‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മഹദ് സന്ദേശത്തിലൂടെ കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ച നാരായണ ഗുരുവും അധഃസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മഹാത്മ അയ്യന്‍കാളിയും മതാതീതമായി മനുഷ്യകുലത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി നിലകൊണ്ട പൊയ്കയില്‍ അപ്പച്ചനും മറ്റനേകം നവോത്ഥാന നായകരും നേതൃത്വം നല്‍കിയ നവോത്ഥാന മുന്നേറ്റങ്ങള്‍ കേരളീയ സമൂഹത്തെ മാനവികതയുടെ പുതിയൊരു പാന്ഥാവിലേക്ക് നയിച്ചു കൊണ്ടിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍, ജാതിമോധാവിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും രാജവാഴ്ചയുടെയും അധീശത്വത്തില്‍ കീഴാളരാക്കപ്പെട്ട അധഃസ്ഥിത ജന സമൂഹത്തിന്റെ നവോത്ഥാനത്തിന് ഊന്നല്‍ നല്‍കി കേരളീയ നവോത്ഥാനത്തിന് നവഭാവുകത്വം നല്‍കിയ സാമൂഹ്യ നവോത്ഥാന ശില്പികളില്‍ പ്രമുഖനാണ് വര്‍ക്കല എസ്. കെ.രാഘവന്‍. മഹാത്മ അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, കണ്ടന്‍കുമാരന്‍, ജോണ്‍ യേശുദാസന്‍, കുറുമ്പന്‍ ദൈവത്തിന്‍, കെ.പി വള്ളോന്‍, സ്വാമി ആനന്ദതീര്‍ഥര്‍, ശുഭാനന്ദ ഗുരുദേവന്‍ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ സമകാലികനായിരുന്ന എസ്.കെ രാഘവന്‍ സാമൂഹ്യ അസമത്വത്തിനും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ജാതിമേല്‍ക്കോയ്മക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ ശബ്ദമുയര്‍ത്തി കൊണ്ടായിരുന്നു സാമൂഹ്യ പരിഷ്‌കരണത്തിന്റെയും സാംസ്‌കാരിക നവോത്ഥാനത്തിന്റെയും ചരിത്ര ഭൂമികയില്‍ തന്റെ കൈയൊപ്പ് ചാര്‍ത്തിയത്.
അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയും സമുദ്ധാരണവും സ്വയംപര്യാപ്തയും അന്തസ്സാര്‍ന്ന സാമൂഹ്യ ജീവിതവും ലക്ഷ്യമാക്കി എസ്.കെ. രാഘവന്‍ നടത്തിയ മാതൃകാപരമായ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഒളിമങ്ങാത്ത അടയാളപ്പെടുത്തലുകളാണ്. അടിസ്ഥാന ജനതയുടെ സമുദ്ധാരണത്തിനും ശാക്തീകരണത്തിനും ഊന്നല്‍ നല്‍കി മാടമ്പിത്തത്തിനും ജന്മിത്തത്തിനും ജാതിമേധാവിത്വത്തിനുമെതിരെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ കലാപകൊടി ഉയര്‍ത്തിയ എസ്.കെ രാഘവന്‍ തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മക്കുമെതിരെ നിരന്തരം പോരാടുകയും വിദ്യാഭ്യാസത്തിലൂടെയും സംഘശക്തിയിലൂടെയും ആത്മാഭിമാനം വീണ്ടെടുത്ത് പൗരാവകാശങ്ങള്‍ നേടിയെടുക്കാന്‍ അധഃസ്ഥിത ജനസമൂഹത്തോട് നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്ത നവോത്ഥാന നായകനായിരുന്നു. അധഃസ്ഥിത വിഭാഗങ്ങളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്താന്‍ അദ്ദേഹം നടത്തിയ സംഘടിത സാമുദായിക, സാമൂഹ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി സംഘടിപ്പിച്ച ആത്മഭിമാന സമ്മേളനങ്ങളും പൗരാവകാശങ്ങള്‍ക്കും ഭൂമിക്കും വേണ്ടി നടത്തിയ പോരാട്ടങ്ങളും കേരളത്തിലെ അധഃസ്ഥിത നവോത്ഥാന മുന്നേറ്റ ചരിത്രത്തിലെ രജതരേഖകളായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്
