ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029 ന് മുൻപായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് നിലവിലുള്ള വിവിധ മത-ജാതി ഗ്രോത വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങൾക്ക് പകരമായി,വിവാഹം, വിവാഹമോചനം, സ്വത്തവകാശം ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ എല്ലാവർക്കും ഏകീകൃതമായ നിയമവ്യവസ്ഥ കൊണ്ടുവരുമെന്നാണ് അമിത്ഷാ പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന മുഴുവൻ സംസ്ഥാനങ്ങളിലും യു.സി സി യുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏകപക്ഷീയമായി ആരംഭിച്ചിരിക്കുകയാണ് . അതിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ജില്ലകളിലും ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളിലും, പോളിംഗ് ബൂത്ത് തലം വരെ ക്യാമ്പിന്റെ സന്ദേശം എത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി കഴിഞ്ഞു. എല്ലാ മതങ്ങൾക്കുമുള്ള വ്യക്തി നിയമങ്ങൾ പരിപൂർണ്ണമായി റദ്ദാക്കണം എന്നാണ് യു സി സി ആത്യന്തികമായി ആവശ്യപ്പെടുന്നത്. അതിനു ബദലായി ഓരോ പൗരനെയും നിയന്ത്രിക്കുന്ന ഒരു പൊതുനിയമം നടപ്പിലാക്കപ്പെടണം.
2014 അധികാരത്തിൽ കയറിയ മോദി ഗവൺമെൻറിൻറെ ഒന്നാമത്തെ അജണ്ട ആയിരുന്നു ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക എന്നത്. ബിജെപി ഭരണകൂടം അതിനുള്ള ശ്രമങ്ങൾ തുടക്കം മുതലേ ആരംഭിച്ചിരുന്നുവെങ്കിലും 21 -ാമത് ലോ കമ്മിഷൻ 2018 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച കൺസൾട്ടേഷൻ പേപ്പറിൽ ഏകീകൃത സിവിൽ കോഡ് നിരാകരിക്കുകയാണ് ഉണ്ടായത്. വൈവിധ്യങ്ങൾ നിലനിൽക്കുന്നത് വിവേചനം അല്ലെന്നും അത് ഇന്ത്യൻ മതേതരത്വത്തെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്ന സുപ്രധാന ഘടകമാണെന്നും റിപ്പോർട്ടിൽ അടിവരയിട്ടാണ് പറഞ്ഞത്.
വൈവിധ്യങ്ങളും വൈചാത്യങ്ങളും നിലനിൽക്കുന്ന ബഹുസ്വര ഇന്ത്യയിൽ, നൂറുകണക്കിന് വ്യക്തി നിയമങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ , അനേകം ബഹുസ്വര സമൂഹങ്ങൾ ജീവിക്കുന്ന രാജ്യത്ത്, ഒരു ഏകീകൃത സിവിൽ കോഡിനും ഒരുതരത്തിലും സാമൂഹ്യമായി പാകപ്പെടാത്ത ഒരു രാഷ്ട്രത്തിനകത്ത് ഏകപക്ഷീയമായി അത്തരത്തിൽ ഒരു സിവിൽ കോഡ് നടപ്പാക്കുന്നത് പൗരന്റെ അവകാശങ്ങളെ സംരക്ഷിക്കാൻ അല്ല. മറിച്ച്, ഇവിടുത്തെ വൈചാത്യങ്ങളെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കാനും സംഘ്പരിവാർ വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനും വേണ്ടിയാണ്. ആ രാഷ്ട്രത്തിനകത്ത് ന്യൂനപക്ഷങ്ങളായി പലതുകളായി ചിതറിക്കിടക്കുന്ന ജാതി-മത-ഗോത്ര സമൂഹങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ഭരണകൂട പദ്ധതിയാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
