August 13 Thursday 2026

വോട്ട് ചോരി: ബംഗാളിലെ ‘സയന്റിഫിക് റിഗ്ഗിംഗ്’ ന്റെ ഭീതിജനകമായ തിരിച്ചുവരവ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗോപാല്‍ കൃഷ്ണ ഗോഖലെ ഇങ്ങനെ പറയുകയുണ്ടായി: ”ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കുന്നു.”

നാഗരികതയുടെ ആ ആധുനിക കാലത്തിന്റെ തുടക്കത്തില്‍ സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം, സാമൂഹിക പരിഷ്‌കരണങ്ങള്‍, ദേശസ്‌നേഹം എന്നിവയില്‍ ബംഗാള്‍ ഒരു നേതൃത്വ സംസ്ഥാനമായിരുന്നു. ആ ദിവസങ്ങള്‍ ഒക്കെ മറഞ്ഞു പോയിട്ട് വളരെക്കാലം കഴിഞ്ഞു. 1977ല്‍ സിപിഐ (എം) അധികാരത്തിലേറിയത് മുതല്‍ ആരംഭിച്ച ബംഗാളിലെ രാഷ്ട്രീയ സന്മാര്‍ഗത്തിന്റെ തകര്‍ച്ചയും, സാമൂഹ്യ-ജനാധിപത്യ നീതി അവിടെ ബലി കഴിക്കപ്പെട്ടതും ധനകാര്യ ഫാസിസത്തിന്റെയും ഗുണ്ടായിസത്തിന്റെയും പിന്‍ബലത്തില്‍ 2011 വരെ നീണ്ടുനിന്നു. ആ കാലത്തെക്കുറിച്ച് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ക്ക് പഠിക്കാനാകുന്ന എന്തെങ്കിലും പിന്നീട് അവശേഷിച്ചിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ എങ്ങനെ കൃത്രിമം കാണിക്കാം എന്ന ഏറ്റവും ഭയാനകമായ ജനാധിപത്യ ധ്വംസനത്തിന്റെ അനുഭവങ്ങളാണ്.

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കുന്നത് സിപിഐ(എം)ഭരിച്ച പശ്ചിമബംഗാളില്‍ ഒരു ക്രിമിനല്‍ ‘കല’ യും ഭാഗിക ശാസ്ത്രവുമായിരുന്നു. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍, സാമ്പത്തിക ശാസ്ത്രം, പ്ലെയിന്‍ ഹ്യൂമന്‍ സൈക്കോളജി എന്നിവയല്ലാം ആ കാലത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അവിടെ പരീക്ഷിച്ചു.
ഇന്ന് ഹിന്ദുത്വ ഫാസിസത്തിന്റെ പിടിയില്‍ ഒരു ജനത മുഴുവന്‍ പിടയുമ്പോള്‍, പശ്ചിമ ബംഗാളിലെ വോട്ടെടുപ്പ് അക്രമങ്ങളുടെയും വോട്ട് ചോരിയുടെയും ചരിത്രം പരിശോധിക്കപ്പെടേണ്ടതുണ്ട്.