1896 ആഗസ്റ്റ് 30-ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലക്ക് അടുത്ത് കണ്ണംബ കൂവള്ളി വീട്ടില്‍ കൊച്ചന്‍ ശങ്കരന്റെയും കാര്‍ത്യായനിയുടെയും മകനായി പിറന്ന എസ്.കെ. രാഘവന്‍ എന്ന ചരിത്ര പുരുഷന്‍ കടുത്ത ദാരിദ്ര്യത്തോടും ഇല്ലായ്മകളോടും പടവെട്ടി കൊണ്ടായിരുന്നു ബാല്യകാലം പിന്നിട്ടത്. ഹിന്ദുയിസം (ബ്രാഹ്‌മണിസം) തൊട്ടുകൂടാത്തവര്‍ എന്നു മുദ്രകുത്തി സാമൂഹ്യ ബഹിഷ്‌കരണത്തിന് വിധേയമാക്കിയ അധഃസ്ഥിത വിഭാഗത്തിലെ കുറവ (സിദ്ധനര്‍) സമുദായത്തില്‍ പിറന്നതിനാല്‍ നീചമായ ജാതീയ വിവേചനങ്ങളും അവഗണനകളും ബാല്യകാലം മുതല്‍ക്കേ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ജാതീയമായ തിട്ടൂരങ്ങളും വിലക്കുകളും അലംഘനീയമാംവിധം നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ സവര്‍ണ ഹിന്ദുക്കളുടെ വീട്ടുപടിക്കല്‍ പ്രവേശിക്കുന്നതിനും മിശ്രഭോജനം നടത്തുന്നതിനും പൊതുകിണറുകളും പൊതു ഇടങ്ങളും പൊതു സ്ഥാപനങ്ങളും ഉപയോഗിക്കുന്നതിനും പൊതുവഴികളിലൂടെ സഞ്ചരിക്കുന്നതിനും കുറവര്‍ ഉള്‍പ്പെടെയുള്ള അയിത്തജാതിക്കാര്‍ക്ക് വിലക്കുകള്‍ നിലനിന്നിരുന്നു. എല്ലായിടത്തും വിലക്കുകളടെ പ്രതീകമായി നാട്ടിയിരുന്ന തീണ്ടാപലകകളായിരുന്നു അവരെ സ്വാഗതം ചെയ്തിരുന്നത്. ക്ഷേത്രപ്രവേശനവും സഞ്ചാര സ്വാതന്ത്ര്യവും വിലക്കപ്പെട്ടിരുന്ന ഈ ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്യവും നിഷിദ്ധമായിരുന്നു. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നായിരുന്നല്ലോ മനുധര്‍മ്മം. നാട്ടിലെങ്ങും ജാതി വിലക്കുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ആ ഇരുണ്ട കാലഘട്ടത്തില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ചായക്കടകളിലും പീടികകളിലും തീണ്ടാപ്പാടകലെ മാത്രം നാമമാത്ര പ്രവേശനം അനുവദിക്കപ്പെട്ടിരുന്നെങ്കിലും മിശ്രഭോജനം അസാധ്യമായിരുന്നു. ഇത്തരത്തിലുള്ള അനവധി ജാതി വിലക്കുകളും തിട്ടൂരങ്ങളും യാഥാസ്ഥിതിക ഹിന്ദുക്കളുടെ ആക്ഷേപങ്ങളും അപഹാസ്യങ്ങളും നേരിട്ടനുഭവിച്ചുകൊണ്ടു വളര്‍ന്ന എസ്.കെ രാഘവന്‍ വിദ്യാഭ്യാസാനന്തരം താനും തന്റെ സമുദായവും അനുഭവിക്കുന്ന കൊടിയ ജാതീയ വിവേചനങ്ങളെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനത്തെ തന്റെ കര്‍മ്മമണ്ഡലമായി തെരഞ്ഞെടുക്കുന്നത്.
