എളുപ്പ വഴിയിലൂടെയോ കഠിനമായ വഴിയിലൂടെയോ ഗ്രീന്‍ലാന്‍ഡ് പിടിച്ചടക്കലാണ് ഞങ്ങളുടെ പദ്ധതി എന്നാണ് ട്രംപ് തുറന്നു പ്രഖ്യാപിക്കുന്നത്. വെനസ്വലക്ക് ശേഷം ട്രംപ് സായുധ അധിനിവേശത്തിനായി ഉന്നമിട്ടിരിക്കുന്നത് ഇറാനിനെയും കൊളംബിയയും ആണ്. ലിസ്റ്റ് അപൂര്‍ണ്ണമാണ്, ഇപ്പോള്‍ അതില്‍ ഗ്രീന്‍ ലാന്‍ഡും ഉള്‍പ്പെട്ടിരിക്കുന്നു. എന്താണ് ഗ്രീന്‍ലാന്‍ഡ് പ്രതിസന്ധി എന്തിനാണ് ഗ്രീന്‍ലാന്‍ഡ് പിടിച്ചടക്കാന്‍ അമേരിക്ക ശ്രമം ആരംഭിച്ചിരിക്കുന്നത്? പരിശോധിക്കാം.
ഭൂമിശാസ്ത്രപരമായി നോര്‍ത്ത് അമേരിക്കയോട് ചേര്‍ന്ന് കിടക്കുന്നെങ്കിലും സാംസ്‌കാരികമായി യൂറോപ്പുമായി ഏറെ ബന്ധമുള്ള രാജ്യമാണ് ഗ്രീന്‍ ലാന്‍ഡ്. ഗ്രീന്‍ലാന്‍ഡ് ഒരു സ്വതന്ത്രരാജ്യം അല്ലെങ്കിലും 2009 മുതല്‍ അത് ഡെന്മാര്‍ക്കിന് കീഴിലുള്ള അര്‍ധ സ്വതന്ത്രാധികാരമുള്ള രാജ്യമാണ്. സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് എത്തിപ്പെടാന്‍ ഗ്രീന്‍ലാന്ധിന് ഇതുവരെ സാധിക്കാത്തതിനാലാണ് നിലവില്‍ ആ രാജ്യം ഡെന്‍മാര്‍ക്കിനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നത്. ഗ്രീന്‍ലാന്‍ഡ് ജനത ആവശ്യപ്പെടുന്ന ഏത് നിമിഷവും ഗ്രീന്‍ലാന്ധിന് സ്വാതന്ത്ര്യം അനുവദിക്കണം എന്ന ആവശ്യം ഡെന്മാര്‍ക്കിനു മുന്നില്‍ അവര്‍ മുന്നോട്ട് വെച്ചിട്ടുള്ളതും അത് അംഗീകരിക്കപ്പെട്ടതുമാണ്. ലോകത്തെ ഏറ്റവും വലിയ ദ്വീപാണ് ആര്‍ട്ടിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലാന്‍ഡ്. 56,000 മാണ് ഗ്രീന്‍ലാഡിലെ ജനസംഖ്യ.
ഡെന്മാര്‍ക്ക് ആകട്ടെ നാറ്റോയില്‍ അംഗരാജ്യമാണ്. നാറ്റോയില്‍ അംഗരാജ്യമായ ഒരു രാജ്യത്തെ മറ്റൊരു രാഷ്ട്രം ആക്രമിച്ചാല്‍ ഒന്നടങ്കം ആക്രമണത്തെ സൈനികമായി ചെറുക്കും എന്നാണ് നിയമം. ഗ്രീന്‍ലാന്‍ഡിനുമേല്‍ അവകാശവാദം ഉന്നയിക്കുന്ന അമേരിക്കയും ഡെന്മാര്‍ക്കും നാറ്റോയില്‍ അംഗരാഷ്ട്രങ്ങളാണ് എന്നതാണ് ഇവിടുത്തെ പ്രധാന ഘടകം.
