October 14 Wednesday 2026

തെരഞ്ഞെടുപ്പ് കമീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട്‌കൊള്ള നടത്തുന്നു; രണ്ടാം ഘട്ടം രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ കൃത്രിമങ്ങളും വോട്ട് കവര്‍ച്ചയും തുറന്നു കാട്ടികൊണ്ട് കഴിഞ്ഞ ആഗസ്സ് 6 ന് രാഹുല്‍ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തല്‍ വലിയ പ്രകമ്പനങ്ങളാണ് രാജ്യത്ത് സൃഷ്ടിച്ചത്. കര്‍ണാടകയിലെ മഹാദേവപുരം ലോക്‌സഭ മണ്ഡലത്തിലെ വോട്ട് ചോര്‍ച്ചയുടെ തെളിവുകളാണ് രാഹുല്‍ ഗാന്ധി തെളിവ് സഹിതം അന്ന് അവതരിപ്പിച്ചത്. നിരവധി മണ്ഡലങ്ങളില്‍ ഇത്തരത്തില്‍ വോട്ട് കവര്‍ച്ച നടന്നിട്ടുണ്ടെന്നും താമസിയാതെ ഓരോന്നോരോന്നായി പുറത്തുകൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി എഐസിസി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നടത്തിയ പത്രസമ്മേളനം. ഇത്തവണ കര്‍ണാടകത്തിലെ അലന്ദ് മണ്ഡലത്തിലെ 6018 വോട്ടര്‍മാരെ ഒഴിവാക്കിയതിന്റെയും മഹാരാഷ്ട്രയിലെ രജുര മണ്ഡലത്തില്‍ 6850 വോട്ടര്‍മാരെ അധികം ചേര്‍ത്തതിന്റെയും തെളിവുകളും വിശദാംശങ്ങളുമാണ് രാഹുല്‍ പുറത്തുവിട്ടത്.

സോഫ്റ്റ്‌വെയര്‍ ദുരുപയോഗപ്പെടുത്തിയും വ്യാജ ലോഗിന്‍ ഐഡി ഉപയോഗിച്ചുമാണ് തട്ടിപ്പ് നടത്തിയത്. അലന്ദ് മണ്ഡലത്തില്‍ ഏറ്റവും ഒഴിവാക്കലുകള്‍ നടന്ന പത്ത് ബൂത്തുകള്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളാണ്. 2023 ല്‍ ഇതില്‍ എട്ടിലും കോണ്‍ഗ്രസ്സ് ആയിരുന്നു മുന്നില്‍. കര്‍ണാടകക്ക് പുറത്തുള്ള മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ ഫയല്‍ ചെയ്തത്. മഹാരാഷ്ട്രയിലെ രജുരയില്‍ 6850 പേരെ കൂട്ടിച്ചേര്‍ത്ത പല പേരുകളിലും നമ്പറുകളിലും കൃത്യതയില്ല. പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതും കൂട്ടിച്ചേര്‍ക്കുന്നതും വോട്ടര്‍മാര്‍ അറിയുന്നില്ല. ഓട്ടോമാറ്റഡ് സോഫ്റ്റ്‌വെയര്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഗുരുതരമായ,ആസൂത്രിതമായ വോട്ടുകൊള്ളയാണ് നടന്നുകൊണ്ടിരിക്കുന്നത്.

വോട്ടുകൊള്ളക്കാരെയും ജനാധിപത്യം തകര്‍ക്കുന്നവരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ സംരക്ഷിക്കുകയാണെന്ന കടുത്ത വിമര്‍ശനം കൂടി രാഹുല്‍ ഗാന്ധി നടത്തിയിട്ടുണ്ട്. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും യുപിയിലും ബിഹാറിലൂ ഹരിയാനയിലുമെല്ലാം ഈ വോട്ടു കൊള്ള നടക്കുന്നുണ്ടെന്ന് രാഹുല്‍ ആരോപിക്കുന്നു. വോട്ടുകൊള്ളക്ക് 101 ശതമാനം തെളിവ് തന്റെ പക്കലുണ്ട്. ഹൈഡ്രജന്‍ ബോംബ് ഉടനെ വെളിപ്പെടുത്തും. അതിനുള്ള അടിത്തറയൊരുക്കുകയാണിപ്പോള്‍. വോട്ടു കൊള്ളക്കും അതിന് സംരംക്ഷണമൊരുക്കുന്ന തെരഞ്ഞെടുപ്പ് കമീഷനും പിന്നിലെ സൂത്രധാരന്‍മാര്‍ അരെന്ന് തങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയുണ്ടായി.