അതിസാഹസികമായി വിലക്കുകള്‍ മറികടന്ന് വര്‍ക്കലക്ക് സമീപം ചിലക്കൂരിലെ ജനാര്‍ദന വിലാസം പളളിക്കൂടത്തിലായിരുന്നു എസ്.കെ രാഘവന്‍ തന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് വര്‍ക്കല വി.എം സ്‌കൂളില്‍ തുടര്‍പഠനത്തിന് ചേരുകയും ഏഴാം ക്ലാസ്സ് പാസ്സാകുകയുമായിരുന്നു. എന്നാല്‍, മാതാവിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തുടര്‍പഠനം തടസ്സപ്പെട്ടു. പിന്നീടുള്ള രാഘവന്റെ ജീവിതം ബന്ധുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും തണലിലായിരുന്നു. ഇക്കാലത്താണ് സ്വസമുദായം നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ വിവേചനങ്ങളെപ്പറ്റി അദ്ദേഹം കൂടുതല്‍ ബോധവാനാകുന്നത്. നാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വത്തില്‍ ഈഴവ സമുദായവും മഹാത്മ അയ്യന്‍കാളിയുടെയും പൊയ്കയില്‍ അപ്പച്ചന്റെയും നേതൃത്വത്തില്‍ പുലയരാദി അടിസ്ഥാന വിഭാഗങ്ങളും സംഘടിക്കുന്നതും പൗരാവകാശങ്ങള്‍ക്കു വേണ്ടി പ്രക്ഷോഭങ്ങള്‍ നയിക്കുന്നതും യുവത്വത്തിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്ന എസ്.കെ രാഘവന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജാതി സമ്പ്രദായം സൃഷ്ടിച്ച അജ്ഞതയുടെ അന്ധകാരത്തില്‍ ദിശാബോധമുള്ള നേതൃത്വമോ സംഘടനയോ ഇല്ലാതെ സ്വസമുദായം ഉഴലുന്നതിന്റെ യഥാര്‍ഥ്യം നേരിട്ട് മനസ്സിലാക്കിയ എസ്.കെ. രാഘവന് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ടെങ്കില്‍ മാത്രമെ ഇതര സമുദായങ്ങള്‍ക്കൊപ്പം തന്റെ സമുദായത്തിനും മുന്നോട്ട് സഞ്ചരിക്കാന്‍ കഴിയൂ എന്നു ബോധ്യപ്പെടുകയുണ്ടായി. ഈ ബോധ്യപ്പെടല്‍ അദ്ദേഹത്തെ നയിച്ചത് സംഘബോധത്തിലേക്കായിരുന്നു. ഇക്കാലത്ത് ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ചെങ്കിലും സ്ഥിരം ജോലി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയവും സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ശ്രീ നാരായണ ഗുരുവിന്റെയും ഡോ. പല്‍പ്പുവിന്റെയും മറ്റും നേതൃത്വത്തില്‍ 1903-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ശ്രീനാരായണ ധര്‍മപരിപാലന യോഗത്തിന്റെയും മഹാത്മ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ 1907-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സാധുജന പരിപാലന സംഘത്തിന്റെയും പ്രവര്‍ത്തന മാതൃകകളെ പിന്‍പറ്റിയാണ് 1928-ല്‍ അവശ സമുദായങ്ങളുടെ, വിശിഷ്യാ കുറവ സമുദായത്തിന്റെ ശാക്തീകരണവും ആഭ്യന്തര നവീകരണവും സാംസ്‌കാരിക ഉന്നതിയും സാമൂഹ്യ പുരോഗതിയും സ്വയം പര്യാപ്തയും ലക്ഷ്യമാക്കി ‘സത്യ വിലാസിനി സംഘം’ എന്ന സന്നദ്ധ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന് എസ്.