August 14 Friday 2026

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി: ഇതിഹാസ ജീവിതത്തിന്റെ സന്ദേശ പാഠങ്ങള്‍

സാമുദായിക പരിഷ്‌കരണത്തിന് മുന്‍തൂക്കം നല്‍കി വികസിച്ച കേരളീയ നവോത്ഥാനത്തിന്റെ പുതുയുഗപ്പിറവിയില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തെ അന്ധവിശ്വാസജഡിലമായ പിന്നോക്കാവസ്ഥയില്‍ നിന്നും കൈപ്പിടിച്ചുയര്‍ത്തി ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രകാശ വീഥിയിലേക്കും മൂല്യാധിഷ്ഠിത ഇസ്‌ലാമിക ജീവിതചര്യയിലേക്കും നയിച്ച നവോത്ഥാന ശില്പികളില്‍ പ്രമുഖനായ വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ സ്മൃതി ദിനമാണ് ഒക്ടോബര്‍ 31. സമുദായ പരിഷ്‌കര്‍ത്താവ്, സ്വാതന്ത്ര്യ സമര സേനാനി, ബഹുഭാഷാപണ്ഡിതന്‍, ഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍, മതപണ്ഡിതന്‍ തുടങ്ങിയ നിരവധി വിശേഷണങ്ങളില്‍ മൗലവി അറിയപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കി പൊതുസാമൂഹത്തില്‍ രാജവാഴ്ചയുടെ തിന്മകളെ തുറന്നുകാട്ടി ദേശീയ ബോധം വളര്‍ത്താന്‍ സ്വജീവന്‍ സമര്‍പ്പിച്ച ധീരദേശാഭിമാനിയായ സമുദായ പരിഷ്‌കര്‍ത്താവ് എന്ന നിലയിലാണ് നവോത്ഥാന കേരളത്തിന്റെ ചരിത്രത്തില്‍ അദ്ദേഹം പരക്കെ അറിയപ്പെടുന്നത്.

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് താലൂക്കില്‍ ഉള്‍പ്പെട്ട വക്കത്തെ പ്രശസ്തമായ പൂന്ത്രാ വിളാകം തറവാട്ടില്‍ അയിരൂര്‍ കായിപ്പുറത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാഷു ബീവിയുടെയും പുത്രനായി 1873 -ന് ആണ് മൗലവിയുടെ ജനനം. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ഉള്‍പ്പെട്ട വലിയ കുടുംബമായിരുന്നു മുഹമ്മദ് കുഞ്ഞിയുടേത്. ഉറച്ച ഇസ്‌ലാം മതവിശ്വാസിയും പൊതുസമ്മതനുമായിരുന്ന മുഹമ്മദ് കുഞ്ഞി നാട്ടിലെ അറിയപ്പെടുന്ന ധനികനും വ്യാപാരിയുമായിന്നു. സമുദായ പ്രമുഖന്‍ എന്ന നിലയിലും അദ്ദേഹം സര്‍വസമ്മതനായിരുന്നു. ദീര്‍ഘവീക്ഷണത്തോടെ സമുദായ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്ന അദ്ദേഹം പുരോഗമനവാദിയും ആധുനിക വിദ്യാഭ്യാസത്തിന്റെ വക്താവും പ്രചാരകനും കൂടിയായിരുന്നു. അക്കാലത്തെ സമുദായ പരിഷ്‌കര്‍ത്താക്കളും സാംസ്‌കാരിക നായകന്മാരുമായി അടുത്ത സ്‌നേഹ സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം തന്റെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ എപ്പോഴും ബദ്ധശ്രദ്ധനായിരുന്നു. സര്‍ക്കാര്‍ വക വിദ്യാലയങ്ങള്‍ വിരളമായിരുന്ന അക്കാലത്ത് ഏതാണ്ട് ഗുരുകുലസമാനമായ വിദ്യാഭ്യാസമാണ് തന്റെ മക്കള്‍ക്ക് അദ്ദേഹം നല്‍കിയത്. നാട്ടില്‍ വിദ്യാലയങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മലപ്പുറത്തു നിന്നും തമിഴ്‌നാട്ടില്‍ നിന്നും പണ്ഡിതന്മാരെയും വിദ്വാന്മാരെയും വരുത്തി സ്വന്തം തറവാട്ടില്‍ താമസിപ്പിച്ചായിരുന്നു അദ്ദേഹം മക്കളെ പഠിപ്പിച്ചിരുന്നത്. പുരോഗമനവാദിയായ അദ്ദേഹത്തിന് തന്റെ മക്കള്‍ക്ക് അക്കാലത്ത് ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കണമെന്ന് ഉത്കടമായ ആഗ്രഹമുണ്ടായിരുന്നു. ഇപ്രകാരം സ്വന്തം തറവാട്ടില്‍ വച്ച് വിദ്വാന്മാരുടെയും പണ്ഡിതന്മാരുടെയും മേല്‍നോട്ടത്തില്‍ ലഭിച്ച വിദ്യാഭ്യാസത്തിലൂടെ നന്നെ ചെറുപ്രായത്തില്‍ തന്നെ അബ്ദുള്‍ ഖാദര്‍ തര്‍ക്കശാസ്ത്രം, സാഹിത്യം എന്നിവയിലും മലയാളം, തമിഴ്, അറബി, പേര്‍ഷ്യന്‍, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളിലും വേണ്ടത്ര അവഗാഹം നേടിയിരുന്നു. ഇതോടൊപ്പം തമിഴ് ക്ലാസിക്കുകളും ഭക്തി സാഹിത്യ കൃതികളും കമ്പരമായണാദി പുരാണങ്ങളും കൗമാരപ്രായത്തില്‍ തന്നെ പഠിക്കാനുള്ള അവസരവും അബ്ദുള്‍ ഖാദറിന് ലഭിച്ചു.

വിദ്യാഭ്യാസാനന്തരം തന്റെ പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് അബ്ദുള്‍ ഖാദറും വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നായിരുന്നു പിതാവിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍, വ്യാപാരാദി കാര്യങ്ങളില്‍ ഖാദറിന് താല്‍പര്യമുണ്ടായില്ലെന്ന് മാത്രമല്ല, സാമൂഹിക പരിഷ്‌കരണ രംഗത്ത് തന്റേതായ എന്തെങ്കിലും സംഭാവന നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ചെയ്തു. ഒരു സാംസ്‌കാരിക കേന്ദ്രം പോലെ പൂന്ത്രാം വിളാകം വീട് ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അക്കാലത്തെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ നിരവധി പ്രമുഖര്‍ പൂന്ത്രാം വിളാകം വീട് സന്ദര്‍ശിക്കുക പതിവായിരുന്നു. പൂന്ത്രാം വിളാകത്തെ സന്ദര്‍ശകരില്‍ പ്രമുഖനായിരുന്ന നാരായണ ഗുരു അബ്ദുള്‍ ഖാദറിന്റെ പിതാവും സഹോദരന്മാരുമായി ഊഷ്മളമായ സൗഹദമാണ് പുലര്‍ത്തിയിരുന്നത്. നാരായണ ഗുരു പൂന്ത്രാം വിളാകം സന്ദര്‍ശിക്കുമ്പോഴെല്ലാം അദേഹത്തെ കാണുവാനും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേള്‍ക്കുവാനും അബ്ദുള്‍ ഖാദറിന് അവസരം ലഭിച്ചിരുന്നു. റവറന്റ് ഫാദര്‍ സാമുവല്‍ ഡാനിയല്‍ ആയിരുന്നു പൂന്ത്രാം വിളാകത്തെ മറ്റൊരു പതിവ് സന്ദര്‍ശകന്‍. അദ്ദേഹവുമായുള്ള പരിചയസമ്പത്തില്‍ നിന്നാണ് അബ്ദുള്‍ ഖാദര്‍ ക്രിസ്തുമതത്തെപ്പറ്റി ആഴത്തില്‍ മനസ്സിലാക്കുന്നത്. മുന്‍ചൊന്ന സൗഹൃദങ്ങളും തറവാട്ടില്‍ വച്ച് നടക്കാറുണ്ടായിരുന്ന ആശയ സംവാദങ്ങളും അന്യമതങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അബ്ദുള്‍ ഖാദറിന് അവസരം നല്‍കി എന്നതില്‍ സംശയമില്ല. ഈയവസരത്തില്‍ തന്നെ കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരുന്ന സമുദായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും നവോത്ഥാന ആശയധാരകളുടെ പ്രസരണവുമെല്ലാം അബ്ദുള്‍ ഖാദറിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ടായിരുന്നു. താമസിയാതെ ഇതര സമുദായങ്ങള്‍ക്കൊപ്പം മുസ്‌ലിം സമുദായവും കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് പരിഷ്‌കരണത്തിന്റെ പാതയിലേക്ക് മുന്നേറേണ്ടതുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ അന്ധവിശ്വാസങ്ങളെ പിന്തുടരുന്ന കാര്യത്തില്‍ ഇതര സമുദായങ്ങളെപ്പോലെ മുഹമ്മദീയ സമുദായവും അല്‍പം പോലും പിന്നിലല്ലെന്ന് വളരെപ്പെട്ടന്ന് തന്നെ അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഒടുവില്‍ താന്‍ ജനിച്ചു വളര്‍ന്ന സമുദായത്തിന്റെ പരിഷ്‌കരണവും ഉദ്ധാരണവുമാണ് തന്റെ ദൗത്യവും നിയോഗവുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

തിരുവിതാംകൂറില്‍ രാജവാഴ്ച്ച സര്‍വാധിപത്യം പുലര്‍ത്തിയിരുന്ന കാലമായിരുന്നു അത്. രാജ ഭരണമായിരുന്നെങ്കിലും ദിവാന്‍ രാജഗോപാലാചാരിയുടെ കൈകളിലായിരുന്നു ഭരണത്തിന്റെ ചുക്കാന്‍. അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായ ദിവാന്‍ പല തരത്തില്‍ ജനങ്ങളെ ദ്രോഹിച്ചു കൊണ്ടിരുന്നു. ഒരു വേള, രാജവാഴ്ചയുടെ തിന്മകളെ തുറന്നു കാട്ടേണ്ടതും അതിനെതിരെ ജനങ്ങളെ ബോധവത്ക്കരിച്ച് അവരില്‍ ദേശാഭിമാനം വളര്‍ത്തേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കിയ അബ്ദുള്‍ ഖാദര്‍ പ്രതികരിക്കാന്‍ തന്നെ തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ ശക്തമായ പ്രതിഫലനമായിരുന്നു 1905-ല്‍ അദ്ദേഹം അഞ്ചുതെങ്ങില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച ‘സ്വദേശാഭിമാനി’ എന്ന പ്രതിവാര പത്രം. നമ്മുടെ നാട്ടില്‍ അച്ചുകൂടവും അനുബന്ധ യന്ത്രസാമഗ്രികളും പ്രചാരത്തില്‍ ഇല്ലാതിരുന്ന ആ കാലത്ത് വളരെ പ്രയാസപ്പെട്ട് യൂറേപ്പില്‍ നിന്ന് കപ്പല്‍ മാര്‍ഗം അച്ചുകൂടം എത്തിച്ചാണ് അദ്ദേഹം പത്രം ആരംഭിച്ചത്. സി.പി ഗോവിന്ദ പിള്ളയുടെ പത്രാധിപത്യത്തില്‍ ആരംഭിച്ച സ്വദേശാഭിമാനി തുടക്കം മുതല്‍ രാജവാഴ്ചയെയും ദിവാന്റെ ദുഷ്പ്രവര്‍ത്തികളെയും ദുര്‍ഭരണത്തെയും നഖശിഖാന്തം വിമര്‍ശിക്കുന്നതില്‍ വിട്ടുവീഴ്ച കാട്ടിയിരുന്നില്ല. പത്രത്തിന്റെ പ്രസിദ്ധീകരണത്തിലും നടത്തിപ്പിലും എ.ആര്‍ രാജരാജ വര്‍മ്മ, കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ തുടങ്ങിയ പ്രമുഖരുടെ സഹായവും പിന്തുണയും മൗലവിക്ക് ലഭിച്ചിരുന്നു. 1906-ല്‍ പത്രത്തിന്റെ ആസ്ഥാനം അഞ്ചുതെങ്ങില്‍ നിന്നും വക്കത്തേക്ക് മാറ്റുകയും പില്‍ക്കാലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്ന പേരില്‍ പ്രശസ്തനായിത്തീര്‍ന്ന രാമകൃഷ്ണപിള്ളയെ പത്രാധിപരായി നിയമിക്കുകയും ചെയ്തതോടെ പത്രത്തിന്റെ ജനസമ്മതി പതിന്മടങ്ങ് വര്‍ധിച്ചു. പത്രാധിപരായിരിക്കെ രാജവാഴ്ചയെയും ദിവാന്‍ വാഴ്ചയെയും ദുര്‍ഭരണത്തെയും നിശിതമായി വിമര്‍ശിച്ചു കൊണ്ട് രാമകൃഷ്ണ പിള്ള സ്വദേശാഭിമാനിയില്‍ തുടര്‍ച്ചയായി എഴുതിയ ലേഖനങ്ങളും വാര്‍ത്താക്കുറിപ്പുകളും അക്ഷരാര്‍ഥത്തില്‍ തിരുവിതാംകൂര്‍ ഭരണാധികാരികളുടെ ഉറക്കം കെടുത്തുക തന്നെ ചെയ്തു. ഒടുവില്‍ 