മുസ്ലിം സ്ത്രീകളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് പറഞ്ഞായിരുന്നു 2017 യുപിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക എന്ന മുദ്രാവാക്യം സംഘ്പരിവാർ ഉയർത്തിപ്പിടിച്ചത്. പിന്നീട് രാജ്യത്ത് നടന്ന വ്യത്യസ്ത സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പെടെ ബിജെപി നേതാക്കൾ മുഴുവൻ ഇതവരുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമാക്കി. ഒരേസമയം മുസ്ലിം സമൂഹത്തെ നിർബന്ധിതമായ വംശഹത്യകൾക്കും നിർബന്ധിതമായ തിരോധാനങ്ങൾക്കും നിർബന്ധിതമായ തടവറുകൾക്കും വിധേയമാക്കിക്കൊണ്ട് മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്നത് രാഷ്ട്രീയ പ്രവർത്തനമായി പ്രഖ്യാപിച്ചു. കലാപങ്ങൾ എന്ന പേരിൽ നടന്ന വംശീയ അക്രമണങ്ങളിലും ആൾക്കൂട്ടങ്ങളുടെ മറവിൽ നടന്ന മുസ്ലിം ന്യൂനപക്ഷ വിരുദ്ധ അതിക്രമങ്ങളിലും വംശീയ ഉന്മൂലനങ്ങളിലും മുസ്ലിം സ്ത്രീകൾ സംഘ്പരിവാറിന്റെ ഏറ്റവും ഭീകരമായ അതിക്രമങ്ങൾക്ക് വിധേയമാക്കപ്പെടുമ്പോഴും മുസ്ലിം പുരുഷനിൽ നിന്ന് സംരക്ഷിക്കപ്പെടേണ്ട മുസ്ലിം സ്ത്രീ എന്ന ബൈനറി സംഘ്പരിവാറിന്റെ പ്രൊപ്പഗണ്ട തന്ത്രമാണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനു ശേഷം മുസ്ലിം സമുദായത്തിലെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ എന്നിവയ്ക്ക് പാർലമെന്റ് പാസാക്കിയ നിയമങ്ങൾ ബാധകമാണെന്ന് വിവിധ കോടതി വിധികളിലൂടെ പുറത്ത് വന്നിട്ടുള്ളതാണ്.
രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ ന്യൂനപക്ഷങ്ങളെയും അപരവത്കരിച്ചുകൊണ്ടും നൂറുകണക്കിന് വരുന്ന ജാതി- മത-ഗോത്ര-ദേശ വൈവിധ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് അവയെല്ലാം അപരവത്കരിച്ചും ഭരണഘടന വിഭാവനം ചെയ്യുന്ന രാഷ്ട്രത്തിൻറെ ജനാധിപത്യവും സാമൂഹിക നീതിയും മതേതരത്വവും റദ്ദ് ചെയ്തു കൊണ്ട് ഏക ശിലാത്മകമായ ഹിന്ദുത്വ രാഷ്ട്രത്തിൻറെ സംസ്ഥാപനം എന്ന ഒരേയൊരു ലക്ഷ്യമാണ് യു സി സിക്ക് പിറകിൽ ഉള്ളത്. 21 സംസ്ഥാനങ്ങളിലൂടെ അത് നടപ്പാക്കപ്പെടുമ്പോൾ രാഷ്ട്രത്തിൻറെ ഫെഡറൽ സിസ്റ്റത്തെ വരെ തകർക്കാൻ കെൽപ്പുള്ള ഇരുതല മൂർച്ചയുള്ള ഒരു ആയുധമായി യുസിസി വർത്തിക്കുകയാണ്.
രാഷ്ട്രത്തിൻറെ ബഹുസ്വരയെ അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ട് രൂപപ്പെട്ട ഭരണഘടനാ തത്വങ്ങളെ യു സി സി നഗ്നമായി ലംഘിക്കുന്നു. ഭരണഘടനയുടെ മൂലകേന്ദ്രമായി മനസ്സിലാക്കപ്പെടുന്ന മൗലികാവകാശ തത്വങ്ങളുടെ അനുഛേദങ്ങൾ രാജ്യത്തിൻറെ വൈവിധ്യങ്ങളുടെ യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതാണ്. ഇരുപത്തഞ്ചാം അനുച്ഛേദപ്രകാരം രാജ്യത്തിൻറെ സാമൂഹിക ക്രമങ്ങൾക്കും സുസ്ഥിതിക്കും മൗലികാവകാശങ്ങൾക്കും വിധേയമാക്കപ്പെടും വിധം മതസ്വാതന്ത്ര്യവും അവകാശങ്ങളും ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ഭരണഘടനയുടെ 29 ആം അനുച്ഛേദം ഈ അവകാശങ്ങളെ സ്ഥാപിച്ചു തരുന്നു. രാജ്യത്തെ മതഭാഷ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും വിശ്വാസവും സംസ്കാരവും നിലനിർത്താനും അവയ്ക്കുമേൽ ഉണ്ടാകാൻ ഇടയുള്ള മുഴുവൻ അധിനിവേശങ്ങളെയും പ്രതിരോധിക്കാനും കഴിയും വിധം ആണ് ഈ അനുഛേദങ്ങൾ നിലകൊള്ളുന്നത്.
