സി പി എം നേതാവ് എ.കെ ബാലൻ, റാപ്പർ വേടൻ എന്നീ രണ്ടു പേരുടെ ജീവിതത്തിൽ ക്യാമറ, മൈക്ക് എന്നിവ ഇടപെടുന്നത്, അവർ പ്രസന്റ് ചെയ്യപ്പെടുന്നത് നിരീക്ഷിക്കുന്നത് രസമുള്ള കാര്യമാണ്. അതിനു ചരിത്രപരമായ വികാസവുമുണ്ട് എന്ന് വേണം പറയാൻ. ഈ രണ്ടു ഉപകരണങ്ങളും ഇവരെ നിർമ്മിക്കുന്നതിലും നിലനിർത്തുന്നതിലും പല തരത്തിലുള്ള പങ്കുകൾ വഹിച്ചിട്ടുമുണ്ട്. അത് ഇത്തരം ടെക്നോളജികളുടെ വികാസങ്ങളും കേരളത്തിലെ അപര ജീവിതങ്ങളുമായി ബന്ധപ്പെട്ട് കൂടി പിണഞ്ഞു കിടക്കുന്നതാണ്. നാടകം എന്ന അവതരണത്തെക്കാൾ കേരളത്തിലെ അടിത്തട്ട് ജീവിതങ്ങളെ ത്രസിപ്പിച്ചത് ഗാനമേളയും മൈക്കുമൊക്കെ ആണെന്ന് ചിലപ്പോൾ നോക്കിയാൽ മനസ്സിലാകും. എ.കെ ബാലനും വേടനും ക്യാമറ മൈക്ക് എന്നിവയുടെ മുന്നിൽ സ്വയം ഇപ്പോൾ നിർമ്മിക്കപ്പെടുന്നത് കാണാൻ രസമാണ്.
എ.കെ ബാലൻ എന്ന സി. പി.എം രാഷ്ട്രീയ മൈക്ക്, വീഡിയോ, ഡിജിറ്റൽ മീഡിയ, സാമൂഹിക മാധ്യമങ്ങൾ തുടങ്ങിയവ വലിയ വികാസങ്ങൾ കൈവരിക്കുന്നതിന് മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സാന്നിധ്യമുണ്ടായിരുന്ന ഒരു നേതാവ് ആണ്. പക്ഷേ ടെക്നോളജിയുടെ വികാസങ്ങളുടെ കാലത്ത് അദ്ദേഹത്തിന്റെ പരിമിതി എന്നത്, സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാഗമായി മാറുമ്പോൾ, അതിൽ നിന്ന് അദ്ദേഹത്തിന് കുതറി മാറി, ഒരക്ഷരം ക്യാമറ–മൈക്ക് എന്നീ സാധ്യതകൾക്ക് മുന്നിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ സ്ഥാപനവത്കരിക്കപ്പെട്ട സി.പി.എമ്മിന്റെ ‘ഹിന്ദുത്വ മാർക്സിസത്തിൽ’ അതിന്റെ ഐഡിയോളജിയിൽ നിന്ന് കൊണ്ട് ഇസ്‌ലാമോഫോബിയ അയാൾക്ക് ക്യാമറയുടെ മുന്നിൽ ‘വിളമ്പേണ്ടി’ വരുന്നു. അത്തരം തൊമ്മിയായി ബാലൻ സഖാവ് മാറിപ്പോകുകയും ചെയ്യുന്നു. അതിനർത്ഥം ഗോവിന്ദൻ മാഷിനെ പോലെ മണ്ടത്തരങ്ങളും ഇസ്ലാമോഫോബിയയും വിളമ്പുന്നവർ ഈ പാർട്ടിയിൽ ഇല്ല എന്നതല്ല.
ഇപ്പുറത്ത് വേടൻ എന്ന റാപ്പ് ഗായകനെ ഒന്ന് നോക്കുക. അദ്ദേഹം പാടിയ “നീ തമ്പുരാൻ ആണെങ്കിൽ ഒരു മൈരുമില്ല” എന്ന പാട്ട് ഡിജിറ്റൽ മീഡിയയിൽ (യൂട്യൂബിൽ) ‘ചത്തു’ കിട്ടിയതിന് ശേഷമാണ് അതിന് ഒരു ഉയിർപ്പ് ഉണ്ടാകുന്നത്. ‘അതിനെ റാപ്പ് അമർഷത്തിന്റെ സംഗീതം’ എന്നൊക്കെ പറഞ്ഞുള്ള ഓഞ്ഞ റീഡിങ്ങുകൾ ഒക്കെ ഉണ്ടായിട്ടുമുണ്ട്. പക്ഷേ, വേടൻ ഡിജിറ്റൽ കാലത്ത് ഉയർന്നു പൊങ്ങിവന്നു. അതിൽ ക്യാമറ, മൈക്ക്, ഡിജിറ്റൽ മീഡിയ എന്നിവയുടെ പങ്ക് ചില്ലറയല്ല. അയാൾ അത് ഗംഭീരമായി ഉപയോഗിക്കുകയും ചെയ്തു.
