പത്തൊന്‍പതാംനൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ എഴുത്തിനെയും തത്വചിന്തയെയും പ്രഭാഷണ കലയെയും ആയുധമാക്കി മലബാറിന്റെ മണ്ണില്‍ മതാന്ധതയ്ക്കും അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടിയ നവോത്ഥാന ശില്പിയും സാമൂഹിക പരിഷ്‌കര്‍ത്താവും താത്വികനും സര്‍വോപരി ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനുമാണ് മലബാറിലെ ശ്രീനാരായണ ഗുരു എന്ന വിശേഷണത്തിന് പാത്രീഭൂതനായിത്തീര്‍ന്ന വാഗ്ഭടാനന്ദന്‍. സ്വാതന്ത്ര്യ സമര സേനാനി, ഉജ്ജ്വലനായ വാഗ്മി, ഗ്രന്ഥകാരന്‍, പ്രതാധിപര്‍ എന്നിങ്ങനെയും ഇദ്ദേഹം അറിയപ്പെടുന്നു. മിശ്രഭോജനത്തിനും മിശ്രവിവാഹത്തിനും ഊന്നല്‍ നല്‍കി, ജാതി സമ്പ്രദായത്തെയും തത്ജന്യമായ ആചാരാനുഷ്ഠാനങ്ങളെയും ജാതി- ജന്മിത്വ മേല്‍ക്കോയ്മകളെയും വെല്ലുവിളിച്ച വാഗ്ഭടാനന്ദന്‍ തികഞ്ഞ മതേതരവാദിയും അഹിംസാവാദിയും മനുഷ്യസ്‌നേഹിയും ബ്രഹ്മാനന്ദ ശിവയോഗിയുടെ ശിഷ്യനുമായിരുന്നു. 1905-ല്‍ പുറത്തിറങ്ങിയ ശിവയോഗിയുടെ മോക്ഷപ്രദീപം എന്ന കൃതി വാഗ്ഭടാനന്ദനെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. ശിവയോഗിയാണ് തികഞ്ഞ വാഗ്മിയും എഴുത്തുകാരനും താത്വികനമായ വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കളെ വാഗ്ഭടാനന്ദന്‍ എന്ന് അഭിസംബോധന ചെയ്തത്. ശിവയോഗിയുടെ ശിക്ഷനായി സാമൂഹ്യ പരിഷ്‌കരണ രംഗത്ത് മാറ്റത്തിന്റെ വിത്തുവിതച്ച ഇദ്ദേഹം അന്ധവിശ്വാസങ്ങള്‍ക്കും വിഗ്രഹാരാധനയ്ക്കുമെതിരെ ഏതാണ്ട് അഞ്ചര പതിറ്റാണ്ടുകാലം പ്രതിരോധത്തിന്റെ വന്‍മതിലായിനിലകൊണ്ടു. കേരളത്തിലുടനീളം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അക്കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ ഉച്ചാടനം ചെയ്യുക വഴി സമൂഹത്തെ ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇദ്ദേഹം പ്രാരംഭം കുറിച്ച സാംസ്‌കാരിക, നവോത്ഥാന , നവീകരണ പ്രവര്‍ത്തനങ്ങളൊക്കെയും കേരളീയ നവോത്ഥാന മുന്നേറ്റങ്ങളുടെ വളര്‍ച്ചക്കും വികാസത്തിനും നല്‍കിയ ഊര്‍ജവും പ്രചോദനവും ചെറുതായിരുന്നില്ല. ജനങ്ങള്‍ ഭയഭക്തിബഹുമാനത്തോടെ ആരാധന നടത്തിയിരുന്ന കുട്ടിച്ചാത്തന്‍ തറയും ഗുളികന്‍ തറയും പൊളിച്ചെറിഞ്ഞു കൊണ്ടായിരുന്നു വാഗ്ഭടാനന്ദന്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള തന്റെ പോരാട്ടങ്ങള്‍ ആരംഭിച്ചത്.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിന് സമീപം പാട്യം എന്ന ഉള്‍ഗ്രാമത്തില്‍ തേനാകണ്ടിയില്‍ പുരാതന വയലേരി തീയ്യ തറവാട്ടില്‍ വാഴവളപ്പില്‍ കോരന്‍ ഗുരുക്കളുടെയും വയലേരി ചീരു അമ്മയുടെയും മൂത്തമകനായി 1884 ഏപ്രില്‍ 27-ന് ആണ് പില്ക്കാലത്ത് വാഗ്ഭടാനന്ദന്‍ എന്ന പേരില്‍ കേരള ചരിത്രത്തില്‍ പ്രശസ്തനായിത്തീര്‍ന്ന വയലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കളുടെ ജനനം. അനാട്ടിലെ പേരുകേട്ട സംസ്‌കൃത പണ്ഡിതനും നാട്ടുവൈദ്യനും പുരോഗമനവാദിയുമൊക്കെയായിരുന്ന സ്വന്തം പിതാവിന്റെ കൈപിടിച്ചായിരുന്നു വാഗ്ഭടാനന്ദന്‍ അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. പിതാവ് കോരന്‍ ഗുരുക്കള്‍ കാവ്യ – നാടക, വ്യാകരണാലങ്കാരാദികളിലും വൈദ്യം, ജ്യോതിഷം എന്നിവയിലും വേണ്ടത്ര പാണ്ഡിത്യമുള്ള ആളായായിരുന്നു. മാത്രമല്ല ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉറച്ച നിലപാട് സ്വീകരിച്ച അദ്ദേഹം വിഗ്രഹാരാധനയെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്തു പോന്നു. പിതാവില്‍ നിന്നും സംസ്‌കൃതത്തില്‍ സാമാന്യം അറിവ് നേടിയ കുഞ്ഞിക്കണ്ണന്‍ നാടകം, കവിത, പുരാണേതിഹാസങ്ങള്‍ എന്നിവയില്‍ വേണ്ടത്ര പരിജ്ഞാനം ആര്‍ജിച്ചതും സ്വന്തം പിതാവില്‍ നിന്നായിരുന്നു. കഥാനായകന് പന്ത്രണ്ട് വയസ്സായപ്പോഴേക്കും സ്വന്തം പിതാവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പാനൂര്‍ പാം ശാലയില്‍ സംസ്‌കൃതം പഠിക്കാന്‍ എത്തിയിരുന്ന കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കാന്‍ കഴിയുന്നത്ര ധൈഷണിക്ക പ്രാവീണ്യം കുഞ്ഞിക്കണ്ണന്‍ ആര്‍ജിക്കുകയും കൂട്ടികള്‍ക്കിടയില്‍ ആ കുട്ടിവാദ്യാര്‍ കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ എന്ന വിളി പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തിരുന്നു.ഇക്കാലത്താണ് വായനയുടെ ലോകത്തെ ഏകാന്തപഥികനായി ഗുരുക്കള്‍ മാറുന്നത്. താന്‍ വായിച്ച പുസ്തകങ്ങളിലെ ഏതൊരുഭാഗവും ഏതു ശ്ലോകവും ഏതു സമയത്തും ഓര്‍ത്തു വയ്ക്കാനുള്ള അനന്യസാധാരണമായൊരു കഴിവ് ഗുരുക്കള്‍ക്ക് സ്വതസിദ്ധമായിരുന്നു. ഇപ്രകാരം പിതാവിന്റെ പേരിനോടൊപ്പം വടക്കേ മലബാറില്‍ കുത്തിക്കണ്ണന്‍ ഗുരുക്കള്‍ എന്ന യുവപണ്ഡിതന്റെ പേരും പതിയെപ്പതിയെ പ്രചരിക്കാന്‍ തുടങ്ങി. അക്കാലത്തെ പ്രമുഖ സംസ്‌കൃത പണ്ഡിതന്മാരായ രൈരു നായരുടെയും എം.കോരപ്പന്‍ ഗുരുക്കളുടെയും ശിക്ഷ്യത്വം ലഭിക്കാനുള്ള ഭാഗ്യവും ഇക്കാലത്ത് കുഞ്ഞിക്കണ്ണന് ലഭിക്കുകയുണ്ടായി. ഈ അനുഗ്രഹം അക്കാലത്ത് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്‌കൃതപണ്ഡിതന്മാര്‍ തമ്മില്‍ നടത്തിയിരുന്ന വൈജ്ഞാനിക സംവാദങ്ങളിലും തര്‍ക്കങ്ങളിലും പങ്കെടുക്കാനുള്ള അസുലഭ അവസരങ്ങളും കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ക്ക് മുന്നില്‍ തുറന്നിടുകയുണ്ടായി. അതോടെ കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ എന്ന താര്‍ക്കിക യുവപ്രതിഭയുടെ പേരും പെരുമയും മാലബാറിലെ പണ്ഡിതന്മാര്‍ക്കിടയില്‍ സുപരിചിതമായിത്തീര്‍ന്നു. ഇപ്രകാരം പരമ്പരാഗത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗുരുക്കള്‍ കോഴിക്കോട് കാരപ്പറമ്പില്‍ തത്വ പ്രകാശിക എന്ന വിദ്യാലയം സ്ഥാപിച്ച് കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കാന്‍ ആരംഭിച്ചു. 1906-ല്‍ ആയിരുന്നു ഇതു. . വളരെപ്പെട്ടു തന്നെ കോഴിക്കോടും പരിസരത്തുമുള്ള താണജാതിക്കാരുടെയും പാവപ്പെട്ടവരുടെയും കുട്ടികളുടെ വിദ്യാലയമായി തത്വപ്രകാശിക മാറി.തത്ഫലമായി തര്‍ക്കം, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങളില്‍ നല്ലൊരു ശിക്ഷ്യ സമ്പത്തിനെ സൃഷ്ടിക്കാനും ഇക്കാലത്ത് ഗുരുക്കള്‍ക്ക് കഴിഞ്ഞു.