സിവിൽ പ്രൊസീജർ കോഡ് എന്നപേരിൽ സിവിൽ തർക്കപരിഹാരങ്ങൾക്കായി ഏകീകൃത സിവിൽ നിയമം നിലനിൽക്കെ വളരെ പരിമിതമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്ന വ്യക്തി നിയമങ്ങൾ ഏകപക്ഷീയമായി ഇത്ര ധൃതിപിടിച്ച് ഏകീകരിക്കുന്നത് പൗരന്റെ വ്യക്തി അവകാശങ്ങളെ സംരക്ഷിക്കാൻ അല്ല എന്നും മറിച്ച്, അത് രാജ്യത്തിൻറെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ന്യൂനപക്ഷങ്ങളെ വംശീയ ഉന്മൂലനം ചെയ്യുന്നതിനുള്ള സംഘപരിവാറിന്റെ വംശീയ പദ്ധതിയാണെന്നും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
2016 നരേന്ദ്രമോദി ഗവൺമെൻറ് നിയമിച്ച നിയമ കമീഷൻ 2018 ൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പോലും പറയുന്നത് നാനാ വിഭാഗം മതങ്ങളും ജാതികളും ഗോത്രങ്ങളും സമൂഹങ്ങളും നിലനിൽക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിൽ യൂണിഫോം സിവിൽ കോഡ് അനുചിതമാണെന്നും അതൊരിക്കലും അത്യന്താപേക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല എന്നുമാണ്. എന്നുമാത്രമല്ല, നിലവിൽ ഭരണഘടനാപരമായി നിലനിൽക്കുന്ന സിവിൽ നിയമങ്ങൾ തങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് രാജ്യത്തെ ഒരു സാമൂഹിക വിഭാഗവും ഇക്കാലം വരെയും പറയുകയോ മറ്റൊരു ഏകീകൃതമായ സിവിൽ കോഡിനു വേണ്ടി ഒരിക്കൽ പോലും ആവശ്യമുന്നയിക്കുകയോ ചെയ്തിട്ടില്ല.
ലോകത്ത് വിവിധ രാഷ്ട്രങ്ങൾ അവരുടെ സാംസ്കാരിക പൈതൃകങ്ങളെയും സാമൂഹികവും സാംസ്കാരികവുമായ വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും പ്രോത്സാഹിപ്പിക്കുവാനും അത് അവരുടെ രാഷ്ട്രത്തിൻറെ തന്നെ പൊതു സംസ്കാരമായും മൂലധനമായും അഭിമാനത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്ന, അത്തരം വൈവിധ്യങ്ങളെയും വൈചാധ്യങ്ങളെയും പാഠപുസ്തകങ്ങളിലൂടെ പഠിപ്പിക്കുകയും വ്യത്യസ്ത ഗവൺമെൻറ് പദ്ധതികളിലൂടെ അവയെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതേസമയത്താണ് അനേകം സാമൂഹിക വിഭാഗങ്ങൾ അവരുടെ വ്യത്യസ്തമായ സംസ്കാരങ്ങളോടെയും സമ്പന്നമായ പാരമ്പര്യങ്ങളുടെയും നിലനിൽക്കുന്ന അത്തരം പൈതൃകങ്ങൾ വിളംബരം ചെയ്യുന്ന ഒരു രാഷ്ട്രത്തിനകത്ത് ഏക സിവിൽ കോഡിലൂടെ എല്ലാത്തരം വൈവിധ്യങ്ങളെയും തച്ചു തകർത്തു ഏകശിലാത്മകമായ ഒരു രാഷ്ട്ര നിർമ്മിതിക്ക് ശ്രമിക്കുന്നത് സംഘ്പരിവാറിന്റെ ഏകപക്ഷീയമായ അങ്ങേയറ്റം വംശീയതയിലൂന്നിയ താല്പര്യത്തിന്റെയും ലക്ഷ്യത്തിന്റെയും പുറത്താണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.