ആര്‍ട്ടിക്കിനും വടക്കേ അമേരിക്കക്കും മധ്യേ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലാന്‍ഡ് അതുകൊണ്ടുതന്നെ മിസൈല്‍ അറ്റാക്കുകള്‍ നിരീക്ഷിക്കുന്നതിനും, പ്രദേശത്തെ കപ്പലുകളെ നിരീക്ഷിക്കുന്നതിനും ഏറെ പ്രാധാന്യമുള്ള ഇടമാണ്. സോവിയറ്റ് ബ്ലോക്കുമായുള്ള ശീതയുദ്ധകാലത്ത് മേഖലയില്‍ ആണവ മിസൈലുകള്‍ സ്ഥാപിക്കുവാന്‍ അമേരിക്ക ഉദ്ദേശിച്ചിരുന്നു. എന്നാല്‍, എന്‍ജിനീയറിങ് ബുദ്ധിമുട്ടുകളാലും, ഡെന്‍മാര്‍ക്കിന്റെ എതിര്‍പ്പുകളാലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും മഞ്ഞു കട്ടകളാല്‍ മൂടപ്പെട്ടിരിക്കുന്ന ഗ്രീന്‍ ലാന്‍ഡില്‍ ജനവാസമേഖല എന്നത് തെക്ക് കിഴക്കന്‍ മേഖലയില്‍ തലസ്ഥാനമായ ന്യൂക്കിന്റെ ചുറ്റുമാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.
എന്തിനാണ് ഗ്രീന്‍ലാന്‍ഡ് കീഴടക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നത്?
എന്താണോ വെനസ്വലയെയും ഇറാനെയും കീഴടക്കാന്‍ അമേരിക്ക ഉദ്ദേശിക്കുന്നത് അതേ രാഷ്ട്രീയം തന്നെയാണ് ഗ്രീന്‍ലാന്‍ഡിനുമേല്‍ അമേരിക്കയും കാണുന്നത്. മേഖലയിലെ അതിസമ്പന്നമായ പ്രകൃതി വിഭവങ്ങളാണ് അമേരിക്കയുടെ ഉന്നം. ഇരുമ്പും യുറാനിയവും കോപ്പറും സിങ്കും കല്‍ക്കരിയും പ്രകൃതി വാതകങ്ങളുമായി സമ്പന്നമാണ് ഗ്രീന്‍ലാന്‍ഡ്. ഹരിത ഊര്‍ജ്ജസാങ്കേതികവിദ്യക്ക് സഹായകമാകുന്ന ധാതുക്കളും, ഫോസില്‍ ഇന്ധനവും ഗ്രീന്‍ലാന്‍ഡില്‍ ഉണ്ട്.
ലോകത്ത് ഇതുവരെ ചൂഷണം ചെയ്യാത്ത എണ്ണ ശേഖരത്തിന്റെ 13% വും 30 ശതമാനം പ്രകൃതി വാതകങ്ങളും ഗ്രീന്‍ലാന്‍ഡ് സ്ഥിതി ചെയ്യുന്ന ആര്‍ട്ടിക് മേഖലയില്‍ ആണ്. എന്നാല്‍, ഇത്തരം പ്രകൃതിവിഭവങ്ങളിലല്ല തങ്ങളുടെ ലക്ഷ്യമെന്നും അമേരിക്കയുടെ ദേശീയ സുരക്ഷ മാത്രമാണ് ഗ്രീന്‍ലാന്‍ഡിനെ ആവശ്യപ്പെടാന്‍ കാരണമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കുന്നത്.