ഇപ്രകാരം സംസ്‌കൃത ഭാഷയിലും തര്‍ക്കത്തിലും തത്വചിന്തയിലുമെല്ലാം ഒരു ജ്ഞാനിയുടെ ഔന്നിത്യത്തിന് യോജിച്ച വിജ്ഞാനം കരസ്ഥമാക്കിയ കുഞ്ഞിക്കണ്ണന്‍ എന്ന വി.കെ.ഗുരുക്കള്‍ കേവലം ഒരു സംസ്‌കൃതപണ്ഡിതനായി നാട്ടിലെ കുട്ടികളെ പഠിപ്പിച്ചും തര്‍ക്കക്കളരികളില്‍ സംവദിച്ചും അപ്രമാദിത്യം നേടി നാട്ടില്‍ തന്നെ കഴിഞ്ഞുകൂടാന്‍ തയ്യാറായിരുന്നില്ല. താന്‍ ആര്‍ജ്ജിച്ച അറിവിന്റെ വെളിച്ചം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നുനല്‍കേണ്ടതും അങ്ങനെ ജ്ഞാന വെളിച്ചത്തിന്റെ മഹാസാഗര തീരത്തേക്ക് മനുഷ്യ സമൂഹത്തെ നയിക്കേണ്ടതും അതിലൂടെ നവോത്ഥാനത്തിന്റെ പുതിയൊരു പന്ഥാവ് വെട്ടിത്തുറക്കേണ്ടതും തന്റെ നിയോഗമാണെന്ന് തിരിച്ചറിഞ്ഞ ഗുരുക്കള്‍ താമസിയാതെ അതിനുള്ള പുറപ്പാട് ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 1906-ല്‍ അദ്ദേഹം ഒരു ദേശാടനത്തിറങ്ങി. സമൂഹമധ്യത്തിലൂടെ സഞ്ചരിച്ച് മനുഷ്യന്റെ പ്രശ്‌നങ്ങള്‍ എന്തെന്ന് നേരിട്ട് മനസ്സിലാക്കുകയും പ്രതിഭാധനരായ വ്യക്തികളുമായി ആശയവിനിമയം നടത്തി, തന്റെ വീക്ഷണങ്ങളുടെ യുക്തിഭദ്രത ഉറപ്പിക്കുകയുമായിരുന്നു ഈ ദേശാടനത്തിന്റെ ലക്ഷ്യം. പിന്നിട് 1914-ല്‍ അദ്ദേഹം മംഗലാപുരത്ത് നിന്നും മദിരാശിയിലേക്ക് ഒരു പ്രസംഗ പര്യടനവും ഇദ്ദേഹം നടത്തിയിരുന്നു. . ഇതിന്റെ ഭാഗമായി പലയിടങ്ങളില്‍ വച്ചും അദ്ദേഹം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടു. ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ വാഗ്‌ധോരണയില്‍ ആകൃഷ്ടരായി ശിഷ്യത്വം സ്വീകരിച്ചു. ഇപ്രകാരം നിതാന്ത സഞ്ചാരത്തിലായിരിക്കെ 1915-ല്‍ കോഴിക്കോട് വച്ച് ഒരു യോഗിവര്യനുമായി പരിചയപ്പെടുകയും അദ്ദേഹത്തില്‍ നിന്നും ആത്മോപദേശം തേടുകയും ചെയ്തായി പറയപ്പെടുന്നു. യഥാര്‍ഥ്യം എന്തായാലും ഈ സമാഗമത്തിന് ശേഷമാണ് വാഗ്ഭടാനന്ദന്‍ ഉള്‍ക്കാഴ്ചയുള്ള ഒരു താത്വികാചാര്യന്‍ എന്ന നിലയില്‍ തന്റെ ജീവിത ദൗത്യത്തില്‍ നിര്‍ വൃതി കണ്ടെത്തുന്നത് .തുടര്‍ന്നങ്ങേട്ട് കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുകുലുക്കിക്കൊണ്ട് തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെ നീണ്ടു നിന്ന സമാനതകളില്ലാത്ത പ്രഭാഷണ പരമ്പരകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. മനുഷ്യമനസ്സുകളെ നേരിട്ടു സ്വാധീനിക്കുന്ന പ്രഭാഷണ കലയെ സമൂഹിക പരിഷ്‌കരണത്തിന്റെ വജ്രായുധമാക്കിയ മാറ്റിയ വാഗ്ഭടാനന്ദന്‍ അനന്യ സദൃശ്യമായ തന്റെ വാഗ്പാഠവത്തിലൂടെ അജ്ഞതയുടെ അന്ധകാരത്താല്‍ ക്ലാവ് പിടിച്ചു പോയ മനുഷ്യമനസ്സുകളെ യുക്തിയുടെ മൂശയില്‍ തേച്ചുമിനുക്കി കാലത്തിനനുയോജ്യമാം വിധം പരിപക്വമാക്കി.
ആയിരത്തി തൊള്ളായിരത്തി ആറോടുകൂടിയാണ് വാഗ്ഭടാനന്ദന്‍ സാമൂഹിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്നതെന്ന് സൂചിപ്പിച്ചല്ലോ? ജാതിക്കും അയിത്തത്തിനുമെതിരെ അദ്ദേഹം സംസാരിച്ച് തുടങ്ങുന്നതും ഇതേ കാലത്തു തന്നെയായിരുന്നു. . ഇതേ വര്‍ഷം ഒരു പ്രഭാഷണത്തിനായി അദ്ദേഹം കോഴിക്കോട് എത്തിച്ചേരുകയും അവിടെ വച്ച് പി.സ്വാമിക്കുട്ടി, ഡോ. അയ്യത്താന്‍ ഗോപാലന്‍ എന്നിവരെ പരിചയപ്പെടുകയും അവരുടെ സ്വാധീനത്തില്‍ അക്കാലത്ത് കോഴിക്കോട് സജീവമായിരുന്ന ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്യുന്നത്. അവിടെ നേരത്തെ സൂചിപ്പിച്ച തത്വപ്രകാശിക സംസ്‌കൃത വിദ്യാലയം ആരംഭിക്കുന്നതും ഇക്കാലത്ത് തന്നെ. മലബാറിലെയും കൊച്ചിയിലെയും തിരുവിതാംകൂറിലെയും പാവപ്പെട്ട വിദ്യാര്‍ഥികളെ ഒരു പോലെ ആകര്‍ഷിച്ച തത്വപ്രകാശിക വിദ്യാകേന്ദ്രം വളരെ ചുരങ്ങിയ കാലത്തിനുള്ളില്‍ കേരളത്തിലെ സംസ്‌കൃതപഠനത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി വികസിച്ചു.പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഒരു അഭയ കേന്ദ്രം എന്നതിലുപരി അക്കാലത്തെ പണ്ഡിതമഹത്തുക്കളുടെ ഒരു പ്രധാന സംഗമ കേന്ദ്രം കൂടിയായിരുന്നു ഇവിടം. വിവിധ വിഷയങ്ങളെ സംബന്ധിച്ച് ഇവിടെ നിരന്തരം നടന്നുകൊണ്ടിരുന്ന സര്‍ഗാത്മക സംവാദങ്ങള്‍ അന്യദേശക്കാരായ പണ്ഡിതന്മാരെ നിരന്തരം ഇവിടേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്നു. ഇതെല്ലാം തന്നെ അക്കാലത്ത് വികസിച്ചു കൊണ്ടിരുന്ന പുതിയ ചിന്താധാരകളെയും സംവാദങ്ങളെയും പരിപോഷിപ്പിക്കാനും വികസിപ്പിക്കാനും ഏറെ പര്യാപ്തമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ ?ഇക്കാലത്താണ് വാഗ്ഭടാനന്ദന്‍ ബ്രഹ്മസമാജത്തിനു വേണ്ടി ഏതാനം പ്രാര്‍ത്ഥനാ കീര്‍ത്തനങ്ങളും ഡോ.അയ്യത്താന്‍ ഗോപാലന്റെ ഭാര്യ കൗസല്യ അമ്മാളിന്റെ ജീവചരിത്രവും രചിക്കുന്നത്.