1910 സെപ്തംബര്‍ 26-ന് തിരുവിതാംകൂര്‍ ഭരണകൂടം സ്വദേശാഭിമാനി പത്രം നിരോധിക്കുകയും അച്ചുകൂടവും ഓഫീസും അടച്ചു പൂട്ടുകയും രാമകൃഷ്ണപിള്ളയെ തിരുനെല്‍വേലിയിലേക്ക് നാടുകടത്തുകയും ചെയ്തു. പത്രം നിരോധിക്കപ്പെട്ടെങ്കിലും അബ്ദുള്‍ ഖാദറിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് നിശബ്ദനാകാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം തന്റെ ശ്രദ്ധ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നതിക്കവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടുകയും ആ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടി നിരവധി കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു. അക്കാലത്ത് കേരളത്തിലെ സ്‌ലിം സമുദായം സാമൂഹികവും സാംസ്‌കാരികവുമായ കാര്യങ്ങളില്‍ വളരെയധികം പിന്നിലായിരുന്നു. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയായിരുന്നു ഇതിന്റെയെല്ലാം അടിസ്ഥാനം. ഇക്കാര്യം മനസ്സിലാക്കിയ മൗലവി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും സ്‌ലിം സമൂദായം പിന്തുടര്‍ന്ന് വന്ന അനിസ്‌ലാമികമായ ആചാരാനുഷ്ഠാനങ്ങള്‍ ഉപേഷിക്കാനും വിദ്യാഭ്യാസത്തിലൂടെയും സംഘശക്തിയിലൂടെയും ആധുനികതയിലേക്ക് പ്രവേശിക്കാനും മുസ്‌ലിം സമുദായത്തെ നിരന്തരം ആഹ്വാനം ചെയ്തു കൊണ്ടിരുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുകയും വിദ്യാലയങ്ങളില്‍ അറബി പഠിപ്പിക്കുന്നതിന് മുന്‍കൈയെടുകയും ചെയ്തു. അക്കാലത്ത് മദ്രസ്സകള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന കേവല അറബി പഠനം മാത്രമെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരുന്നുള്ളൂ. അതും വ്യവസ്ഥാപിതമായിരുന്നില്ല. ഈ കാലഘട്ടത്തിലാണ് മൗലവി ഭരണകൂടത്തിന്മേല്‍ സമര്‍ദ്ദം ചെലുത്തി വിദ്യാലയങ്ങളില്‍ അറബി പഠനം ഒരു പാഠ്യവിഷയമാക്കുന്നതും അങ്ങനെ മുസ്‌ലിം വിദ്യാര്‍ഥികളെ പള്ളിക്കൂടങ്ങളിലേക്ക് ആകര്‍ഷിക്കുന്നതും. വിദ്യാലയങ്ങളില്‍ അറബി പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തതോടൊപ്പം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവ്, സ്‌കോളര്‍ഷിപ്പ് എന്നിവ ഏര്‍പ്പെടുത്താനും മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കാനും അദ്ദേഹം മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചു. മാത്രമല്ല, അറബി പഠിപ്പിക്കുന്നതിനുള്ള പുസ്തവും അറബി അധ്യാപകര്‍ക്കായി അറബിക് ട്രെയ്‌നിംഗ് മാന്വലും അദ്ദേഹം ചിട്ടപ്പെടുത്തി. അറബി അധ്യാപകര്‍ക്ക് ഇദംപ്രഥമായി യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തിയതും മൗലവിയുടെ ശ്രമഫലമായിട്ടായിരുന്നു. ഇതെല്ലാം യാഥാര്‍ഥ്യമായപ്പോഴേക്കും മുസ്‌ലിം സമുദായത്തിനുള്ളില്‍ മുന്‍പൊന്നുമില്ലാത്ത വിധത്തില്‍ ആധുനിക വിദ്യാഭ്യാസത്തോട് ഒരു പ്രത്യേക താല്‍പരം പ്രകടമായി രൂപപ്പെടുകയുണ്ടായി.
