August 11 Tuesday 2026

വികസിത് ഭാരത് : ആകാശത്തേക്ക് ഉയരുന്ന റോക്കറ്റും, ഇരുപത് രൂപയുടെ പ്ലാസ്റ്റിക് സഞ്ചിയിലെ കുഞ്ഞിൻ്റെ ജഡവും

 

അമേരിക്കൻ ബ്ലൂബേര്‍ഡ് 6 ഉപഗ്രഹവുമായി LVM3 റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയരുന്നത് വീണ്ടും വീണ്ടും കാണിച്ച് ആഘോഷിക്കുന്ന മാധ്യമങ്ങൾ ‘വികസിത ഭാരത’ത്തിലെ ജാർഖണ്ഡ് സംസ്ഥാനത്തെ
ഒരു ആദിവാസി കുഞ്ഞിൻ്റെ അന്ത്യയാത്ര ഇരുപത് രൂപ മാത്രം വിലമതിക്കുന്ന പലചരക്ക് പ്ലാസ്റ്റിക് സഞ്ചിയിൽ ആയിരുന്നു എന്ന് പറയാൻ ഒരു നിമിഷം പോലും നീക്കിവെച്ചില്ല.

നാലുമാസം മാത്രം പ്രായമായ കുഞ്ഞിന് ജീവൻ തിരിച്ചുകിട്ടും എന്ന് കരുതി ജാർഖണ്ഡ്, ചൈബാസയിലെ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയതാണ്. മരണമടഞ്ഞപ്പോൾ മൃതശരീരം തിരിച്ചുകൊണ്ടുപോകാൻ ആംബുലൻസ് ഇല്ല, കയ്യിൽ അവശേഷിച്ചത് നൂറ് രൂപ മാത്രം. അവസാനം ആശുപത്രിയിൽ നിന്ന് എഴുപത് കിലോമീറ്റർ ദൂരെയുള്ള ബൽജോരി എന്ന ഗ്രാമത്തിലെ തൻ്റെ കുടിലിലേക്ക് ആ പിതാവ് മൃതശരീരം കൊണ്ടുപോയത് ബസ്സിൽ പലചരക്ക് പ്ലാസ്റ്റിക് സഞ്ചിയിൽ!
സഞ്ചിയുടെ ഇരുപത് രൂപ കഴിച്ച് ബാക്കി ബസ് യാത്രക്ക് ചിലവഴിച്ചു.

ചൈബാസയിൽ നിന്ന് നോമുണ്ടി എന്ന സ്ഥലത്ത് ബസ്സിറങ്ങി, തന്റെ ഗ്രാമത്തിലേക്ക് വീണ്ടും ആ പ്ലാസ്റ്റിക് സഞ്ചിയിൽ കുഞ്ഞിനെയും തൂക്കി ആ പിതാവിന് നടന്നു പോകേണ്ടിവന്നു.

ലോക ശക്തിയാകാൻ പോകുന്നു എന്ന് പി ആർ ഏജൻസികളെയും, ദല്ലാൾ ഗോദി മാധ്യമങ്ങളെയും ഉപയോഗിച്ച് പ്രചരിപ്പിക്കുന്ന രാജ്യത്തെ, ഒരു കുഞ്ഞിന് ഭരണഘടന അനുശാസിക്കുന്ന അന്തസ്സുള്ള അന്ത്യയാത്ര പോലും നൽകാൻ കഴിഞ്ഞിട്ടില്ല.

രാമ രാജ്യത്തെ
ഡിജിറ്റൽ ഭാരതവും, ഹൈ സ്പീഡ് ഭാരതവും,
വികസിത ഭാരതവും യഥാർത്ഥത്തിൽ കാണണമെങ്കിൽ ആ പലചരക്ക് പ്ലാസ്റ്റിക് സഞ്ചിയിലേക്ക് നോക്കിയാൽ മതി.

കോർപ്പറേറ്റ് ഫാസിസത്തിന്റെ ഭരണപരമായ തകർച്ചയും, കുത്തഴിഞ്ഞ ആരോഗ്യ സംവിധാനവും മൂലം ജീവിതം തന്നെ തകർന്നതുകൊണ്ടാണ് നാലുമാസം മാത്രം പ്രായമായ ഒരു കുഞ്ഞിൻ്റെ മൃതദേഹം ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ ചുമന്ന് ബൽജോരി ഗ്രാമത്തിലേക്ക് തിരികെ ബസിൽ കയറാൻ ആ ആദിവാസി കുടുംബം നിർബന്ധിതമായത്.

Related