1946 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്‍ന്‍ ഗ്രീന്‍ലാന്‍ഡിനായി ഡെന്മാര്‍ക്കിനു മുമ്പില്‍ വെച്ച തുക നൂറ് മില്യണ്‍ ഡോളറായിരുന്നു. ട്രംപ് തന്റെ പ്രസിഡന്റ് പദവി വഹിച്ച ഒന്നാം ഊഴത്തിലും ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയ്ക്ക് വിട്ടു നല്‍കണമെന്ന് ഡെന്മാര്‍ക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സന്‍ ഈ ആവശ്യത്തെ തള്ളിയിരുന്നു. ഗ്രീന്‍ലാന്‍ഡ് വില്‍ക്കാന്‍ തങ്ങള്‍ ഒരുക്കമല്ല എന്നായിരുന്നു ട്രംപിനോടുള്ള ഡെന്മാര്‍ക്കിന്റെ മറുപടി.
അതേസമയം വടക്കു പടിഞ്ഞാറന്‍ ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കയ്ക്ക് സൈനിക താവളം ഉണ്ട്. 1951 ലെ കരാര്‍ പ്രകാരമാണ് ഈ സൈനിക താവളം പ്രവര്‍ത്തിക്കുന്നത്. പ്രസ്തുത കരാര്‍ പ്രകാരം ഇനിയും സൈനിക താവളങ്ങള്‍ മേഖലയില്‍ നിര്‍മിക്കുവാന്‍ അമേരിക്കയ്ക്ക് സാധിക്കും. അമേരിക്കന്‍ വ്യോമസേന അംഗങ്ങള്‍ ഉള്‍പ്പെടെ 600 ഓളം സൈനികരാണ് നിലവില്‍ പ്രദേശത്തെ സൈനിക താവളത്തില്‍ നിലയുറപ്പിച്ചിട്ടുള്ളത്.
രൂക്ഷമായാണ് യൂറോപ്യന്‍ നേതൃത്വം ട്രംപിന്റെ നീക്കത്തോട് പ്രതികരിച്ചിട്ടുള്ളത്. ഗ്രീന്‍ലാന്‍ഡ് പ്രതിസന്ധി
അമേരിക്കയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് യൂറോപ്പ്യന്‍ നേതൃത്വം വ്യക്തമാക്കുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ അമേരിക്കന്‍ ഭീഷണിക്കെതിരെ ഡെന്മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനും ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. അന്താരാഷ്ട്രതലത്തില്‍ അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാനും അമേരിക്കയെ ഒറ്റപ്പെടുത്തുവാനും ഈ നീക്കം കാരണമായിട്ടുണ്ട്. ഞങ്ങള്‍ക്ക് അമേരിക്കക്കാരാകാന്‍ താല്‍പര്യമില്ല എന്നാണ് പാര്‍ട്ടി ഭേദമന്യേ ഗ്രീന്‍ലാന്‍ഡിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത്. ഗ്രീന്‍ലാന്‍ഡ് പാര്‍ലമെന്റിലെ പ്രധാനപ്പെട്ട അഞ്ചു രാഷ്ട്രീയപാര്‍ട്ടികള്‍ യോജിച്ചു പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഗ്രീന്‍ലാന്‍ഡിന്റെ ഭാവി തീരുമാനിക്കാനുള്ള അധികാരം ആ രാജ്യത്തെ ജനങ്ങള്‍ക്കാണ് എന്ന് പ്രഖ്യാപിക്കുന്നുണ്ട്.
