ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ‘അക്രമിക്കപ്പെട്ടു’ എന്ന് പറയുന്ന സംഭവവും അതിലെ ക്യാമറകളുടെ ഓപ്പറേഷനുകളും നോക്കുന്നത് പുതിയ കാലത്ത് രസകരമായ ചില കാഴ്ചകള്‍ സാധ്യമാക്കും എന്ന് തോന്നുന്നു. ക്യാമറകളുടെ മുന്നില്‍ നിന്ന് തന്നെ പെരുമാറിയ വീണ ജോര്‍ജ് എന്ന മാധ്യമ പ്രവര്‍ത്തകയും മന്ത്രിയും ആയ സ്ത്രീ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനിലെ സംഭവവും അവര്‍ ക്യാമറയെ ഡീല്‍ ചെയ്യുന്നതും, ആ സംഭവത്തെ ക്യാമറകള്‍ ഡീല്‍ ചെയ്യുന്നതും, തുടര്‍ന്നുള്ള സംഭവങ്ങളെയും ക്യാമറകള്‍ ഡീല്‍ ചെയ്യുന്നതുമൊക്കെ നോക്കുന്നത് ചില കൗതുകങ്ങള്‍ ഉണ്ടാക്കും. ഇന്നലെ A Pervert’s Guide to Ideology എന്ന ഒരു ഡോക്യുമെന്ററി കണ്ടപ്പോള്‍ പോസ്റ്റ് ഐഡിയോളജിക്കല്‍ കാലത്ത് ക്യാമറകള്‍ രാഷ്ട്രീയങ്ങളെ എങ്ങനെ ഡീല്‍ ചെയ്യുന്നു എന്ന് ശ്രദ്ധിക്കുന്നത് രസകരമാണെന്ന് തോന്നി.
2018 ല്‍ പുറത്തിറങ്ങിയ Searching എന്ന മിസ്റ്ററി സിനിമയില്‍ മകള്‍ നഷ്ടപ്പെട്ട ഒരു അച്ഛന്റെ അന്വേഷണം വെബ് പ്ലാറ്റ്ഫോമുകളിലൂടെയാണ് നടക്കുന്നത്. വെബ് ക്യാമറ ചാറ്റ്റൂമുകള്‍, വെബ് ക്യാമറ വിഷ്വല്‍സ്, അത്തരത്തിലുള്ള ക്യാമറകള്‍ തുടങ്ങിയവയിലൂടെ ആണ് ആ അന്വേഷണം മുന്നോട്ട് പോകുന്നത്. 2005 ല്‍ പുറത്തിറങ്ങിയ Caché എന്ന സിനിമയില്‍ ഒരു വീടിന്റെ സര്‍വൈലന്‍സ് മുഴുവന്‍ വിഷ്വലൈസ് ചെയ്യുന്ന സിസിടിവി ക്യാമറകളിലൂടെ ആണ് സിനിമ മുന്നോട്ട് പോകുന്നത്. വെബ് ക്യാമറ, സിസിടിവി ക്യാമറകള്‍, മൊബൈല്‍ ഫോണ്‍ ക്യാമറകള്‍, ഹിഡന്‍ ക്യാമറകള്‍ അങ്ങനെ ക്യാമറകളുടെ പുതിയ ടൂളുകളും ടെക്‌നോളജികളും കാഴ്ചകളുടെ പുതിയ രീതികളും നിലനില്‍ക്കുന്ന ഐഡിയോളജികളെ പലപ്പോഴും തകര്‍ക്കുകയോ മാറ്റുകയോ ചെയ്യുന്നു.