1977-ല്‍ അധികാരത്തില്‍ വരികയും 2011 വരെ ഭരിക്കുകയും ചെയ്ത സിപിഐ(എം) ആണ് ബംഗാളിലെ ഭൂരിഭാഗം ആളുകള്‍ക്കും വ്യക്തമായി അറിയാവുന്ന, ഒരുകാലത്ത് ‘ശാസ്ത്രീയ കള്ളക്കളി’ (Scientific rigging) എന്ന പേരില്‍ ബംഗാളില്‍ കുപ്രസിദ്ധമായ തെരഞ്ഞെടുപ്പ് അട്ടിമറികള്‍ ആരംഭിക്കുന്നത്. ‘ബൂത്ത് പിടിച്ചെടുക്കല്‍’ പോലെയുള്ള പ്രാകൃതമായ കാര്യങ്ങള്‍ക്ക് പാര്‍ട്ടി സായുധ ഗുണ്ടകള്‍ നേതൃത്വം നല്‍കി. പോളിംഗ് സ്റ്റേഷനുകള്‍ കൈക്കലാക്കുകയും കള്ളവോട്ട് ഉപയോഗിച്ച് ബാലറ്റ് പെട്ടികള്‍ നിറയ്ക്കുകയും ചെയ്തു. പാര്‍ട്ടി ഗ്രാമങ്ങളില്‍ വന്‍തോതില്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ അട്ടിമറി നടത്തി. വോട്ടിംഗ് പാറ്റേണുകളുടെ സൂക്ഷ്മമായ പഠനത്തിന് ശേഷം, ഇടതുപക്ഷക്കാരല്ലാത്ത ആയിരക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടി/സര്‍ക്കാര്‍ ഉറപ്പാക്കും. ഇത് ഭീഷണിപ്പെടുത്തല്‍, മര്‍ദ്ദനം, വ്യാപാരസ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കല്‍ എന്നിവയിലൂടെ ശക്തിപ്പെടുത്തി. വോട്ടര്‍ ഐഡി കാര്‍ഡുകള്‍ക്ക് മുമ്പുള്ള കാലങ്ങളിലായിരുന്നു അത്. പരാതി ലഭിക്കുമ്പോള്‍, മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അപൂര്‍വ്വമായി മാത്രം ഒന്ന് ശബ്ദിക്കുകയും ഒരിക്കലും നടപടികള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് മുമ്പ്, അര്‍ധ-നഗര, ഗ്രാമ പ്രദേശങ്ങളില്‍, പാര്‍ട്ടി ഗുണ്ടാ കേഡര്‍മാര്‍ പ്രാദേശിക ഇടതുപക്ഷ വിരുദ്ധ സ്വാധീനമുള്ളവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ ഭാര്യമാര്‍ക്ക് വിധവകളുടെ വസ്ത്രങ്ങള്‍ (വെളുത്ത വസ്ത്രം) ‘മാന്യമായി’ സമ്മാനിക്കുകയും ചെയ്യും. തുടര്‍ന്ന് ഇങ്ങനെ ഓര്‍മപ്പെടുത്തും: ” ദിദീ, വോട്ടെടുപ്പ് ദിവസം നിങ്ങളുടെ ഭര്‍ത്താവിന് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ..?! അതിനാല്‍, നിങ്ങളുടെ അഭ്യുദയകാംക്ഷികള്‍ എന്ന നിലയില്‍, നിങ്ങള്‍ക്ക് വിധവകള്‍ ധരിക്കുന്ന ഒരു വെള്ള സാരി സമ്മാനമായി തരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.” –
എത്ര ക്രൂരമാണ് ഈ ഭീഷണി എന്നോര്‍ക്കണം.

ഓരോ തെരഞ്ഞെടുപ്പിലും സിപിഐ(എം) ഇത് തുടര്‍ന്നുപോന്നു. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ ഇത്തരത്തില്‍ നൂതനമായ സയ്ന്റിഫിക് റിഗ്ഗിങ് തന്ത്രങ്ങള്‍ വിന്യസിക്കപ്പെട്ടു കൊണ്ടിരുന്നു. സിപിഎമ്മിന് വിജയസാധ്യത കുറവുള്ള മണ്ഡലങ്ങളില്‍ ഈ രീതികള്‍ കൃത്യതയോടെ ഉപയോഗിച്ചു. ഉദാഹരണത്തിന്, തെരഞ്ഞെടുപ്പ് ദിവസം, പോളിംഗ് സ്റ്റേഷനുകളില്‍ ലൈനുകള്‍ നീണ്ടുനില്‍ക്കുമ്പോള്‍, ആര്‍ക്കും പരിക്കേല്‍ക്കാതെ ഒന്നോ രണ്ടോ ബോംബുകള്‍ കുറച്ച് അകലെ എറിയുകയും പരിഭ്രാന്തി പരത്തുകയും ചെയ്യും. ആയുധധാരികളായ ജനക്കൂട്ടം വരുന്നു, മൂന്ന് പേര്‍ കൊല്ലപ്പെട്ടു തുടങ്ങി പരിഭ്രാന്തമായ വാര്‍ത്തകള്‍ പടര്‍ത്തും.

മറ്റൊരു പ്രയോഗമായിരുന്നു ‘ബൂത്ത് ജാമിംഗ്’. കുറെ പാര്‍ട്ടി കേഡര്‍മാര്‍ നേരത്തെ തന്നെ വോട്ടിങ് ക്യൂവില്‍ നിറഞ്ഞു നില്‍ക്കുകയും ക്രിക്കറ്റില്‍ ‘സമയം പാഴാക്കുന്ന തന്ത്രങ്ങള്‍’ (Time-wasting tactic) എന്നറിയപ്പെടുന്ന പ്രക്രിയ അവിടെ പ്രയോഗിച്ച് പോളിംഗ് മന്ദഗതിയിലാക്കുകയും ചെയ്യും. ക്യൂ നീളും, വെയിലിന്റെ കാഠിന്യം കൂടും. തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന പ്രയത്‌നത്തിന് വിലയില്ലെന്ന് നിഷ്‌കളങ്കരായ വോട്ടര്‍മാര്‍ തീരുമാനിക്കുകയും കൂടുതല്‍ കഷ്ടപ്പെട്ട് വോട്ട് ചെയ്യാന്‍ നില്‍ക്കാതെ അവര്‍ വീട്ടിലേക്ക് പോകുകയും ചെയ്യും. അവരുടെ വോട്ടുകള്‍ പിന്നീട് പാര്‍ട്ടി കേഡര്‍ രേഖപ്പെടുത്തും.

