August 11 Tuesday 2026

പിണറായി ഭയന്ന വാക്കുകൾ

കേരള പൊലീസ് ഫെയ്സ്ബുക്കിൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട, പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ജോണി ലൂക്കോസ് നടത്തിയ അഭിമുഖത്തിൻ്റെ പ്രധാന ഭാഗങ്ങൾ :

പ്രതിപക്ഷ നേതാവ് സർക്കാരിനെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വെക്കുക എന്നത് പരിചിതമായ കാര്യമാണ്. എന്നാൽ പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി പോലും ഭരണപക്ഷം ലക്ഷ്യം വെക്കുക എന്നത് അത്ര സാധാരണമല്ല. എങ്കിലും പതറാതെ യുഡിഎഫിനെ ഈ തിരഞ്ഞെടുപ്പ് കാലത്ത് നയിക്കുന്നത് നൂറിലേറെ സീറ്റ് എന്ന ലക്ഷ്യം മുൻനിർത്തിയാണ്. ഇത് അതിരുകടന്ന ഒരു ആത്മവിശ്വാസമാണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശനുള്ളത്. ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം യുഡിഎഫ് നടത്തിയ മുന്നൊരുക്കങ്ങളും ഇതിനുമുമ്പ് നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയങ്ങളുമാണ്. തൃക്കാക്കരയിൽ ഇരട്ടി വോട്ടിനാണ് പി.ടി തോമസ് ജയിച്ചെടുത്തത്. ഉമ്മൻചാണ്ടി 9000 വോട്ടിന് ജയിച്ച സ്ഥലത്ത് 37000 വോട്ടിന് യുഡിഎഫ് ജയിച്ചു. ചേലക്കരയിൽ തോറ്റെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. പാലക്കാട് ഭൂരിപക്ഷം 18000 ആയി ഉയർന്നു. നിലമ്പൂരിൽ വലിയ വോട്ടിന് ജയിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ 2019-ലേതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ 18 സീറ്റ് നേടി. കഴിഞ്ഞ 30 വർഷത്തിനിടയിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഏറ്റവും തിളക്കമാർന്ന വിജയത്തിന്റെ തുടർച്ച ഈ നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

2001-ൽ യുഡിഎഫിന് ലഭിച്ച ഉജ്ജ്വലമായ വിജയത്തിന് ശേഷം കൂടെ നിന്നിരുന്ന പല വിഭാഗങ്ങളും അകന്നുപോയിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷത്തെ പ്രവർത്തനങ്ങളിലൂടെ അവരെ തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. 100 സീറ്റിൽ കുറഞ്ഞാൽ രാഷ്ട്രീയ വനവാസത്തിന് പോകുമോ എന്ന ചോദ്യം ഒരു സാങ്കൽപ്പിക വെല്ലുവിളിയായാണ് അദ്ദേഹം കാണുന്നത്. തകർന്നിരിക്കുന്ന യുഡിഎഫിന്റെ നേതൃത്വം ഏൽപ്പിച്ചപ്പോൾ, ആ വെല്ലുവിളി ഏറ്റെടുത്ത് അണികൾക്ക് ആത്മവിശ്വാസം പകരുകയാണ് അദ്ദേഹം ചെയ്തത്. അധികാരമില്ലെങ്കിൽ ജീവിതം അവസാനിച്ചു എന്ന് കരുതുന്ന ഒരാളല്ല താനെന്നും, ഒരുപാട് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ അതൊരു ശീലമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

തിരഞ്ഞെടുപ്പ് ഒരു കലയായി കാണുന്ന വ്യക്തിയാണ് വി.ഡി സതീശൻ. സ്കൂൾ തലം മുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് വിജയിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ടീം എൽഡിഎഫിനെ നയിക്കുന്ന പിണറായി വിജയൻ മുന്നോട്ട് മാത്രം നോക്കുമ്പോൾ, ടീം യുഡിഎഫിനെ നയിക്കുന്ന സതീശന് 360 ഡിഗ്രിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കിലും പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും പൂർണ്ണ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ചരിത്രത്തിലെ ഏറ്റവും വേഗത്തിലാണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും, ഓരോ സീറ്റിലെയും മെറിറ്റ് ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ രൂക്ഷമായാണ് പ്രതിപക്ഷ നേതാവ് വിമർശിക്കുന്നത്. ആദ്യ തവണ കുറെയൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിലും രണ്ടാം തവണ പൂർണ്ണ പരാജയമായി മാറി. ഏറ്റവും മോശം മന്ത്രിസഭയും ഉദ്യോഗസ്ഥരുമാണ് ഇപ്പോഴുള്ളത്. പല വകുപ്പുകളും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലല്ല. പഴയ കാർക്കശ്യവും നിലപാടുകളിലെ സ്ഥൈര്യവും ഇന്ന് പിണറായി വിജയനില്ല. ഗണേഷ് കുമാറിന്റെ കാര്യത്തിലുൾപ്പെടെ അദ്ദേഹം സ്വീകരിച്ച ഇരട്ടത്താപ്പുകൾ ഇതിന് ഉദാഹരണമാണ്.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകളെ അദ്ദേഹം ശക്തമായി അപലപിച്ചു. യാതൊരു അടിസ്ഥാനവുമില്ലാത്ത നുണബോംബുകളാണ് ചില മാധ്യമങ്ങൾ പൊട്ടിച്ചതെന്നും, ഇത് മാധ്യമ രംഗത്തെ വിശ്വാസ്യത തകർക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈക്കമാൻഡും കെ.പി.സി.സി നേതൃത്വവും ഒറ്റക്കെട്ടായാണ് എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തത്. ഇതിൽ നേതാക്കൾ തമ്മിൽ യാതൊരു തർക്കവുമുണ്ടായിരുന്നില്ല.

ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ വലിയൊരു ‘വിസ്മയം’ സിപിഎമ്മിൽ നിന്നുള്ള അണികളുടെയും നേതാക്കളുടെയും കൊഴിഞ്ഞുപോക്കായിരിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. തന്റെ നൂറിലധികം വേദികളിൽ മുൻ ലോക്കൽ സെക്രട്ടറിമാരും ഏരിയ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ ഒട്ടേറെപ്പേർ കോൺഗ്രസിലേക്ക് കടന്നുവന്നു. ബംഗാളിൽ സിപിഎമ്മിന് സംഭവിച്ച തകർച്ച കേരളത്തിലും ആരംഭിച്ചു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളിൽ നിന്നും വ്യതിചലിച്ച് തീവ്ര വലതുപക്ഷ നയങ്ങളാണ് ഇന്നത്തെ സർക്കാർ സ്വീകരിക്കുന്നത്. ഡി.എ ഒരു അവകാശമല്ലെന്ന് കോടതിയിൽ വാദിക്കുന്ന സർക്കാർ അതിന്റെ തെളിവാണ്.

സാമ്പത്തിക രംഗത്ത് യുഡിഎഫ് മുന്നോട്ടുവെക്കുന്ന ഗ്യാരണ്ടികൾ പൂർണ്ണമായും പ്രായോഗികമാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. കെ.എസ്.ആർ.ടി.സി, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങളെ സ്വയംപര്യാപ്തമാക്കാനും സബ്സിഡികൾ ഫലപ്രദമായി വിതരണം ചെയ്യാനുമുള്ള വ്യക്തമായ പ്ലാനുകൾ യുഡിഎഫിന്റെ പക്കലുണ്ട്. മികച്ച സാമ്പത്തിക മാനേജ്മെന്റിലൂടെ ഗജനാവിലെ ചോർച്ച അടയ്ക്കാനും സാമ്പത്തിക വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഒരു വർഷം കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.

രാഷ്ട്രീയത്തിനപ്പുറം വായനയും ചരിത്രാന്വേഷണങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സതീശൻ. പ്രതിസന്ധികൾ വരുമ്പോഴാണ് താൻ കൂടുതൽ ഊർജ്ജസ്വലനാകുന്നതെന്ന് അദ്ദേഹം പറയുന്നു. പുതിയ തലമുറയുടെ ചിന്താഗതികൾ മനസ്സിലാക്കാൻ മകളും അവളുടെ സുഹൃത്തുക്കളും വലിയൊരു പാലമായി പ്രവർത്തിക്കുന്നുണ്ട്. ‘മാൻ കൈൻഡ്’ എന്നതിന് പകരം ‘ഹ്യൂമൻ കൈൻഡ്’ എന്ന് പറയാൻ തന്നെ തിരുത്തിയത് മകളാണെന്ന് അദ്ദേഹം ചിരിയോടെ ഓർക്കുന്നു.

യഥാർത്ഥ വിസ്മയം ഈ തിരഞ്ഞെടുപ്പ് ഫലമായിരിക്കുമെന്നും, ഒരു ‘പിണറായി 3.0’ ഉണ്ടാവില്ലെന്ന് 100 ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറയുന്നു. ജനങ്ങൾ ഈ ദുർഭരണത്തിന് അവസാനം കുറിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. ഇത് വെറുമൊരു അധികാര മാറ്റം മാത്രമായിരിക്കില്ല, കേരളത്തിന്റെ തന്നെ വലിയൊരു മാറ്റമായിരിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് പ്രതിപക്ഷ നേതാവ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

Related