1910ഡിസംബറില്‍ ബഹ്മാനന്ദ ശിവയോഗി കോഴിക്കോട് ടൗണ്‍ ഹാളില്‍ ഒരു പ്രഭാഷണം നടത്താന്‍ എത്തിച്ചേര്‍ന്നു. ഉജ്ജ്വലമായ ആ പ്രഭാഷണം വാഗ്ഭടാനന്ദന്റെ മനസ്സിനെ ആഴത്തില്‍ പിടിച്ചുകുലുക്കുക തന്നെ. ഇതുവരെ താന്‍ ഉത്തരം തേടികൊണ്ടിരുന്ന നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു ശിവയോഗിയുടെ ആ ആത്യത്മിക പ്രഭാഷണം വാഗ്ഭടാനന്ദന് അനുഭവപ്പെട്ടത്. അതോടെ വാഗ്ഭടാനന്ദന്റെ മനസ്സ് അസ്വസ്ഥമായി.ശിവയോഗിയെ നേരില്‍ കാണണമെന്നും ശിക്ഷ്വത്വം സ്വീകരിക്കണമെന്നും അദ്ദേഹത്തിന്റെ മനസ്സ് സദാ മന്ത്രിച്ചു കൊണ്ടിരുന്നു. ഒടുവില്‍ പാലക്കാട് ആലത്തൂരിലെത്തിയ വാഗ്ഭടാനന്ദന്‍, ശിവയോഗിയെ കണ്ട് അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചതോടെ മനസ്സ് ശാന്തമായി. അന്നു മുതല്‍ ശിവയോഗിയുമായി സുദൃഢമായ ഹൃദയ ബന്ധം ആരംഭിച്ച വാഗ്ഭടാനന്ദന്‍ വളരെപ്പെട്ടന്നു തന്നെ ശിവയോഗിയുടെ സിദ്ധാന്തങ്ങളില്‍ പ്രത്യേകിച്ചം രാജയോഗ സിദ്ധാന്തത്തില്‍ ആകൃഷ്ടനാവുകയും ആ സിദ്ധാന്തത്തിന്റെ ശക്തനായ പ്രചാരകനായി മാറുകയും ചെയ്തു.ഇതിന്റെ ഭാഗമായി കോഴിക്കോട് രണ്ട് യോഗശാലകള്‍ അദ്ദേഹം സ്ഥാപിച്ചു.ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ സ്ഥലങ്ങളിലായി നിരവധി ആദ്ധ്യാത്മിക പ്രഭാഷണങ്ങളും അദ്ദേഹം നടത്തിവന്നു.സംസ്‌കൃത വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തോടൊപ്പം പൊതുവിദ്യാഭ്യസത്തിന്റെ വളര്‍ച്ചയ്ക്കും ഇക്കാലത്ത് വാഗ്ഭടാനന്ദന്‍ നിസതുലമായ സംഭാവനകള്‍ നല്‍കുകയുണ്ടായി. കിഴക്കേക്കര വടക്ക്, ചെറുവണ്ണൂര്‍, തലക്കുളത്തൂര്‍, ചേളന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പൊതുവിദ്യാലയങ്ങള്‍ പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചക്ക് നല്‍കിയ സംഭാവനകള്‍ ശ്ലാഘനീയമായിരുന്നു.
