October 10 Saturday 2026

ഇറാന്റെ കരുത്തറിയാതെ യുദ്ധത്തിന് പോയത് ട്രംപിന്റെ പരാജയം – മാര്‍കണ്ഡേയ കട് ജു

ഇറാന്റെ കരുത്തോ ചരിത്രമോ അറിയാതെ യുദ്ധത്തിന് പോയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാജയമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു. ചൈനീസ് യുദ്ധ തന്ത്രജ്ഞന്‍ സുന്‍ സൂവിനെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അമേരിക്കയെയും ഇസ്രയേലിനെയും കടന്നാക്രമിച്ചത്. ഈ യുദ്ധം ജയിക്കണമെങ്കില്‍ ഒന്‍പത് കോടി മനുഷ്യരെയും കൊല്ലേണ്ടി വരുമെന്ന് കട്ജു ചൂണ്ടിക്കാട്ടി.

‘ശത്രുവിനെയും നിങ്ങളെയും നിങ്ങള്‍ക്ക് അറിയാമെങ്കില്‍ നൂറു യുദ്ധങ്ങളില്‍ പോലും നിങ്ങള്‍ തോല്‍വി ഭയക്കേണ്ടതില്ല. എന്നാല്‍, നിങ്ങളെക്കുറിച്ച് മാത്രം അറിയുകയും ശത്രുവിനെ അറിയാതിരിക്കുകയും ചെയ്താല്‍ ഓരോ വിജയത്തിനൊപ്പവും നിങ്ങള്‍ക്ക് ഒരു പരാജയവും ഏറ്റുവാങ്ങേണ്ടി വരും. ശത്രുവിനെയും നിങ്ങളെത്തന്നെയും അറിയില്ലെങ്കില്‍ നിങ്ങള്‍ മുഴുവന്‍ യുദ്ധവും തോല്‍ക്കും. ഇറാനികളെ തോല്‍പ്പിക്കാന്‍ അമേരിക്കക്കും അവരുടെ പാവകളായ ഇസ്രയേലിനും 9.3 കോടി ഇറാനികളെയും കൊല്ലേണ്ടി വരും. കാരണം, അവസാനത്തെ ഇറാനിയും ജീവിച്ചിരിപ്പുണ്ടെങ്കിലും അവന്‍ യുദ്ധം തുടരും’ എന്ന് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച കുറിപ്പില്‍ കഡ്ജു വ്യക്തമാക്കുന്നു.

ഇമാം ഹുസൈന്റെ രക്തസാക്ഷിത്വവും കര്‍ബലയിലെ ചരിത്രവും ഇറാനിയന്‍ ജനതയില്‍ ചെലുത്തിയ സ്വാധീനം ട്രംപ് മനസ്സിലാക്കിയിട്ടില്ലെന്ന് കട്ജു പറഞ്ഞു. അടിച്ചമര്‍ത്തുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങുന്നതിനെക്കാള്‍ മരണം തിരഞ്ഞെടുക്കുന്ന ആത്മവീര്യം ആശൂറ ദിനത്തിലെ സ്മരണകളിലൂടെ ഓരോ ഇറാനിയിലും രൂഢമൂലമാണ്. മരിക്കാന്‍ ഭയമില്ലാത്ത ഒരു ജനതയെ എങ്ങനെയാണ് കീഴടക്കുകയെന്നും അദ്ദേഹം ചോദിച്ചു. ഡൊണാള്‍ഡ് ട്രംപ് തെറ്റായ ആളുകളോടാണ് യുദ്ധത്തിന് പോയിരിക്കുന്നതെന്നും കട്ജു കൂട്ടിച്ചേര്‍ത്തു.

Related