രാജ്യത്ത് ആദ്യമായി ഏക സിവില്‍ കോഡ് (യു.സി.സി) ഉത്തരാഖണ്ഡില്‍ നടപ്പാക്കുകയാണ്. ബില്ല് നിലവില്‍ വരുകയും ബില്ല് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നടപടികള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍, എന്തിനാണ് നിലവിലൊരു ഏകീകരണ ബില്ല് കൊണ്ടുവരുന്നതെന്നതാണ് പ്രസക്തമായ ചോദ്യം. എന്തുകൊണ്ടാണ് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ ഉത്തരാഖണ്ഡിനെ തെരഞ്ഞെടുത്തത്? ഏക സിവില്‍കോഡ് എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരുന്നത്?
എന്താണ് ഏകീകൃത സിവില്‍ കോഡ്?
എല്ലാ പൗരന്മാര്‍ക്കും മതം പരിഗണിക്കാതെ തുല്യ ബാധകമാകുന്ന വ്യക്തിഗത നിയമങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള ഇന്ത്യയിലെ ഒരു നിര്‍ദേശകമാണ് ഏകീകൃത സിവില്‍ കോഡ്. നിലവില്‍ വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങള്‍ അവരുടെ മതഗ്രന്ഥങ്ങളും ആചാരങ്ങളുമാണ് നിയന്ത്രിക്കുന്നത്. വ്യക്തിനിയമങ്ങള്‍, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍, പരിപാലനം എന്നിവയെല്ലാം ഇതില്‍ ഉള്‍ക്കൊള്ളും. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മതസ്വാതന്ത്രം ഉറപ്പു നല്‍കുകയും മതാചാരപ്രകാരം ജീവിക്കാന്‍ അനവദിക്കുകയും ചെയ്യുമ്പോള്‍ ദേശീയ നയം രൂപീകരിക്കുമ്പോള്‍ എല്ലാ പൗരന്മാര്‍ക്കും നിര്‍ദേശ തത്വങ്ങളും പൊതു നിയമങ്ങളും ഒരു പോലെ ബാധകമാക്കണമെന്ന് ആര്‍ട്ടിക്കിള്‍ 44 ല്‍ പറയുന്നു.
ഏകീകൃത സിവില്‍കോഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഒരുപാട് പഴക്കമുണ്ട്. 1930 കളില്‍ കീഴാള ജാതിക്കാര്‍ക്ക് സംവരണമല്ല, പകരം തെരഞ്ഞെടുപ്പില്‍ പ്രത്യേക പ്രതിനിധാനം വേണമെന്ന് അംബേദ്കര്‍ വാദിക്കുകയും ഗാന്ധി അതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ജാതിക്കപ്പുറം നവീകരിച്ച ഹിന്ദു മതത്തെ ഒരു ഏകീകരണ ശക്തിയാക്കിയാണ് ഗാന്ധി കണക്കാക്കിയത്. എന്നാല്‍, ഏകീകരണ ശ്രമം ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കില്ലെന്ന് മാത്രമല്ല വ്യത്യാസങ്ങള്‍ ഉയര്‍ത്തുകയേ ഉള്ളൂവെന്നായിരുന്നു അംബേദ്കറുടെ വിമര്‍ശനം. ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏകീകരണ ശ്രമങ്ങള്‍ അംബേദ്കറുടെ ഭയത്തെ ബലപ്പെടുത്തുന്നതാണ്. ഭൂരിപക്ഷ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കപ്പെടുമെന്ന് സംശയിക്കാനില്ല.

ഉത്തരാഖണ്ഡില്‍ യു.സി.സി നടപ്പാവുന്നത് മുതല്‍ എല്ലാ ജനങ്ങള്‍ക്കും വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ എല്ലാവര്‍ക്കും ഏകീകൃത നിയമമായിരിക്കും. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാനപ്പെട്ട വാഗ്ദാനമായിരുന്നു സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞിരുന്നു. ‘യൂണിഫോം സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് 2024’ ബില്‍ ഫെബ്രുവരി ഏഴിനാണ് സംസ്ഥാന നിയമസഭയില്‍ പാസാക്കിയത്. നാല് സെക്ഷനുകളായി 182 പേജുകളാണ് ബില്ലിലുള്ളത്.