സിസിടിവി എന്ന ക്യാമറ ഉപകരണം ഒരുപക്ഷേ ഒരു റഡാര്‍ പോലെ ആയിരിക്കാം ഭരണകൂടങ്ങള്‍ സമൂഹത്തിന്റെ മുകളിലേക്ക് പ്രയോഗിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അങ്ങനെ പല തരത്തിലുള്ള ഇടങ്ങളില്‍ സിസിടിവികള്‍ വ്യാപകമായി തുടങ്ങി. സിസിടിവി വിഷ്വലുകള്‍ വ്യവസ്ഥാപിതമായ കാഴ്ചകളെ പലപ്പോഴും അട്ടിമറിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഒരുപക്ഷേ സമൂഹത്തിലെ അപരങ്ങളായ പല മനുഷ്യരെയും വേട്ടയാടിയപ്പോള്‍, ചിലപ്പോള്‍ സമൂഹം തന്നെ സിസിടിവി ദൃശ്യങ്ങളിലെ ‘ക്രൈമുകള്‍’യും ക്രൈമുകളിലെ ഇരകളെയും അതേ സമയം കുറ്റവാളികള്‍ പിടിക്കപ്പെടുന്നതിനെയും കാണുകയും ആഘോഷിക്കുകയും ചെയ്തു. നിയമം, മൊറാലിറ്റി, സെക്യൂരിറ്റി, സത്യം തുടങ്ങിയ സാമൂഹിക ഐഡിയോളജികള്‍ അല്ലെങ്കില്‍ നിര്‍മിതികള്‍ ആണ് സിസിടിവികളെ രൂപപ്പെടുത്തുന്നത് തന്നെ. ഈയിടെ ഒരു പള്ളിയില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തുന്ന ഒരാളുടെ സിസിടിവി ഷോട്ടും അത് അയാള്‍ക്ക് തന്നെ കാണിച്ച് കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ ക്യാമറകളുടെ വിഷ്വലുകളും പോസ്റ്റ് ഐഡിയോളജിക്കല്‍/പോസ്റ്റ് ഡിജിറ്റല്‍ കാലത്തെ പുതിയ രീതിയിലുള്ള കാഴ്ചകളാണ്. ഇതിനുപുറമെ സിസിടിവിയിലെ ടോപ് ആംഗിള്‍ ഷോട്ടുകള്‍, ‘കുറ്റവാളികളുടെ’ മൂവ്‌മെന്റുകളുടെ സ്പീഡുകള്‍, എഡിറ്റിങ് ഇല്ലാത്ത വിഷ്വല്‍സ്, സെന്‍സറിങ് ഇല്ലാത്ത വയലന്‍സ്, ക്രൈമുകള്‍ തുടങ്ങിയവ പുതിയ ദൃശ്യതയുടെ ഗ്രാമറുകള്‍ തന്നെ സൃഷ്ടിച്ച്, നേരത്തെ പറഞ്ഞത് പോലെ Searching, Caché പോലുള്ള സിനിമകളില്‍ സിസിടിവി പോലുള്ള ടൂളുകള്‍ പുതിയ സൗന്ദര്യശാസ്ത്രം നിര്‍മിച്ചു. സിനിമകളില്‍ സിസിടിവി ക്യാമറകളെ അനുകരിച്ചതിലൂടെ പുതിയ വിഷ്വല്‍ ഗ്രാമറുകള്‍ രൂപപ്പെട്ടു. എപ്‌സറ്റീന്‍ ഫയലുകളിലെ ക്രൂരമായ ദൃശ്യങ്ങളും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതും കാണികള്‍ പല രീതിയിലായിരിക്കാം സ്വീകരിക്കുന്നത് തന്നെ. മനുഷ്യരുടെ പേര്‍വേര്‍ഷനുകളില്‍ അത് പല തരത്തില്‍ സ്വീകരിക്കപ്പെടാം.
