August 13 Thursday 2026

മണലൂരില്‍ ബിജെപി കിറ്റുകള്‍ തടഞ്ഞ് യുഡിഎഫ് സഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍

മണലൂരില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി തയ്യാറാക്കിയ കിറ്റുകളുടെ വിതരണം യുഡിഎഫ് സഥാനാര്‍ഥി ടി.എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ തടഞ്ഞു. വാടാനപ്പള്ളി ആല്‍മാവ് ജംക്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് കിറ്റുകള്‍ തയ്യാറാക്കിയിരുന്നത്. വിവിരം അറിഞ്ഞ് യുഡിഎഫ്-എല്‍ഡിഎപ് പ്രവര്‍ത്തകര്‍ പ്രദേശത്ത് തടിച്ചുകൂടി. തുടര്‍ന്ന് സ്ഥലത്തെത്തിയ ടി.എന്‍ പ്രതാപന്‍ സൂപ്പര്‍മാര്‍ക്കറ്റിന് അകത്തേക്ക് കടക്കാന്‍ ഒരുങ്ങിയതോടെ ബിജെപി പ്രവര്‍ത്തകര്‍ ടി.എന്‍ പ്രതാപനെ കയ്യേറ്റത്തിന് ശ്രമിച്ചു. പൊലീസുമായി നടത്തിയ സംഭാഷണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിനകത്തേക്ക് കയറി പരിശോധിക്കാന്‍ അവസരമുണ്ടാക്കാമെന്ന് ഉറപ്പു കൊടുത്തു.

ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ സൂപ്പര്‍മാര്‍ക്കറ്റിനകത്തുണ്ടെന്ന് പ്രതാപന്‍ ആരോപിച്ചു. 15,000 സെറ്റ് സാരി കിറ്റുകള്‍ ബിജെപി തയ്യാറാക്കിയുട്ടുണ്ടെന്നും, കിറ്റുകള്‍ മാത്രമല്ല, പണവും നല്‍കാനുള്ള ഒരുക്കത്തിലാണ് ബിജെപിയെന്നും പ്രതാപന്‍ പറഞ്ഞു. ബിജെപിയുടെ ഈ ശ്രമങ്ങളെ തടയാന്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രത്യക നിരീക്ഷണ സംവിധാനം ഒരുക്കുമെന്നും പ്രതാപന്‍ പറഞ്ഞു.

ഒളരിയിലും സമാനമായി കിറ്റ് വിതരണത്തിന് നടന്ന ശ്രമം നാട്ടുകാര്‍ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം തൃശൂരില്‍ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തതും നാട്ടുകാര്‍ പിടികൂടിയിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. 26 കിറ്റുകളാണ് വിതരണം ചെയ്തതായി കണ്ടെത്തിയത്. വോട്ടിന് വേണ്ടി ബിജെപി മദ്യവും കിറ്റും നല്‍കുന്നുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി രാജന്‍ ജെ.പല്ലന്‍ ആരോപിച്ചു.

Related