ഉത്തരഖണ്ഡ് ഏകീകൃത സിവില്‍ കോഡിലെ പ്രധാന നിര്‍ദേശങ്ങള്‍:
– വിവാഹിതരാവാതെ ഒരുമിച്ച് കഴിയുന്ന (ലിവ് ഇന്‍ ടുഗെതര്‍) പങ്കാളികള്‍ക്ക് രജിസ്േ്രടഷന്‍ നിര്‍ബന്ധമാക്കി.
– ലിവ് ഇന്‍ ടുഗെതര്‍ റിലേഷന്‍ഷിപ്പില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നിയമപരമായി വിവാഹിതരായ മാതാപിതാക്കളില്‍ നിന്നുള്ള അതേ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കും.
– ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരു സ്ത്രീയെ അവരുടെ പങ്കാളി ഉപേക്ഷിച്ചാല്‍ വിവാഹത്തില്‍ ബാധകമായ നഷ്ടപരിഹാരം നല്‍കേണ്ടിവരും.
– ബന്ധം അവസാനിപ്പിക്കുമ്പോള്‍ രജിസ്ട്രാറെ അറിയിക്കുകയും നിയപരമായ നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം.
– ഉത്തരഖണ്ഡുകാരല്ലാത്തവര്‍ക്കും, സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.
– ലിവ് ഇന്‍ റിലേഷന്‍പ്പില്‍ ഏര്‍പ്പെട്ടവരാണെന്ന സത്യപ്രസ്താവന രജിസ്ട്രാര്‍ക്ക് നല്‍കുന്ന അപേക്ഷക്ക് ഒപ്പം ചേര്‍ക്കണം.
– സംസ്ഥാനത്തിന് പുറത്തു കഴിയുന്ന ഉത്തരാഖണ്ഡുകാര്‍ക്കും സമാന രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
– രജിസ്‌ട്രേഷനില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ഒരുമാസം വരെ കാലതാമസം വരുത്തുകയോ ചെയ്താല്‍ ആറ് മാസം വരെ തടവും 25,000 രൂപ വരെ പിഴയും ഒടുക്കേണ്ടിവരും.
വിവാഹം, വിവാഹ മോചനം
– വിവാഹ വേളയില്‍ സ്ത്രീകള്‍ക്ക് 28ഉം പുരുഷന്മാര്‍ക്ക് 21 വയസ്സും പൂര്‍ത്തിയാകണം.
– വിവാഹസമയത്ത് സ്ത്രീക്കോ പുരുഷനോ ജീവിച്ചിരുക്കുന്ന, നിയമപരമായ മറ്റൊരു പങ്കാളിയുണ്ടാവരുത്.
– വിവാഹിതരാകുന്നവര്‍ മാനസികമായികൂടി പ്രാപ്തി കൈവരിച്ചിരിക്കണം.
– മതപരമായ ആചാരപ്രകാരം പ്രകാരം നടത്തുന്ന വിവാഹങ്ങള്‍ 60 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം.
2010 മാര്‍ച്ച് 26 ന് മുമ്പോ ഉത്തരാഖണ്ഡിന് പുറത്തോ നടന്ന വിവാഹങ്ങള്‍ നിയമം നടപ്പായി 180 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം. സൈനികര്‍ക്കും യുദ്ധമേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും സമാന ഇളവുകളുണ്ട്.
– വിവാഹമോചനത്തിന് പരിഗണിക്കുന്ന വസ്തുതകള്‍ ദമ്പതികള്‍ക്ക് ഒരുപോലെയാവും. വിവാഹ മോചന നടപടികളില്‍ ലിംഗ നിഷ്പക്ഷത ഉറപ്പാക്കാന്‍ ലക്ഷ്യമെന്നും പരാമര്‍ശം.
– ബഹുഭാര്യത്തന് സമ്പൂര്‍ണ നിരോധനം.
– വിവാഹബന്ധം വേര്‍പ്പെടുത്തിയ മുസ്‌ലിം ദമ്പതിമാര്‍ തമ്മില്‍ പുനര്‍വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീ പങ്കാളി മറ്റൊരാളെ വിവാഹം ചെയ്തശേഷം ബന്ധം വേര്‍പ്പെടുത്തണമെന്ന വ്യവസ്ഥ റദ്ദാക്കി.
ബില്ലില്‍ നിലവില്‍ ഏറ്റവും വിമര്‍ശനം നേരിടുന്ന ഭാഗം വിവാഹേതര സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതാണ്. ഇത്തരം ബന്ധങ്ങള്‍ ക്രിമിനല്‍ വത്കരിക്കുന്ന തരത്തിലാണ് പുതിയ നിബന്ധനകള്‍. മതിയായ കാരണം ബോധിപ്പിക്കല്‍, രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ സംവിധാനത്തെ അറിയിക്കല്‍, മാതാപിതാക്കളുടെ സമ്മതം തുടങ്ങിയ കടമ്പകള്‍ കടന്നാലേ വിവാഹേതര ബന്ധങ്ങള്‍ സാധ്യമാകൂ. അല്ലാത്ത പക്ഷം ജയിലും പിഴയുമാണ് ശിക്ഷ. ഇത് മിശ്ര വിവാഹങ്ങള്‍ക്ക് തടയിടാനുള്ള തന്ത്രമായും സംശയിക്കാം.
പുതിയ നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ ചില മതാചാര പ്രകാരമുള്ള കാര്യങ്ങള്‍ നിരോധിച്ചതായും സാരമായ മാറ്റങ്ങള്‍ വരുത്തിയതായും കാണാം. പ്രസ്തുത നിര്‍ദേശങ്ങളില്‍ കൂടുതലായും പിന്തുടര്‍ന്ന് വരുന്ന ബ്രാഹ്‌മണ ആചാരങ്ങളുടെ പ്രതിഛായ ബില്ലില്‍ കാണാന്‍ സാധിക്കും.
ഉത്തരാഖണ്ഡ് സിവില്‍കോഡ് ഇന്ത്യയിലുടനീളം ബി.ജെ.പി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഏകസിവില്‍ കോഡിന്റെ ആദ്യ രൂപമായാണ് അവതരിപ്പിക്കുന്നത്. ഉത്തരാഖണ്ഡ് ഏകസിവില്‍ കോഡ് ചില മാറ്റങ്ങള്‍ വരുത്തിയ ഹിന്ദു കുടുംബ നിയമങ്ങള്‍ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും വിവാഹേതര ബന്ധങ്ങള്‍ പിന്തുടരുന്നവരുടെയും മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി കാണാം. യു.സി.സി ആദ്യമായി ഉത്തരാഖണ്ഡില്‍ കൊണ്ടുവരുന്നത് വ്യവസ്ഥാപിതമായി തന്നെയാണ്. രാജ്യത്ത് ഏറ്റവുമധികം ബ്രാഹ്‌മണര്‍ താമസിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഒരു പക്ഷെ ഈ നിയമം ഏറ്റവുമധികം സ്വാഗതം ചെയ്യുന്നതും ഇക്കൂട്ടര്‍ തന്നെയാവും. ഏക സിവില്‍ കോഡ് കൊണ്ടുവരുമ്പോള്‍ ആദിവാസി-ഗോത്ര ജനതയെ അത് ബാധിക്കില്ലെന്ന് ബി.ജെ.പി ഉറപ്പു പറയുന്നുണ്ട്.
എച്ച്.യു.എഫിനു നേരെ കണ്ണടച്ച് ഏകീകൃത നിയമം
ഏക സിവില്‍ കോഡ് സാധ്യമാക്കാന്‍ ഇന്ത്യയിലെ നിയമ വിദഗ്ധരൊക്കെയും പറഞ്ഞ നിബന്ധന പ്രോപര്‍ട്ടി സങ്കല്‍പം ഏകീകരിക്കുക എന്നതാണ്. എന്നാല്‍, പൈതൃക സ്വത്തില്‍ അധിഷ്ഠിതമായ ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി (എച്ച്.യു.എഫ്) ഉത്തരാഖണ്ഡിലെ യൂനിഫോം സിവില്‍ കോഡില്‍ പരാമര്‍ശിക്കുന്നില്ല. എച്ച്.യു.എഫ് ഇന്ത്യയിലെ ഹിന്ദു മേല്‍ജാതി കുടുംബവ്യവസ്ഥയുടെ അടിത്തറയാണ്. 1940 മുതല്‍ ലോ കമീഷനുകള്‍ അതിനെ നിരോധിക്കണം എന്ന ഒരു നിര്‍ദേശം മുന്നോട്ട് വച്ചെങ്കിലും അതിനെതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എച്ച്.യു.എഫിന് പുറമെ ഇന്ത്യയിലെ അതിസമ്പന്ന മേല്‍ജാതി കുടുംബങ്ങളും കോര്‍പറേറ്റുകളും അനുഭവിക്കുന്ന എല്ലാതരം ഇളവുകളിലും ഒരിളക്കവും വരുത്താതെയാണ് ബി.ജെ.പി ഏകീകൃത സിവില്‍ കോഡ് കൊണ്ടുവന്നിരിക്കുന്നതെന്ന് കരുതാം.
