October 13 Tuesday 2026

വെള്ളരിനാടകം: ആധുനിക സാമൂഹ്യ ജീവിതത്തിന്റെ പൊറാട്ട് നാടകം | Story Review

മലബാറിൽ കൊയ്ത്തുപാടങ്ങൾക്കും വെള്ളരിപ്പാടങ്ങൾക്കും രാത്രികാലങ്ങളിൽ കാവൽ കിടന്നിരുന്ന കൃഷിക്കാരും ചെറുപ്പക്കാരും, വയലുകളിൽത്തന്നെ വേദിയൊരുക്കി, സമയം പോക്കിനായി അവതരിപ്പിച്ചിരുന്ന നാടകങ്ങളായിരുന്നു വെള്ളരി നാടകങ്ങൾ.
മലയാള നാടകങ്ങളുടെ ആദ്യ രൂപങ്ങളിലൊന്നായ ഇത് 1920 ന് ശേഷമാണ് ആരംഭിച്ചത്. തിരുവിതാംകൂർ ഭാഗത്ത് ‘കപ്പക്കാലാ നാടകം ‘എന്ന പേരിൽ അറിയപ്പെട്ടു. പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ, പാട്ടുകൾ, ഫലിതം ഇവ സന്ദർഭാനുസരണം ഇടകലർത്തി മനോധർമ്മ പ്രകാരമാണ് ഇവ അവതരിപ്പിച്ചിരുന്നത്.

വെള്ളരി നാടകം പ്രമേയമാക്കി സമകാലിക ലോകത്തെ സ്വാർത്ഥരും സ്നേഹ ശൂന്യരുമായ ചില മനുഷ്യരുടെ ചെയ്തികളേയും, തട്ടിക്കൂട്ട് ഡയലോഗുകൾ കൊണ്ടും വേഷം കെട്ടലുകൾ കൊണ്ടും മറ്റുള്ളവരെ പാട്ടിലാക്കി കാര്യം നേടുന്ന പ്രവണതകളേയും, പ്രകൃതി നാശനത്തിലൂടെ വരുംതലമുറ ഭീകരമായി നേരിടാൻ പോകുന്ന ജലദൗർലഭ്യത്തേയും സൂചകങ്ങളാക്കി മാധ്യമം ആഴ്ചപ്പതിപ്പിൽ കൃപ അമ്പാടി എഴുതിയ കഥയാണ് ‘വെള്ളരി നാടകം.’ അതോടൊപ്പം പുരുഷ മേധാവിത്വത്തിന്റേയും അടിച്ചമർത്തലിന്റേയും പ്രത്യയ ശാസ്ത്രത്തോട് കലഹിക്കുന്ന കഥ കൂടിയാണിത്. അധികാര മോഹം, അക്രമം, മേൽക്കോയ്മ ഇവയുടെ ഒരു സംയുക്തമായാണ് കഥാകാരി പുരുഷ പ്രത്യയശാസ്ത്രത്തെ കാണുന്നത്. കഥയിലെ ‘ചേപ്പൻ’ എന്ന മുഖ്യ കഥാപാത്രം ഈ പ്രത്യയ ശാസ്ത്രത്തിന്റെ പ്രതീകമാണ്. അയാളുടെ സംസാരവും പെരുമാറ്റവുമെല്ലാം ഇതിനെ സാധൂകരിക്കുന്നതാണ്. (ഉദാ: “ആരാ… ഈ എല്ലാരും… സംസാരിക്കുന്നോർക്ക് എല്ലാർക്കും ഇവിടുന്ന് പോവാം.”

“ആരുടേം ഉപദേശോം.. അഭി പ്രായോം ഇവിടെ വേണ്ട.. അവരാതികൾ..ത്ഫൂ”)

സാറാ ജോസഫും മാധവിക്കുട്ടിയുമൊക്കെ തങ്ങളുടെ കഥകളിൽ ആവിഷ്ക്കരിച്ച പോലെ തികച്ചും വ്യത്യസ്ഥമായ രണ്ടു ലോകങ്ങളും (പുരുഷന്റേയും സ്ത്രീയുടേയും )ആ ലോകങ്ങൾ തമ്മിൽ പഴയ കാലം മുതൽ തുടർന്നു പോരുന്ന അന്തരവും, വിവിധ സാമൂഹ്യ സാഹചര്യങ്ങളിൽ അവ നിലനിൽക്കുന്ന രീതികളും,ആ ലോകങ്ങളുടെ അതിർത്തി ലംഘനവുമാണ് കൃപ അമ്പാടിയും ഈ കഥയിലൂടെ വെളിപ്പെടുത്തുന്നത്.