” അലന്ദ് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ആരോ ശ്രമിച്ചിട്ടുണ്ട്. 2023 ലെ തെരഞ്ഞെടുപ്പില്‍ അലന്ദിലെ എത്ര വോട്ടുകള്‍ നീക്കിയെന്ന് അറിയില്ല. അത് ചിലപ്പോള്‍ 6018 ലും അധികമായിരിക്കും. തന്റെ അമ്മാവന്റെ വോട്ടു നീക്കിയത് ഒരു ബൂത്ത് ലെവല്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെട്ടുകയായിരുന്നു. ആരാണ് അമ്മാവന്റെ വോട്ട് നീക്കിയതെന്ന് അവര്‍ പരിശോധിച്ചു. സ്വന്തം അയല്‍ക്കാരനാണ് അത് ചെയ്തതെന്ന് കണ്ടെത്തി. എന്നാല്‍, അയല്‍ക്കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള ചിലര്‍ ഹൈജാക്ക് ചെയ്ത് വോട്ടുകള്‍ നീക്കം ചെയ്യുകയാണ്. ദശലക്ഷക്കണക്കിന് വോട്ടുകളാണ് ഇത്തരത്തില്‍ രാജ്യത്താകമാനം നീക്കം ചെയ്യുന്നത്. പ്രധാനമായും പ്രതിപക്ഷത്തിന് വോട്ടുചെയ്യുന്ന ദലിതര്‍, ആദിവാസികള്‍, പിന്നാക്കക്കാര്‍, മുസ്‌ലിംകള്‍ എന്നിവരുടെ വോട്ടുകളാണ് നീക്കുന്നത്. ഇത് മുന്‍പ് പലതവണ കേട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ 100 ശതമാനം തെളിവോടെ പുറത്തുവന്നിരിക്കുകയാണ്”. – രാഹുല്‍ പറഞ്ഞു.

വോട്ട് നഷ്ടമായവര്‍ രാഹുലിനൊപ്പം പത്രസമ്മേളന വേദിയില്‍ നേരിട്ടു പങ്കെടുത്തു. തന്റെ ഐഡന്റിറ്റി ഉപയോഗപ്പെടുത്തി വോട്ട് ഡിലീറ്റ് ചെയ്ത ഗോദ ഭായി ഓണ്‍ലൈനായി പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയുടെ പത്രസമ്മേളനം പ്രസ്തുത വസ്തുതകളെ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. തങ്ങളുടെ ഐഡന്റിറ്റി ഉപയോഗപ്പെടുത്തി മറ്റുള്ളവരുടെ വോട്ട് റദ്ദ് ചെയ്യാന്‍ ശ്രമിച്ചത് ആരാണ് എന്നത്, ഐഡന്റിറ്റി ആരുടേതാണോ ഉപയോഗിക്കപ്പെട്ടത് ആ വ്യക്തികള്‍ക്ക് പോലും അറിയില്ല എന്നതാണ് ആശ്ചര്യം!. ആരുടെ ഐഡന്റിറ്റികളാണ് ഉപയോഗപ്പെടുത്തിയത് അവരുടെ പേരുകള്‍ ഉള്‍പ്പെടെ നിരത്തിയായിരുന്നു രാഹുലിന്റെ പത്രസമ്മേളനം. രാഹുല്‍ഗാന്ധിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സംഘടിതമായ ഒരു ക്രിമിനല്‍ പ്രവര്‍ത്തനമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആരാണ് ഈ വോട്ട് മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്? അത് കേവലം ഒരു വ്യക്തിയല്ലന്നും മുന്‍കൂട്ടി തയ്യാറാക്കിയ ഒരു സോഫ്റ്റ്വെയര്‍ പ്രോഗ്രാമാണ് പ്രസ്തുത മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നും രാഹുല്‍ ഗാന്ധി ആരോപിക്കുന്നുണ്ട്. എന്നാല്‍, ആരാണ് ഇതൊക്കെ ചെയ്തത് എന്ന കൃത്യമായ ഉത്തരം രാഹുലിന്റെ കൈവശവും ഇല്ല.