ഇനി അഥവാ ഇച്ഛാശക്തിയുള്ള വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായി നിന്നാല്‍ പോളിംഗ് സ്റ്റേഷനിലെ മേശയില്‍ നിന്ന് രണ്ട് ചുവടുകള്‍ക്ക് മുമ്പ് നിങ്ങളുടെ പേര് പരിശോധിക്കുന്ന സിപിഐ (എം) പോളിംഗ് ഏജന്റ് എതിര്‍പ്പുമായി രംഗത്ത് വരും. നിങ്ങള്‍ ഒരു വ്യാജ വോട്ടറാണ്, ആള്‍മാറാട്ടം നടത്തുകയാണ് ഐഡന്റിറ്റി പ്രൂഫ് ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് റേഷന്‍ കാര്‍ഡോ മറ്റോ എടുക്കാന്‍ വീട്ടിലേക്ക് തിരിച്ചയയ്ക്കും. ഇവരില്‍ എത്ര പേര്‍ റേഷന്‍ കാര്‍ഡോ പാസ്പോര്‍ട്ടോ എടുത്ത് വീണ്ടും രണ്ട് മണിക്കൂര്‍ നീണ്ട ക്യൂവിന്റെ അവസാനം വന്ന് നില്‍ക്കും..!

വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് വന്നതിനുശേഷം ആണ് ഇത് അവസാനിച്ചത്. 1977-ല്‍ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ ഇടതുമുന്നണി, പ്രത്യേകിച്ച് സിപിഐ(എം) പൊലീസ് സേനയുടെയും അധ്യാപകരുടെയും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും യൂണിയന്‍ പ്രക്രിയ വേഗത്തിലാക്കി. ഇവരെല്ലാം തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിയമപാലകരെന്ന നിലയിലോ ബൂത്ത് ഓഫീസര്‍മാരായോ ഒരു പ്രധാന പങ്ക് വഹിച്ചു പോന്നു.

പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും പാര്‍ട്ടി അനുഭാവമുള്ള ആളുകള്‍ ഉണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് പ്രധാന പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ അതേ പേരിലുള്ളവരെ രംഗത്തിറക്കുന്നു. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ വരാത്ത EVM ന് മുമ്പുള്ള കാലഘട്ടത്തിലായിരുന്നു ഇത്. വോട്ടറെ ആശയക്കുഴപ്പത്തിലാക്കാനുള്ള ഒരു സൂക്ഷ്മ മാര്‍ഗമായി അതും ഉപയോഗിച്ചു.

ഇത്രയും ചേര്‍ത്തുവെച്ച് പരിശോധിക്കുമ്പോള്‍ തീര്‍ച്ചയായും, തൃശ്ശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്ന, ഇതിനകം പുറത്തുവന്ന, വോട്ട് അട്ടിമറി നടന്നിരിക്കുന്നത് ഭരണകൂടത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഇന്റലിജന്‍സ്, സ്‌പെഷല്‍ ബ്രാഞ്ച് വിഭാഗത്തിന്റെയും അറിവോടെ അല്ലാതെ സാധ്യമാകില്ല എന്ന് മനസ്സിലാക്കാന്‍ വലിയ യുക്തിയുടെയും പഠനത്തിന്റെയും ആവശ്യമില്ല. എങ്ങനെയാണ് ധനകാര്യ സോഷ്യല്‍ ഫാസിസവും, ഹിന്ദുത്വ വംശീയ ഫാസിസവും ഒരേ തൂവല്‍ പക്ഷികള്‍ ആകുന്നത് എന്ന ഭീതിജനകമായ തിരിച്ചറിവാണ് രാജ്യം മുഴുവന്‍ നടന്ന വോട്ട് ചോരിയില്‍ നിന്നും നാം മനസ്സിലാക്കേണ്ടത്. അതുകൊണ്ട്, അപകടകരമായ രാഷ്ട്രീയ സമവാക്യങ്ങളെ ചരിത്രപരമായി മനസ്സിലാക്കാതെ, പ്രത്യേകിച്ച് കേരളത്തില്‍, കേവലമായ ഫാസിസ്റ്റ് വിരുദ്ധ ‘വോട്ട് ചോരി’ പ്രക്ഷോഭങ്ങള്‍ നടത്തുന്നത് സിപിഎമ്മിന്റെ സോഷ്യല്‍ ഫാസിസത്തെ ഹിന്ദുത്വ ഫാസിസം കൊണ്ട് മറച്ചു പിടിക്കാന്‍ മാത്രമേ ഉപകരിക്കൂ.

Related