അമേരിക്കന്‍ നടപടിയെ അവര്‍ തുറന്നെതിര്‍ക്കുന്നു. We do not want to be Americans, we do not want to be Danes, we want to be Greenlanders,’ – ‘ഞങ്ങള്‍ക്ക് അമേരിക്കക്കാരാകാന്‍ ആഗ്രഹമില്ല, ഡെന്മാര്‍ക്കുകാരാകാന്‍ ആഗ്രഹമില്ല, ഗ്രീന്‍ലാന്‍ഡുകാരാകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ ; സംയുക്ത പ്രസ്താവനയില്‍ അവര്‍ പറഞ്ഞു വെക്കുന്നു. ഗ്രീന്‍ലാന്റിന്റെ പ്രധാനമന്ത്രി ജെന്‍സ് ഫ്രഡറിക് നീല്‍സണ്‍ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
അമേരിക്കന്‍ ഭീഷണിയും നാറ്റോയും
അമേരിക്കയുടെ ഗ്രീന്‍ലാന്‍ഡ് അധിനിവേശം നാറ്റോയുടെ അന്ത്യമായിരിക്കും എന്ന ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡ്രിക്‌സണ്ണിന്റെ പ്രസ്താവന നിര്‍ണായകമാണ്. 1949 ല്‍ നിലവില്‍ വന്ന 32 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ നാറ്റോ (North atlantic treaty organisation) എന്ന സംഘടനയുടെ നിയമാവലി അഞ്ചില്‍ പറയുന്നത്, പുറത്തുനിന്നും ഈ സൈനിക കൂട്ടായ്മയില്‍ അംഗമായിരിക്കുന്ന രാഷ്ട്രങ്ങളെ ഏതെങ്കിലും രാഷ്ട്രം ആക്രമിച്ചാല്‍ കൂട്ടായ്മയില്‍ അംഗമായിരിക്കുന്ന മുഴുവന്‍ രാഷ്ട്രങ്ങളും ചേര്‍ന്ന് സംയുക്തമായി അതിനെ പ്രതിരോധിക്കും എന്നാണ്. അഥവാ, സംഘടനയില്‍ അംഗമായിരിക്കുന്ന ഒരു രാഷ്ട്രത്തിനു നേരെയുള്ള സായുധ ആക്രമണങ്ങള്‍ സംഘടനയിലെ മുഴുവന്‍ രാഷ്ട്രങ്ങള്‍ക്കും എതിരെയുള്ള സായുധനീക്കമായി കരുതും എന്നാണ് ആര്‍ട്ടിക്കിള്‍ അഞ്ച് വ്യക്തമാക്കുന്നത്. എന്നാല്‍, സഖ്യത്തിലെ രണ്ട് രാഷ്ട്രങ്ങള്‍ തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെടുന്ന പക്ഷം നാറ്റോയുടെ നിലപാട് സ്തംഭനാവസ്ഥയില്‍ ആയിരിക്കും. നാറ്റോ അതില്‍ സൈനികമായി ഇടപെടില്ല എന്നാണ് ഒരു വിഭാഗം നിരീക്ഷിക്കുമ്പോള്‍ ആക്രമണക്കാര്‍ക്കെതിരെ നാറ്റോ പോരാടും എന്ന് മറുവിഭാഗവും നിരീക്ഷിക്കുന്നു.
അധിനിവേശത്തിന്റെ സൈദ്ധാന്തിക അടിത്തറ
ലെബന്‍സ് റോം, സോഷ്യല്‍ ഡാര്‍വനിസം എന്നീ സാമൂഹികശാസ്ത്ര പരികല്പനകളുമായി ഏറെ ബന്ധമുള്ളതാണ് അമേരിക്കയുടെ അധിനിവേശങ്ങള്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മ്മന്‍ നരവംശ ശാസ്ത്രജ്ഞന്‍ ഫെഡറിക് റേസലാണ് ലെബന്‍സ് റോം എന്ന വാക്ക് ആദ്യമായി മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ രാഷ്ട്രത്തിന്റെ ജീവിതാവശ്യങ്ങള്‍ക്കായി സാമ്രാജ്യത്തിന്റെ വികസനത്തിനായി എന്ത് കൊള്ളരുതായ്മകളും ചെയ്യാന്‍ രാഷ്ട്രത്തിന് പൂര്‍ണ്ണ അധികാരം നല്‍കുന്ന പരികല്‍പ്പനയാണ് ലെബന്‍സ് റോം. അര്‍ഹതയുള്ളതിന്റെ അതിജീവനം എന്ന സോഷ്യല്‍ ഡാര്‍വിനിസ്റ്റ് പരികല്‍പ്പനയില്‍ നിന്നും രൂപപ്പെട്ടതാണ് ലെബന്‍സ് റോം എന്ന് മനസ്സിലാക്കാവുന്നതാണ്. ഹിറ്റ്‌ലറുടെ കാലത്ത് ജര്‍മ്മന്‍ സാമ്രാജ്യത്വത്തിന്റെ വികസനത്തിനായി നാസി ജര്‍മ്മനി അഴിച്ചുവിട്ട ക്രൂരകൃത്യങ്ങള്‍ക്ക് ദാര്‍ശനിക പിന്‍ബലം നല്‍കുക എന്ന ദൗത്യം ആയിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ ലെബന്‍സ് റോമിന് പ്രധാനമായും നിര്‍വഹിക്കാന്‍ ഉണ്ടായിരുന്നത്. പത്തു കോടി തദ്ദേശീയരായ റെഡ് ഇന്ത്യക്കാരെ അമേരിക്കന്‍ മണ്ണില്‍ കൊന്നൊടുക്കിയ കൊളംബസും ഈ പരികല്പനയുടെ സന്തതിയാണ്. ഡൊണാള്‍ഡ് ട്രംപ് ആണ് ഇന്നതിന്റെ വക്താവ്.