1914 മെയ് 14-ന് വാഗ്ഭടാനന്ദന്‍ ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് നാരായണ ഗുരുവുമായി സംഭാഷണം നടത്തി. സംഭാഷണ മധ്യേ വാഗ്ഭടാനന്ദന്‍ ഗുരുവിനോട് ഇപ്രകാരം ചോദിച്ചു. ‘ അദ്വൈതവാദിയായ അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നുണ്ടല്ലോ? അദ്വൈതവും ഇതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും’. അപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു ‘ ജനങ്ങള്‍ സ്വൊര്യം തരണ്ടെ .അവര്‍ക്ക് ക്ഷേത്രം വേണം. പിന്നെ കുറച്ചു ശുചിത്വമെങ്കിലും ഉണ്ടാകുമല്ലോ എന്ന് നാം വിചാരിച്ചു. ‘ അദ്വൈതവും യോഗ സിദ്ധാന്തവും ക്ഷേത്ര വിശ്വാസവും തമ്മില്‍ യാതൊരു ബന്ധവുമില്ലാത്തതു കൊണ്ട് ഞങ്ങള്‍ വിഗ്രഹാരാധനയെ ശക്തിയുക്തം എതിര്‍ക്കുന്നുവെന്ന് വാഗ്ഭടാനന്ദന്‍ പറഞ്ഞപ്പോള്‍ ഗുരു പറഞ്ഞു ‘നല്ലതാണല്ലോ നാമും നിങ്ങളുടെ പക്ഷത്താണ് ‘
ബ്രഹ്മാനന്ദ ശിവയോഗിയുടെ ആദ്ധ്യാത്മിക പാതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴാണ് തന്റെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഒരു സ്വതന്ത്ര സംഘം രൂപീകരിക്കേണ്ടതുണ്ടെന്ന നിലപാടില്‍ വാഗ്ഭടാനന്ദന്‍ എത്തിച്ചേരുന്നത്. ഈ ചിന്തയുടെ അനന്തഫലമായിരുന്നു 1917-ല്‍ അദ്ദേഹം രൂപം നല്‍കിയ ആത്മവിദ്യാ സംഘം. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ ഉന്മൂലനം ചെയ്തു സാമൂഹിക സമത്വവും സര്‍വമത മൈത്രിയും മതനിരപേക്ഷതയും ഊട്ടിയുറപ്പിച്ച് സാമൂഹിക പുരോഗതിക്ക് ഉതകുന്ന തരത്തിലുള്ള വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയെല്ലാമായിരുന്നു സംഘ രൂപീകരണത്തിന്റെ ലക്ഷ്യങ്ങളായി വാഗ്ദാനന്ദന്‍ കണ്ടിരുന്നു.
‘ ഉണരുവിന്‍ ! അഖിലേശ്വരനെ സ്മരിപ്പിന്‍
ക്ഷണമെഴുന്നേല്‍പ്പിന്‍ അനീതിയോടെതിര്‍പ്പിന്‍ ” – എന്നതായിരുന്നു ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപിതമുദ്രാവാക്യം എന്നുകൂടി അറിയുമ്പോഴാണ് എത്ര പുരോഗമനാത്മകമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത് എന്നു കാണാന്‍ കഴിയും. ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആത്മവിദ്യയില്‍ സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ വിശദീകരിച്ചു കൊണ്ട് വാഗ്ഭടാനന്‍ ഇപ്രകാരം എഴുതി: ‘സകല മതപ്രവര്‍ത്തകന്മാരും കണ്ടെത്തിയ മൂലതത്വം ഏകമാകുന്നു. അവരാല്‍ പ്രസ്താവിക്കപ്പെട്ട ശാശ്വതികങ്ങളായ ധര്‍മദര്‍ശങ്ങള്‍ക്കു സര്‍വത്ര ഐകരൂപ്യമുണ്ട്. ചില ധര്‍മാഭാസങ്ങള്‍ മാത്രമെ വിഭിന്നങ്ങളായിരിക്കുന്നുള്ളൂ. അവയെ അപേക്ഷിച്ചുകൊണ്ടാണ് വഴക്കുകള്‍ മുഴുവന്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. അതുകൊണ്ട് സ്വമതങ്ങളിലുള്ള ധര്‍മാഭാസങ്ങളെയും കാലക്രമേണ ജനിച്ചു വളര്‍ന്നുകൊണ്ടുവരുന്ന അനാചാരങ്ങളെയും അനാചാരോപജീവികളായ സ്വാര്‍ഥപ്രകടന വ്യാമോഹങ്ങളെയും പ്രതിപദം ഉന്മൂലനം ചെയ്യുവാനും പ്രാപ്യസ്ഥാനം എല്ലാവര്‍ക്കും ഒന്നാകുന്നു എന്നും എല്ലാവരുടെയും ധാര്‍മികങ്ങളായ ആദര്‍ശങ്ങള്‍ അ ഭിന്നങ്ങളാകുന്നു എന്നും അറിയാനും ഇതരന്മാരെ അപ്രകാരം അറിയിക്കുവാനും അതാതു മതവിശ്വാസികള്‍ അവിശ്രമം പരിശ്രമിക്കുകയാണ് വേണ്ടത്. പരസ്പര സൗഹാര്‍ദം സമാധാനത്തിനും പരസ്പര വൈരം കലഹത്തിനും ഹേതുക്കളുമാകുന്നു. ഇപ്രകാരമുള്ള വിശ്വാസത്തോടും വിചാര വ്യാപ്തിയോടും അനുഭൂതിയോടും ആത്മവിദ്യാനുഷ്ഠാനസമ്പത്തിയോടും സര്‍വമാനവമൈത്രിയോടും കൂടിയ ഒരു മഹാ ജനതതിയാകുന്നു ആത്മവിദ്യാ സംഘം എന്ന പേരില്‍ അറിയപ്പെടുന്നത് ‘ തൊട്ടുകൂടായ്മയെയും തീണ്ടിക്കൂടായ്മയെയും ശക്തിയുക്തം എതിര്‍ത്ത വാഗ്ഭടാനന്ദന്‍ ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ഏതൊരു ദൈവത്തിനും തീണ്ടലും തൊടീലുമില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നവോത്ഥാന നായകനായിരുന്നു. . മാത്രമല്ല ആചാരനുഷ്ഠാനങ്ങള്‍ നവീകരിച്ച് നടപ്പിലാക്കാന്‍ വേണ്ടി നാട്ടിലുടനീളം അദ്ദേഹം ആത്മവിദ്യാമഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു പോന്നു. അനാചാരങ്ങളെയും അന്ധവിശ്വാസണളെയും വിഗ്രഹാരാധനയെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്ത ആത്മവിദ്യാ സംഘം ജാതി സമ്പ്രദായത്തിനും വിഗ്രഹാരാധനക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പലപ്പോഴും ബ്രഹ്മ സമാജവുമായി സമരസപ്പെട്ടിരുന്നതായും കാണാന്‍ കഴിയും.