സവർണ്ണവും വൈദികവുമായ ഒരു ദേശീയതയുടെ അരികു പിടിച്ചാണ് ഇന്ത്യൻ ദേശീയത രൂപപ്പെട്ടത് തന്നെ. ഹൈന്ദവ സംസ്കാരവും അതിൻറെ ചിഹനങ്ങളും ഇന്ത്യൻ ദേശീയതയുടെ തന്നെ പൊതു ചിഹ്നമായും അടയാളമായും ശീലിക്കപ്പെട്ടത് അങ്ങനെയാണ്. അങ്ങനെ വരുമ്പോൾ നാനാ വിഭാഗങ്ങളായി ചിതറിക്കിടക്കുന്ന ചെറുതും വലുതുമായ ന്യൂനപക്ഷ വിഭാഗങ്ങളുടെ സവിശേഷമായ മത സാംസ്കാരിക അടയാളങ്ങൾക്കും ചിഹ്നങ്ങൾക്കും മേൽ ഹിന്ദുത്വ വിഭാവനം ചെയ്യുന്ന അടയാളങ്ങളും ആചാരങ്ങളും ചിഹ്നങ്ങളും അടിച്ചേൽപ്പിക്കപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല.
മൗലികാവകാശങ്ങളുടെ ലംഘനം സ്റ്റേറ്റ് സ്പോൺസേർഡ് ആയി നടത്തപ്പെടുന്ന, അതിനായി ഗവൺമെൻ്റ് മിഷനറീസ് ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിനകത്ത് ഏക സിവിൽ കോഡിന് ഇത്രയധികം പ്രാധാന്യം നൽകപ്പെടുമ്പോൾ അത് അടിമുടി ദുരൂഹതകളിൽ മുങ്ങി നിൽക്കുന്നതാണെന്ന് ഉറപ്പിച്ചു പറയാം.
രാജ്യത്ത് മതപരമായ വിഭജനം സൃഷ്ടിക്കുമെന്ന 21-ാം നിയമ കമീഷൻ ശുപാർശ പുറത്തുവന്ന് വർഷങ്ങൾ പിന്നിട്ടശേഷം, 22-ാം നിയമ കമീഷൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് ശുപാർശ ചെയ്തത് ഗൂഡലക്ഷ്യം മുന്നിൽക്കണ്ടാണ് എന്ന് ന്യായമായും സംശയിക്കാം.
യു സി സി നിയമം നടപ്പായാൽ രാജ്യത്ത് മതപരമായ ധ്രൂവീകരണവും ശൈഥില്യവും വർധിക്കും എന്ന ആശങ്ക മുസ്ലിം പേഴ്സണൽ ലോ ബോർഡും ഇതര മുസ്ലിം സംഘടനകളും മറ്റു ന്യൂനപക്ഷ സംഘടനകളും ഒരുപോലെ ആശങ്ക നിരന്തരം അറിയിച്ചിട്ടും നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വിശദമായ ചർച്ചക്ക് പോലും കേന്ദ്രഭരണകൂടം തയ്യാറായിട്ടില്ല.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മുൻപ് ‘ഒരു രാജ്യം ഒരു നിയമം’ എന്നു പറഞ്ഞു ബി.ജെ.പി. സർക്കാർ ഏകീകൃത സിവിൽ കോഡ് വ്യാപകമായി ഉയർത്തിക്കൊണ്ട് അവരുടെ രാഷ്ട്രീയ ലക്ഷ്യം വിജയിച്ചെടുത്തതിന് നാം സാക്ഷികളായതാണ്. സാമൂഹ്യ-മത ധ്രുവീകരണത്തിലൂടെ മുസ്ലിം അപരവത്കരണം നടത്തി അധികാരം നിലനിർത്തുക, ഹിന്ദുരാഷ്ട്ര നിർമിതിയുടെ ഭാഗമായി ഇന്ത്യയെ ഏകശിലാത്മകമാക്കുക, മൃദു ഹിന്ദുത്വം പയറ്റുന്ന പ്രതിപക്ഷത്തെ തീവ്രഹിന്ദുത്വ ആശയാദർശങ്ങൾ കൊണ്ട് നിലംപരിശാക്കുക, ഒരു ഭരണംകൂടം എന്ന അർത്ഥത്തിൽ ബി ജെ പി ഗവൺമെൻ്റ് നേരിടുന്ന എല്ലാ വെല്ലുവിളികളേയും അപ്രസക്തമാക്കുക തുടങ്ങി ഏക സിവിൽകോഡ് ചർച്ചയിലൂടെ സംഘ്പരിവാർ ലക്ഷ്യം വെച്ച എല്ലാ കാര്യങ്ങളിലും അവർ 2024 ൽ വിജയം കണ്ടതാണ്.
