August 9 Sunday 2026

ഫാത്തിമ തഹിലിയക്ക് എതിരെയുള്ള ‘ഖൗമിലെ കുട്ടിക്ക് വോട്ട്’ പ്രയോഗം സിപിഎമ്മിന് ബൂമറാങ്ങാവും – എന്‍.പി ചെക്കുട്ടി | Election Beats

പേരാമ്പ്രിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്കെതിരെ സിപിഎം നടത്തുന്ന ‘ഖൗമിലെ കുട്ടി’ പോലെയുള്ള പ്രചാരണങ്ങള്‍ അവര്‍ക്ക് തന്നെ ബൂമറാങ്ങ് ആയി തിരിച്ചടിക്കുമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി അഭിപ്രായപ്പെട്ടു. വടകരയിലെ ജനങ്ങള്‍ കാഫിര്‍ പ്രയോഗം തള്ളിക്കളഞ്ഞ പോലെ ‘ഖൗമിലെ കുട്ടിക്ക് വോട്ട്’ പ്രയോഗവും പേരാമ്പ്രയിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ധേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചയിലാണ് അദ്ധേഹം ഈ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

ഫാത്തിമ തഹിലിയ നമുക്ക് ഏറ്റവും പരിചയമുള്ള നമ്മുടെ അനിയന്റെയോ ഏട്ടന്റെയോ അയല്‍വക്കത്തെയോ വീട്ടിലെ പെണ്‍കുട്ടിയായിട്ടാണ് സങ്കല്‍പ്പിക്കുവാന്‍ സാധിക്കുക എന്നും വളരെ ഫ്രീയായ, വിദ്യാസമ്പന്നയായ പെണ്‍കുട്ടിയാണ് അവരെന്നും ആ തരത്തിലുള്ള പെണ്‍കുട്ടിയെ നേരിടാന്‍ ഒരു വഴിയും കാണാത്തതിനാലാണ് ലൊട്ടുലൊടുക്ക് വേലയിലേക്ക് സിപിഎം പോയതെന്നും അദ്ധേഹം കുറ്റപ്പെടുത്തി.

” സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഇതു പണ്ടേയുള്ള വേലകളാണ്. ടി.പി വധക്കേസില്‍ മാഷാ അള്ളാ സ്റ്റിക്കര്‍ വന്നു. ‘ഖൗമിന്റൈ കുട്ടിക്ക് വോട്ട്’ എന്നാണ് പേരാമ്പ്രയില്‍ അവര്‍ പറയുന്നത്. വടകരയില്‍ കാഫിര്‍ എന്നാണ് പറഞ്ഞത്. ഞാന്‍ അന്‍പതു വര്‍ഷമായി മാധ്യമപ്രവര്‍ത്തനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമുള്ള ആളാണ്. ഖൗമ് എന്ന വാക്ക് എന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ ഉപയോഗിക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല. ഏതോ കാലത്ത് ഉപയോഗിച്ചു വന്ന വാക്കാണിത്. ഇതൊക്കെ ഇവരുടെ പ്രത്യേക പാണ്ടിക ശാലയില്‍ നിന്നും ഇറക്കി കൊണ്ടുവരുന്ന വാക്കാണ്. കെ.ടി മുഹമ്മദിന്റെ നാടകത്തിലാണ് കാഫിര്‍ എന്ന വാക്ക് ഞാന്‍ കേട്ടിട്ടുള്ളത്. ഈ വാക്കുകളൊക്കെ മലയാളത്തില്‍ നിന്നും പോയിട്ട് കാലങ്ങള്‍ ഒരുപാടായി. നിര്‍ഭാഗ്യകരമായി സിപിഎമ്മിന്റെ ആള്‍ക്കാര്‍ക്ക് ഇത് മനസ്സിലായിട്ടില്ല. മുസ്‌ലിം സമുദായം ഒരുപാട് മാറിയിട്ടുണ്ട്. അവരുടെ രീതികള്‍ ഒരുപാട് മാറിയിട്ടുണ്ട്. അവരുടെ ഭാഷ മാറിയിട്ടുണ്ട്, സംസ്‌കാരം മാറിയിട്ടുണ്ട്. ഖൗമും കാഫിറും മുസ്‌ലിംകളുടെ ഭാഷയല്ല. അവര്‍ക്കുവേണ്ടി വേറെ ആരെങ്കിലും ഉണ്ടാക്കുന്ന ഭാഷയാണിത്. അതിലെ കൃത്രിമത്വം വളരെ പ്രകടമാണ്. അതിലെ അജണ്ട വളരെ പ്രകടമാണ്. ആ പ്രകടമായ അജണ്ട വെച്ചുകൊണ്ടുള്ള പ്രചാരം ആയതുകൊണ്ടാണ് വടകരയില്‍ ജനങ്ങള്‍ കാഫിറിനെ തള്ളിക്കളഞ്ഞത്. പേരാമ്പ്രയിലെ ജനങ്ങള്‍ ഖൗമിനെ തള്ളിക്കളഞ്ഞത്. ഇത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ബൂമറാങ് പോലെ തിരിച്ചടിക്കുന്ന തന്ത്രമാണ്” – എന്‍.പി ചെക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

 

Related