August 9 Sunday 2026

”എന്റെ വോട്ട് ബിജെപിക്കില്ല. എന്‍.ഡി.എക്കില്ല” ആഹ്വാനവുമായി വേക് അപ് കേരളം കൂട്ടായ്മ

നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും എന്‍ഡിഎ കക്ഷികളെയും പരാജയപ്പെടുത്തണമെന്ന ആഹ്വാനവുമായി ‘വേക് അപ് കേരള’ കൂട്ടായമ രംഗത്ത്. മറ്റ് ഏതു കക്ഷിക്കു വോട്ട് കൊടുക്കണമെന്നത് വോട്ടര്‍മാരുടെ അനുഭവങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വിടുന്നുവെന്നും അന്ധമായ രാഷ്ട്രീയ ചായ്വുകൊണ്ടു മാത്രമാകരുത് ആ തീരുമാനമെന്നും കൂട്ടായ്മ പുറത്തിറക്കിയ കുറിപ്പില്‍ പറയന്നു. മതേതര വോട്ടുകള്‍ ഭിന്നിച്ച് ബിജെപി ഒന്നാം സ്ഥാനത്തെത്തിച്ചേരാന്‍ സാധ്യതയുണ്ടാക്കാതെ അതാതിടങ്ങളില്‍ ബുദ്ധിപൂര്‍വം തന്നെ പ്രവര്‍ത്തിക്കണമെന്നും കൂട്ടായ്മ ആഹ്വാനം ചെയ്യുന്നു.

പ്രൊഫ. കെ. സച്ചിദാനന്ദന്‍, പ്രൊഫ. സാറാ ജോസഫ്, പി.എന്‍. ഗോപീകൃഷ്ണന്‍, സി.ആര്‍. നീലകണ്ഠന്‍, എന്‍. മാധവന്‍ കുട്ടി, കുരീപ്പുഴ ശ്രീകുമാര്‍, കെ. അജിത, ഡോ. ഖദീജാ മുംതാസ്, റഫീഖ് അഹമ്മദ്, അന്‍വര്‍ അലി, ഓ.കെ ജോണി, പി.എഫ് മാത്യൂസ്, ഡോ. ടി.എസ്. ശ്യാംകുമാര്‍, ഡോ. സ്മിത പി. കുമാര്‍, പ്രകാശ് ബാരെ തുടങ്ങിയവരാണ് വേക് അപ് കേരളം കൂട്ടായ്മക്കുവേണ്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.

വേക് അപ് കേരളം കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവന:

വേക് അപ് കേരളം കൂട്ടായ്മക്ക് വോട്ടര്‍മാരോട് പറയാനുള്ളത്

പ്രിയവോട്ടര്‍മാരേ,
ഏപ്രില്‍ 9-ന് നിങ്ങളുടെ വിലപ്പെട്ട വോട്ടവകാശം വിനിയോഗിക്കാനുളള അവസരമാണ്. ഇന്നുവരെ നാം നിലനിര്‍ത്തിപ്പോന്ന കേരളീയ സാമൂഹ്യജീവിതത്തെപ്പറ്റിയും ഇവിടെ ഇനിയും ജീവിക്കേണ്ട വരുംതലമുറയെപ്പറ്റിയും കൃത്യമായ ചിന്തയോടുകൂടിയേ വോട്ടവകാശത്തെ നാം ഉപയോഗിക്കാവൂ.