ഏകീകൃത സിവിൽ കോഡ് വിഷയത്തെ ഒരു മുസ്ലിം പ്രശ്നമായി അവതരിപ്പിക്കുന്നിടത്താണ് ഹിന്ദുത്വ ശക്തികൾ ശക്തമായി വിജയിച്ചത്. മുസ്ലിം എന്ന പൊതു ശത്രുവിനെ മുന്നിൽ നിർത്തി ഏത് വർഗീയ സംഘർഷങ്ങളും കലാപങ്ങളും വിജയിച്ചെടുക്കാൻ കഴിയുമെന്നുള്ളതാണ് സംഘ്പരിവാറിന്റെ മറ്റൊരു സ്ട്രാറ്റജി. അതിനനുസൃതമായ ഒരു സോഷ്യൽ എൻജിനീയറിങ് ആണ് അവർ നടപ്പാക്കി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് കൂടിയാണ് ഏകീകൃത സിവിൽ കോഡ് ബാധിക്കുന്നത് ഈ രാജ്യത്തെ നൂറുകണക്കിന് വരുന്ന മതജാതി ഗോത്ര ന്യൂനപക്ഷങ്ങളായി ചിതറക്കിടക്കുന്ന അനേകം ജനവിഭാഗങ്ങളെ ആയിട്ടും മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായി സംഘ്പരിവാർ അതിനെ അവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നതു മാത്രമല്ല, യുസിസി നടപ്പാക്കുന്നതിലേക്കു നയിക്കുന്ന എല്ലാ ഘട്ടങ്ങളിലും കൃത്യമായ വംശീയ പദ്ധതികൾ മുസ്ലിംകൾക്കെതിരെ ആസൂത്രണം ചെയ്യുകയും ആ വംശീയ പദ്ധതികളിലൂടെ മുസ്ലിം അപരവത്കരണവും ഉന്മൂലനവും എളുപ്പത്തിലാക്കുകയും ചെയ്യുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിൽ വെച്ച് നടന്ന ബിജെപി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് നരേന്ദ്രമോദി പ്രഖ്യാപിച്ചത് മുസ്ലീംകൾ, നിങ്ങളെ ചൂഷണം ചെയ്യുന്ന യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയണമെന്നും നിങ്ങൾക്കുവേണ്ടി ഭരണഘടന അനുസൃതം ആയിട്ടാണ് നിയമങ്ങൾ രൂപപ്പെടുത്തുന്നതെന്നും അത് നിങ്ങളെ സഹായിക്കാൻ ആണെന്നും ആയിരുന്നു. അതായത് മുസ്ലിം സമുദായത്തിനകത്ത് ഭീകരമായ വിവേചനങ്ങൾ നിലനിൽക്കുന്നുണ്ട്, അത്തരം വിവേചനങ്ങൾ നിലനിൽക്കുന്ന ഒരു സമുദായത്തെ പരിഷ്കരിക്കാനും വിവേചനങ്ങൾ നേരിടുന്ന മുസ്ലിം സ്ത്രീകളെ രക്ഷിക്കാനും ആണ് ഏക സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന ന്യായമാണ് മുസ്ലിം സമുദായത്തെ മറയാക്കിക്കൊണ്ട് സംഘ്പരിവാർ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
അസമിൽ UCC ഏകപക്ഷീയമായി നടപ്പാക്കുമ്പോൾ അവരുടെ വാദം ബാല്യവിവാഹം തടയുന്നതിനും ബഹുഭാര്യത്വം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് എന്നതായിരുന്നു. ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിക്കുമ്പോൾ അതിനോട് കൂട്ടിച്ചേർത്ത് അദ്ദേഹം പറഞ്ഞ ഒരു സംഗതി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതോടൊപ്പം തന്നെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാൻ എളുപ്പമാണ് എന്നാണ്. അതായത് വംശീയ ഉന്മൂലനത്തിൻ്റെ മുന്നുപാദി !