ഈ കാര്യം ശ്രദ്ധയില്‍പ്പെടുത്തി കഴിഞ്ഞ ഒന്നരക്കൊല്ലമായി കര്‍ണാടക സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് അയച്ച വിവരാവകാശ രേഖകള്‍ ഒന്നും തന്നെ അര്‍ഹിക്കുന്ന മറുപടികള്‍ നല്‍കാതെ അവഗണിക്കുകയായിരുന്നു. വോട്ട് റദ്ദാക്കാന്‍ പ്രവര്‍ത്തിച്ച ഐ.പി അഡ്രസ്സും ഒ.ടി.പിയും അടങ്ങുന്ന വിവരങ്ങള്‍ സി.ഐ.ഡിക്ക് ലഭിക്കുന്നതിനുവേണ്ടി അപേക്ഷിച്ചപ്പോഴാണ് ഇലക്ഷന്‍ കമീഷന്റെ പ്രസ്തുത സമീപനം.

I am not the chief election commissioner of the government of india. But i am the chief election commisioner of india.That’s a very minor change and emphasis but it’s a major difference that i am not part of the government.Who are answerable to?.Certainly iam answerable to the president, certainly iam answerable to the people, certainly i am answerable to the parliament in the larger sense. Iam answerable to the courts for any wrong which i may do!.See what’s happening in some of our neighbouring contries.Where the elections carry no credibility.Today in india, one can say that the elections carry a large degree of credebility.

” ഞാന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറല്ല. ഞാന്‍ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറാണ്. ഞാന്‍ ഗവണ്‍മെന്റിന്റെ ഭാഗമല്ല എന്നത് പറയുമ്പോള്‍ നിസ്സാരമെങ്കിലും അതൊരു പ്രധാന വ്യത്യാസമാണ്. ഞാന്‍ ആര്‍ക്കാണ് ഉത്തരം നല്‍കേണ്ടത്? തീര്‍ച്ചയായും ഞാന്‍ രാഷ്ട്രപതിയോട് ഉത്തരം പറയണം, തീര്‍ച്ചയായും ജനങ്ങളോട് ഉത്തരം പറയണം, തീര്‍ച്ചയായും ഞാന്‍ പാര്‍ലമെന്റിനോട് ഉത്തരം പറയണം. ഞാന്‍ ചെയ്യുന്ന ഏതൊരു തെറ്റിനും കോടതികളോട് ഉത്തരം പറയണം! നമ്മുടെ ചില അയല്‍ രാജ്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. തെരഞ്ഞെടുപ്പുകള്‍ക്ക് വിശ്വാസ്യതയില്ല. ഇന്ന് ഇന്ത്യയില്‍, തെരഞ്ഞെടുപ്പുകള്‍ വലിയ തോതില്‍ വിശ്വാസ്യത വഹിക്കുന്നുണ്ടെന്ന് പറയാം.”

തൊണ്ണൂറുകളിലെ ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരുന്ന ടി.എന്‍ ശേഷന്റെ വാക്കുകളാണിത്. ടി.എന്‍ ശേഷനും അദ്ദേഹത്തിന്റെ സേവന കാലയളവും വര്‍ത്തമാന ഇന്ത്യയില്‍ തീര്‍ച്ചയായും ഓര്‍ത്തു പറയേണ്ടതാണ്, രാജ്യത്തിന്റെ വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടതുമാണ്. ടി.എന്‍ ശേഷന്‍ ഇന്ന് ഏറെ ഓര്‍മിക്കപ്പെടേണ്ടതുണ്ട്. ”മറവികള്‍ക്കെതിരെ ഓര്‍മയുടെ കലാപമാണ് രാഷ്ട്രീയ പ്രവര്‍ത്തനം” എന്ന മിലന്‍ കുന്ദേരയുടെ വാക്കുകളും ”തെമ്മാടിയുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം” എന്ന ബര്‍ണാഡ് ഷായുടെ ഓര്‍മപ്പെടുത്തലും സമ്മിശ്രമായി പുലരുന്നതാണ് ഇന്നത്തെ നവ ഇന്ത്യന്‍ രാഷ്ട്രീയ വ്യവഹാരം.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറയുന്നു:

