ലീഗ് ലക്ഷണമൊത്ത വർഗീയ സംഘടനയെന്ന് വിമർശനം
മുസ്ലിം ലീഗ് ലക്ഷണമൊത്ത വർഗീയ സംഘടനയെന്ന് വെള്ളാപ്പള്ളി നടേശൻ. എസ് എൻ ഡി പിയുടെ മുഖപത്രമായ യോഗനാദത്തിൽ എഴുതിയ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ ആരോപണം. തന്നെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. എസ് എൻ ഡി പിക്കെതിരെ വാളോങ്ങുമ്പോൾ നോക്കി നിൽക്കാൻ ആവില്ല. യാഥാർഥ്യങ്ങൾ തുറന്ന് പറഞ്ഞതാണ് താൻ ചെയ്ത് തെറ്റ്. ഞാനും എന്റെ സംഘടനയും ഉമ്മാക്കികൾക്ക് മുന്നിൽ ഭയക്കുന്നവരല്ല. ഭൂരിപക്ഷ ഹിന്ദു സമുദായത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്ത്.കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക ജാതി , പട്ടിക ജാതി പട്ടിക വർഗ ജനതയുടെ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ താൻ പങ്കുവെക്കുന്നത്. ഭരണത്തിൽ പങ്കാളിയായാൽ വർഗീയമായെ ലീഗ് പ്രവർത്തിക്കുകയുള്ളൂ. ഇപ്പോൾ മന്ത്രിയായിരിക്കുന്ന കെ എം ഷാജിയുടെ മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന പ്രസംഗം ഞങ്ങളാരും മറന്നിയിട്ടില്ല. ഭരണം നിലനിർത്താൻ മതേതര കുപ്പായമിട്ട മുസ്ലിം ലീഗ് എന്ന ലക്ഷണമൊത്ത വർഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ സാധിക്കില്ല. രാഷ്ട്രീയമായി ലീഗിനെ എതിർക്കുന്നവർക്ക് പോലും ഇതൊക്കെ പറയാൻ ഭയമാണ്. ആ ഭയം തനിക്കില്ല. അത് കൊണ്ട് വർഗീയവാദി ആകുമെങ്കിൽ ആയിക്കോട്ടെ. ലീഗിനെ വിമർശിക്കുന്നവരെ വർഗീയവാദികളാക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ എന്നും വെള്ളാപ്പള്ളി കുറിച്ചു.