ബില്ലില്‍ നിലവില്‍ ഏറ്റവും വിമര്‍ശനം നേരിടുന്ന ഭാഗം വിവാഹേതര സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതാണ്. ഇത്തരം ബന്ധങ്ങള്‍ ക്രിമിനല്‍ വത്കരിക്കുന്ന തരത്തിലാണ് പുതിയ നിബന്ധനകള്‍. മതിയായ കാരണം ബോധിപ്പിക്കല്‍, രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ സംവിധാനത്തെ അറിയിക്കല്‍, മാതാപിതാക്കളുടെ സമ്മതം തുടങ്ങിയ കടമ്പകള്‍ കടന്നാലേ വിവാഹേതര ബന്ധങ്ങള്‍ സാധ്യമാകൂ. അല്ലാത്ത പക്ഷം ജയിലും പിഴയുമാണ് ശിക്ഷ. ഇത് മിശ്ര വിവാഹങ്ങള്‍ക്ക് തടയിടാനുള്ള തന്ത്രമായും സംശയിക്കാം.
പിന്തുടര്‍ച്ചാവകാശം
നിലവിലെ പിന്തുടര്‍ച്ചാവകാശങ്ങളിലും കാര്യമായ മാറ്റങ്ങള്‍ കാണാം. നിലനില്‍ക്കുന്ന ഹിന്ദു അനന്തരവകാശ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി നടപ്പാക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഹിന്ദു അനന്തര നിയമത്തില്‍ സ്ത്രീക്കും പുരുഷനുമിടയില്‍ നിലനില്‍ക്കുന്ന വിവേചന രീതി അവസാനിപ്പിച്ച് പിന്തുടരുകയാണ് ചെയ്യുക. ആണിനും പെണ്ണിനും വിഭിന്നമായ അവകാശികള്‍ എന്ന ഹിന്ദു അനന്തരാവകാശ രീതി പൂര്‍ണമായും ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ അവകാശികളും ഇല്ലെങ്കില്‍ മാത്രമായിരുന്നു സ്വമാതാപിതാക്കളും രക്തബന്ധുക്കളും ഹിന്ദു സ്ത്രീയുടെ അവകാശിയാകുന്നത്. എന്നാല്‍, ആണിനുള്ള അതേ അവകാശം തന്നെയാവും ഇനി പെണ്ണിനും.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്ത് അനുസരിച്ചുള്ള എല്ലാ തരം അനന്തര വിതരണത്തെയും സിവില്‍ കോഡ് സാരമായി ബാധിക്കും. മുസ്‌ലിം നിയമത്തില്‍ നിലനില്‍ക്കുന്ന ഖുര്‍ആനിലെ നിര്‍ബന്ധിത ഓഹരി മുന്‍നിര്‍ത്തിയുള്ള അനന്തരവകാശ വിതരണം ഉത്തരാഖണ്ഡില്‍ പാലിക്കാന്‍ കഴിയില്ല.
വിവാഹ മോചനം
വിവാഹ മോചന നിയമത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. വിവാഹമോചനത്തില്‍ ഹിന്ദുക്കള്‍ക്ക് നിലനില്‍ക്കുന്ന നിബന്ധനകള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും കൂടി പിന്തുടരേണ്ടി വരും. ക്രിസ്ത്യാനികളുടെ വിവാഹമോചന നിയമമാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കര്‍ക്കശ സ്വഭാവത്തിലുള്ളത്. ഏക സിവില്‍ കോഡ് അതുകൊണ്ട് തന്നെ ക്രിസ്ത്യന്‍ വിവാഹമോചനം എളുപ്പമാക്കുകയും നേരെതിരിച്ച് മുസ്‌ലിം വിവാഹമോചനം ബില്‍ കര്‍ക്കശമാക്കുകയും ചെയ്യും. നിലവില്‍ ഏകപക്ഷീയമായി ആണിനും പെണ്ണിനും നിലനില്‍ക്കുന്ന വിവാഹമോചന സ്വാതന്ത്ര്യം ഇല്ലാതാകും.