വീണ ജോര്‍ജ് ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന സംഭവത്തെ കേരളം എന്ന സമൂഹം പ്രധാനമായും വിലയിരുത്തിയത് ‘സത്യം എന്താണ്?’ എന്ന മൊറാലിറ്റി ചോദ്യത്തിന്റെ ഉത്തരം തേടിക്കൊണ്ടാണ്. ഈ സമൂഹം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സിസിടിവി എന്ന ടൂളിനെ ആണ്. യാഥാര്‍ഥ്യം, റിയാലിറ്റി, സത്യം, തെളിവ് എന്നീ മോറല്‍ സെഗ്മെന്റുകളെ ഈ സമൂഹം സിസിടിവിയുമായി ചേര്‍ത്തു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇവിടെ ആണ് ഏറ്റവും വലിയ തമാശ നടക്കുന്നത്. ഭരണകൂടങ്ങള്‍ റിയാലിറ്റി എന്താണെന്ന് തെളിയിക്കാന്‍ പരിശോധിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍ അതേ (ഇടതുപക്ഷ) ഭരണകൂടം റെയില്‍വേ സ്റ്റേഷന്‍ എന്ന ഇടത്തിലെ സിസിടിവി ദൃശ്യങ്ങളെ ഈ സമയം വരെ പുറത്തുവിടുകയോ ആ ടൂള്‍ വഴി സ്ഥിരീകരണം നടത്തുകയോ ചെയ്തിട്ടില്ല എന്നതാണ്. പോസ്റ്റ് ഡിജിറ്റല്‍ കാലത്ത് സത്യം എന്ന മോറല്‍ ഫാക്ടറിനെ സ്ഥിരീകരിക്കാന്‍ സമൂഹം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു ടൂളിലെ തെളിവുകള്‍ പുറത്തുവിടാതെ ചര്‍ച്ച ചെയ്യുന്ന ഒരു ഇടതുപക്ഷത്തെയും അവര്‍ അത്തരം പ്രവര്‍ത്തികളിലൂടെ സമൂഹത്തിന് മുന്നില്‍ തമാശയാകുന്നതുമാണ് കാണാന്‍ കഴിയുന്നത്.
വീണ ജോര്‍ജിന്റെ റെയില്‍വേ സ്റ്റേഷനിലേക്കുള്ള എന്‍ട്രി സിസിടിവികള്‍ക്ക് പുറമെ പ്രധാനമായും ഷൂട്ട് ചെയ്തത് കെഎസ്‌യുക്കാര്‍ എന്ന പ്രതിഷേധിക്കുന്നവരുടെ ക്യാമറകളും മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകളും സിറ്റിസണ്‍ മൊബൈല്‍ ഫോണ്‍ ക്യാമറകളിലൂടെയും ആണ്. ആ വിഷ്വലുകളുടെ ലൈവുകള്‍ സോഷ്യല്‍ മീഡിയയില്‍ പോയിട്ടില്ല. ലൈവ് വീഡിയോ കാണുന്നതും അല്ലാത്ത വീഡിയോകള്‍ കാണുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അവിടെ ആണ് എഡിറ്റിങ് എന്ന സാങ്കേതികത പ്രവര്‍ത്തിക്കുന്നത്. ഇവിടെ പലപ്പോഴും ചില ഇടതുപക്ഷ കോണുകളില്‍ നിന്ന് വന്ന ഒരു വാദം ഈ വിഷ്വലുകള്‍ എഡിറ്റ് ചെയ്തതായിരിക്കാം എന്നതാണ്. അതായത് ലൈവ് അല്ലാത്ത വീഡിയോസ് എഡിറ്റ് ചെയ്യപ്പെട്ടതായിരിക്കാം എന്നതാണ് വാദം. ഏറ്റവും വലിയ തമാശ, എഡിറ്റിങ് എന്ന സാങ്കേതികത വിഷ്വലുകളെ കട്ട് ചെയ്തു നീക്കുന്ന ഒരു പ്രോസസ് മാത്രമാണ് എന്ന ചിന്താഗതിയാണ്. ഒരിടത്തും വിഷ്വലുകള്‍ കട്ട് ചെയ്തു നീക്കിയെന്ന് പറയാതെ എഡിറ്റ് ചെയ്തതായിരിക്കാം എന്നാണ് ഇടതുപക്ഷം പറയുന്നത്.