കെ രാഘവന്‍ രൂപം നല്‍കുന്നത്. പിന്നീട് അയ്യന്‍കാളി പ്രസ്ഥാനത്തിന്റെ മാതൃകയില്‍ സംഘത്തിന്റെ പേര് ‘സാധുജന പരിപാലന യോഗം’ എന്നാക്കി മാറ്റി. പേര് സൂചിപ്പിക്കുന്നതു പോലെ സാധുജനങ്ങളുടെ അഭ്യുന്നതിയായിരുന്നു സംഘത്തിന്റെ സ്ഥാപക ലക്ഷ്യം. നാരായണ ഗുരു ഉദ്‌ബോധിപ്പിച്ചത് പോലെ അവശ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനുമായിരുന്നു സംഘം പ്രാമുഖ്യം നല്‍കിയിരുന്നത്. വിദ്യാഭ്യാസത്തെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ വിമോചന മാര്‍ഗമായി കണ്ട എസ്.കെ രാഘവന്‍ അതിനുള്ള പോംവഴി സത്യ വിലാസിനി സംഘത്തിന്റെ പ്രവര്‍ത്തനത്തിലൂടെ കണ്ടെത്തുകയായിരുന്നു. ഇതിനായി സംലത്തിന്റെ കരയോഗങ്ങളിലുടനീളം അദ്ദേഹം നിശാപാഠശാലക്ക് തുടക്കം കുറിച്ചു. കുട്ടികളെയും നിരക്ഷരരെയും എഴുത്തും വായനും പഠിപ്പിക്കുകയായിരുന്നു നിശാപാഠശാലകളുടെ ദൗത്യം. മധ്യകേരളം കേന്ദ്രീകരിച്ച് കണ്ടന്‍കുമാരന്‍ ആരംഭിച്ച ഏകാധ്യാപക വിദ്യാലയങ്ങളെ അനുകരിച്ചായിരുന്നു നിശാപാഠശാലകളുടെ പ്രവര്‍ത്തനം പുരോഗമിച്ചത്.
‘വെള്ളമുണ്ട് ഉടുക്കേണം, വിശുദ്ധരായി നടക്കണം, ഉന്നതിയില്‍ എത്തുവാന്‍ നാം മേല്‍ക്കുമേല്‍ പഠിക്കണം’ – ഇതായിരുന്നു വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള എസ്.കെ രാഘവന്റെ സന്ദേശം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ അന്ധവിശ്വാസങ്ങള്‍ ദൂരീകരിക്കുക, അനാചാരങ്ങള്‍ക്കെതിരെ പ്രതികരിക്കുക, വിദ്യാഭ്യാസത്തെയും സ്ഥാപനവത്ക്കരണത്തെയും പ്രോത്സാഹിപ്പിക്കുക, ജാതി വിലക്കുകളെ ചോദ്യം ചെയ്യുക, തീണ്ടാ പലകകള്‍ നശിപ്പിച്ച് അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്ഥലങ്ങളില്‍ സംഘടിതമായി പ്രവേശിക്കുക, ആത്മാഭിമാന സമ്മേളനങ്ങള്‍ സംഘടിപ്പിച്ച് അവകാശങ്ങള്‍ക്കു വേണ്ടി പോരാടന്‍ സമുദായാംഗങ്ങളെ ആഹ്വാനം ചെയ്യുക, ഞായറാഴ്ചകള്‍ അവധി ദിനമായി പ്രഖ്യാപിച്ച് കരയോഗങ്ങള്‍ ചേരുക, ജോലിക്ക് ന്യായമായ കൂലി ലഭിക്കുന്നതിനു വേണ്ടി സമരമുഖങ്ങള്‍ തുറക്കുക, ഭൂരഹിതരെ സംഘടിപ്പിച്ച് ഭൂമിക്കു വേണ്ടി സമരം ചെയ്യുക തുടങ്ങിയവയായിരുന്നു എസ്.കെ യുടെ പ്രവര്‍ത്തന ശൈലി. ‘ആരും ആരുടെയും യജമാനനല്ല; ആരും ആരുടെയും ദാസനുമല്ല’ എന്ന എസ്.കെയുടെ പ്രബോധനം സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും നവീനമായൊരു ദിശാബോധത്തിന് വിത്തുപാകുകയായിരുന്നു. ജോലിക്ക് ന്യായമായ കൂലി ലഭിക്കേണ്ടത് മനുഷ്യാവകാശമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