സ്ത്രീക്ക് തന്നിൽ നൂറ്റാണ്ടുകളായി അടിച്ചേൽപ്പിക്കപ്പെട്ട മൗനത്തിന്റേയും അടിമത്തത്തിന്റേയും അതിർത്തി ലംഘിച്ച്, എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറക്കണമെന്നുണ്ട്. അതിന് മനുഷ്യ മനസ്സുകളിലൊരു മാറ്റം അനിവാര്യമാണ് എന്നുള്ള വ്യക്തമായ തിരിച്ചറിവാണ് കൃപയുടെ കഥകളെ വ്യത്യസ്ഥവും പുരോഗമനപരവുമക്കുന്ന പ്രധാന ഘടകം. ഇത്തരം യഥാർത്ഥ്യങ്ങളെ സ്ത്രീപക്ഷത്തു നിന്ന് നോക്കിക്കാണാനും വ്യാഖ്യാനിക്കാനുമുള്ള ഒരു ശ്രമമാണ് ‘വെള്ളരിനാടകം’ എന്ന കഥ.

ജലാന്വേഷണം ഈ കഥയിലെ സവിശേഷവും ശ്രദ്ധേയവുമായ ഒരു സൂചകമാണ്. കണ്ണീരും രക്തവും ഒരേ ജലത്തിന്റെ അവതാരങ്ങളാണ് എന്നതിന്റെ സൂചനകൾ ധാരാളം ഈ കഥയിൽ കടന്നുവരുന്നുണ്ട്. ( ഉദാ: പുഴ വറ്റി, വിള തെറ്റി, പെണ്ണുങ്ങടെ കുളി തെറ്റി.

അക്കാലം തൊട്ട് ( പെരുങ്കിണറിന്റെ ഉത്ഭവം മുതൽ )ആയെന്ന ചുവപ്പിലേക്ക് വിരലു തൊട്ടും, ആയില്ലെന്ന വെളുപ്പ് തോണ്ടിയും പെണ്ണുങ്ങള് നിത്യം കൈ കഴുകി.

എല്ലാ വേദനകളും അടിഞ്ഞുകൂടിയ ചിറയായിരുന്നതിനാൽ പൊട്ടിയൊഴുകാൻ സമ്മതിക്കാതെ പൊത്തി. കലങ്ങിയ കണ്ണുകളോടെ പിൻവാങ്ങി.

കലങ്ങി മറിഞ്ഞ് ചുവന്നു പൊങ്ങി കവിയുന്ന കിണർ നോക്കി ആളുകൾ ആർത്തു വിളിച്ചു. ആവോളം ചോര കോരി ക്കുടിച്ചു.)

ജലം അങ്ങനെ മൂല്യങ്ങളും വികാരങ്ങളുമായി ക്കൂടി ബന്ധപ്പെടുന്നു.

സ്നേഹ ശൂന്യമായ ഒരു ലോകത്ത്/ കാലത്ത് സ്നേഹത്തിനായുള്ള അന്വേഷണം, പാരതന്ത്ര്യം നിറഞ്ഞ സ്ത്രീ ജീവിതത്തിൽ സ്വാതന്ത്ര്യത്തിനായുള്ള അന്വേഷണം, സ്ത്രീക്ക് ആത്മഹത്യ വിധിക്കുന്ന/ അടിച്ചേൽപ്പിക്കുന്ന അടിച്ചമർത്തലിന്റേയും, പുരുഷ മേധാവിത്വത്തിന്റേയും, അവഗണനകളുടേയും ലോകത്ത് സ്ത്രീ സമത്വത്തിനായുള്ള അന്വേഷണം – ഇങ്ങനെ പല രൂപത്തിൽ വ്യാഖ്യാനിക്കാവുന്ന ദാഹമാണ് ഇവിടെ ജലമന്വേഷിക്കുന്നത്.

കാലങ്ങളായി സ്ത്രീ അനുഭവിക്കുന്ന സഹനത്തിന്റെയും ദുരിതങ്ങളുടേയും പ്രതീകങ്ങളാണ് ഈ കഥയിലെ കുഞ്ഞിപ്പെണ്ണും ശാലിനിയും രേണുകയും. വെള്ളരിയൂട്ടു ദിനത്തിൽ
അരിഞ്ഞു കൂട്ടി വിഷം കലർത്തിയ നീലിച്ച വെള്ളരിക്കഷണങ്ങൾ കൊണ്ട് അവൾ ചേപ്പ രാജാവിന്റെ ജീവനെടുക്കുന്നതിനൊപ്പം തന്റെയും അടിമത്ത ജീവിതത്തിന് അറുതി വരുത്തുന്നു.
മൃത്യുവിലൂടെ പ്രതിരോധത്തിന്റെ ഒരു മൂക ഭാഷ ചമയ്ക്കുന്നു.