വീണ ജോര്‍ജ് സംഭവത്തില്‍ സിസിടിവി വിഷ്വലുകള്‍ പുറത്തുവരാതെ നില്‍ക്കുമ്പോഴും വ്യവസ്ഥാപിത മീഡിയ ക്യാമറകള്‍ക്ക് പുറമെ സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളുടെ ക്യാമറകളാണ് വിഷ്വലുകള്‍ പുറത്തുകൊണ്ടുവരുന്നത്. ഈ സിറ്റിസണ്‍ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ക്ക് പോസ്റ്റ് ഡിജിറ്റല്‍ കാലത്ത് നിയതമായ വിഷ്വല്‍ പാറ്റേണുകള്‍ ഒന്നുമില്ല. അത് കാല്‍കൂലേറ്റഡ് ആയി അല്ല ഷൂട്ട് ചെയ്യുന്നത്. ഐഡിയോളജി, മൊറാലിറ്റി എന്നിവ കാറ്റില്‍ പറത്തുന്ന കാലത്ത് വളരെ കാല്‍കൂലേറ്റഡ് വിഷ്വലുകളെ തകര്‍ക്കുന്ന രീതിയിലാണ് വീണ ജോര്‍ജ് സംഭവത്തില്‍ ഷൂട്ട് ചെയ്ത ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. സത്യം എന്ന മൊറല്‍ ഫാക്ടര്‍ പുറത്തുവിടുന്നതിനോടൊപ്പം അവിടെ സംഭവിക്കുന്ന വയലന്‍സ്, പോലീസ് വയലന്‍സ്, വീണ ജോര്‍ജ് എന്ന മന്ത്രിയുടെ അധികാരം അടക്കം എല്ലാം ചിലപ്പോള്‍ ആഘോഷമായോ തമാശയായോ എന്ന രീതിയില്‍ കൂടി പ്രചരിക്കുന്നു. ആദ്യത്തെ പത്ത് മിനിറ്റില്‍ തന്നെ സത്യം എന്താണ് എന്ന് തിരിച്ചറിഞ്ഞ മനുഷ്യര്‍ പിന്നീട് തമാശ, ട്രോളുകള്‍, വാദങ്ങളിലെ പ്രതിവാദങ്ങളിലെ പരിഹാസങ്ങള്‍ എന്നിങ്ങനെ റീലുകളായി, സിനിമകളായി, വെബ് സീരീസുകളായി ഈ സംഭവം കാണുകയും ചെയ്യും.
ഒരു എക്‌സ്‌പോസ്ഡ് ആയ സംഭവം പിന്നീട് മനുഷ്യര്‍ പ്രോസസ് ചെയ്യുന്നത് പല രീതികളിലാണ്. ഒരു റിയലിസ്റ്റിക് ഡോക്യുമെന്റഡ് സംഭവത്തിന് ശേഷം ഫിക്ഷണല്‍ ആയ, പോസ്റ്റ് ഐഡിയോളജിക്കല്‍ കാലത്തെ മനുഷ്യരുടെ ‘പെര്‍വെര്‍ട്ടഡ്’ ആയും അല്ലാതെയും ഉള്ള പല തരത്തിലുള്ള ആഹ്ലാദങ്ങള്‍ക്ക് ഈ സംഭവം കാരണമാകുന്നു. ഇതില്‍ ഏറ്റവും വലിയ തമാശകള്‍ രൂപപ്പെടുന്നത് ഇത്തരം ഒരു കാലത്ത് സത്യം എന്ന മൊറാലിറ്റിയെ കൂട്ടുപിടിച്ച് അത് തെളിയിക്കാന്‍ പാടുപെടുകയും അത് തെളിയിക്കാന്‍ സഹായിക്കുന്ന ക്യാമറകള്‍, സിറ്റിസണ്‍ ജേര്‍ണലിസം ക്യാമറകള്‍, സിസിടിവി പോലുള്ള ക്യാമറകള്‍ എന്നിവ നിരാകരിക്കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ പരിതാപകരമായ അവസ്ഥയിലാണ്. എഡിറ്റിങ് എന്ന വിഷ്വല്‍ കമ്യൂണിക്കേഷന്‍ ടൂളുകളെ കുറിച്ച് അവര്‍ വിളിച്ചുപറയുന്ന മണ്ടത്തരങ്ങളും അതിലുണ്ട്.