തോമസ് ജെഫേഴ്‌സണ്‍ എന്ന വ്യക്തിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
വിശ്വവിഖ്യാതമായ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപന രേഖ എഴുതി തയ്യാറാക്കിയ വ്യക്തിയാണ് തോമസ് ജഫേഴ്‌സണ്‍. അമേരിക്കയുടെ മൂന്നാമത് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. വൈരുധ്യം നിറഞ്ഞ വസ്തുത എന്തെന്ന് ചോദിച്ചാല്‍ അറുന്നൂറോളം വരുന്ന, കൈകാലുകള്‍ ചങ്ങലക്കെട്ടുകളാല്‍ ബന്ധിച്ച കറുത്ത അടിമകള്‍ അടിമത്തവും പേറി ചോര നീരാക്കിക്കൊണ്ടിരുന്ന തന്റെ അതേ എസ്റ്റേറ്റില്‍ ഇരുന്നു കൊണ്ടാണ് തോമസ് ജെഫേഴ്‌സണ്‍ വിശ്വവിഖ്യാതമായ അമേരിക്കന്‍ ഐക്യനാടുകളുടെ വിമോചന പ്രഖ്യാപനം എഴുതി തയ്യാറാക്കിയത്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന തദ്ദേശീയ വാസികളായ റെഡ്ഇന്ത്യക്കാരെ അടിച്ചമര്‍ത്തി അവരുടെ ദേശങ്ങള്‍ പിടിച്ചെടുക്കുവാന്‍ ഉത്തരവിട്ട തോമസ് ജെഫേഴ്‌സണ്‍ എതിര്‍ക്കുന്നവരെ കോടാലി കൊണ്ട് നേരിടാന്‍ തന്റെ യുദ്ധകാര്യ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കാനും മറന്നില്ല. വെള്ള വംശീയതയുടെ ഉത്ഭവത്തിന്റെ പഴക്കം അങ്ങ് ഗ്രീക്ക് തത്വ ചിന്തകന്മാര്‍ മുതല്‍ക്കേ ഉണ്ട്. ആധുനികയുഗത്തില്‍ അതിന്റെ പ്രയോക്താക്കളായത് സ്‌പെയിനും പോര്‍ച്ചുഗലും ബ്രിട്ടനുമായിരുന്നുവെങ്കില്‍ പിന്നീടത് അനന്തരമെടുത്തത് യാങ്കികളാണ്.
ഇത്തരത്തില്‍ കൊന്നും കൊല്ലിച്ചുമാണ് ഇന്നത്തെ ആധുനിക അമേരിക്ക രൂപപ്പെട്ടത്. സോഷ്യല്‍ ഡാര്‍വനിസവും ലബന്‍സ് റോമുമാണ് അതിന്റെ അടിസ്ഥാനതത്വ ശാസ്ത്രം. ഇറാഖും പനാമയും സിറിയയും ഫലസ്തീനും ഇന്നിപ്പോള്‍ വെനെസ്വലെയും അതിന്റെ ഇരകളും.