താരതമ്യേന സൈ്വര്യവും സമാധാന പൂര്‍ണവുമായ അന്തരീക്ഷമായിരുന്നു കഴിഞ്ഞ എഴുപത് എഴുപത്തഞ്ച് വര്‍ഷങ്ങളായി ഇവിടെ നിലനിന്നിരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, മുസല്‍മാനും ഹിന്ദുവും കൃസ്ത്യാനികളും ഇടകലര്‍ന്നും പരസ്പരം ആശ്രയിച്ചും വ്യത്യസ്തതകളെ അംഗീകരിച്ചും നാം ജീവിച്ചുപോന്നു. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ജാതി-മത വിവേചനങ്ങളില്ലാതെ വിദ്യാഭ്യാസം നേടാനും കഴിവിനനുസരിച്ച് ഉയര്‍ന്നുവരാനും വേണ്ട അന്തരീക്ഷം പൊതുവേ ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. അപവാദങ്ങള്‍ ഇല്ലെന്നല്ല. അങ്ങനെ ഉണ്ടായാല്‍ ഉറക്കെ പറയാനും പ്രതിഷേധിക്കാനുമുള്ള പൊതുമനസ്സും അതിനുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്നത് കുറച്ചുകാണാനാവില്ല. ഇന്ത്യയില്‍ പലയിടങ്ങളിലും അതല്ല സ്ഥിതി. അതിനു കാരണമാവുന്നത് ഇന്ന് കേന്ദ്രത്തില്‍ മാത്രമല്ല, സംസ്ഥാനങ്ങളില്‍ പലതിന്റെയും ഭരണം കയ്യാളുന്ന, ആര്‍എസ്എസ് ആശയങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി)യുടെ സാന്നിധ്യമാണ്. ഇക്കാലം വരെ ബിജെപി. മുഖ്യ റോള്‍ വഹിക്കുന്ന എന്‍ഡിഎ മുന്നണിയെ കേരള മണ്ണില്‍ ഇരുകാലുമുറപ്പിച്ചു നില്‍ക്കാന്‍ നമ്മള്‍ അനുവദിച്ചിട്ടില്ല. കേരളത്തെ കൂടി കൈപ്പിടിയിലൊതുക്കാനായി ഇതുവരെ ഈ സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികളുടെ ഊതിപ്പെരുപ്പിച്ച ജനവിരുദ്ധത ഉയര്‍ത്തിക്കാട്ടി കേരളത്തെ സ്വര്‍ഗ്ഗമാക്കാന്‍ ഇതാ ഞങ്ങള്‍ വരുന്നു എന്നുദ്ഘോഷിച്ച്, അളവില്ലാത്ത പണമൊഴുക്കി അവര്‍ പ്രചരണം നടത്തിക്കൊണ്ടിരിക്കയാണ്. പല തരത്തില്‍ സര്‍ക്കാരുകളോട് അസംതൃപ്തിയും നയങ്ങളില്‍ നിരാശയുമുണ്ടാകാവുന്ന മനുഷ്യര്‍ ആ പൊലിമയിലും വാഗ്ദാനങ്ങളിലും വീണുപോവാനുള്ള സാധ്യതയും വലുതാണ്. വിവിധ മരനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളോടും പ്രസ്ഥാനങ്ങളോടും വ്യക്തിപരമായ ആഭിമുഖ്യമുള്ളവരെങ്കിലും വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ ഒരേ മനസ്സുള്ള നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെയും കലാകാരരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ‘വേക് അപ് കേരളം’ ഈ തെരഞ്ഞെടുപ്പില്‍ നാം ശ്രദ്ധയില്‍ വെക്കേണ്ട ചില കാര്യങ്ങളെപ്പറ്റി മാത്രം ഓര്‍മ്മപ്പെടുത്തിക്കൊളളട്ടെ.

– ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നത് പാപമാവുകയും അതിന്റെ പേരില്‍ നമുക്കു പരിചിതരായ ആളുകള്‍, അല്ലെങ്കില്‍ നമ്മള്‍ തന്നെ, കുററവാളികളാവുകയും ചിലപ്പോള്‍ തല്ലിക്കൊല്ലപ്പടുകയും ചെയ്യുന്ന അവസ്ഥ ഈ നാടിനും ഉണ്ടാവണോ?

– നിത്യോപയോഗ സാധനങ്ങളുടെ വില വാണം പോലെ മേലോട്ടുയരുമ്പോഴും ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി വളരുന്നു എന്നു വീമ്പിളക്കിക്കൊണ്ടിരിക്കുകയും പെട്രോള്‍-ഡീസല്‍ വില തോന്നിയ പോലെ കൂട്ടുകയും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കുറച്ചുകൊണ്ട് പ്രലോഭനമുണ്ടാക്കുകയും ചെയ്ത് വര്‍ഷങ്ങളായി നമ്മെ വട്ടംകറക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയകക്ഷിക്ക് നമ്മുടെ സംസ്ഥാനത്തെങ്കിലും കാലുകുത്താനനുവാദം കൊടുക്കില്ല എന്നു തീരുമാനിക്കാന്‍ നമുക്കാവേണ്ടതല്ലേ?