ടിവി സ്റ്റുഡിയോ ചര്‍ച്ചകളിലെ ലൈവ് ഫ്‌ളോറുകളിലെ ക്യാമറകളുടെ സ്വഭാവവും ഇതിനനുസരിച്ച് പരിശോധിക്കുന്നത് രസകരമായിരിക്കും. ടിവി ചര്‍ച്ചകളിലെ ക്യാമറകള്‍ റിപ്പോര്‍ട്ടിങ് ക്യാമറകളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റാറ്റിക് പൊസിഷനിലായിരിക്കും. അതില്‍ ചര്‍ച്ച ചെയ്യുന്ന മനുഷ്യനെ ആണ് ഫോക്കസ് ചെയ്യുന്നത്. എക്‌സ്പീരിയന്‍സ്ഡ് ആയ ഒരു ചര്‍ച്ച പാനലിസ്റ്റ് ആണെങ്കില്‍ അയാളുടെ അധികാരം ഒരൊറ്റ സ്റ്റാറ്റിക് പൊസിഷനില്‍ സിംഗിള്‍ ക്യാമറ ആംഗിളില്‍ രൂപപ്പെടും. ഇത്തരം ചര്‍ച്ചകള്‍ സ്വീകരിക്കപ്പെടുന്നത് അനേകം രീതികളിലാണെങ്കിലും പ്രധാന ശ്രദ്ധ ആ ചര്‍ച്ച ചെയ്യുന്ന മനുഷ്യനിലായിരിക്കും. അയാള്‍ പറയുന്ന കാര്യങ്ങളിലും ആയിരിക്കും. (അത് എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നത് വേറെ കാര്യം). വീണ ജോര്‍ജ് സംഭവം നടന്ന ദിവസം സ്മൃതി പരുത്തിക്കാട് നയിച്ച റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ച ഒരുപക്ഷേ കേരളം ടെലിവിഷന്‍ ചരിത്രത്തിലെ വിഷ്വല്‍ ഹിസ്റ്ററിയില്‍ വേറിട്ട ഒരു സംഭവമായിരിക്കും. ഇടതുപക്ഷത്തിന്റെ സഖാവ് പ്രകാശന്‍ മാഷും മുസ്‌ലിം ലീഗിന്റെ പ്രതിനിധിയും കെഎസ്‌യു നേതാവും എത്തിയ ചര്‍ച്ച സ്മൃതി തുടങ്ങിയത് വീണ ജോര്‍ജ് ആക്രമിക്കപ്പെട്ടു എന്ന രീതിയിലായിരുന്നു. അതിന്റെ വിശദീകരണം നല്‍കണം എന്ന നിലപാടിലായിരുന്നു തുടക്കം. ലോകം മുഴുവന്‍ ആ സംഭവത്തിന്റെ ‘സത്യം’ ബോധ്യപ്പെട്ടു കഴിഞ്ഞതിനു ശേഷമായിരുന്നു അത്തരത്തില്‍ ഒരു ചര്‍ച്ച രൂപപ്പെട്ടത്. പിന്നീട് നടന്ന ചര്‍ച്ചകളില്‍ അതിന്റെ സ്വഭാവം മാറി എന്നത് വേറെ കാര്യം.
അങ്ങനെ ചര്‍ച്ച തുടങ്ങി കെഎസ്‌യു നേതാവ് കണ്ണൂരിലെ ഡിസിസി ഓഫീസില്‍ ഇരുന്നു സംസാരിക്കുമ്പോഴാണ് ആ ഓഫീസ് ഇടതുപക്ഷ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെടുന്നത്. സ്റ്റുഡിയോ ക്യാമറകളില്‍ നിന്ന് റിപ്പോര്‍ട്ടിങ് ക്യാമറകളിലേക്ക് ഒരു ഷിഫ്റ്റ് അവിടെ രൂപപ്പെടുന്നു. ആ ചര്‍ച്ച ഒരുപക്ഷേ സ്മൃതിയുടെ കയ്യില്‍ നിന്ന് പോയി റിപ്പോര്‍ട്ടിങ്ങിലേക്ക് നീങ്ങിയതായി പറയാം. ഡിസിസി ഓഫീസ് ആക്രമണവും യുഡിഎഫ് പ്രതികരണവും കൂടി