August 13 Thursday 2026

വിജയ്‌യുടെ ടിവികെ ഇൻഡ്യ മുന്നണിയിലേക്ക്

തമിഴ്‌നാട് രാഷ്ട്രീയത്തെയും ദേശീയ സഖ്യ സമവാക്യങ്ങളെയും മാറ്റിമറിച്ചുകൊണ്ട് വിജയ്‌യുടെ ടി.വി.കെ ഇൻഡ്യ മുന്നണിയിലേക്ക്. ജൂൺ എട്ടിന് നടക്കുന്ന ഇൻഡ്യ സഖ്യ യോ​ഗത്തിൽ ടിവികെ നേതാക്കൾ പങ്കെടുത്തേക്കും. എന്നാൽ, മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല.

ദേശീയതലത്തിലെ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ (INDIA) സഖ്യത്തിൽ നിന്ന് നിലവിലെ പങ്കാളിയായ ഡി.എം.കെ (DMK) പുറത്തുപോകുന്നതിനുപകരമായി നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സഖ്യത്തിന്റെ ഭാഗമാകും.

വിജയിയുടെ ടിവികെയെ പിന്തുണച്ചതിനെ തുടർന്ന് കോൺ‌​ഗ്രസ്സുമായി ഡിഎംകെ നല്ല ബന്ധത്തിലായിരുന്നില്ല. ഇൻഡ്യ സഖ്യത്തിൽനിന്ന് പിൻമാറുമെന്നും ഡിഎകെ സൂചന നൽകിയിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വം ഡി.എം.കെയെ അകറ്റിനിർത്തുന്നതായും, വിജയ്‌യുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ നീക്കം നടത്തുന്നതായും ആരോപിച്ചുള്ള രാഷ്ട്രീയ പ്രമേയം ഡി.എം.കെ പാസാക്കിയതോടെയാണ് തർക്കങ്ങൾ പരസ്യമായത്. കോൺഗ്രസിന്റെ ഈ നിലപാട് സഖ്യധർമ്മത്തിന് നിരക്കാത്തതാണെന്നും വലിയ വഞ്ചനയാണെന്നും ഡി.എം.കെ നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു.

​തമിഴ്‌നാട്ടിൽ നിലവിൽ ഇൻഡ്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകുന്ന സാഹചര്യമില്ലെന്നാണ് മുതിർന്ന ഡി.എം.കെ നേതാക്കൾ നൽകുന്ന സൂചന. കോൺഗ്രസ് നിലപാട് മാറ്റിയതോടെ സംസ്ഥാനത്ത് പുതിയ സഖ്യസാധ്യതകൾ തേടാൻ ഡി.എം.കെ ഒരുങ്ങുകയാണ്. അതേസമയം മുന്നണിയിലെ മറ്റ് ഘടകകക്ഷികളായ വി.സി.കെയും (VCK) ഇടതുപക്ഷ പാർട്ടികളും നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിവരികയാണ്.

​വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് വിജയ്‌യുടെ ടി.വി.കെയും കോൺഗ്രസും തമ്മിൽ ധാരണയിലെത്തിയാൽ അത് തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു വഴിത്തിരിവാകും. അതോടൊപ്പം ദേശീയതലത്തിൽ ഇൻഡ്യ സഖ്യത്തിന് കരുത്തുമാകും.

Related