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ വരും. വഖഫ് നിയമത്തിന്റെ ഫെഡറല്‍ സങ്കല്‍പത്തെ സമ്പൂര്‍ണ്ണമായും തകര്‍ക്കുന്ന ഈ ഭേദഗതിയും കോടതി പരിശോധിക്കുന്നില്ല. അതായത്, വഖഫ് ചെയ്യപ്പെടുന്ന ഒരു സ്വത്ത് കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ അത് പൂര്‍ണ്ണമായും കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരും. കണക്കുകളും മറ്റും പരിശോധിക്കുക കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (C&AG) ആയിരിക്കും. അതില്‍ മുസ്‌ലിം പ്രതിനിധികള്‍ക്ക് യാതൊരു അധികാരവും പങ്കും ഉണ്ടായിരിക്കില്ല. അതായത്, മുസ്‌ലിംകളെ മാത്രം സംബന്ധിച്ച നീതിന്യായ അധികാരം ബ്യൂറോക്രസിക്ക് പലപ്പോഴും വംശീയ ബ്യൂറോക്രസിക്ക് (കേരളത്തിലെ ഹിന്ദു മല്ലൂസ് ഉദ്യോഗസ്ഥ വൃന്ദങ്ങളെ ഇവിടെ ഓര്‍ക്കാം) നിഷ്പ്രയാസം കൈയാളാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നു.

ചുരുക്കത്തില്‍ മുസല്‍മാന്‍ വഖഫ് എന്ന ധാനധര്‍മ സംവിധാനം ഭൂമി കൊള്ള ചെയ്യുന്നതിനു വേണ്ടി സൃഷ്ടിച്ചതാണ് എന്ന ഒരു നരേറ്റീവ് ഇവിടെ നിര്‍മിച്ചെടുക്കുന്നു. അതിനു പരിഹാരമായാണ് ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം ഭേദഗതി കൊണ്ടുവന്നത് എന്നുള്ള ഒരു സന്ദേശം സമൂഹത്തിന് നല്‍കി ആര്‍എസ്എസിന് മുസ്‌ലിം വിരുദ്ധമായ, ഭ്രാന്തമായ ഹിന്ദു രാഷ്ട്ര ലക്ഷ്യത്തിലേക്ക് നടന്നടുക്കാനുള്ള വേഗത വര്‍ധിപ്പിക്കാന്‍ മാത്രമാണ് ഈ വഖഫ് ഭേദഗതിയും അതിനോടുള്ള കോടതി സമീപനവും പ്രയോജനപ്പെടുക.

 

Related