മാത്രമല്ല ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സവര്‍ണനെന്നോ അവര്‍ണനെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്താനും അനുയായികളാക്കാനും വാഗ്ഭടാനന്ദന് കഴിഞ്ഞിരന്നു. അതോടൊപ്പം കാലാകാലങ്ങളായി അടുക്കളകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടുപോയ സ്ത്രീ ജനങ്ങളെ അതീവ മുന്‍ഗണയോടെ സാമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കും പുരോഗതിയിലേക്കും കൈപ്പിടിച്ചുയര്‍ത്തി കൊണ്ടുവരാനും ആത്മവിദ്യാ സംഘം മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം മുന്നോട്ടു വച്ച ഏകദൈവ വിശ്വാസത്തില്‍ കേന്ദ്രീകൃതമായ വ്യതിരിക്തവും അനുകരണീയവുമായ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ബ്രാഹ്മണവത്കരണത്തെയോ ജാതി മേധാവിത്വത്തെയോ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത. മതനിരപേക്ഷതാ വാദം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ കാതലായിരുന്നു. വിദ്യാഭ്യാസത്തെ സര്‍വാത്മനാ പ്രോത്സാഹിപ്പിച്ച ആത്മവിദ്യാ സംഘം മദ്യപാനത്തെ നിരുല്‍സാഹപ്പെടുത്തുകയും ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നിലനിന്നിരുന്ന ജന്തുബലിക്കെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കുകയും തിരണ്ടു കല്യാണം, താലികെട്ട് തുടങ്ങിയ അനാചാരങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയും ചെയ്തു പോന്നു. മലബാറില്‍ ചെറുവണ്ണൂരിലും കാരക്കാട്ടുമാ ണ് സംഘത്തിന്റെ പ്രവര്‍ത്തനം ആദ്യം തുടങ്ങിയത് .പനയ്ക്കല്‍ രാഘവന്‍, ഉള്ളാട്ടു തൊടി ഇമ്പിച്ചി കുട്ടന്‍, കണ്ണാടത്ത് ചോയിക്കുട്ടി തുടങ്ങിയവരായിരുന്നു ചെറുവണ്ണൂരിലെ പ്രധാന പ്രവര്‍ത്തകര്‍. കടത്തനാടും കോഴിക്കോടുമായിരുന്നു ആത്മവിദ്യാ സംഘത്തിന്റെ മുഖ്യ പ്രവര്‍ത്തന കേന്ദ്രങ്ങള്‍.
1920 ആയപ്പോഴേക്കും കേരളത്തിന്റെ മിക്ക കോണുകളിലും ആത്മവിദ്യാ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിക്കുകയുണ്ടായി.1921 സെപ്തംബറില്‍ ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രമായ അഭിനവ കേരളം പ്രസിദ്ധീകരണം ആരംഭിച്ചു.
‘ ഉണരുവിന്‍, അഖിലേശനെ സ്മരിപ്പിന്‍
ക്ഷണമെഴുന്നേല്പിന്‍, അനീതിയോടെതിര്‍പ്പിനു ‘ ഇതായിരുന്നു മാസികയുടെ മുദ്രാവാക്യം.
പുത്തന്‍തോപ്പില്‍ പത്മനാഭപ്പണിക്കരായിരുന്നു വാഗ്ഭടാനന്ദനെ തിരുവിതാംകൂറിലേക്ക് ക്ഷണിച്ചത്. അദ്ദേഹം ബ്രഹ്മസമാജ പ്രവര്‍ത്തകനായിരുന്നു. മംഗലാപുരത്ത് വച്ച് നടന്ന രണ്ടു ദിവസത്തെ വിശേഷാല്‍ സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ മഹാകവി കുമാരനാശാനായിരുന്നു. 1920-ല്‍ സെപ്തംബറില്‍ വാഗ്ഭടാനന്ദന്റെ സാന്നിധ്യത്തില്‍ തിരുവിതാംകൂര്‍ ആത്മവിദ്യാ സംഘം രൂപീകരിക്കപ്പെട്ടു. തുടര്‍ന്ന് തൃക്കുന്നപ്പുഴ ,മഹാദേവിക്കാട്, മംഗലം, പല്ലന, പാനൂര്‍, തോട്ടപ്പള്ളി, കുമാരപുരം, പുന്നപ്ര , റാന്നി എന്നിവിടങ്ങളിലും ആത്മവിദ്യാ സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ.വി. കുഞ്ഞമ്പുവിന്റെ ഭാര്യയായിരുന്ന ദേവയാനി പുന്നപ്രയില്‍ ആത്മവിദ്യാ സംഘം വനിതാ വിഭാഗം സെക്രട്ടറിയായിരുന്നു .കുമാരനാശാന്റെ കരുണക്ക് നാടക ഭാഷ്യം ചമച്ച സ്വാമി ബ്രഹ്മവൃതന്‍ വാഗ്ഭടാനന്ദന്റെ ശിക്ഷ്യനായിരുന്നു. ബ്രാഹ്മണാധിപത്യത്തിനും ജാത്യാധിഷ്ഠിത ആചാരനുഷ്ഠാനങ്ങള്‍ക്കുമെതിരെ പ്രത്യക്ഷവും പരോക്ഷവുമായി സംഘം നടത്തികൊണ്ടിരുന്ന ഇത്തരം പുരോഗമന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തെ സ്വാധീനിച്ചപ്പോള്‍ യാഥാസ്ഥിക രായ ഒരു കൂട്ടം ആളുകളെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിവിപ്‌ളവകരമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനും വഴിയൊരുക്കിയിരുന്നു.