എസ്.കെ. രാഘവന്റെ നേതൃത്വത്തില്‍ നടന്ന സുപ്രസിദ്ധമായ രണ്ടു സമരങ്ങളാണ് അടൂര്‍ മങ്ങാരം ചന്ത സമരവും കാക്കത്താനി മല മിച്ചഭൂമി സമരവും. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് മങ്ങാരം ചന്തയില്‍ പ്രവേശിക്കുന്നതിനും വില്‍ക്കാന്‍ തലച്ചുമടായികൊണ്ടു വന്നിരുന്ന പുല്‍ക്കെട്ടുകള്‍ക്ക് ന്യായവില ലഭിക്കുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹം മങ്ങാരം ചന്ത സമരം നയിച്ചത്. പോച്ച സമരം എന്ന പേരിലും ഈ സമരം അറിയപ്പെടുന്നു. ദലിതര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന മങ്ങാരം ചന്തയില്‍ പുല്‍ക്കെട്ട് വില്‍ക്കാന്‍ എത്തിയിരുന്ന ദലിതര്‍ക്ക് പുല്‍ക്കെട്ടുകള്‍ വില്‍ക്കുന്നത് വരെ അത് തലയിലേറ്റി നില്‍ക്കണമായിരുന്നു. വാങ്ങാന്‍ എത്തുന്നവര്‍ നിശ്ചയിക്കുന്ന തുച്ഛമായ വിലയേ പുല്‍ക്കെട്ടുകള്‍ക്ക് ലഭിച്ചിരുന്നുള്ളൂ. ഹീനമായ ഈ നടപടിക്കെതിരെയായിരുന്നു എസ്.കെ രാഘവന്റെ സമരം. ഒരു ദിവസം ചന്തയില്‍ എത്തിയ എസ്.കെ രാഘവനും അനുയായികളും ദലിതര്‍ വില്‍ക്കാന്‍ കൊണ്ടുവന്ന മുഴുവന്‍ പുല്‍ക്കെട്ടുകളും വിലക്ക് വാങ്ങി നശിപ്പിച്ച് പ്രതിഷേധിക്കുകയായിരുന്നു. അദ്ധ്വാനത്തിന് ന്യായമായ കൂലി ലഭിക്കണം എന്ന സന്ദേശമാണ് ഈ പ്രതിഷേധത്തിലൂടെ എസ്.കെ രാഘവന്‍ നല്‍കിയത്. തുടര്‍ന്ന് പറങ്ങോട് ചന്തയിലും സമാനമായ സമരം എസ്.കെ. രാഘവന്‍ സംഘടിപ്പിച്ചു. കര്‍ഷക തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കിയിരുന്ന പതിര് കലര്‍ത്തിയ നെല്ലിന് പകരം രൂപ നല്‍കണം എന്ന എസ്.കെ രാഘവന്റെ ആവശ്യവും പ്രസിദ്ധമായിരുന്നു. 75 ഏക്കര്‍ മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കുന്നതിനു വേണ്ടി എസ്.കെ രാഘവന്റെ നേതൃത്വത്തില്‍ നടന്ന സമരമായിരുന്നു പ്രസിദ്ധമായ കാക്കത്താനി മല മിച്ച ഭൂമി സമരം. എസ്.കെ രാഘവന്റെ ആഹ്വാന പ്രകാരം നൂറുകണക്കിന് ഭൂരഹിതര്‍ ഒരൊറ്റ രാത്രി കൊണ്ട് ആ പ്രദേശം മുഴുവന്‍ കൈയ്യേറി കുടില്‍ കെട്ടി നടത്തിയ സമരം ഒടുവില്‍ വിജയിക്കുകയായിരുന്നു. ഒരു പക്ഷേ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത ഭൂസമരമായിരിക്കണം കാക്കത്താനിമല ഭൂ സമരം. വര്‍ക്കല ശ്രീനിവാസപുരത്ത് അദ്ദേഹം നടത്തിയ മിച്ചഭൂമി സമരവും ശ്രദ്ധേയവും വിജയകരവുമായിരുന്നു. സമരം വിജയിച്ചതിനെ തുടര്‍ന്നാണ് ഈ പ്രദേശം ഒരു കോളനിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്.