– നമ്മുടെ യുവാക്കള്‍ക്കു വേണ്ട തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവരുടെ ഭാവി സുക്ഷിതമാക്കാന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ കിട്ടാവുന്ന വലുതും ചെറുതുമായ എല്ലാ ജോലികളും കരാര്‍ തൊഴിലുകള്‍ മാത്രമാക്കി വിശ്രമമില്ലാത്ത ചൂഷണത്തിനും മാനസിക സമ്മര്‍ദ്ദത്തിനും അവരെ വിധേയരാക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സാമ്പത്തിക ശക്തികളെ മാത്രം സഹായിക്കുന്ന തൊഴില്‍ നിയമങ്ങള്‍ കൊണ്ടുവരലും അവര്‍ക്കായി സാമ്പത്തിക നയങ്ങളില്‍ വെള്ളം ചേര്‍ക്കലുകളും പരിസ്ഥിതിക്കു വലിയ ആഘാതമാകാവുന്ന വമ്പന്‍ പ്രോജക്റ്റുകള്‍ അനുവദിക്കലും യാതൊരു ധാര്‍മ്മികതയുമില്ലാതെ നടപ്പിലാക്കുന്ന രീതിയാണ് ബിജെപിയുടേത് എന്നത് നാം മറന്നു കൂടാ.

– എസ്.ഐ.ആര്‍. എന്ന തിരക്കിട്ട പ്രക്രിയയിലൂടെ പൗരരുടെ വോട്ടവകാശം വരെ എടുത്തുകളയാന്‍ മടിക്കാത്തവരും, അങ്ങനെ ചുളുവില്‍ തെരഞ്ഞെടുപ്പു വിജയം നേടാന്‍ കുബുദ്ധി കാണിക്കുന്നവരും ആണ് കേന്ദ്ര ഭരണ കക്ഷികളെന്നും മറക്കാതിരിക്കുക

– കേരളത്തിന്റെ എറ്റവും വലിയ സാമ്പത്തിക സ്രോതസ്സായ ഗള്‍ഫ് പ്രവാസികളുടെ ജോലിയും ജീവിതവും അട്ടിമറിക്കുന്ന വലിയൊരു യുദ്ധാന്തരീക്ഷം അവിടങ്ങളില്‍ നിലനില്‍ക്കുമ്പോഴും അന്യായമായ യുദ്ധം തുടങ്ങി വെച്ച അമേരിക്കന്‍-ഇസ്രയേല്‍ ഭരണാധികാരികളുടെ ഏറ്റവും വലിയ ദോസ്ത് എന്നവകാശപ്പെട്ടിരുന്ന ഇന്ത്യന്‍ ഭരണാധികാരിയായ മോദി ഇന്ന് നിശ്ശബ്ദനാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളില്‍ പങ്കാളിത്തം വഹിക്കാനോ ഗള്‍ഫ് പ്രവാസികളുടെ സുരക്ഷക്കായി യു.എന്‍. രക്ഷാ സമിതിയെ ഇടപെടീക്കാനോ മോദിക്കാവുന്നില്ല. യുദ്ധം തുടങ്ങിയ മുതല്‍ അനുഭവപ്പെടുന്ന ഇന്ത്യക്കാരന്റെ അടുക്കളയിലെ പാചക വാതക ക്ഷാമം വികലമായ അന്താരാഷ്ട്ര ബന്ധങ്ങളുടെയും അമേരിക്കന്‍ വിധേയത്വത്തിന്റെയും പ്രതിഫലനങ്ങളാണ് എന്നു നാം തിരിച്ചറിയണം. ദീര്‍ഘകാലമായുണ്ടായിരുന്ന ഇന്തോ ഇറാന്‍ ബന്ധത്തെ മറന്നു കൊണ്ടുള്ള സമീപന രീതിയാണ് മോദി കൈക്കൊണ്ടതെങ്കിലും ആ രാജ്യം ഭൂതകാലത്തെ മറക്കാതിരിരുന്നതിനാല്‍ മാത്രമാണ് കുറച്ചെങ്കിലും ഇന്ധനാശ്വാസം നമുക്കു ലഭിക്കുന്നതും.