അവര്‍ സംഘത്തിന്റെ പ്രവര്‍ത്തകരെ ഭ്രഷ്ട് കല്പിച്ച് ബഹിഷ്‌കരിക്കുക മാത്രമല്ല പലപ്പോഴും അവരെ ഭീഷണിപ്പെടുത്താനും മര്‍ദ്ദിക്കാനും വരെ ഒരുമ്പെടുകയുണ്ടായി. ഇരിങ്ങണ്ണൂരില്‍ വാഗ്ഭടാനന്ദന്റെ അംഗരക്ഷകനായി എത്തിയ സഹോദരന്‍ ചത്തുക്കുട്ടിയെ പ്രതിയോഗികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു .ക്രൂരമര്‍ദ്ദനത്തിന്റെ ഫലമായി ഏതാനം ദിവസങ്ങള്‍ക്കു ശേഷം ചത്തുക്കുട്ടി മരിച്ചു. കാരക്കാട്ട് ആത്മവിദ്യാ സംഘം പ്രവര്‍ത്തകര്‍ക്ക് ജോലിയും കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പ്രവേശനവും നിഷേധിച്ചു. ഇതിനെ മറികടക്കുന്നതിനു വേണ്ടിയാണ് 1924-ല്‍ കാരക്കാട് ആത്മവിദ്യാ സംഘം എല്‍.പി. സ്‌കൂളും ഊരാളുങ്കലില്‍ കൂലിവേലക്കാരുടെ പരസ്പര സഹായസംഘവും രൂപീകരിക്കുന്നത്. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കള്‍ മുതല്‍ 14 പേര്‍ ഒരു രൂപ വീതം ഓഹരിയെടുത്ത് ആരംഭിച്ച സംഘം ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായി വളര്‍ന്നു. ധിഷണാശാലിയായ വാഗ്ഭടാനന്ദന്‍ തന്റെ അനുയായികളോടൊപ്പം ബുദ്ധിപൂര്‍വം സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തിയാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ആത്മവിദ്യാ സംഘത്തിന്റെ രൂപീകരണത്തിന് മുന്‍പ് തന്നെ ജനമനസ്സുകളെ സ്വാധീനിക്കാനും ഉദ്ബുദ്ധമാക്കി നവീകരിക്കാനും തക്കവിധമുളള പ്രഭാഷണങ്ങളിലൂടെയായിരുന്നു വാഗ്ഭടാനന്ദന്‍ തന്റെ ആശയങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നത്. നിയതാര്‍ഥത്തില്‍ സത്യാന്വേഷണപരമായ ആത്മീയ തീര്‍ഥയാത്രകളായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും സംഘ രൂപീകരണത്തിന് ശേഷവും വളരെക്കാലം ഈ രീതി തന്നെയാണ് അദ്ദേഹം അവലംബിച്ചു പോന്നത്. ആത്മവിദ്യാസംഘത്തിന്റെ രൂപീകരണാന്തരം ആത്മവിദ്യാമഠങ്ങള്‍ അദ്ദേഹത്തിന്റെ പ്രഭാഷണ കേന്ദ്രങ്ങളായി പരിണമിച്ചു.എങ്കിലും കേരളത്തിന്റെ സാമൂഹിക, ആത്മീയ മണ്ഡലങ്ങളില്‍ കൊള്ളിമീനുകള്‍ പോലെ വെളിച്ചം വീശിയ ആ വാഗ്‌ദ്ധോരണികള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമിടയില്‍ മാത്രം പരിമിതപ്പെടുക മാത്രമാണുണ്ടായത്.
വളരെ വൈകിയാണെങ്കിലും ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയ വാഗ്ഭടാനന്ദന്‍ ഈ പരിമിതിയെ മറികടക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് വാര്‍ത്താ മാധ്യമങ്ങളുടെ പ്രസിദ്ധീകരണത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതും 1914-ല്‍ ശിവയോഗി വിലാസം എന്ന മാസിക ആരംഭിക്കുന്നതും.സാമൂഹിക അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെയുള്ള ഒരു പടവാളായിട്ടാണ് ശിവയോഗി വിലാസം ആരംഭിച്ചതെന്ന് ആദ്യ പതിപ്പിന്റെ മുഖക്കുറിപ്പില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാണ്. തുടര്‍ന്ന് 1921-ല്‍ ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രമായി അഭിനവ കേരളവും 1929-ല്‍ ആത്മവിദ്യാ കാ ഹളവും അദ്ദേഹം പ്രസിദ്ധീകരണം ആരംഭിച്ചു. അഭിനവ കേരളത്തിന്റെ പ്രസിദ്ധീകരണം നിലച്ചപ്പോഴായിരുന്നു അദ്ദേഹം ആത്മവിദ്യാ കാഹളം ആരംഭിച്ചത്.തുടര്‍ന്ന് യജമാനന്‍ എന്നൊരു മാസികയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.1922-ല്‍ വാഗ്ഭടാനന്ദന്‍ ഗൃഹസ്ഥാശ്രമിയായി. കാളൂര്‍ തറവാട്ടിലെ വാഗ്‌ദേവിയമ്മയായിരുന്നു സഹധര്‍മിണി.