ഇപ്രകാരം യാഥാസ്ഥിതിക മുസ്‌ലിം സമുദായത്തിനുള്ളില്‍ വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്റെ വിത്തുപാകിയ മൗലവി തന്റെ ശ്രദ്ധ പിന്നെ വഴിതിരിച്ചുവിട്ടത് മുസ്‌ലിം സമുദായത്തിന്റെ സംഘാടനത്തിനും ഏകീകരണത്തിനുമായിരുന്നു. വിദ്യാഭ്യസം കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക എന്ന നാരായണ ഗുരുവിന്റെ പ്രബോധനത്തില്‍ പ്രചോദിതനായിട്ടാവണം അദ്ദേഹം മുസ്‌ലിം സമുദായത്തിന്റെ സംഘടിത മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ മുന്നിട്ടിറങ്ങുന്നത്. കേരളത്തിലെ ഇതര സമുദായങ്ങള്‍ എല്ലാം തന്നെ സ്വയമേവ ശാക്തീകരണത്തിനും നവീകരണത്തിനും സംഘാടനത്തിനും വിധേയമായി കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നല്ലോ അത്. സമുദായ ശാക്തീകരണത്തിലൂടെ മുന്നേറുക എന്നത് ആ കാലഘട്ടത്തിന്റെ മുദ്രാവാക്യമായിരുന്നു എന്ന വസ്തുതയും വിസ്മരിച്ചു കൂട. ഇത്തരമൊരു സാമൂഹിക പശ്ചാത്തലത്തിലാണ് മൗലവി മുസ്‌ലിം സമുദായത്തിന്റെ സംഘാടനത്തിനും മുന്നേറ്റത്തിനും നേതൃത്വം നല്‍കുന്നത്. തന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടി നിരവധി സംഘടനകള്‍ക്ക് അദ്ദേഹം രൂപം നല്‍കി. ആള്‍ കേരള മുസ്‌ലിം മഹാജനസഭ, ചിറയിന്‍കീഴ് മുസ്‌ലിം സമാജം, മുസ്‌ലിം ഐക്യസംഘം, ലജ്‌നത്തുല്‍ മുഹമ്മദീയ അസോസിയേഷന്‍, ധര്‍മപോഷിണി സഭ എന്നിവ മൗലവിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സംഘടനകളില്‍ ചിലതാണ്. ഇതോടൊപ്പം അല്‍ ഇസ്‌ലാം, മുസ്‌ലിം, ദീപിക എന്നീ പ്രസീദ്ധീകരണങ്ങളും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് എന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചു. ഇസ്‌ലാമിക സന്ദേശങ്ങളും ഖുറാനും കലര്‍പ്പിലാതെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയായിരുന്നു ഈ സംരംഭങ്ങളുടെയെല്ലാം ലക്ഷ്യം. അല്‍ ഇസ്‌ലാമിലും മുസ്‌ലിമിലും അദ്ദേഹം എഴുതിയ ലേഖനങ്ങളും കുറിപ്പുകളും മുസ്‌ലിം സമുദായത്തെ ആഴത്തില്‍ ചിന്തിപ്പിക്കാനും കര്‍മനിരതരാക്കാനും പര്യാപ്തമായിരുന്നു. അദ്ദേഹത്തിന്റെ ലഘു വ്യാഖ്യാനത്തോടെ ദീപികയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ച ഖുറാന്റെ മലയാള പരിഭാഷ വളരെയധികം വ്യത്യസ്തത പുലര്‍ത്തിയതോടൊപ്പം ലളിതമായ ഭാഷയില്‍ ഖുറാന്റെ സന്ദേശം ജനങ്ങള്‍ക്ക് വായിച്ച് മനസ്സിലാക്കാനുള്ള അവസരവും ഒരുക്കി. സ്വന്തം സമുദായത്തെ പിന്നോക്കാവസ്ഥയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താനുള്ള അഭിലാഷം ദേശാഭിമാന പ്രചോദിതമായ പൊതു സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവില്ലെന്ന് സ്വന്തം ജീവിതം കൊണ്ടും മാതൃകാപരമായ കര്‍മശൈലി കൊണ്ടും തൊളിയിച്ച ആ ധീര ദേശാഭിമാനി 1932 ഒക്ടോബര്‍ 31 -ന് വിട വാങ്ങി.

Related