വന്നപ്പോള്‍ വാര്‍ത്തയിലേക്ക് ഒരു ഷിഫ്റ്റ് സംഭവിച്ചു. സ്റ്റുഡിയോയിലെ സ്റ്റാറ്റിക് ക്യാമറയില്‍ നിന്ന് റിപ്പോര്‍ട്ടിങ്ങിലെ ഷേക്കിങ് ക്യാമറയിലേക്ക് മാറ്റം സംഭവിച്ചു. സ്റ്റുഡിയോയില്‍ ഒറ്റയ്ക്കിരുന്നു സംസാരിച്ചിരുന്ന കെഎസ്‌യു നേതാവ് പിന്നീട് തന്റെ പ്രവര്‍ത്തകരുടെ മുന്നില്‍ തെരുവില്‍ നിന്ന് മറ്റൊരു ക്യാമറയ്ക്ക് മുന്നില്‍ സംസാരിക്കുന്ന അവസ്ഥ ഉണ്ടായി. സ്റ്റുഡിയോയും തെരുവും എന്ന രണ്ട് ലൈവ് ഇടങ്ങളിലേക്ക് ഒരു ചര്‍ച്ച പരിപാടിയിലെ ക്യാമറ ഷിഫ്റ്റ് ചെയ്യുമ്പോള്‍ ചര്‍ച്ചയുടെ സ്വഭാവത്തിനും യാഥാര്‍ഥ്യത്തിനും കാഴ്ചകള്‍ക്കും പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നു. ചര്‍ച്ചയുടെ അധികാരത്തിനും വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു. വീണ ജോര്‍ജിനെ രക്ഷിക്കാനായി തുടങ്ങിയതായി തോന്നിച്ച ചര്‍ച്ച പിന്നീട് കൈവിട്ടുപോയി ഒരു ഡോക്യു സ്‌റ്റൈലിലേക്ക് മാറുന്നു. വാര്‍ത്തയുടെ അധികാരം ഒരു ചര്‍ച്ച ഫ്‌ളോറില്‍ നിന്ന് തെരുവിലേക്ക് പോകുമ്പോള്‍ അതിന്റെ അര്‍ഥങ്ങള്‍ക്കും കാഴ്ചകള്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകുന്നു. പുതിയ കാലത്ത് ഐഡിയോളജികളില്‍ ക്യാമറ പോലുള്ള ടൂളുകള്‍ സത്യം എന്നതെയും മൊറാലിറ്റിയെയും അട്ടിമറിക്കുന്നത് ഇങ്ങനെയാണ്. ആ റിപ്പോര്‍ട്ടിങ്ങില്‍ കാഴ്ചക്കാരനായി ഇരുന്നുകൊണ്ട് തനിക്ക് ഒന്നും പറയാന്‍ കഴിയാത്തതിന്റെ ദേഷ്യം പ്രകാശന്‍ മാഷ് പൊട്ടിത്തെറിച്ച് രേഖപ്പെടുത്തുന്നതും കാണാം.
ഇടതുപക്ഷത്തിന്റെ നേതാക്കള്‍ സത്യം എന്ന മോറല്‍ സെഗ്മെന്റിനെ സ്ഥാപിക്കാന്‍ വേണ്ടി നടത്തുന്ന കാര്യങ്ങള്‍ പലപ്പോഴും കോമഡികളായി മാറുന്നു. മിക്കപ്പോഴും സ്റ്റാറ്റിക് ക്യാമറകള്‍ക്ക് മുന്നില്‍ തങ്ങളുടെ നേതാവ്/ഡിവൈഎഫ്‌ഐ നേതാവ്/മന്ത്രി/പാര്‍ട്ടി സെക്രട്ടറി എന്നീ അധികാരങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവര്‍ സംസാരിക്കുന്നത്. ചോദ്യങ്ങള്‍ ഉണ്ടാകുമെങ്കിലും അവര്‍ പറയുന്നതാണ് കാര്യം എന്നാണ് അവര്‍ വിശ്വസിക്കുന്നത്. പക്ഷേ, പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ ട്രോള്‍ മെറ്റീരിയലുകളായി മാറി. ഇവര്‍ റീലുകളിലൂടെ മൊബൈല്‍ ഫോണ്‍ ക്യാമറകളിലൂടെ സാധാരണ മനുഷ്യര്‍ വേറെ രീതിയില്‍ എനാക്ട് ചെയ്ത് തമാശ ഫിഗറുകളായി മാറുകയും ചെയ്തു. അതായത് മീഡിയ ക്യാമറകള്‍ക്ക് മുമ്പില്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് മൊബൈല്‍ ഫോണുകള്‍ കൊണ്ട് സൃഷ്ടിച്ച റീലുകളില്‍ വ്യാപകമായി കളിയാക്കപ്പെട്ടു. ക്യാമറ എന്ന ടൂളുകളുടെ പോസ്റ്റ് ഡിജിറ്റല്‍ കാലത്തെ വികാസങ്ങള്‍ ഇത്തരം പല പുതിയ സാധ്യതകളും ഉയര്‍ത്തുന്നു. പിന്നീട് മാതൃഭൂമി ടെലിവിഷനില്‍ വീണ ജോര്‍ജുമായി നടത്തിയ അഭിമുഖത്തിലെ ക്യാമറകളും സ്റ്റാറ്റിക് ആയി നിര്‍ത്തി അഭിലാഷും വീണ ജോര്‍ജും എന്ന രണ്ട് എന്റിറ്റികളില്‍ ക്രിയേറ്റഡ് യാഥാര്‍ഥ്യങ്ങളുടെ ദൃശ്യങ്ങളില്‍ കേന്ദ്രീകരിച്ചു. ഒരു പോസ്റ്റ് ട്രൂത് വീഡിയോ ആയി നിര്‍മിക്കപ്പെട്ട ആ അഭിമുഖത്തില്‍ അതിന് തയ്യാറായ അഭിലാഷ് അടക്കം ഒരു കോമഡി ആയി വായിക്കപ്പെട്ടു. ഏറ്റവും പരിതാപകരമായ വീഡിയോ എം.വി ജയരാജന്റേതാണ്. ഒരു പത്രസമ്മേളനത്തില്‍ തിരിഞ്ഞു നിന്നുകൊണ്ട് കോമഡി ഷോ പോലെ പെരുമാറിയ അദ്ദേഹത്തിന്റെ മുന്നില്‍ സ്റ്റാറ്റിക് ആയി നില്‍ക്കുന്ന ക്യാമറകള്‍ക്ക് അതെല്ലാം കണ്ടുനില്‍ക്കേണ്ടി വരുന്നത് തന്നെ മറ്റൊരു തമാശയായി മാറി.
വീണ ജോര്‍ജ് സംഭവം പോസ്റ്റ് ട്രൂത്/പോസ്റ്റ് ഐഡിയോളജിക്കല്‍/പോസ്റ്റ് ഡിജിറ്റല്‍ കാലത്ത് പല തരത്തിലുള്ള വായനകള്‍ക്ക് സാധ്യതകള്‍ ഉണ്ടാക്കുന്നു. പല തരത്തിലുള്ള ക്യാമറകള്‍ ഈ സംഭവത്തെ എങ്ങനെ കാണുന്നു എന്നതും, ട്രൂത് എന്ന സംഗതി ക്യാമറകളുടെ കാഴ്ചകളില്‍ ആദ്യം ഒരു മോറല്‍ സെഗ്‌മെന്റായി പ്രത്യക്ഷപ്പെടുകയും പിന്നീട് മീമുകള്‍, ട്രോളുകള്‍, തമാശകള്‍ എന്ന രീതിയിലേക്ക് മാറുകയും ചെയ്യുന്നതും, എഡിറ്റിങ് എന്ന ടൂളിനെ കുറിച്ചുള്ള ഇടതുപക്ഷ ധാരണകളും, ഒരു സംഭവത്തിന് ശേഷം റീലുകളിലൂടെ എഡിറ്റിങ്ങിലൂടെ ഈ സംഭവം തന്നെ വീണ്ടും കോമഡികള്‍ ആയി പുനരവതരിപ്പിക്കപ്പെടുന്നതും എല്ലാം പുതിയ വായനകള്‍ക്ക് പലതരം സാധ്യതകള്‍ തുറക്കുന്നു. വാര്‍ത്ത എന്ന സംഗതി ക്രിയേറ്റഡ് ട്രൂത്, റിയല്‍ ട്രൂത് എന്നീ ഘടകങ്ങളിലൂടെ വിവിധ ക്യാമറ ഷിഫ്റ്റുകളിലൂടെ അട്ടിമറിക്കപ്പെടുന്നതും കാണുന്നത് രസകരമാണ്.