1930 ഒക്ടോബറില്‍ ആത്മവിദ്യാകാഹളത്തില്‍ സ്വാതന്ത്യാഭിനിവേശത്തെപ്പറ്റി ആവശത്തോടെ വാഗ്ഭടാനന്ദന്‍ എഴുതി. അതോടൊപ്പം തന്നെ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമര മുന്നേറ്റത്തെയും അദ്ദേഹം പ്രശംസിച്ചു. 1932-ല്‍ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചപ്പോള്‍ ആത്മവിദ്യാ കാഹളത്തിലൂടെ വാഗ്ഭടാനപ്പന്‍ ശക്തി പകര്‍ന്നു. സത്യാഗ്രഹത്തിന്റെ ഭാഗമായി 1932 സെപ്തംബറില്‍ ഗാന്ധിജി ഉപവാസ സമരമാരംഭിച്ചപ്പോള്‍ ‘ഗാന്ധിജിയുടെ ആത്മാവിനെ രക്ഷിക്കുക ‘ എന്ന തലക്കെട്ടില്‍ മുഖപ്രസംഗമെഴുതി ഗുരുവായൂര്‍ സത്യാഗ്രഹത്തിനുള്ള പിന്തുണ ശക്തിപ്പെടുത്തി
മുന്‍ചൊന്ന പ്രസിദ്ധീകരണങ്ങള്‍ക്കൊപ്പം അതിവിശിഷ്ടങ്ങളായ നിരവധി ഗ്രന്ഥങ്ങളും വാഗ്ഭടാനന്ദന്‍ എന്ന താത്വിക നവോത്ഥാന ശില്പിയില്‍ നിന്നും കൈരളിക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ബ്രഹ്മ സമാജം യോഗങ്ങളില്‍ ആലപിക്കാന്‍ വേണ്ടി രചിച്ച ബ്രഹ്മസങ്കീര്‍ത്തനങ്ങളാണ് വാഗ്ഭടാനന്ദ ഗുരുവിന്റെ ആദ്യത്തെ സാഹിത്യ സൃഷ്ടി. ഇതില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമാംവിധം എഴുതിയ നിരവധി പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ഉള്‍പ്പെടുന്നു. ആത്മവിദ്യാ സംഘത്തിന്റെ മാനിഫെസ്റ്റോ എന്നു വിശേഷിപ്പിക്കാവുന്ന കൃതിയാണ് 1925-ല്‍ പ്രസിദ്ധീകരിച്ച ആത്മവിദ്യ .മനുഷ്യന്റെ ആത്മീയ ,സാമൂഹിക പ്രശ്‌നങ്ങള്‍ ഒരു പോലെ ചര്‍ച്ച ചെയ്യുന്ന ഈ കൃതി വാഗ്ഭടാനന്ദന്റെ വീക്ഷണങ്ങളെ തന്നെ അനാവരണം ചെയ്യുന്ന കൃതിയാണ്. നി യതാര്‍ഥത്തിന്റെ മനുഷ്യന്‍ അന്‍വര്‍ത്തിക്കേണ്ട സദാചാരനിബദ്ധമായ ജീവിതത്തിന്റെ പ്രഘോഷണമാണ് ഈ കൃതി അനാവരണം ചെയ്യുന്നത് എന്നതില്‍ സംശയമില്ല. 1934-ല്‍ പുറത്തിറങ്ങിയ മറ്റൊരു കൃതിയാണ് വാഗ്ഭടാനന്ദ ഗുരുവിന്റെ ലേഖന സമാഹാരമായ ആത്മവിദ്യാ ലേഖമാല. ആത്മ വിദ്യയില്‍ ഗുരു സമാഹരിച്ച് അവതരിപ്പിച്ച വിഷയങ്ങളെ സംബന്ധിച്ച് മുന്‍പ് അദ്ദേഹം തന്നെ പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തില്‍ സമാഹരിച്ചിട്ടുള്ളത്. 1932-ല്‍ പ്രസിദ്ധീകരിച്ച ഗാന്ധിജിയും ശാസ്ത്ര വ്യാഖ്യാനവും ലേഖന സമാഹരം തന്നെ. 193 പ്രാര്‍ഥനാ ഗാനങ്ങളുടെ സമാഹാരമായ പ്രാര്‍ഥനാഞ്ജലിയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ബ്രഹ്മാനന്ദ ശിവയോഗിയുടെ ആനന്ദ ദര്‍ശനം എന്ന കൃതിയിലെ അടിസ്ഥാന തത്വങ്ങളെ വിമര്‍ശിച്ചു കൊണ്ട് വാഗ്ഭടാനന്ദന്‍ എഴുതിയ കൃതിയാണ് അത്ദ്ധ്യാമ യുദ്ധം -1927-ല്‍ ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ഇപ്രകാരം സാഹിത്യ സപര്യയിലൂടെയും പ്രഭാണ പരമ്പരകളിലൂടെയും ആത്മവിദ്യാ സംഘത്തിന്റെ രൂപീകരണത്തിലൂടെയും ഒരു കാലഘട്ടത്തിന് നേരറിവിന്റെ വെളിച്ചം പകര്‍ന്ന് കേരളീയ നവോത്ഥാനത്തിന് വെളിച്ചം പകര്‍ന്ന വാഗ്ഭടാനന്ദന്‍ 1939 ഒക്ടോബര്‍ 29 ന് ദിവംഗതനായി.