”അന്ന് ഇന്റര്‍നെറ്റ് ഒക്കെ വരുന്നതിനുമുമ്പ് തന്നെ സ്‌നെയില്‍ മെയില്‍ എന്ന് വിളിക്കുന്ന സാധാരണ തപാലിലൂടെ ചോദിച്ചാല്‍ മറുപടി തരുന്ന ഒരു തെരഞ്ഞെടുപ്പ് കമീഷന്‍ നമുക്ക് ഉണ്ടായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷനും കമീഷണര്‍മാരും ഫോണില്‍ വിളിച്ചാല്‍ നേരിട്ട് എടുക്കുകയോ അതല്ലെങ്കില്‍ നമ്മള്‍ കൊടുത്ത മിസ്ഡ് കോള്‍ കണ്ടാല്‍ ഓഫീസില്‍ നാം കൊടുക്കുന്ന സന്ദേശം കിട്ടിയാല്‍ തിരിച്ചുവിളിക്കുന്ന ഒരു സമ്പ്രദായം അന്ന് തെരഞ്ഞെടുപ്പ് കമീഷന് ഉണ്ടായിരുന്നു. എന്ത് കാര്യത്തിന് വിളിച്ചാലും അവര്‍ പ്രതികരിക്കും ആയിരുന്നു… എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷം ആയപ്പോഴേക്കും ഒരു കോളിനു പോലും തെരഞ്ഞെടുപ്പ് കമീഷനില്‍ നിന്നും മറുപടി കിട്ടില്ല. നിങ്ങള്‍ ഇ-മെയിലില്‍ ഒരു ചോദ്യം അയച്ചാല്‍ അതിനു മറുപടി കിട്ടില്ല. കിട്ടുമെന്നാണ് കമീഷന്റെ വെബ്‌സൈറ്റ് അടക്കം പറയുന്നത്. പക്ഷേ, കിട്ടില്ല. ഇങ്ങനെ പൂര്‍ണമായും തങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കിടയിലും ഒരു മതില്‍ ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കമീഷന്‍”.

ഒരുകാലത്ത് ഒരു മാധ്യമപ്രവര്‍ത്തകന് പോലും ലഭിച്ചിരുന്ന രേഖകള്‍ ഇന്ന് ഇന്ത്യയുടെ പ്രതിപക്ഷ നേതാവിന് പോലും ലഭിക്കുന്നില്ല എന്നതിലേക്ക് എത്തിയിരിക്കുന്നു നമ്മുടെ ഇലക്ഷന്‍ കമ്മീഷന്റെ സുതാര്യത എന്നത് നമ്മെ തെല്ലും പ്രക്ഷോഭകാരികള്‍ ആക്കുന്നില്ല. 75 ലെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച ജെപി മൂവ്‌മെന്റും, പൗരത്വ പ്രക്ഷോഭവും, കര്‍ഷകപ്രക്ഷോഭവും പോലെ ജനാധിപത്യത്തെ രക്ഷിച്ചെടുക്കുവാന്‍ മറ്റൊരു ജനാധിപത്യ പ്രക്ഷോഭവുമായി ജനങ്ങള്‍ തെരുവിലിറങ്ങാത്തോളം കാലം രാഹുലിന്റെ വെളിപ്പെടുത്തലുകള്‍ കേവലം ഫെയ്‌സ്ബുക്ക് പ്രക്ഷോഭങ്ങളായി മാത്രം ഒതുങ്ങും.

 

 

 

 

 

 

Related