വിവാഹം, കുട്ടികളുടെ സംരക്ഷണം
വിവാഹവും കുട്ടികളുടെ സംരക്ഷണ നിയമവും ഇന്ത്യയില്‍ നിലനില്‍ക്കുന്ന രീതിയില്‍ തന്നെ തുടരും. എന്നാല്‍, ബഹുഭാര്യത്വ നിയമം നിലനില്‍ക്കില്ല. സ്ത്രീകള്‍ക്ക് അനുകൂലമായ നടപടിയായി തോന്നുമെങ്കിലും ഇത് സ്ത്രീകളെത്തന്നെയാണ് സാരമായി ബാധിക്കുക. ഇത്രനാള്‍ ഭാര്യാ പരിരക്ഷ ലഭിച്ചിരുന്ന രണ്ടാം ഭാര്യക്ക് ആ പദവിയും ജീവനാംശം, അനന്തര അവകാശം, വിവാഹ മോചനം, ആഭ്യന്തര അക്രമത്തില്‍ നിന്നുള്ള സംരക്ഷണം തുടങ്ങി നിര്‍ബന്ധമായും ലഭിക്കേണ്ട നിയമ പരിരക്ഷകള്‍ ഉള്‍പ്പെടെ നഷ്ടമാകും. ഇവരിലുള്ള മക്കള്‍ നിയമത്തിന്റെ കണ്ണില്‍ യഥാര്‍ഥ മക്കളായിത്തന്നെ പരിഗണിക്കപ്പെടും. മുസ്‌ലിം നിയമപ്രകാരം ബഹുഭാര്യത്വം അനുവദനീയമാണങ്കിലും ഇന്ത്യയിലെ മുസ്‌ലിംകള്‍ പൊതുവേ ബഹുഭാര്യത്വം അനുഷ്ഠിക്കുന്നവരല്ല. ഇന്ത്യയില്‍ ഏറ്റവുമധികം ബഹുഭാര്യത്വം അനുഷ്ഠിക്കുന്നത് മുസ്‌ലിം സമുദായമല്ലെന്നാണ് കണക്കുകള്‍ പറയുന്നത്.
നിലവില്‍ പുറത്തുവന്ന ഏക സിവില്‍ കോഡ് ഒരുപാട് സമുദായങ്ങളെ ബാധിക്കുന്നതുകൊണ്ട് എതിര്‍പ്പുകളുും പ്രതിഷേധങ്ങളുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിലവില്‍ ഏക സിവില്‍ കോഡില്‍നിന്ന് ആദിവാസികളെ ഒഴിവാക്കിയതായി കാണാന്‍ സാധിക്കും. അത്തരത്തില്‍ ചില വിഭാഗങ്ങളെ ഒഴിവാക്കുന്നതിനെ ഏക സിവില്‍ കോഡെന്ന് പറയാന്‍ സാധിക്കില്ല. സ്വാഭാവികമായും എല്ലാവര്‍ക്കും ഒരേ നിയമം കൊണ്ടുവരുന്നത് അപ്രായോഗികമാണ്. ഉത്തരാഖണ്ഡില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിലൂടെ സ്വാഭാവികമായും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏതൊക്കെകോണില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുമെന്നറിയാനുള്ള ഒരു നീക്കമായും ഇതിനെ കണക്കാക്കാം. ഉത്തരാഖണ്ഡില്‍ യു.സി.സി നടപ്പാക്കുമ്പോള്‍ മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉയര്‍ന്നു വരാവുന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും രാജ്യത്ത് പ്രശ്‌നമുണ്ടാക്കുമെന്ന് ധരിച്ച ബി.ജെ.പിക്ക് പക്ഷെ അക്ഷരാര്‍ഥത്തില്‍ തെറ്റി. മുസ്‌ലിം സമുദായം ഈ വിഷയത്തില്‍ അമിതമായി പ്രതികരിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്തില്ലെന്ന് മാത്രമല്ല, മറ്റു സമുദായങ്ങളിലുള്ളവര്‍ ഇതില്‍ രംഗത്തുവരുകയും ബി.ജെ.പിയുടെ കടുംവെട്ട് പൊളിച്ചടക്കുകയുമായിരുന്നു.