ഭാഷയും ശൈലിയും

ശൈലീപരമായ ദൃഢതയും ഒഴുക്കുമുള്ള ഭാഷയാണ് കൃപയുടെ കഥകളെ വ്യത്യസ്ഥമാക്കുന്ന മുഖ്യ ഘടകം. നമ്മുടെ ബോധത്തിൽ വന്നടിക്കുന്ന ചില ബിംബങ്ങളുടെ ശില്പ സമാനമായ ദാർഢ്യത്തിലൂടെയാണ് ഈ ഭാഷ പുതുജീവൻ കൈവരിക്കുന്നത്. ചില ഉദാ:( പകയുടെ കുത്തുകളേറ്റ് അറ്റം പിളർന്ന വെള്ളരി ചെമ്പട്ടുടുത്തു / നരിമൻ പൂമലയിലേക്ക് ചാഞ്ഞു പതിച്ച സൂര്യനെ കാട്ടുമരങ്ങൾ വാട്ടയിലകളിൽ പൊതിഞ്ഞെടുത്തു. അതിനു ചുവട്ടിലായി മൂവന്തി തീയിട്ടു.”/

പമ്പിങ്ങ് നിലച്ച ഒരു കിണർ കാരണം പെട്ടെന്ന് ഒരമ്പതു വർഷം പുറകോട്ടു പോയതിന്റെ ആന്തൽ പടർന്നു പിടിക്കാതിരിക്കാൻ കുഞ്ഞിപ്പെണ്ണ് തന്റെ ജീവിതത്തീ പിരിച്ചുവെച്ചു/.

മലങ്കഥയുടെ മണ്ടയെരക്കുക/പെണ്ണുങ്ങൾ വിളഞ്ഞാടുക/ ചേപ്പന്റെ വീട്ടിലെ മൂന്നു പെണ്ണുങ്ങൾ ചുവന്നു നിന്നു )
ഈ കാഴ്ചകളെല്ലാം പ്രത്യേകമായ കാവ്യ ഭാഷ കൊണ്ട് ശ്രദ്ധ നേടുന്നവയാണ്.

ചേപ്പൻ എന്ന പാത്രസൃഷ്ടി

വെള്ളരി നാടകം കഥയിലെ ഉജ്ജ്വലമായ ഒരു പാത്രസൃഷ്ടിയാണ് ചേപ്പന്റേത്. കഥാന്ത്യം വരെ അവരോധിക്കലിന്റെയും അധികാരത്തിന്റെയും ധാർഷ്ട്യത്തിന്റേയും ഉന്മാദം തീണ്ടിയ കഥാപാത്രം.
കുഞ്ഞിപ്പെണ്ണിന്റെ സ്വപ്നത്തിൽപ്പോലും അയാൾ ഒറ്റക്കൊമ്പുള്ള പോത്തായി ചോരയൊലിപ്പിച്ച് വെള്ളരിക്കണ്ടങ്ങളെ ചവിട്ടിമെതിച്ച് കുതിക്കുന്നവനാണ്.
അടുത്ത് കിണറോ, കുഴൽക്കിണറോ വന്നാൽ പെരുങ്കിണറിൽ വെള്ളം കുറയുമെന്ന ദുർവിചാരവും സ്വാർത്ഥതയും കൊണ്ട് ആളുകളുടെ മുന്നിൽ നല്ലവനായി ചമയുന്ന അയാൾ ( “ങ്ങള് കുത്തണ്ട, പെരുങ്കിണറ് ണ്ടല്ലോ.. നമ്മക്ക് “) പിന്നീട് പുരോഗമനവും സാങ്കേതികതയും തട്ടിത്തെറിപ്പിച്ച തന്റെ അധികാരത്തെ തിരിച്ചു പിടിക്കാൻ കിണറു വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുന്നു. താൻ കൃഷി ചെയ്ത സാധനങ്ങൾക്കു മാത്രമേ രുചിയുള്ളൂ എന്ന വിചാരം തൊട്ടു കൂട്ടി ഉണ്ണുന്നവനും, ഉണ്ണുന്നതിനു മുൻപ് വിളമ്പിക്കൊടുക്കുന്നവളുടെ ചെകിടത്തടിക്കാൻ മടിക്കാത്തവനുമാണ്.
ഇടയ്ക്കിടെ മറ്റുള്ളവരുടെ മുൻപിൽ പാരമ്പര്യത്തെ ഓർമ്മിപ്പിച്ച് മൂപ്പത്തരം കാട്ടുന്നവനും, സ്വന്തം ഉടൽ വടിച്ച് വിയർപ്പ് നാക്കിൽ തിരുകുന്നവനും ഓക്കാനം കുത്തുന്ന വായ്നാറ്റമുള്ളവനുമാണ്.( “അപ്പോൾ മെലിഞ്ഞ മണ്ണിന്റെ നിറമുള്ള അയാളുടെ ഉടലിൽ പാറക്കൂട്ടങ്ങളുയരും, പെരുക്കുന്ന അവയ്ക്കിടയിൽ കറുത്ത മണ്ണിരകൾ നുരയ്ക്കുന്നത് പെണ്ണുങ്ങൾ അറപ്പോടെ നോക്കും.”)
വായ്നാറ്റത്തെ കവച്ചുവെക്കുന്ന വാക് നാറ്റം കൊണ്ട് ആളുകളെ വെറുപ്പിക്കുന്ന ചേപ്പനേപ്പോലുള്ള കഥാപാത്രങ്ങൾ എത്രയോ പേർ നമുക്കിടയിലുമുണ്ട്.