ഈയിടെ ഇറങ്ങിയ ഒരു വീഡിയോയിൽ അയാൾ ഒരു കൊച്ചു കുട്ടിക്ക് മൈക്ക് കൊടുത്തുകൊണ്ട് പാട്ട് പഠിപ്പിക്കുന്നത് കാണുന്നുണ്ട്. വേടനും പുതിയ തലമുറയിലെ അത്തരത്തിലുള്ള പല ഗായകരും ഒരേസമയം മൈക്കിലൂടെ പാടുകയും, കാണികളിലേക്ക് തിരിച്ചു വെച്ചുകൊണ്ട് അവരോട് ആർത്തുവിളിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരു പങ്കാളിത്തപരമായ രീതിയിലാണ് വേടന്റെ പെർഫോമൻസുകൾ. വേടൻ പരിപാടികൾ അവതരിപ്പിക്കുന്ന സ്റ്റേജുകളുടെ ആർക്കിടെക്ചറുകൾ തന്നെ ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പോകാവുന്ന രീതിയിലായാണ് അതിന്റെ കൺസ്ട്രക്ഷനുകൾ. കലാഭവൻ മണിയും വേടനുമൊക്കെ അങ്ങനെ തങ്ങളുടെ മൈക്കുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടുമുണ്ട്. ആത്യന്തികമായി എ.കെ ബാലൻ അനുഭവിക്കുന്ന സംഘടനാപരമായ ഒരു റെസ്ട്രിക്ഷനും, വേടൻ എന്ന മനുഷ്യൻ തന്റെ മൈക്ക്, വീഡിയോകൾ എന്നിവയുടെ മുന്നിൽ അനുഭവിക്കുന്നില്ല എന്നതും കൂടെയാണ്. അയാൾ അതിന്റെ സ്വാതന്ത്ര്യം ആസ്വദിക്കുന്നു.
അതുപോലെ വേടൻ എന്ന മനുഷ്യൻ റിപ്പോർട്ടർ ചാനൽ എന്ന ടി.വി യിലെ അഭിമുഖത്തിലാണ് ക്യാമറ–മൈക്ക് എന്നീ ഉപകരണങ്ങൾക്ക് മുന്നിൽ തന്നെ വ്യത്യസ്തമായ ചരിത്രപരതയിൽ അവതരിപ്പിക്കപ്പെട്ടത്. കേരളത്തിലെ പുരുഷന്മാരായ രാഷ്ട്രീയ വ്യക്തിത്വങ്ങൾ മുഴുവനും മുണ്ട്–ഷർട്ട് എന്ന മലയാളിത്തത്തിൽ ക്യാമറക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുമ്പോൾ, വേടൻ റിപ്പോർട്ടർ ടി.വി യിലെ അഭിമുഖത്തിൽ ഒരു, പാൻ്റ്, ഷർട്ട് എന്നിവ ഒക്കെ ധരിച്ചുകൊണ്ട് പരമ്പരാഗത മലയാളി പുരുഷ വസ്ത്രങ്ങളെ പൊളിച്ച്, സെമിയോട്ടിക്കലായി പലതരം അട്ടിമറികൾ ആ അഭിമുഖത്തിൽ നടത്തുന്നു. അത് എ.കെ ബാലനെ പോലുള്ളവർ നടത്തുന്ന പത്രസമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തവുമാണ്. അതുപോലെ സ്റ്റേജിൽ ഉപയോഗിക്കുന്ന മൈക്കിൽ നിന്ന് വ്യത്യസ്തമായി ഒരു സ്റ്റുഡിയോ മൈക്കിൽ അയാൾ തന്റെ ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം വിളിച്ചുപറഞ്ഞു. “രാമൻ” എന്ന ഹിന്ദുത്വ ആശയം ഒരു ഉടായിപ്പാണ് എന്ന് അയാൾ പച്ചയ്ക്ക് തുറന്നു പറയുകയും ചെയ്തു. ഇതാണ് എ.കെ ബാലൻ എന്ന പാർട്ടിയുടെ ഇസ്‌ലാമോഫോബിക് പരമ്പരാഗത നേതാവും, പുതിയ തലമുറയിലെ ഡിജിറ്റൽ യുവത്വമായ വേടനും തമ്മിലുള്ള വ്യത്യാസങ്ങൾ. റിപ്പോർട്ടർ ടി.വി എന്ന ചാനലിലെ സ്റ്റുഡിയോ അറ്റ്മോസ്ഫിയർ, അതിലെ ക്യാമറ മൂവ്മെന്റ്, എന്തിന് സ്റ്റുഡിയോ ആർട്ട് വർക്കുകൾ അടക്കം വേടൻ അവതരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അത് രാഷ്ട്രീയമായി ഗംഭീരമായി ഉപയോഗിച്ചെന്നതാണ് വേടന്റെ വിജയം.
അതായത് പുതിയ ടെക്നോളജി, അതിന്റെ വികാസങ്ങൾ, ദലിതരെ പോലുള്ള മനുഷ്യർക്കു പലതരത്തിലുള്ള സാധ്യതകൾ വലിയ സ്പെക്ട്രം തന്നെ തുറന്നുവിടുന്നു. അത് ഗംഭീരമായി ഉപയോഗിച്ച ഒരു പൊളിറ്റിക്കൽ ഐഡന്റിറ്റിയാണ് വേടൻ. വേടൻ എന്ത് പറയുന്നു എന്നതല്ല, വേടൻ പറയാൻ ടൂളുകൾ അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് അയാളുടെ വിജയം. ഇതൊന്നും ഒട്ടും ഉപയോഗിക്കാൻ അറിയാത്ത ഒരു രാഷ്ട്രീയ സംഘടനയുടെ ഇസ്‌ലാമോഫോബിക് ‘ഉപകരണമായി’ അധഃപതിക്കുന്നു എന്നതാണ് എ.കെ ബാലനെ പോലുള്ള പരമ്പരാഗത രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ പതനം. രണ്ടും രണ്ടു എക്സ്ട്രീമുകളാണ്.