വിദ്യാഭ്യാസരംഗത്തും കാര്‍ഷികമേഖലയിലും ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത ജനവിരുദ്ധതയും ശാസ്ത്രവിരുദ്ധതയും തങ്ങളുടെ നയമായി സ്വീകരിച്ചിട്ടുള്ള, സാമുദായിക സൗഹാര്‍ദ്ദത്തിന് വലിയ വിള്ളലുകളുണ്ടാകും വിധം വിദ്വേഷ പ്രചരണങ്ങളിലേര്‍പ്പെടുന്ന, ദളിത്, ആദിവാസി ന്യൂനപക്ഷ വിരുദ്ധമായ ജാതിവ്യവസ്ഥയെ സനാതന ധര്‍മ്മമെന്ന വിളിപ്പേരില്‍ തിരികെക്കൊണ്ടുവരിക എന്ന ആത്യന്തികലക്ഷ്യമുള്ള ഒരു കക്ഷിയെ നമ്മുടെ സംസ്ഥാനത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നത് മുന്നോട്ടു നമ്മള്‍ നടന്ന വഴിയെല്ലാം തിരിഞ്ഞു നടക്കലാണെന്നും ഒരു ജനതയൊന്നാകെ ആത്മഹത്യയ്ക്കു തയ്യാറാവുന്നതിനു സമമാണെന്നും ‘വേക് അപ് കേരളം കൂട്ടായ്മ’ തുറന്നു പറഞ്ഞുകൊളളട്ടെ.

”എന്റെ വോട്ട് ബിജെപിക്കില്ല. എന്‍.ഡി.എയ്ക്കില്ല” എന്ന തീരുമാനമാവട്ടെ ആദ്യം. മറ്റ് ഏതു കക്ഷിക്കു കൊടുക്കണമെന്നത് നിങ്ങളുടെ അനുഭവങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഞങ്ങള്‍ വിടുന്നു. ഒന്നുമാത്രം; അന്ധമായ രാഷ്ട്രീയ ചായ്വുകൊണ്ടു മാത്രമാകരുത് ആ തീരുമാനം. കാരണം, വോട്ടുകള്‍ ഭിന്നിച്ചുപോയി ബിജെപി ഒന്നാംസ്ഥാനത്തെത്തിച്ചേരാന്‍ സാധ്യതയുണ്ടാക്കാതെ അതാതിടങ്ങളില്‍ ബുദ്ധിപൂര്‍വം തന്നെ പ്രവര്‍ത്തിക്കുക. കൂടുതല്‍ ജയസാധ്യതയുള്ള ബിജെപി വിരുദ്ധ കക്ഷി ഏതാണോ അതിനെ വിജയിപ്പിക്കുക. വാസ്തവത്തില്‍ എല്ലാ ബിജെപി വിരുദ്ധ കക്ഷികളും ഒന്നിച്ചുനിന്നെതിരിടേണ്ടതായിരുന്നു ബിജെപി എന്ന പിന്തിരിപ്പന്‍ ശക്തിയെ. അതിനവര്‍ സന്നദ്ധരാവുന്നില്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇങ്ങനെയൊരു തീരുമാനമെടുക്കുകയേ നിവൃത്തിയുള്ളു. ഇന്ത്യ നിലനില്‍ക്കട്ടെ. ജനാധിപത്യം നിലനില്‍ക്കട്ടെ! എങ്കില്‍ മാത്രമേ രാഷ്ട്രീയ സംവാദങ്ങളും അതുവഴി സമൂഹത്തിന്റെ പൊതുവായ പുരോഗതിയും സാധിതമാകുകയുള്ളൂ.

വേക് അപ് കേരളക്കുവേണ്ടി:
പ്രൊഫ. കെ. സച്ചിദാനന്ദന്‍, പ്രൊഫ. സാറാ ജോസഫ്, പി.എന്‍.ഗോപീകൃഷ്ണന്‍, സി.ആര്‍. നീലകണ്ഠന്‍, എന്‍. മാധവന്‍ കുട്ടി, കുരീപ്പുഴ ശ്രീകുമാര്‍, കെ. അജിത, ഡോ. ഖദീജാ മുംതാസ്, റഫീഖ് അഹമ്മദ്, അന്‍വര്‍ അലി, ഓ.കെ.ജോണി, പി.എഫ് മാത്യൂസ്, ഡോ. ടി.എസ്. ശ്യാംകുമാര്‍, ഡോ.സ്മിത പി കുമാര്‍, പ്രകാശ് ബാരെ.

Related