വെള്ളരി നാടകത്തെ ആധുനിക സാമൂഹ്യ ജീവിതത്തിന്റെ പൊറാട്ടുനാടകമെന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. സമകാലിക ലോകത്ത് ചിലർ കാര്യസാദ്ധ്യത്തിനായി നടത്തുന്ന കപട നാടകങ്ങളും അഭിനയവും, ഇരട്ട വ്യക്തിത്വവും മറ്റുള്ളവർക്കു നേരേയുള്ള ധാർഷ്ട്യ മനോഭാവവും ഒക്കെ ഈ കഥ ഓർമ്മിപ്പിക്കുന്നുണ്ട്.
ഇതൊക്കെ സഹിച്ച് സാധാരണക്കാർക്കും, അശരണർക്കും വിധേയർക്കും ഇവരുടെ കപടനാട്യങ്ങൾക്കൊപ്പം നടക്കേണ്ടിയും ഓടേണ്ടിയും അഭിനയിക്കേണ്ടിയും വരുന്നു. ഇതുപോലെ വെളളരി നാടകങ്ങളുടെ അവതരണവേളയിലും കാണികൾക്ക് ചില സംഭവങ്ങളുടെ കാഴ്ചകൾക്കു വേണ്ടി പ്രധാന വേദിക്കു പുറത്തോ അല്പം അകലെയോ ഉള്ള മറ്റൊരു സ്ഥലത്തേക്ക് നടക്കേണ്ടതായും ഓടേണ്ടതായും വരുന്നുണ്ട്.

മാജിക്കൽ റിയലിസത്തിലൂടെയാണ് കഥാകാരി വെള്ളരിയൂട്ടിനു ശേഷം വേദിയിൽ ചത്തു കിടക്കുന്ന ചേപ്പനെ വർണ്ണിക്കുന്നത്. (ചത്തു കിടക്കുന്ന ചേപ്പനിൽ നിന്നും ഒരു വെള്ളരി വള്ളി ആകാശത്തു ചിരിച്ചു നിൽക്കുന്ന കണക്കറായിയപ്പനിലേക്ക് പടർന്നു കയറി )

ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി വേദിയിലേക്ക് ചാടിക്കയറുന്ന അനീഷ് ചേപ്പന്റെ തലയെടുത്ത് മടിയിൽ വെച്ച് നടത്തുന്ന വിലാപത്തിൽ അടുത്ത തലമുറയിലേക്കും ആണധികാരത്തിന്റെയും പുരുഷാധിപത്യത്തിന്റേയും മേൽക്കോയ്മയുടെയും ധാർഷ്ട്യത്തിന്റെയും വേരുകൾ അന്തമില്ലാതെ നീളുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളുണ്ട്.( “അയ്യോ… തൊട്ടു പോവരുതെന്റെയീ വെള്ളരി വള്ളിയിൽ… പെണ്ണുങ്ങളങ്ങട്ട്… മാറി നിക്ക്..” )

Related