തൊട്ടുകൂടായ്മയും തീണ്ടിക്കൂട്ടായ്മക്കുമെതിരെ സ്ഥാപനവത്ക്കരണത്തിലൂടെ പ്രത്യക്ഷ സമര പാതകള്‍ തുറന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു എസ്.കെ രാഘവന്‍. തൊട്ടുകൂടായ്മക്കെതിരെ ജീവിതാന്ത്യം വരെ പോരാടിയ സ്വാമി ആനന്ദതീര്‍ഥരെയാണ് ഇക്കാര്യത്തില്‍ എസ്.കെ രാഘവന്‍ മാതൃകയാക്കിയത്. ദലിതര്‍ക്കു ചായക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നപ്പോള്‍ അവര്‍ക്കു വേണ്ടി സ്വന്തമായി ചായക്കടകളും ബാര്‍ബര്‍ഷോപ്പുകളും പീടികകളും തുറന്നു കൊണ്ടായിരുന്നു എസ്.കെ രാഘവന്‍ തൊട്ടുകൂടായ്മക്കെതിരെ അതിജീവനത്തിന്റെ പുതിയ സമരമുഖം തുറന്നത്. സ്വസമുദായത്തിനുള്ളില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെയും അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തി. മന്ത്രവാദം, തുള്ളല്‍, കോഴി വെട്ടല്‍, വിഗ്രഹാരാധന, ബാധ ഒഴിപ്പിക്കല്‍, പ്രശ്‌നം വയ്ക്കല്‍ തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളെ ശക്തിയായി എതിര്‍ത്ത എസ്.കെ രാഘവന്‍ വിദ്യാഭ്യാസത്തിലൂടെ വിമോചിതരാകാന്‍ നിരന്തരം ആഹ്വാനം ചെയ്തു കൊണ്ടിരുന്നു. ഇത്തരത്തില്‍ നാരായണ ഗുരുവിന്റെയും ശുഭാനന്ദ ഗുരുദേവന്റെയും സ്വാമി ആനന്ദ തീര്‍ഥരുടെയും മഹാത്മ അയ്യന്‍കാളിയുടെയും നവോത്ഥാന ആശയങ്ങളെ പിന്‍പറ്റി മാതൃകാപരമായ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെ അധഃസ്ഥിത ജനതയെ സംഘബോധവും സമുദായ ബോധമുള്ളവരുമാക്കി കേരളീയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ശക്തി പകര്‍ന്ന എസ്.കെ.രാഘവന്‍ എന്ന ചരിത്ര പുരുഷന്‍ 1973 ജനുവരി 14 – ന് കാലയവനികക്കുള്ളില്‍ മറഞ്ഞു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ അവിസ്മരണീയമായ നിരവധി അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത എസ്.കെ. രാഘവന്‍ എന്ന നവോത്ഥാന നായകന്റെ ഓരോ ജയന്തി ദിനവും സ്മൃതി ദിനവും കടന്നു പോകുമ്പോഴും അദ്ദേഹത്തിന്റെ സംഭാവനകളെ ഉള്‍ക്കാഴ്ചയോടെ അനുസ്മരിക്കാനോ അദ്ദേഹത്തിന്റെ സ്മരണകള്‍ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം നിര്‍മിച്ച് എസ്.കെ. രാഘവന്‍ എന്ന നവോത്ഥാന ശില്‍പിയെ വീണ്ടെടുക്കാനോ നവോത്ഥാന കേരളത്തിന് സാധിച്ചിട്ടില്ലെന്ന് സൂചിപ്പിക്കട്ടെ.
