തൊണ്ണൂറുകളുടെ തുടക്കത്തില്‍, മുന്‍കാല എസ്.എന്‍.ഡി.പി. നേതാക്കള്‍ പുലര്‍ത്തിയ പോലുള്ള ദലിത്-പിന്നോക്ക സഹവര്‍ത്തിത്വവും സഹോദര്യവും തുടര്‍ന്നു നടത്താന്‍ തനിക്ക് ബാധ്യതയില്ലെന്നു വെള്ളാപ്പള്ളി പ്രസ്താവിച്ചിരുന്നു.
വെള്ളാപ്പള്ളി പറയുന്നത് ഹൈന്ദവവത്കരണവും നവോത്ഥാന പാതയില്‍ നിന്നുള്ള പിന്‍നടത്തവുമാണെന്ന് വിശദീകരിച്ചുകൊണ്ടു കെ.കെ കൊച്ച് ശക്തമായ ഒരു പ്രതികരണ ലേഖനം ‘ മാതൃ ഭൂമി’വാരികയില്‍ അക്കാലത്ത് എഴുതിയിരുന്നു.
യഥാര്‍ത്ഥത്തില്‍, കേരളീയ പ്രബുദ്ധതയുടെ പ്രധാനപ്പെട്ട വശം തന്നെ ദലിത്- പിന്നോക്ക സമുദായ സഹോദര്യമായിരുന്നു. പില്‍ക്കാലത്ത് ശക്തിപ്പെട്ട ദേശീയവാദ, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇത്തരം ആത്മ പ്രതിഫലനങ്ങളെ അവഗണിച്ചെങ്കിലും അടിത്തട്ടിലെ ജനതയില്‍ മേല്‍പറഞ്ഞ സാഹോദര്യം നിലനില്‍ക്കുന്നുണ്ടായിരുന്നു. അതിനു കാരണം, പൊതുവില്‍ എസ്.എന്‍.ഡി.പി പോലുള്ള സമുദായ സംഘടനകളും വിവിധ ദലിത് മൂവ്‌മെന്റുകളും പുലര്‍ത്തിയിരുന്ന ഹൈന്ദവവത്കരണ വിരുദ്ധ നിലപാടുകളാണ്. ഇതിന്റെ തുടര്‍ച്ചയിലാണ് സംവരണ സംരക്ഷണ മുന്നണിയുണ്ടാകുന്നതും വിവിധ മുസ്‌ലിം സംഘടനകളും ലാറ്റിന്‍-ദലിത് ക്രൈസ്തവ സംഘടനകളും അതിന്റെ ഭാഗമാകുന്നതും. വെള്ളാപ്പള്ളി തുടക്ക കാലത്ത് നായര്‍ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിച്ചെങ്കിലും എം.കെ രാഘവന്‍ പോലുള്ള നേതാക്കന്മാര്‍ പുലര്‍ത്തിയിരുന്ന കീഴാള-ന്യൂനപക്ഷ സാഹോദര്യ വീക്ഷണം കൈയൊഴിയുക മാത്രമല്ല, എസ്.എന്‍.ഡി.പി. ശാഖകളെ ഹൈന്ദവവത്കരിക്കാനായി ശ്രമിക്കുകയും ചെയ്തു.
മുസ്‌ലിം ലീഗ് വഞ്ചിച്ചു എന്നൊക്കെ ഇപ്പോള്‍ വെള്ളാപ്പള്ളി പറയുന്നത് വെറും കളവാണ്. മറിച്ചു, അദ്ദേഹം പുലര്‍ത്തിയ ഹൈന്ദവതയും അതിന്റെ തുടര്‍ച്ചയായ ഹിന്ദുത്വവുമാണ് പ്രശ്‌നത്തിന്റെ കാതല്‍. മുസ്‌ലിം ലീഗ് കേരളീയ സമൂഹത്തില്‍ നിന്നും എന്തെങ്കിലും അന്യായമായി കൈക്കലാക്കിയതല്ല, ഹിന്ദുത്വത്തിന് വിരുദ്ധമായ ഒരു സാംസ്‌കാരിക-രാഷ്ട്രീയ ധാര ദലിതരിലും പിന്നോക്കക്കാരിലും ന്യൂനപക്ഷങ്ങളിലും നിലനില്‍ക്കുന്നു എന്നതാണ് വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ പ്രശ്‌നം. സാംസ്‌കാരികമായി മുനയൊടിഞ്ഞ ഇടതുപക്ഷത്തെ ഇപ്പോള്‍ അദ്ദേഹത്തിന് ആശ്രയിക്കേണ്ടി വരുന്നതതിന്റെ കാരണവും മറ്റൊന്നല്ല.
